വിശുദ്ധ ഫ്രാന്‍സീസ് പൗള (1416-1507) : ഏപ്രില്‍ 2

വിശുദ്ധ ഫ്രാന്‍സീസ് പൗള (1416-1507) : ഏപ്രില്‍ 2
ഉപവാസവും ഭക്ഷണനിയന്ത്രണവുംകൊണ്ട് ശരീരത്തെ നിയന്ത്രിക്കാതെ നല്ല ബ്രഹ്മചാരിയായിരിക്കാന്‍ സാധിക്കുകയില്ലെന്ന സത്യമാണ് വി. ഫ്രാന്‍സീസിന്റെ ജീവിതം ലോകത്തിന് വെളിപ്പെടുത്തുന്നത്. ശരീരത്തിന്റെ നിയന്ത്രണം ആത്മാവിനെ ബലപ്പെടുത്തുന്നു. ഫ്രാന്‍സീസിന്റെ അസാധാരണ സിദ്ധികളെല്ലാം ഉപവാസത്തിന്റെയും പ്രാര്‍ത്ഥനയുടെയും ഫലങ്ങളായിരുന്നു.

ഇറ്റലിയിലെ കലാബ്രിയായില്‍ പാവ്‌ളോ എന്ന സ്ഥലത്ത് 1416-ല്‍ ജനിച്ച റോബര്‍ട്ട് മര്‍ട്ടോലെല്ലയാണ് പിന്നീട് ലോകപ്രശസ്ത വിശുദ്ധനായിത്തീര്‍ന്ന പാവ്‌ളോയിലെ വി. ഫ്രാന്‍സീസ്. സത്യസന്ധരായി ജീവിച്ച മാതാപിതാക്കള്‍ക്ക്, ദീര്‍ഘനാളത്തെ കാത്തിരിപ്പിനും നേര്‍ച്ചകാഴ്ചകള്‍ക്കും ശേഷം ലഭിച്ച സന്തതിയായിരുന്നു വി. ഫ്രാന്‍സീസ്. വി. ഫ്രാന്‍സീസ് അസ്സീസിയുടെ ഭക്തരായിരുന്നതിനാല്‍ അവിടുത്തെ അനുഗ്രഹം കൊണ്ടാണ് തങ്ങള്‍ക്കു കുഞ്ഞുണ്ടായതെന്ന് അവര്‍ ആത്മാര്‍ത്ഥമായി വിശ്വസിച്ചു. മാത്രമല്ല, കുഞ്ഞുഫ്രാന്‍സീസിന്റെ നേത്രരോഗം മാറിയതും വി. അസ്സീസിയുടെ സഹായത്താലാണെന്ന് അവര്‍ക്കു ബോധ്യമായിരുന്നു. അതിന്റെ നന്ദിസൂചകമായി ഒരു വര്‍ഷം മുഴുവന്‍ ഒരു ഫ്രാന്‍സിസ്‌കന്‍ ആശ്രമത്തില്‍ അവിടത്തെ ആചാരപ്രകാരം കഴിയുവാന്‍ കൊച്ചുഫ്രാന്‍സീസിനെ അയയ്ക്കാമെന്ന് ആ മാതാപിതാക്കള്‍ വാഗ്ദാനം ചെയ്തിരുന്നു.

അന്ന് കൊച്ചുഫ്രാന്‍സീസിന് 13 വയസ്സുണ്ടായിരുന്നു. എന്നാല്‍, അസാധാരണമായ വിനയശീലവും പ്രാര്‍ത്ഥനയോടുള്ള താല്പര്യവും ഉപവാസവുംകൊണ്ട് അവന്‍ മറ്റു സന്ന്യാസികള്‍ക്കെല്ലാം ഒരു മാതൃകയായിത്തീര്‍ന്നു. അതിനുശേഷം, മാതാപിതാക്കളോടൊപ്പം റോം, അസ്സീസി, മറ്റു പുണ്യസ്ഥലങ്ങള്‍ എന്നിവിടങ്ങളിലേക്ക് ഒരു തീര്‍ത്ഥാടനം നടത്തി തിരിച്ചെത്തിയശേഷമാണ് ഫ്രാന്‍സീസ് എന്ന നാമം സ്വീകരിച്ചുകൊണ്ട് കടല്‍ത്തീരത്തുള്ള ഒരു ചെറിയ ഗുഹയില്‍ ഏകാന്ത താപസജീവിതം ആരംഭിച്ചത്. ആറുവര്‍ഷം അങ്ങനെ അവിടെ കഴിഞ്ഞു കൂടി.

