വളരെ സമ്പന്നതയില്‍ കഴിഞ്ഞതാണ് ചിറമേല്‍ കുടുംബം. എന്നാല്‍, മറിയത്തിന്റെ വല്യപ്പന്‍ ഏഴു പെണ്‍മക്കളെ നല്ല നിലയില്‍ വിവാഹം ചെയ്ത് അയക്കാനുള്ള തത്രപ്പാടില്‍ സ്ഥലങ്ങളെല്ലാം വില്‌ക്കേണ്ടിവന്നു. അങ്ങനെ സാമ്പത്തികമായി തകര്‍ന്ന അവസ്ഥയില്‍ മറിയത്തിന്റെ അച്ഛനും സഹോദരനും മദ്യത്തിന് അടിമകളായി. ഇതൊക്കെ കണ്ടു വളര്‍ന്നതുകൊണ്ടാവാം, മറിയം ദൈവത്തിന് എല്ലാം അര്‍പ്പിച്ച് സുവിശേഷവഴിയേ യാത്ര ആരംഭിച്ചത്.
കേരളത്തില്‍ പുത്തന്‍ചിറ ഗ്രാമമാണ് വാഴ്ത്തപ്പെട്ട മറിയം ത്രേസ്യയുടെ ജന്മദേശം. 1876 ഏപ്രില്‍ 26-ന് ചിറമേല്‍ കുടുംബത്തില്‍ തൊമ്മന്‍- അന്ന ദമ്പതികളുടെ അഞ്ചുമക്കളില്‍ മൂന്നാമത്തവളായി മറിയം ജനിച്ചു.
ചെറുപ്പത്തില്‍ത്തന്നെ, അതായത് പത്തുവയസ്സായപ്പോഴേക്കും ക്രിസ്തുവിന്റെ കന്യകയായി ജീവിക്കാന്‍ മറിയം തീരുമാനിച്ചിരുന്നു. തന്റെ 12-ാമത്തെ വയസ്സില്‍ പ്രിയപ്പെട്ട അമ്മയുടെ അകാലനിര്യാണത്തോടെ മറിയത്തിന്റെ ജീവിതം തകിടം മറിഞ്ഞു. എന്തുചെയ്യണമെന്നറിയാതെ കുറെക്കാലം അലഞ്ഞു, ചിന്തിച്ചു, പ്രാര്‍ത്ഥിച്ചു. ഒടുവില്‍ ക്രിസ്തുവിനോടുള്ള സ്‌നേഹത്തെപ്രതി മൂന്നു സുഹൃത്തുക്കളോടൊപ്പം ഇടവകപ്പള്ളിയിലെ ശുശ്രൂഷകളെല്ലാം മറിയം ഏറ്റെടുത്തു. പള്ളിയും, പരിസരവും വൃത്തിയാക്കുക, അള്‍ത്താര അലങ്കരിക്കുക, പാവങ്ങളെയും രോഗികളെയും അനാഥരെയും, കുഷ്ഠരോഗികളെയുമെല്ലാം അന്വേഷിച്ചു കണ്ടുപിടിച്ച് ശുശ്രൂഷിക്കുകയും സഹായിക്കുകയും ചെയ്യുക-അങ്ങനെ വീടുവിട്ട് അവള്‍ വിശാലമായ ലോകത്തേക്കിറങ്ങി. എല്ലാം മറന്ന് "തന്നെപ്പോലെ തന്നെ അയല്ക്കാരനെയും സ്‌നേഹിക്കാനുള്ള ത്വരയായിരുന്നു മനസ്സില്‍. സാധുക്കള്‍ക്കും രോഗികള്‍ക്കും വേണ്ടി ചെയ്യുന്നത് തനിക്കു വേണ്ടി ചെയ്തതായി താന്‍ കണക്കാക്കുമെന്ന ക്രിസ്തുവിന്റെ വചസ്സുകളായിരുന്നു വഴികാട്ടി. ബലിയല്ല, കരുണയാണ് തനിക്കു വേണ്ടതെന്ന ഗുരുമൊഴികള്‍ മറിയത്തിന് ധൈര്യവും ആവേശവും പകര്‍ന്നു.
