വിശുദ്ധ അഗസ്റ്റിന്‍  (354-430) : ആഗസ്റ്റ് 28

വിശുദ്ധ അഗസ്റ്റിന്‍  (354-430) : ആഗസ്റ്റ് 28
ഇന്നലെ അമ്മ, ഇന്നു മകന്‍. ഇന്നലെ വി. മോനിക്കായെപ്പറ്റി ചിന്തിച്ച നമ്മള്‍ ഇന്ന് മകന്‍ വി. അഗസ്റ്റിനെപ്പറ്റി ചിന്തിക്കുന്നു. മുപ്പത്തിമൂന്നാമത്തെ വയസ്സിലായിരുന്നു അത്ഭുതകരമായ മാനസാന്തരം. അതുവരെയുള്ള ജീവിതം വി. മോനിക്കായുടെ കഥയില്‍ നാം വായിച്ചുകഴിഞ്ഞു. ക്രിസ്തുവാണ് സത്യത്തിലേക്കും രക്ഷയിലേക്കുമുള്ള മാര്‍ഗ്ഗമെന്ന് ബോധ്യം വന്ന അഗസ്റ്റിന്‍ ദൈവത്തില്‍ സമാധാനം കണ്ടെത്തി. തന്നോടു തന്നെയും ലോകത്തോടും ഒത്തുതീര്‍പ്പിലായ അദ്ദേഹം വിശുദ്ധിയുടെ ലോകത്തേക്കു കടന്നു.

