വിശുദ്ധ കജെറ്റന്‍  (1480-1547) : ആഗസ്റ്റ് 7

വിശുദ്ധ കജെറ്റന്‍  (1480-1547) : ആഗസ്റ്റ് 7
Published on
ഇറ്റലിയില്‍ വെനീസിനു സമീപമുള്ള വിസെന്‍സായാണ് കജെറ്റന്റെ ജന്മദേശം. യുവാവായിരുന്നപ്പോള്‍ത്തന്നെ 'വിശുദ്ധന്‍' എന്നാണ് അദ്ദേഹം അറിയപ്പെട്ടിരുന്നത്. ഇരുപത്തിനാലാമത്തെ വയസ്സില്‍ കാനോന്‍ നിയമത്തിലും സെക്കുലര്‍ നിയമത്തിലും ഡിഗ്രിയെടുത്ത കജെറ്റന്‍ ജൂലിയസ് രണ്ടാമന്റെ കോടതിയില്‍ പ്രോനോട്ടറിയായി നിയമിതനായി.

1516 സെപ്തംബര്‍ 30-ന് റോമില്‍വച്ച് പൗരോഹിത്യം സ്വീകരിച്ച കജെറ്റന്‍ "കോണ്‍ഗ്രിഗേഷന്‍ ഓഫ് ലവ് ഓഫ് ഗോഡ്" എന്ന സഭയില്‍ ചേരാന്‍ തീരുമാനിച്ചു. ഭക്തിക്കും ദീനാനുകമ്പയ്ക്കും പ്രാധാന്യം നല്‍കിയിരുന്ന ആ സഭയുടെ പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ സജീവമാക്കുവാന്‍ അദ്ദേഹം കഠിനാദ്ധ്വാനം ചെയ്തു. വിശ്വാസികളെ കൂടെക്കൂടെയുള്ള വി. കുര്‍ബാനസ്വീകരണത്തിന് തല്പരരാക്കുവാനുള്ള പ്രത്യേക ശ്രമങ്ങളും അദ്ദേഹം നടത്തിയിരുന്നു. 1522-ല്‍ തനിക്കുണ്ടായിരുന്ന സ്വത്തുക്കളെല്ലാം വിറ്റുകിട്ടിയ പണം കൊണ്ട്, സ്വന്തം നാടായ വിസെന്‍സായില്‍, മാരകമായ രോഗം ബാധിച്ചവര്‍ക്കായി ഒരു ആശുപത്രിക്കു തുടക്കം കുറിച്ചു. അധികം താമസിയാതെതന്നെ, വെനീസിലെയും റോമിലെയും ആത്മീയവും കാരുണ്യപരവുമായ എല്ലാ പ്രവര്‍ത്തനങ്ങളും അദ്ദേഹത്തിന്റെ നേതൃത്വത്തിലായി.

1524 സെപ്റ്റംബര്‍ 14-ന് കജെറ്റന്‍ സ്ഥാപിച്ച സഭയാണ് "കോണ്‍ഗ്രിഗേഷന്‍ ഓഫ് ക്ലാര്‍ക്ക്‌സ് റെഗുലര്‍." ഇതാണ് പിന്നീട് "തിയാറ്റിന്‍സ്" സഭയായി അറിയപ്പെട്ടുതുടങ്ങിയത്. പോപ്പ് പോള്‍ നാലാമനായിത്തീര്‍ന്ന തിയാറ്റിനിലെ ബിഷപ്പ് ജോണ്‍ കരാഫയായിരുന്നു ആ പുതിയ സഭയുടെ ആദ്യത്തെ സുപ്പീരിയര്‍. ഇദ്ദേഹത്തിനു ശേഷമാണ് ഈ സഭ "തിയാറ്റിന്‍ സ്" എന്നറിയപ്പെട്ടത്. വൈദികരുടെ ജീവിതനവീകരണമായിരുന്നു ഈ പുതിയ സന്ന്യാസസഭയുടെ ലക്ഷ്യം. സന്ന്യാസജീവിതവും വൈദികവൃത്തിയും തമ്മില്‍ സമന്വയിപ്പിച്ച് വിശുദ്ധരും മാതൃകാപരമായ ജീവിതം നയിക്കുന്നവരുമായ വൈദികരെ പരിശീലിപ്പിച്ചെടുക്കേണ്ടിയിരുന്നു. വിശുദ്ധിയും പാണ്ഡിത്യവും സന്മാര്‍ഗ്ഗബോധവും അദ്ധ്യാപനസാമര്‍ത്ഥ്യവും ഒക്കെയുള്ള മാതൃകാവൈദികരുടെ ആവശ്യം കജെറ്റന്‍ തിരിച്ചറിഞ്ഞിരുന്നു. ദൈവത്തിന്റെ അനന്ത നന്മയിലും സംരക്ഷണത്തിലും വിശ്വാസമര്‍ പ്പിച്ചിരുന്നതുകൊണ്ട് സ്വന്തമായി യാതൊന്നും സൂക്ഷിക്കാന്‍ ഈ സന്ന്യാസ സഭയിലെ വൈദികരെ അനുവദിച്ചിരുന്നില്ല. വിശപ്പടക്കാന്‍ ധര്‍മ്മം ചോദിക്കുന്നതുപോലും നിഷേധിച്ചിരുന്നു. ഇത് ദൈവം സംരക്ഷിക്കും എന്ന ഉറച്ച ബോധ്യത്തിലായിരുന്നു. ഏതായാലും ദൈവം ഇടപെട്ടതുകൊണ്ട് വിശ്വാസികള്‍ നിരന്തരം അവരുടെ സംരക്ഷകരായി എപ്പോഴും ഉണ്ടായിരുന്നു.

