ഇംഗ്ലണ്ടിലെ നോര്‍ത്തുമ്പ്രിയാ ആണ് സിയോള്‍ഫ്രിഡിന്റെ ജന്മദേശം. "ജിയോഫെറി"യുടെ ട്യൂട്ടോണിക്ക് രൂപമാണ് സിയോള്‍ഫ്രിഡ്. റിപ്പണ്‍ എന്ന സ്ഥലത്ത് വി. വില്‍ഫ്രിഡിന്റെ കീഴില്‍ ബനഡിക്‌ടൈന്‍ സന്യാസിയായും വൈദികനായും മാറുന്നതിനു മുമ്പ് കുലീനനായ ഒരു ഇംഗ്ലീഷുകാരനായിരുന്നു. അസാധാരണമായ ഭക്തിയും വിനയവും അദ്ദേഹത്തെ വി. ബനഡിക്ട് ബിസ്‌കോപ്പിന്റെ അടുത്തെത്തിച്ചു. വാര്‍മത്തില്‍ സ്ഥാപിക്കാന്‍ പോകുന്ന പുതിയ ആബിയില്‍ ബനഡിക്ടിനെ സഹായിക്കുകയായിരുന്നു ദൗത്യം.
അവിടത്തെ പ്രിയോറായിത്തീര്‍ന്ന അദ്ദേഹം 681-ല്‍ ജാരോയില്‍ പുതിയ ആശ്രമം സ്ഥാപിച്ചപ്പോള്‍ അതിന്റെ ആദ്യത്തെ ആബട്ടായി തിരഞ്ഞെടുക്കപ്പെട്ടു.
വി. ബനഡിക്ട് മരണക്കിടക്കയില്‍ വച്ച് സിയോള്‍ഫ്രിഡിനെ തന്റെ പിന്‍ഗാമിയായി നിയമിച്ചു.
26 വര്‍ഷത്തെ വിശ്രമമില്ലാത്ത പ്രവര്‍ത്തനംകൊണ്ട് തന്റെ മുന്‍ഗാമികളുടെ സ്വപ്നങ്ങള്‍ മിക്കവയും അദ്ദേഹം പ്രാവര്‍ത്തികമാക്കി. ആരാധ്യനായ വി. ബീഡ് അദ്ദേഹത്തിന്റെ അരുമശിഷ്യരില്‍പ്പെട്ട ഒരു സന്ന്യാസിയായിരുന്നു.
വായനയില്‍ തല്പരനായിരുന്ന സിയോള്‍ഫ്രിഡിന്റെ കാലത്ത് രണ്ട് ആശ്രമത്തിലെയും ലൈബ്രറിയിലെ പുസ്തകങ്ങളുടെ എണ്ണം ഇരട്ടിയായി.
74-ാമത്തെ വയസ്സില്‍ ഔദ്യോഗികകാര്യങ്ങളെല്ലാം മറ്റുള്ളവരെ ഏല്പിച്ചിട്ട് റോമിലേക്ക് തീര്‍ത്ഥാടനം നടത്തി.
മാര്‍പാപ്പായ്ക്ക് സമ്മാനിക്കാന്‍ "Codex Amiatinus" എന്ന പ്രസിദ്ധമായ കൃതിയുടെ കോപ്പിയും അദ്ദേഹം കൈയില്‍ കരുതിയിരുന്നു. ഇതിന്റെ കോപ്പി ഇന്നും നിലവിലുണ്ട്.
ഏതാണ്ട് 700-ല്‍ രചിക്കപ്പെട്ട ഈ കൃതി നമുക്കു ലഭിച്ചിട്ടുള്ള ഏറ്റവും സുന്ദരമായ പ്രാചീനകൃതിയാണ്.
ഫ്രാന്‍സിലേക്കുള്ള ഒരു യാത്രാമദ്ധ്യേ 716 സെപ്തംബര്‍ 26 ന് വി. സിയോള്‍ഫ്രിഡ് അന്തരിച്ചു.