വിശുദ്ധ ക്ലാര (1193-1253) : ആഗസ്റ്റ് 11

വിശുദ്ധ ക്ലാര (1193-1253) : ആഗസ്റ്റ് 11
Published on
ഇറ്റലിയിലെ അസ്സീസിയില്‍ ജനിച്ച ക്ലാരയ്ക്ക് രണ്ടു സഹോദരിമാരും ഉണ്ടായിരുന്നു. ആഗ്നസും ബിയാട്രീസും. 1212 ല്‍ വി. ഫ്രാന്‍സീസ് അസ്സീസിയുടെ നോമ്പുകാല പ്രഭാഷണങ്ങള്‍ ശ്രവിച്ച 18 വയസ്സുള്ള ചിയാര(=പ്രകാശം) ക്രിസ്തീയ ദാരിദ്ര്യത്തിന്റെ ജീവിതം തിരഞ്ഞെടുത്തു കഴിഞ്ഞിരുന്നു. ഓശാന ഞായറാഴ്ച, ഫ്രാന്‍സീസിന്റെ നിര്‍ദ്ദേശമനുസരിച്ച് ക്ലാര രഹസ്യമായി സ്വന്തം വീടുവിട്ടു. അവളുടെ അമ്മായി ബിയാങ്കയും ഒരു സുഹൃത്തും കൂടെയുണ്ടായിരുന്നു. അവര്‍ ഒരു വനത്തിലൂടെ നടന്ന്, താഴ്‌വരയിലുള്ള പോര്‍ട്ടിയൂങ്കുള എന്ന സ്ഥലത്തെ കൊച്ചു ചാപ്പലിലെത്തി. ഫ്രാന്‍സീസും സുഹൃത്തുക്കളും ടോര്‍ച്ചുമായി അവിടെ കാത്തിരുന്നു. ക്ലാര തന്റെ വില കൂടിയ വസ്ത്രങ്ങള്‍ക്കു പകരം വെറും സാധാരണ വസ്ത്രങ്ങള്‍ ധരിച്ചു. എന്നിട്ട്, സമൃദ്ധമായ തലമുടി മുറിച്ചു നീക്കി തലമുണ്ടു ധരിച്ചു. അങ്ങനെ, ക്രിസ്തുവിനുവേണ്ടി സമ്പൂര്‍ണ്ണ ദാരിദ്ര്യം ജീവിത വ്രതമായി സ്വീകരിച്ചു.

ക്ലാരയുടെ സ്‌നേഹമയിയായ പിതാവ് അവള്‍ക്കുവേണ്ടി വിവാഹാലോചനകള്‍ നടത്തിക്കൊണ്ടിരിക്കുകയായിരുന്നു. പക്ഷേ, താല്ക്കാലികമായി ക്ലാര താമസിച്ചിരുന്ന, ബനഡിക്‌ടൈന്‍ കോണ്‍വെന്റില്‍ നിന്ന് അവളെ നിര്‍ബന്ധിച്ചു കൊണ്ടുപോകാന്‍ പിതാവിനു കഴിഞ്ഞില്ല. അധികം വൈകാതെ, സാന്‍ ഡാമിയാനോയില്‍ ചാപ്പലിനോടു ചേര്‍ന്ന് ഫ്രാന്‍സീസ് തന്നെ താല്ക്കാലികമായി ഒരു കോണ്‍വെന്റ് തയ്യാറാക്കിയിരുന്നു. രണ്ടാഴ്ചയ്ക്കുള്ളില്‍ ക്ലാരയുടെ ഇളയ സഹോദരി ആഗ്നസും ചേച്ചിയുടെ കൂടെ ചേര്‍ന്നു. "സാധു ക്ലാരമാരു"ടെ കൊച്ചുസഭ വളരെ വേഗം വളര്‍ന്നു. ഏതാനും വര്‍ഷങ്ങള്‍ക്കുള്ളില്‍ ക്ലാരയുടെ സഹോദരി ബിയാട്രീസും അമ്മ ഒര്‍ട്ടൊലാനയും അമ്മായി ബിയാങ്കയും ക്ലാരയുടെ മഠത്തിലെ അംഗങ്ങളായി.

