വിശുദ്ധ ആന്‍ഡ്രൂ (60) : നവംബര്‍ 30

വിശുദ്ധ ആന്‍ഡ്രൂ (60) : നവംബര്‍ 30
Published on
ഗ്രീക്കില്‍ "ആന്‍ഡ്രു" എന്നാല്‍ "ധീരന്‍" എന്നാണ് അര്‍ത്ഥം. ജോനായുടെ മകനായ ആന്‍ഡ്രു വി. പീറ്ററിന്റെ മൂത്ത സഹോദരനുമായിരുന്നു. ഗലീലിയിലെ കടല്‍ത്തീരത്ത് കഫര്‍ണാമില്‍ മത്സ്യം പിടിച്ചു വില്‍ക്കുകയായിരുന്നു ജോലി. സ്‌നാപകയോഹന്നാന്റെ ശിഷ്യനായിരുന്ന ആന്‍ഡ്രു ഈശോയെ കണ്ടുമുട്ടുന്നത് യോഹന്നാന്‍, "ഇവനാണു മിശിഹാ" എന്നുപറഞ്ഞ് ചൂണ്ടിക്കാണിച്ചു കൊടുത്തപ്പോഴാണ്.

ആന്‍ഡ്രു ഉടനെ പീറ്ററിനെ വിവരം ധരിപ്പിച്ചു. മറ്റു വിശദീകരണങ്ങളൊന്നും കേള്‍ക്കാതെ തന്നെ പൂര്‍ണമായി വിശ്വസിച്ചുകൊണ്ട് മീന്‍പിടുത്തം ഉപേക്ഷിച്ച് മനുഷ്യരെ പിടിക്കാന്‍ ഈശോയുടെ ശിഷ്യന്മാരായി മാറുകയായിരുന്നു. ബൈസന്റൈന്‍ പാരമ്പര്യമനുസരിച്ച്, ഈശോ വിളിച്ച ആദ്യത്തെ അപ്പസ്‌തോലനാണ് ആന്‍ഡ്രു.
അപ്പസ്‌തോലന്മാരുടെ പല ലിസ്റ്റിലും രണ്ടാം സ്ഥാനത്തു രേഖപ്പെടുത്തിയിരിക്കുന്നത് ആന്‍ഡ്രുവിന്റെ പേരാണ്. കാരണം, അപ്പസ്‌തോലന്മാരുടെ ഇടയില്‍ അധികാരഭാവത്തില്‍, തന്റേടത്തോടെ പെരുമാറിയിരുന്നത് ആന്‍ഡ്രുവാണ്. ഒരിക്കല്‍ ചില ഗ്രീക്കുകാര്‍ ഈശോയോടു സംസാരിക്കാനുള്ള അനുവാദം ഫിലിപ്പിനോടു ചോദിച്ചു. പക്ഷേ, ഫിലിപ്പ്, ആന്‍ഡ്രുവിനോടു ചോദിക്കാന്‍ പറഞ്ഞ് അവരെ തിരിച്ചു വിടുകയാണ് ചെയ്തത്.
ക്രിസ്തുവിന്റെ ഉയിര്‍പ്പിനുശേഷം ഏഷ്യാമൈനറിന്റെ പശ്ചിമ ദേശത്തും (ടര്‍ക്കി) സ്‌കിത്തിയന്‍സിന്റെ ഇടയിലുമാണ് ആന്‍ഡ്രു സുവിശേഷം പ്രസംഗിച്ചത്. ബൈസാന്റിയമിന്റെ പ്രഥമബിഷപ്പായി വി. സ്റ്റാച്ചിസിനെ വാഴിച്ചശേഷം ആന്‍ഡ്രു മാസിഡോണിയയും ഗ്രീസും ലക്ഷ്യമാക്കി പടിഞ്ഞാറോട്ട് യാത്ര തുടരുകയായിരുന്നു.
നീറോയുടെ ഭരണകാലത്ത് 60 നവംബര്‍ 30 ന് പത്രാസില്‍ വച്ചായിരുന്നു ആന്‍ഡ്രുവിന്റെ രക്തസാക്ഷിത്വം. X ഷെയിപ്പിലുള്ള കുരിശില്‍ ആണി അടിക്കുന്നതിനു പകരം കയറുകൊണ്ടു കെട്ടിത്തൂക്കി വധിക്കുകയായിരുന്നു. കൂടുതല്‍ വേദനിപ്പിച്ചു കൊല്ലാനായിരുന്നു ഇത്തരം സംവിധാനങ്ങള്‍. മരിക്കുന്നതിനു രണ്ടു ദിവസം മുമ്പുവരെ ആന്‍ഡ്രു വിശ്വാസികളോട് വചനം പ്രസംഗിച്ചുകൊണ്ടിരുന്നു. ആന്‍ഡ്രുവിനെ വധിക്കാനുപയോഗിച്ച X കുരിശ് "ആന്‍ഡ്രുവിന്റെ കുരിശ്" എന്നാണ് അറിയപ്പെടുന്നത്.
ആന്‍ഡ്രുവിന്റെ മൃതദേഹം ബൈസാന്റിയമില്‍ (കോണ്‍സ്റ്റാന്റിനോപ്പിള്‍) കൊണ്ടുവന്നാണ് സംസ്‌കരിച്ചത്. അപ്പസ്‌തോലന്മാരുടെ പള്ളിയില്‍ വി. തിമോത്തിയുടെയും വി. ലൂക്കായുടെയും സമീപത്താണ് അദ്ദേഹത്തെ അടക്കിയത്. 1210-ല്‍ കുരിശുയുദ്ധത്തില്‍ പെട്ടവര്‍ ആ നഗരം കീഴടക്കിയപ്പോള്‍ ആന്‍ഡ്രുവിന്റെ ഭൗതികാവശിഷ്ടങ്ങള്‍ ദക്ഷിണ ഇറ്റലിയിലെ അമാല്‍ഫിയിലേക്കു മാറ്റിയതായും അവിടെ ഇപ്പോഴും കാത്തുസൂക്ഷിക്കുന്നതായും പറയപ്പെടുന്നു.
റഷ്യയുടെയും സ്‌കോട്ട്‌ലണ്ടിന്റെയും സ്വര്‍ഗ്ഗീയമദ്ധ്യസ്ഥനായ വി. ആന്‍ഡ്രു മത്സ്യത്തൊഴിലാളികളുടെയും മദ്ധ്യസ്ഥനാണ്.

Related Stories

No stories found.
logo
Sathyadeepam Online
www.sathyadeepam.org