അഗസ്റ്റിന്റെ മാനസാന്തരത്തിനുശേഷം അമ്മ മോനിക്ക പെട്ടെന്നു മരിച്ചു. അവിഹിത ബന്ധത്തിലുണ്ടായ കുട്ടിയും, അദെയോദാത്തൂസ്, മരണമടഞ്ഞു. അതോടെ സ്വതന്ത്രനായ അഗസ്റ്റിന്‍ തഗാസ്റ്റയില്‍ തിരിച്ചെത്തി തനിക്കും സുഹൃത്തുക്കള്‍ക്കും വേണ്ടി ഒരു ആശ്രമം ഉണ്ടാക്കി ജീവിതം ആരംഭിച്ചു. പടിപടിയായി, ഭൗതികമോഹങ്ങളെല്ലാം വെടിഞ്ഞു; പ്രാര്‍ത്ഥനയില്‍ കൂടുതല്‍ ആശ്രയിച്ചു; ഗഹനമായ പഠനങ്ങളില്‍ മുഴുകി; സാധുക്കളെ സേവിക്കാന്‍ സമയം കണ്ടെത്തുകയും ചെയ്തു. മൂന്നു വര്‍ഷത്തിനുശേഷം, 36-ാമത്തെ വയസ്സില്‍, മറ്റുള്ളവരുടെ സ്‌നേഹപൂര്‍വ്വമായ നിര്‍ബന്ധത്തിനു വഴങ്ങി പൗരോഹിത്യം സ്വീകരിച്ചു. ബിഷപ്പ് വലേറിയസ്, വിശ്വാസപ്രഘോഷണം നടത്താന്‍ അദ്ദേഹത്തെ നിര്‍ബന്ധിക്കുകയും ചെയ്തു. അന്ന് ആഫ്രിക്കയില്‍ ബിഷപ്പിനു മാത്രമായിരുന്നു വിശ്വാസപ്രഘോഷണം നടത്താനുള്ള അവകാശം.
ഹിപ്പോയുടെ മെത്രാനായി നിയമിതനായപ്പോള്‍ അഗസ്റ്റിന് 42 വയസ്സായിരുന്നു. പിന്നീടുള്ള 34 വര്‍ഷം സംഭവബഹുലമായിരുന്നു. സന്ന്യാസ ജീവിതത്തിന്റെ അന്തസ്സത്ത കണ്ടെത്തിയ അദ്ദേഹം ആഫ്രിക്കന്‍ സഭയെ മൊത്തം പുനരുജ്ജീവിപ്പിച്ചു. സഹവൈദികരോടൊപ്പം സമൂഹജീവിതം നയിച്ചുകൊണ്ട്, എഴുതിയും പ്രസംഗിച്ചും, അന്നു ശക്തമായിക്കൊണ്ടിരുന്ന തെറ്റായ ദര്‍ശനങ്ങളെയെല്ലാം അദ്ദേഹം പ്രതിരോധിച്ചു. സത്യവിശ്വാസത്തെ സുവ്യക്തമായും ശക്തമായും അവതരിപ്പിച്ച് അദ്ദേഹം ശ്രോതാക്കളുടെ ഹൃദയത്തില്‍ കയറിപ്പറ്റി. തന്നില്‍ ജ്വലിച്ചു നിന്ന ദൈവസ്‌നേഹം വെളിച്ചമായി; സഹോദരന്റെ ആദ്ധ്യാത്മിക നന്മയായിരുന്നു ലക്ഷ്യം. "അലസനെ ദൈവം നിരായുധനാക്കുന്നു;" "കുറ്റങ്ങളും കുറവുകളും ഇല്ലാതാക്കുന്നു; എന്നാല്‍, കുറ്റവാളിയെ സ്‌നേഹിക്കുന്നു" എന്ന ബോധ്യമായിരുന്നു അദ്ദേഹത്തെ നയിച്ചത്. ശാസനകൊണ്ടും കുറ്റപ്പെടുത്തല്‍കൊണ്ടും മറ്റുള്ളവരുടെ വെറുപ്പല്ലാതെ സ്‌നേഹവും സഹകരണവും നേടാനാവില്ലെന്നും അദ്ദേഹത്തിനു ബോദ്ധ്യപ്പെട്ടു. കുത്തഴിഞ്ഞ തന്റെ യൗവനകാലത്തെപ്പറ്റിയുള്ള സ്മരണകള്‍ എപ്പോഴും അദ്ദേഹത്തെ വിനീതനാക്കി. "കര്‍ത്താവേ, എന്റെ ഹൃദയം ബലമായിട്ട് എടുത്തോളൂ. കാരണം, എനിക്കത് അങ്ങേക്ക് തരാന്‍ കഴിയുന്നില്ല! എന്റെ ഹൃദയം സംരക്ഷിക്കണേ, കാരണം, അങ്ങേക്കു വേണ്ടി എനിക്കതു സൂക്ഷിക്കാന്‍ കഴിയുന്നില്ല! അങ്ങയുടെ കുരിശിനോടു ചേര്‍ന്നു നില്‍ക്കാന്‍ എത്ര ഭാരമുള്ള കുരിശും എനിക്കു തന്നുകൊള്ളൂ; ഞാന്‍ സഹകരിച്ചില്ലെങ്കിലും എന്നെ കൈവിടരുതേ!"
സംശയമില്ല, ലോകം കണ്ട ഏറ്റവും വലിയ ചിന്തകരില്‍ ഒരാളായിരുന്നു വി. അഗസ്റ്റിന്‍. ദൈവശാസ്ത്രജ്ഞനും തത്ത്വശാസ്ത്രപണ്ഡിത നുമായ അദ്ദേഹം സഭയുടെ മറ്റെല്ലാം പണ്ഡിതന്മാരെയും അതിശയിച്ചു കൊണ്ട് ഇന്നും ചിന്താലോകത്ത് വെളിച്ചവും സ്വാധീനവുമായി നിലകൊള്ളുന്നു. ദൈവസാന്നിദ്ധ്യം അനുഭവിക്കാന്‍ മനുഷ്യന്റെ സ്വതന്ത്രമനസ്സിനുള്ള പ്രാധാന്യം അംഗീകരിച്ചുകൊണ്ടുള്ള ചിന്താധാര അദ്ദേഹത്തെ വ്യത്യസ്തനാക്കുന്നു. 'കുമ്പസാരം' എന്ന ആത്മകഥ ലോകം കണ്ട ഏറ്റവും മഹത്തായ കൃതിയാണ്; പശ്ചാത്താപവിവശമായ ഒരു മനസ്സിന്റെ ശാശ്വതസ്മാരകമാണ്. "ദൈവനഗരം" എന്ന കൃതി സൃഷ്ടാവിന്റെ, ചരിത്രത്തി ലുള്ള കൈയൊപ്പു വ്യക്തമാക്കുന്നു. ലോക സൃഷ്ടിയെപ്പറ്റിയുള്ള അദ്ദേഹത്തിന്റെ വ്യാഖ്യാനവും ശ്രദ്ധേയമാണ്.
ചെറുതും വലുതുമായ 103 ഗ്രന്ഥങ്ങള്‍ വി. അഗസ്റ്റിന്‍ എഴുതിയിട്ടുണ്ടത്രെ! പണ്ഡിതന്മാരുടെ പണ്ഡിതനും വിശുദ്ധന്മാരുടെ വിശുദ്ധനുമാണ് അദ്ദേഹം. 430 ആഗസ്റ്റ് 28-ന് പെട്ടെന്ന് രോഗം വര്‍ദ്ധിച്ച് അദ്ദേഹം മരണമടഞ്ഞു. ദൈവശാസ്ത്രജ്ഞരുടെയും അച്ചടിജോലിക്കാരുടെയും സ്വര്‍ഗ്ഗീയമദ്ധ്യസ്ഥനാണ് വി. അഗസ്റ്റിന്‍.

ഓ, സ്‌നേഹമേ! എപ്പോഴും ജ്വലിക്കുന്ന; ഒരിക്കലും എരിഞ്ഞടങ്ങാത്ത കാരുണ്യമേ! എന്നെ എപ്പോഴും ജ്വലിപ്പിക്കണമേ!
വിശുദ്ധ അഗസ്റ്റിന്‍

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org