യൂറോപ്പിലെ വിവിധ രാജ്യങ്ങളിലും നാല്പതു വര്‍ഷംകൊണ്ട് ക്ലാരയുടെ സഭ പടര്‍ന്നു പന്തലിച്ചു. സാധു പെണ്‍കുട്ടികളുടെ സംരക്ഷണവും വിദ്യാഭ്യാസവും ആയിരുന്നു അവരുടെ മുഖ്യപ്രവര്‍ത്തനമേഖല. ഫ്രാന്‍സീസിന്റെ ആശയങ്ങള്‍ പ്രചരിച്ചുകൊണ്ടിരുന്നു. വിവിധ രാജ്യങ്ങളില്‍ നിന്ന് നാനാതുറകളിലുള്ള ആളുകള്‍ അവളുടെ ഉപദേശം തേടി എത്തിക്കൊണ്ടിരുന്നു. രണ്ടു മാര്‍പാപ്പമാരും കര്‍ദ്ദിനാള്‍മാരും ബിഷപ്പുമാരും അക്കൂട്ടത്തിലുണ്ടായിരുന്നു.

ആദ്യം ക്ലാരയുടെ സഭയ്ക്ക് ലിഖിതമായ നിയമാവലി ഉണ്ടായി രുന്നില്ല. വി. ഫ്രാന്‍സീസ് രൂപം നല്‍കിയ ഒരു ലഘു "ജീവിതശൈലി" മാത്രമാണുണ്ടായിരുന്നത്. എന്നാല്‍, ഈ സഭയുടെ ഒരു അഭ്യൂദയകാംക്ഷിയായിരുന്ന കര്‍ദ്ദിനാള്‍ ഉഗോളിനി 1219 ല്‍, ബനഡിക്‌ടൈന്‍ നിയമങ്ങള്‍ അടിസ്ഥാനമാക്കി ഒരു നിയമാവലി ഉണ്ടാക്കി. അതില്‍ കഠിന ദാരിദ്ര്യം കമ്യൂണിറ്റിയില്‍ വിലക്കിയിരുന്നു. ക്ലാരയെക്കൊണ്ട് അത് അംഗീകരിപ്പിക്കാന്‍ ഒമ്പതുവര്‍ഷം ശ്രമിച്ചെങ്കിലും അവരത് അംഗീകരിച്ചില്ല. സമ്പൂര്‍ണ്ണ ദാരിദ്ര്യവും ധര്‍മ്മം സ്വീകരിക്കലും എന്ന ഫ്രാന്‍സീസിന്റെ ആശയത്തിന് അവസാനം അംഗീകാരം ലഭിച്ചു.

പോപ്പ് ഇന്നസെന്റ് നാലാമന്‍ മരണക്കിടക്കയിലായിരുന്ന ക്ലാരയെ സന്ദര്‍ശിച്ച് ആശ്വസിപ്പിച്ചിരുന്നു. വര്‍ഷങ്ങളായി ക്ലാര രോഗശയ്യയിലായിരുന്നു. മരണക്കിടക്കയില്‍, സെ. ഫ്രാന്‍സീസിന്റെ സുഹൃത്തുക്കള്‍ വായിച്ച യോഹന്നാന്റെ സുവിശേഷത്തിലെ പീഡാനുഭവചരിത്രം ശ്രവിച്ചുകൊണ്ട് 1253 ആഗസ്റ്റ് 12-ന്, 59-ാമത്തെ വയസ്സില്‍ ഈ ലോക ജീവിതം അവസാനിപ്പിച്ചു.

പോപ്പും പരിവാരങ്ങളും ക്ലാരയുടെ ശവസംസ്‌ക്കാര ചടങ്ങുകളില്‍ പങ്കെടുത്തു. രണ്ടുവര്‍ഷം കഴിഞ്ഞ് പോപ്പ് അലക്‌സാണ്ടര്‍ IV, 1255 ആഗസ്റ്റ് 15-ന് ക്ലാരയെ വിശുദ്ധയായി നാമകരണം ചെയ്തു. 1958-ല്‍ പോപ്പ് പയസ് XII അവരെ ടെലിവിഷന്റെ സ്വര്‍ഗ്ഗീയ മദ്ധ്യസ്ഥയായി പ്രഖ്യാപിക്കുകയും ചെയ്തു.

Related Stories

No stories found.
logo
Sathyadeepam Online
www.sathyadeepam.org