ചാള്‍സ് അഞ്ചാമന്റെ കാലത്ത്, 1527-ല്‍ റോമില്‍ നടത്തിയ അതിക്രമണത്തില്‍ തിയാറ്റിന്‍ സഭയിലെ പന്ത്രണ്ട് പേര്‍ ക്രൂരമായ മര്‍ദ്ദനങ്ങള്‍ക്കു വിധേയരായി; അവരുടെ ആശ്രമം അവിശ്വാസികളാല്‍ തകര്‍ക്കപ്പെട്ടു. അങ്ങനെ, അവര്‍ക്ക് വെനീസിലേക്ക് പലായനം ചെയ്യേണ്ടിവന്നു. വി. ജറോം എമിലിയാനിയുടെ സഹകരണത്താല്‍ അവരവിടെ തിയാറ്റിന്‍ സഭ പുനരുജ്ജീവിപ്പിച്ചു. അതു ശാന്തമായി വളര്‍ന്നുകൊണ്ടിരുന്നു. സഭയുടെ പുനരുദ്ധാരണത്തില്‍ ഒരു നിര്‍ണ്ണായക ശക്തിയായിരുന്നു തിയാറ്റിന്‍ സഭ. കജെറ്റന്‍ ആരംഭം കുറിച്ച ആദായകരമല്ലാത്ത ഒരു ക്രെഡിറ്റ് സ്ഥാപനമായിരുന്ന "ഭക്തിയുടെ സമ്പാദ്യം" ആണ് പിന്നീട് "നേപ്പിള്‍സ് ബാങ്ക്" ആയി വളര്‍ന്നുവന്നത്.

1547 ആഗസ്റ്റ്-7 ന് കജെറ്റന്‍ അന്തരിച്ചു. സാന്‍പാവ്‌ളോ മയോരെയില്‍ അദ്ദേഹത്തെ സംസ്‌കരിച്ചു. 1629-ല്‍ പോപ്പ് അര്‍ബന്‍ VIII അദ്ദേഹത്തെ ദൈവദാസനും, പോപ്പ് ക്ലമന്റ് X, 1671 ഏപ്രില്‍ 12 ന് വിശുദ്ധനുമായി പ്രഖ്യാപിച്ചു.

മാതൃകാപരമായ ജീവിതം നയിക്കുന്ന വിശുദ്ധരും പണ്ഡിതരും മാന്യരുമായ വൈദികരുടെയും കന്യാസ്ത്രീകളുടെയും സന്ന്യാസികളുടെയും അഭാവമാണ് ഇന്നു സഭയെ ഏറ്റവും വിഷമിപ്പിക്കുന്ന യാഥാര്‍ത്ഥ്യം. ആത്മീയതയും ഭൗതികതയും ഒരുമിച്ചു പോകില്ല എന്നത് പകല്‍പോലെ സത്യമാണ്. മാമോനെയും ദൈവത്തെയും ഒരുപോലെ സേവിക്കാനാവില്ല. രണ്ടിലൊന്നു തിരഞ്ഞെടുക്കണം. മാമോനെ വിട്ടിട്ട് ഇവിടെ ഒരു ഭക്തിയും സാധ്യമല്ലെന്ന വിധത്തിലാണ് ഇന്നത്തെ സഭാ പ്രവര്‍ത്തനങ്ങള്‍. വിശ്വാസവും സഭയും അടിക്കടി തകര്‍ന്നുകൊണ്ടിരിക്കുന്നത് ഏവരും കണ്ടില്ലെന്നു നടിക്കുന്നു. സത്യം വിളിച്ചുപറയുന്നവരെ ശത്രുക്കളായി മുദ്രകുത്തുന്നു. നമ്മുടെ പതനം ആസന്നമാണ്! മുന്നറിയിപ്പുകള്‍ ശ്രവിക്കാനുള്ള സന്മനസ്സിനുവേണ്ടി പ്രാര്‍ത്ഥിക്കാം.

Related Stories

No stories found.
logo
Sathyadeepam Online
www.sathyadeepam.org