തിരുക്കുടുംബത്തില്‍ എല്ലാ സ്വപ്നങ്ങളും ആശകളും അര്‍പ്പിച്ച്, പാപികളുടെ മാനസാന്തരത്തിനുവേണ്ടി അവള്‍ നിരന്തരം പ്രാര്‍ത്ഥിച്ചു. ഉപവാസം അനുഷ്ഠിച്ചു. ക്രമേണ, കാര്യങ്ങള്‍ മുന്‍കൂട്ടി കാണാനും രോഗികളെ സുഖപ്പെടുത്താനുമുള്ള വരങ്ങള്‍ അവള്‍ക്കു ലഭിച്ചു. ശരീരത്തില്‍ പഞ്ചക്ഷതങ്ങള്‍ പ്രത്യക്ഷപ്പെട്ടുതുടങ്ങി. പക്ഷേ, മറിയം അതു രഹസ്യമായി സൂക്ഷിച്ചു. എല്ലാ വെള്ളിയാഴ്ചയും ധ്യാനത്തില്‍ മുഴുകിയ മറിയം ക്രിസ്തുവിന്റെ പീഡാസഹനങ്ങളും കുരിശുമരണവും യഥാര്‍ത്ഥത്തില്‍ അനുഭവിച്ചിരുന്നത്രെ! തന്റെ വിശ്വാസത്തിനും ബ്രഹ്മചര്യത്തിനും എതിരായ ശക്തമായ പരീക്ഷണങ്ങളും അവള്‍ അഭിമുഖീകരിച്ചിരുന്നു.
ഏകാന്തതയില്‍ സ്വസ്ഥമായി പ്രാര്‍ത്ഥിച്ചു കഴിയാനുള്ള ഒരു ആലയം നിര്‍മ്മിക്കുന്നതിനുള്ള അനുവാദത്തിനായി രൂപതയുടെ മെത്രാന്‍ മാര്‍ ജോണ്‍ മേനാച്ചേരിയെ 1903-ല്‍ മറിയം സമീപിച്ചു. എന്നാല്‍, മറിയത്തിന്റെ ദൈവവിളി ഒന്നു പരീക്ഷിക്കാനായി അദ്ദേഹം മറിയത്തോട് ആവശ്യപ്പെട്ടത്, ഫ്രാന്‍സിസ്‌കന്‍ ക്ലാരിസ്റ്റിന്റെയോ ഒല്ലൂരുള്ള കര്‍മ്മലീത്താക്കാരുടെയോ മഠത്തില്‍ ചേരാനാണ്. പക്ഷേ, അതിനൊന്നും അവള്‍ക്കു താല്പര്യമില്ലായിരുന്നു.
എന്നാല്‍ 1913-ല്‍ ബിഷപ്പ് മറിയത്തിന്റെ ആഗ്രഹം സാധിച്ചുകൊടുത്തു. അങ്ങനെ മൂന്നു സുഹൃത്തുക്കളുമൊപ്പം പ്രാര്‍ത്ഥനാലയം പണിത് അതില്‍ ജീവിതം തുടങ്ങി. 1914 മെയ് 14-ന് മറിയം ത്രേസ്യായുടെ "കോണ്‍ ഗ്രഗേഷന്‍ ഓഫ് ദ ഹോളി ഫാമിലി" എന്ന പുതിയ സഭയ്ക്ക് ഔദ്യോഗി കമായി അംഗീകാരം ലഭിച്ചു. നിത്യവ്രതവാഗ്ദാനദിവസംതന്നെ സി. മറിയം ത്രേസ്യയെ കോണ്‍ഗ്രിഗേഷന്റെ പ്രഥമ സുപ്പീരിയറായി, മാര്‍ ജോണ്‍ മേനാച്ചേരി നിയമിക്കുകയും ചെയ്തു.