1435-ല്‍ രണ്ടു യുവാക്കള്‍ ഫ്രാന്‍സീസിന്റെ ശിഷ്യരായി കൂടെക്കൂടി. അതോടെ ഒരു ചാപ്പലും മൂന്നു കിടപ്പുമുറികളും പണികഴിപ്പിച്ചു. അതായിരുന്നു സെന്റ് ഫ്രാന്‍സീസ് സന്ന്യാസികളുടെ സഭയുടെ ആരംഭം. പിന്നീട് അത് 'പൈതങ്ങളുടെ സഭ' എന്നറിയപ്പെട്ടു. ദൈവത്തിന്റെ ഭവനത്തിലെ ഏറ്റവും ദരിദ്രമായ സഭ എന്നായിരുന്നു വിവക്ഷ.

പുതിയ സഭയില്‍ അംഗങ്ങള്‍ വര്‍ദ്ധിച്ചു. അങ്ങനെ 1454 ആയപ്പോഴേക്കും ഒരു വലിയ ആശ്രമവും പള്ളിയും അവര്‍ക്കായി പണികഴിപ്പി ക്കേണ്ടിവന്നു. ഉദാരമതികളായ നാട്ടുകാരുടെയും ഭരണകര്‍ത്താക്കളുടെയും സഹകരണത്തോടെയാണ് എല്ലാം പൂര്‍ത്തിയാക്കിയത്. ഫ്രാന്‍സീസിന്റെ പ്രാര്‍ത്ഥനയുടെ ഫലമായി അത്ഭുതങ്ങള്‍ സംഭവിച്ചിരുന്നു. ഭാവികാര്യങ്ങള്‍ മുന്‍കൂട്ടി പറയാനുള്ള കഴിവും മറ്റുള്ളവരുടെ മനസ്സു വായിക്കാനുള്ള വിരുതും അദ്ദേഹത്തിനുണ്ടായിരുന്നു. പശ്ചാത്തപിക്കാത്ത കഠിനഹൃദയരായ പാപികളെ മാനസാന്തരപ്പെടുത്തുവാനും അദ്ദേഹത്തിനു സാധിച്ചിരുന്നു. കൂടാതെ, ശാരീരികമായ അസുഖങ്ങള്‍ അത്ഭുതകരമായി സുഖപ്പെടുത്തുകയും മരിച്ചവരെ അത്ഭുതശക്തിയാല്‍ ഉയിര്‍പ്പിക്കുകയും ചെയ്തിരുന്നു.

പൈതങ്ങളുടെ സഭ 57 വര്‍ഷക്കാലം എഴുതപ്പെടാത്ത നിയമങ്ങള്‍ അനുസരിച്ച് മുന്നോട്ടുപോയി. എളിമയ്ക്കും ഉപവിക്കും ദാരിദ്ര്യത്തിനുമായിരുന്നു മുന്‍തൂക്കം. ഉപവാസം നിര്‍ബന്ധമായിരുന്നു. മാംസവര്‍ജ്ജനം മാത്രമല്ല, പാലും, വെണ്ണയും, മുട്ടയും പരിപൂര്‍ണ്ണമായി ഉപേക്ഷിച്ചിരുന്നു.

സഭയുടെ ആശ്രമങ്ങള്‍ ഇറ്റലിയിലും സിസ്സിലിയിലും വ്യാപകമായതോടെ സന്യാസികള്‍ക്കായി ഒരു രണ്ടാംസഭയും ഇവ രണ്ടിലും പെടാത്തവര്‍ക്കായി ഒരു മൂന്നാം സഭയ്ക്കും ഫ്രാന്‍സീസ് രൂപംനല്‍കി. അദ്ദേഹത്തിന്റെ മരണശേഷം ചുരുങ്ങിയ കാലയളവില്‍ത്തന്നെ കോണ്‍വെന്റുകളുടെ എണ്ണം 400 കവിഞ്ഞു. സഭയുടെ അഞ്ചു പ്രോവിന്‍സുകള്‍ ഇറ്റലിയിലും ഫ്രാന്‍സിലും ജര്‍മ്മനിയിലും സ്‌പെയിനിലുമായി സ്ഥാപിതമായി. ഇതിനിടയില്‍ നേപ്പിള്‍സിലെ രാജാവ് ഫ്രാന്‍സീസിനെ കാരാഗൃഹത്തിലടയ്ക്കാന്‍ ഒരു ശ്രമം നടത്തി. അദ്ദേഹത്തിന്റെ അവിശുദ്ധ ജീവിതത്തെ ഫ്രാന്‍സീസ് വിമര്‍ശിച്ചതായിരുന്നു കുറ്റം.

