ലൂര്‍ദ്ദുമാതാവ് : ഫെബ്രുവരി 11

ലൂര്‍ദ്ദുമാതാവ് : ഫെബ്രുവരി 11
Published on
ദക്ഷിണഫ്രാന്‍സിലെ ലൂര്‍ദ്ദിനടുത്തുള്ള ഒരു ഗുഹയില്‍ 14 വയസ്സുള്ള മേരി ബര്‍ണദീത്ത എന്ന ഗ്രാമീണ ബാലികയ്ക്കു നമ്മുടെ മാതാവ് 1858 ഫെബ്രുവരി 11-നും ജൂലൈ 16-നും ഇടയില്‍ 18 പ്രാവശ്യം പ്രത്യക്ഷപ്പെട്ടതാണ് ലൂര്‍ദ്ദുമാതാവിന്റെ കഥയുടെ രത്‌നച്ചുരുക്കം. അത്ഭുത പ്രവര്‍ത്തനങ്ങളുടെ പേരില്‍ ലൂര്‍ദ് ലോകത്തിലെ ഏറ്റവും പ്രചാരമുള്ള തീര്‍ത്ഥാടനകേന്ദ്രമായി മാറി.

മാതാവ് വി. ബര്‍ണദീത്തയ്ക്കു കാണപ്പെട്ട് ആവശ്യപ്പെട്ട പ്രകാരം ലൂര്‍ദ്ദിലെ ഗ്രോട്ടോയ്ക്കു മുകളില്‍ പാറമേല്‍ മനോഹരമായ ഒരു ദൈവാലയം പണികഴിപ്പിച്ചു. പക്ഷേ, സ്ഥലസൗകര്യം പോരെന്നു തോന്നിയപ്പോള്‍ 1901-ല്‍ അതോടു ചേര്‍ന്നു പണികഴിപ്പിച്ചതാണ് 'റോസറി ചര്‍ച്ച്.'
ആദ്യം മുതലേ വിശ്വാസികളായ തീര്‍ത്ഥാടകര്‍ ലൂര്‍ദ്ദില്‍ തടിച്ചുകൂടി. 1872-ല്‍ ഫ്രാന്‍സില്‍നിന്ന് 25000 തീര്‍ത്ഥാടകര്‍ അവിടെ ഒരുമിച്ചുകൂടി. ഇന്ന് പ്രതിവര്‍ഷം 10 ലക്ഷം തീര്‍ത്ഥാടകരെങ്കിലും ലൂര്‍ദ്ദില്‍ എത്തുന്നുണ്ട്. മിക്കവരും എന്തെങ്കിലും ശാരീരിക അസ്വാസ്ഥ്യമുള്ളവരാണ്. അത്ഭുതകരമായ രോഗശാന്തി ആദ്യം മുതലേയുണ്ട്.
സൂക്ഷ്മമായ പഠനത്തിനുശേഷം 50 സംഭവങ്ങള്‍ യഥാര്‍ത്ഥ അത്ഭുതപ്രവര്‍ത്തനങ്ങളായി പ്രഖ്യാപിക്കപ്പെട്ടിട്ടുണ്ട്. ഇവകൂടാതെ നാലായിരത്തോളം സംഭവങ്ങള്‍ മെഡിക്കല്‍ സയന്‍സിന് വിശദീകരിക്കാന്‍ സാധിക്കാത്തവയായി അംഗീകരിച്ചിട്ടുണ്ട്. ഗുരുതരമായ ക്ഷയം, ട്യൂമര്‍, ക്യാന്‍സര്‍, അന്ധത, ബധിരത, കൂടാതെ ഞരമ്പു സംബന്ധിച്ചുള്ള രോഗങ്ങള്‍ എന്നിവയൊക്കെ അത്ഭുതകരമായി ഭേദമായ രോഗങ്ങളാണ്.
തീര്‍ത്ഥാടകരെ സഹായിക്കാന്‍ വോളന്റിയര്‍മാരുടെ ഒരു പടതന്നെ എപ്പോഴും തയ്യാറുണ്ട്. അവര്‍ എപ്പോഴും ഉച്ചത്തില്‍ ജപമാല ചൊല്ലിക്കൊണ്ടിരിക്കും.
ലൂര്‍ദ്ദിലെ ഏറ്റവും ഹൃദ്യമായ അനുഭവം എല്ലാ ദിവസവും നടത്തി വരുന്ന കുര്‍ബാനയുടെ പ്രദക്ഷിണമാണ്. പ്രദക്ഷിണം റോസറി ചര്‍ച്ചിലെത്തുമ്പോള്‍ രോഗശാന്തിക്കായി കാത്തുകിടക്കുന്ന രോഗികളെ ആശീര്‍വദിക്കുന്നു. രോഗികള്‍ക്കുവേണ്ടി എല്ലാവരുംകൂടി പ്രാര്‍ത്ഥിക്കുന്നു:

ഈശോയെ, ദാവീദിന്റെ പുത്രാ, എന്നില്‍ കനിയണമേ! കര്‍ത്താവേ, എനിക്കു കാഴ്ചശക്തി നല്‍കേണമേ! കര്‍ത്താവേ, എനിക്കു കേള്‍വി ശക്തി നല്‍കണമേ! കര്‍ത്താവേ, നടക്കാന്‍ എന്നെ സഹായിക്കണമേ!

വി. കുര്‍ബാനയുടെ വാഴ്‌വ് അവസാനിക്കുന്നതോടെ ഹൃദയസ്പര്‍ശിയായ രംഗങ്ങളും അവസാനിക്കുന്നു.

Related Stories

No stories found.
logo
Sathyadeepam Online
www.sathyadeepam.org