കടുത്ത പ്രമേഹരോഗത്തിന് അടിമയായിരുന്ന മറിയം ത്രേസ്യയ്ക്ക് ഒരിക്കല്‍ കാലില്‍ ഗുരുതരമായ ഒരു മുറിവുണ്ടായി. ആ മുറിവ് കരിഞ്ഞില്ലെന്നു മാത്രമല്ല, 1926 ജൂണ്‍ 8-ന് അതു മരണകാരണമായി മാറുകയും ചെയ്തു. താന്‍ ആരംഭം കുറിച്ച മൂന്ന് കോണ്‍വെന്റും രണ്ടു സ്‌കൂളും രണ്ട് ഹോസ്റ്റലും ഒരു ഓര്‍ഫനേജും കഠിനാദ്ധ്വാനികളായ 55 സിസ്റ്റേഴ്‌സിനെ ഭരമേല്പിച്ച് മദര്‍ നിത്യസമ്മാനത്തിനായി യാത്രയായി. ഇന്ന് ഈ കോണ്‍ഗ്രിഗേഷനില്‍ ആയിരക്കണക്കിനു കന്യാസ്ത്രീകള്‍ ജര്‍മ്മനിയിലും ഇറ്റലിയിലും ഘാനയിലും കേരളത്തിലും വടക്കേ ഇന്ത്യയിലുമായി പ്രവര്‍ത്തനനിരതരായി കഴിയുന്നു.
ജീവിതരേഖ
ജനനം : 1876 ഏപ്രില്‍ 26
ജ്ഞാനസ്‌നാനം : 1876 മെയ് 3
ആദ്യ കുര്‍ബ്ബാന സ്വീകരണം : 1886
മരണം : 1926 ജൂണ്‍ 8
ദൈവദാസി : 1973 ഒക്ടോബര്‍ 05
ധന്യ : 1999 ജൂണ്‍ 28
വാഴ്ത്തപ്പെടല്‍ : 2000 ഏപ്രില്‍ 9
വിശുദ്ധ : 2019 ഓക്ടോബര്‍ 13
സ്മൃതി സമുച്ചയം
മറിയം ത്രേസ്യയുടെ കബറിടം സ്ഥിതിചെയ്യുന്ന കുഴിക്കാട്ടിശ്ശേരി മഠം കപ്പേളയോട് ചേർന്നാണ് സ്മൃതി സമുച്ചയം. കലാകാരന്മാരുടെ ഭാവനയിൽ വിവിധതരം മാധ്യമങ്ങൾ ഉപയോഗിച്ച് മറിയം ത്രേസ്യയുടെ ജീവിതവും മറ്റും കലാപരമായി ആവീഷ്കരിച്ചിട്ടുണ്ട്. പഴയ മഠത്തിന്റെ ഒരു ഭാഗം മ്യൂസിയമായി സന്ദർശകർക്ക് തുറന്ന് കൊടുത്തിട്ടുണ്ട്. മറിയം ത്രേസ്യ താമസിച്ചിരുന്ന മുറിയും ഉപയോഗിച്ചിരുന്ന കട്ടിലും മരണകാരണമായ കാലിലെ മുറിവുണ്ടാക്കിയ ക്രാസിക്കാലും എല്ലാം തീർത്ഥാടകർക്കായി പ്രദർശിപ്പിച്ചിട്ടുണ്ട്. മറിയം ത്രേസ്യയുടെ മധ്യസ്ഥതയാൽ ദൈവകൃപ ലഭിച്ചുവെന്ന് വിശ്വസിക്കുന്നവരുടെ സാക്ഷ്യവും അവരുടെ പടം സഹിതം മ്യൂസിയത്തിൽ കാണാവുന്നതാണ്.