ദൈവമാതാവും എലിസബത്തും : മെയ് 31

ദൈവമാതാവും എലിസബത്തും : മെയ് 31
1389-ല്‍ പോപ്പ് അര്‍ബന്‍ ആറാമന്‍ ഈ അനുസ്മരണം സഭയില്‍ മുഴുവന്‍ പ്രാബല്യത്തില്‍ കൊണ്ടുവന്നു. 1969-ലാണ് മെയ് 31 ഈ അനുസ്മണാദിനമായി പ്രഖ്യാപിച്ചത്. മാര്‍ച്ച് 25 മംഗലവാര്‍ത്തയായതിനാല്‍ അതിനു ശേഷവും ജൂണ്‍ 24 സ്‌നാപകയോഹന്നാന്റെ ജന്മദിനമായതിനാല്‍ അതിനു മുമ്പും ആകാന്‍വേണ്ടിയാണ് മേയ് 31 തിരഞ്ഞെടുത്തത്.

ഈശോയെ ഗര്‍ഭത്തില്‍ വഹിച്ചിരുന്ന കന്യകാമറിയവും, വി. സ്‌നാപകയോഹന്നാനെ ഗര്‍ഭം ധരിച്ചിരുന്ന എലിസബത്തും തമ്മിലുള്ള അസാധാരണമായ ഒരു കണ്ടുമുട്ടല്‍. രണ്ടു സഹോദരിമാര്‍ തമ്മിലുള്ള കണ്ടുമുട്ടല്‍ എന്നതിലുപരി ദൈവപുത്രനും അവിടുത്തേക്കു വഴിയൊരുക്കാന്‍ നിയോഗിക്കപ്പെട്ട ദിവ്യാത്മാവും തമ്മിലുള്ള അജ്ഞാത കണ്ടുമുട്ടലിന്റെ മഹനീയ നിമിഷങ്ങളായിരുന്നു അത്. യൂദയായിലെ മലമ്പ്രദേശത്തുള്ള സഖറിയായുടെ ഭവനത്തില്‍ പ്രവേശിച്ച് വൃദ്ധയായ എലിസബത്തിനെ മറിയം അഭിവാദനം ചെയ്ത നിമിഷത്തെപ്പറ്റി വി. ലൂക്കാ എഴുതുന്നു: "മറിയത്തിന്റെ അഭിവാദനം കേട്ടപ്പോള്‍ എലിസബത്തിന്റെ ഉദരത്തില്‍ ശിശു കുതിച്ചു ചാടി. എലിസബത്ത് പരിശുദ്ധാത്മാവു നിറഞ്ഞവളായി. അവള്‍ ഉദ്‌ഘോഷിച്ചു: നീ സ്ത്രീകളില്‍ അനുഗൃഹീതയാണ്. നിന്റെ ഉദരഫലവും അനുഗൃഹീതം. എന്റെ കര്‍ത്താവിന്റെ അമ്മ എന്റെ അടുത്തുവരാനുള്ള ഈ ഭാഗ്യം എനിക്ക് എവിടെ നിന്ന്?" (ലൂക്കാ 1:42-43)

മംഗലവാര്‍ത്തയുടെ സമയത്താണ് തന്റെ ചാര്‍ച്ചക്കാരിയായ എലിസബത്തിന്റെ ഗര്‍ഭധാരണത്തെപ്പറ്റി മറിയം അറിയുന്നത്. എലിസബത്തിന് സഹായിയായിക്കൊണ്ട് രക്ഷാകരകര്‍മ്മത്തിന്റെ ആരംഭം കുറി ക്കുകയായിരുന്നു മറിയം. അതിന്റെ വെളിപ്പെടുത്തല്‍ ഉടന്‍ നടന്നു; എലിസബത്തിന്റെ ഉദരത്തിലെ ശിശു മറിയത്തിന്റെ അഭിവാദനം കേട്ട് സന്തോഷത്താല്‍ കുതിച്ചുചാടി. ലോകത്തിന്റെ വെളിച്ചത്തിന്റെ മുമ്പില്‍ യോഹന്നാന്റെ ആദ്യത്തെ സാക്ഷ്യപ്പെടുത്തലായിരുന്നു അത്. എലിസബത്ത് അതുദ്‌ഘോഷിച്ചു; മറിയത്തെ "അനുഗ്രഹീതേ" എന്നു സംബോധന ചെയ്തുകൊണ്ട്. കര്‍ത്താവ് വെളിപ്പെടുത്തിയ കാര്യങ്ങള്‍ നിറവേറുമെന്ന് പൂര്‍ണമായി വിശ്വസിച്ചതുകൊണ്ടാണ് മറിയം അനുഗ്രഹീതയായത്. മറിയം ഉദ്‌ഘോഷിച്ചു: "ഇതാ കര്‍ത്താവിന്റെ ദാസി. നിന്റെ വാക്ക് എന്നില്‍ നിറവേറട്ടെ." വിശ്വാസത്തിന്റെ ഉദാത്തമായ ഏറ്റുപറച്ചിലാണിത്; ദൈവത്തിലുള്ള ശരണത്തിന്റെ പ്രഖ്യാപനവുമാണത്. ആദ്ധ്യാത്മികതയുടെ അടിസ്ഥാനവും ഇതാണ്. വ്യക്തമായ അടിയുറച്ച വിശ്വാസം. ഇതില്ലാത്ത ആദ്ധ്യാത്മികത വെറും അഭിനയമാണ്; കാപട്യമാണ്.

മറിയം എലിസബത്തിനെ സന്ദര്‍ശിച്ചതിന്റെ അനുസ്മരണം സഭയില്‍ ആരംഭിച്ചത് 1263-ലാണ്. വി. ബൊനവെഞ്ചറിന്റെ താല്പര്യത്താല്‍ ഫ്രാന്‍സിസ്‌ക്കന്‍സാണ് ആദ്യമായി ഇതു തുടങ്ങിയത്. എന്നാല്‍ 1389-ല്‍ പോപ്പ് അര്‍ബന്‍ ആറാമന്‍ ഈ അനുസ്മരണം സഭയില്‍ മുഴുവന്‍ പ്രാബല്യത്തില്‍ കൊണ്ടുവന്നു. 1969-ലാണ് മെയ് 31 ഈ അനുസ്മണാദിനമായി പ്രഖ്യാപിച്ചത്. മാര്‍ച്ച് 25 മംഗലവാര്‍ത്തയായതിനാല്‍ അതിനു ശേഷവും ജൂണ്‍ 24 സ്‌നാപകയോഹന്നാന്റെ ജന്മദിനമായതിനാല്‍ അതിനു മുമ്പും ആകാന്‍വേണ്ടിയാണ് മേയ് 31 തിരഞ്ഞെടുത്തത്.

എന്റെ ആത്മാവ് കര്‍ത്താവിനെ മഹത്ത്വപ്പെടുത്തുന്നു; എന്റെ ചിത്തം എന്റെ രക്ഷകനായ ദൈവത്തില്‍ ആനന്ദിക്കുന്നു.
ലൂക്കാ 1:46

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org