1482-ല്‍ വി. ഫ്രാന്‍സീസിന്റെ പ്രശസ്തി ഫ്രാന്‍സിലും അലയടിച്ചു. മരണശയ്യയിലായ രാജാവ് ലൂയീസ് രണ്ടാമന്‍ ഫ്രാന്‍സീസിന്റെ സഹായം അഭ്യര്‍ത്ഥിച്ചു. പോപ്പിന്റെ അനുവാദത്തോടെ ഫ്രാന്‍സീസ് കൊട്ടാരത്തില്‍ പോയി താമസിച്ച് രോഗം ഭേദമാക്കുകയല്ല, വിശുദ്ധമായ ഒരു മരണത്തിന് രാജാവിനെ ഒരുക്കുകയാണു ചെയ്തത്. അദ്ദേഹത്തിനുശേഷം ഭരണം നടത്തിയ രാജാക്കന്മാരായ ചാള്‍സ് എട്ടാമനും ലൂയീസ് പന്ത്രണ്ടാ മനും വിശുദ്ധന്റെ നിര്‍ദ്ദേശങ്ങള്‍ ആവശ്യമുണ്ടെന്നു പറഞ്ഞ് ഫ്രാന്‍സീസിനെ കൊട്ടാരത്തില്‍ത്തന്നെ താമസിപ്പിച്ചു.

അങ്ങനെ 25 വര്‍ഷം ഫ്രാന്‍സീസ് ഫ്രാന്‍സില്‍ കഴിച്ചുകൂട്ടി. ഈ സമയത്ത് ഫ്രാന്‍സും സ്‌പെയിനും തമ്മിലുണ്ടായിരുന്ന ആഭ്യന്തരകലഹങ്ങള്‍ക്കെല്ലാം അദ്ദേഹം ശാശ്വതപരിഹാരം കണ്ടെത്തി.

ഈലോകവാസം അവസാനിക്കാറായെന്നു ബോധ്യം വന്ന ഫ്രാന്‍ സീസ് അവസാനത്തെ മൂന്നുമാസം കര്‍ശനമായ ഏകാന്തവാസത്തില്‍ പ്രവേശിച്ചു. 1507-ല്‍ ഓശാന ഞായറാഴ്ച അദ്ദേഹത്തിനു രോഗം മൂര്‍ച്ഛിച്ചു. പെസഹാവ്യാഴാഴ്ച തന്റെ ആശ്രമത്തിലെ സന്യാസിമാരെയെല്ലാം അടുത്തുവിളിച്ച് തങ്ങളുടെ ജീവിതം ധീരമായി മുന്നോട്ടു കൊണ്ടുപോകാനുള്ള ആത്മവിശ്വാസം നല്‍കി. ദുഃഖവെള്ളിയാഴ്ച 91-ാമത്തെ വയസ്സില്‍ ഈ ലോകത്തോടു വിടപറഞ്ഞു.

പോപ്പ് ലിയോ പത്താമന്‍ 1519 മെയ് 1-ന് ഫ്രാന്‍സീസിനെ വിശുദ്ധ നായി പ്രഖ്യാപിച്ചു.

ഉപവാസവും ഭക്ഷണനിയന്ത്രണവുംകൊണ്ട് ശരീരത്തെ നിയന്ത്രിക്കാതെ നല്ല ബ്രഹ്മചാരിയായിരിക്കാന്‍ സാധിക്കുകയില്ലെന്ന സത്യമാണ് വി. ഫ്രാന്‍സീസിന്റെ ജീവിതം ലോകത്തിന് വെളിപ്പെടുത്തുന്നത്. ശരീരത്തിന്റെ നിയന്ത്രണം ആത്മാവിനെ ബലപ്പെടുത്തുന്നു. ഫ്രാന്‍സീസിന്റെ അസാധാരണ സിദ്ധികളെല്ലാം ഉപവാസത്തിന്റെയും പ്രാര്‍ത്ഥനയുടെയും ഫലങ്ങളായിരുന്നു.

Related Stories

No stories found.
Sathyadeepam Weekly
www.sathyadeepam.org