വിശുദ്ധ മഗ്ദലേന കനോസ (1774-1835) : മെയ് 8

വിശുദ്ധ മഗ്ദലേന കനോസ (1774-1835) : മെയ് 8
എല്ലാം ദൈവത്തില്‍ സമര്‍പ്പിക്കുക. നിനക്കുള്ളതെല്ലാം ത്യജിക്കേണ്ടിവന്നാലും, എല്ലാം നീ ദൈവത്തില്‍ കണ്ടെത്തും!
വി. മഗ്ദലേന കനോസ

ഇറ്റലിയിലെ വെരോണ എന്ന സ്ഥലത്ത് 1774 മാര്‍ച്ച് 2-ന് വി. മഗ്ദലേന ജനിച്ചു. ''കനേഡിയന്‍ ഫാമിലി ഓഫ് ദ സണ്‍സ് ആന്റ് ഡോട്ടേഴ്‌സ് ഓഫ് ചാരിറ്റി'' എന്ന പ്രസ്ഥാനത്തിന് ആരംഭം കുറിച്ചത് വി. മഗ്ദലേനയാണ്. അവള്‍ക്ക് ഏകദേശം അഞ്ചുവയസ്സുള്ളപ്പോള്‍ അച്ഛന്‍ മരിച്ചു. അമ്മ പുനര്‍വിവാഹം നടത്തിയപ്പോള്‍ ഒരു അമ്മാവന്റെ സംരക്ഷണത്തിലാണ് അവള്‍ വളര്‍ന്നത്. മഗ്ദലേനയ്ക്ക് നല്ല വിദ്യാഭ്യാസം നല്‍കുന്നതില്‍ അമ്മാവന്‍ അതീവശ്രദ്ധാലുവായിരുന്നു.

പാവപ്പെട്ട പെണ്‍കുട്ടികള്‍ക്കുവേണ്ടിയുള്ള സാമൂഹികപ്രവര്‍ത്തനങ്ങള്‍ മഗ്ദലേന 1799-ല്‍ ആരംഭിച്ചു. അവരില്‍ ഏതാനും പേര്‍ക്ക് താമസസൗകര്യവും ഒരുക്കിക്കൊടുത്തു. 1803-ലാണ് ആദ്യത്തെ സ്‌കൂള്‍ ആരംഭിച്ചത്. അവിടെത്തന്നെ താമസിക്കാനായിരുന്നു മഗ്ദലേനയുടെ താല്പര്യം. എങ്കിലും വീട്ടുകാരുടെ അഭിപ്രായവ്യത്യാസം നിമിത്തം അവള്‍ വീട്ടിലേക്കു മടങ്ങി. 1808-ല്‍ ആരോഗ്യവും വിദ്യാഭ്യാസവും സംബന്ധിച്ച മിഷനറി പ്രവര്‍ത്തനങ്ങള്‍ക്കായുള്ള റിലീജിയസ് കോണ്‍ഗ്രിഗേഷന്‍ സ്ഥാപിച്ചു. 1835 ഏപ്രില്‍ 10-ന് മഗ്ദലേന മരിക്കുമ്പോള്‍ കനോസിയന്‍ സിസ്റ്റേഴ്‌സിന് അഞ്ചു ഭവനങ്ങളുണ്ടായിരുന്നു. ഇന്ന്, വിവിധ രാജ്യങ്ങളിലായി 395 ഭവനങ്ങളും 4000 അംഗങ്ങളും ഈ കോണ്‍ഗ്രിഗേഷനുണ്ട്.

1941 ഡിസംബര്‍ 7-ന് പോപ്പ് പയസ് തകക മഗ്ദലേനയെ വാഴ്ത്തപ്പെട്ടവള്‍ എന്നു പ്രഖ്യാപിച്ചു. വിശുദ്ധയെന്നു പ്രഖ്യാപിക്കാന്‍ ആവശ്യമായ അത്ഭുതപ്രവൃത്തി അംഗീകരിക്കപ്പെട്ടത് 1987 ഡിസംബര്‍ 11-നാണ്. പോപ്പ് ജോണ്‍ പോള്‍ രണ്ടാമന്‍ മഗ്ദലേനയെ വിശുദ്ധയെന്നു അംഗീകരിച്ചുകൊണ്ട് ഇങ്ങനെ പ്രസ്താവിച്ചു:

''ക്രിസ്തുവിനുവേണ്ടി സ്വയം നഷ്ടപ്പെടേണ്ടത് എങ്ങനെയെന്ന് ബോദ്ധ്യം വന്ന ഒരു വ്യക്തിയായിരുന്നു അവള്‍... സ്‌നേഹത്താല്‍ നയിക്കപ്പെട്ട ഒരു വ്യക്തി. ദൈവസ്‌നേഹത്തിന്റെ പാരമ്യതയില്‍, അയല്‍ക്കാരനോടുള്ള സ്‌നേഹത്തിന്റെ അത്യഗാധതയില്‍ ലയിച്ച ഒരു വ്യക്തി. ദൈവത്തോടുള്ള യഥാര്‍ത്ഥ ഭക്തി, നീതിരഹിതമായ ചങ്ങലകള്‍ പൊട്ടിച്ചെറിയുന്നതിലാണെന്ന്, ഭാരമേറിയ നുകങ്ങള്‍ മാറ്റിക്കളയുന്നതിലാണെന്ന്, അടിച്ചമര്‍ത്തപ്പെട്ടവരെ സ്വതന്ത്രരാക്കുന്നതിലാണെന്ന്, വിശക്കുന്നവനോടൊപ്പം അപ്പം പങ്കിടുന്നതിലും തലചായ്ക്കാനൊരിടം നല്‍കുന്നതിലുമാണെന്ന് അവള്‍ മനസ്സിലാക്കിയിരുന്നു. ക്രൂശിതനായ ക്രിസ്തുവാണ് തന്റെ സഹോദരങ്ങളെ തന്നെപ്പോലെ തന്നെ സ്‌നേഹിക്കാന്‍ അവളെ പഠിപ്പിച്ചത്.''

കഷ്ടപ്പെടുന്നവരോടുള്ള കരുണയായിരുന്നു മഗ്ദലേനയുടെ സ്ഥാപനങ്ങളുടെയും പ്രവര്‍ത്തനങ്ങളുടെയും അടിസ്ഥാനം. യുദ്ധവും കൊലയും ആക്രമണങ്ങളും കൊണ്ട് കലുഷമായ നെപ്പോളിയന്‍ യുഗത്തിലാണ് അവള്‍ ജീവിച്ചിരുന്നതെന്ന് ഓര്‍ക്കുക. എല്ലായിടത്തും ക്രൈസ്തവസ്‌നേഹത്തിന്റെ ഉത്തമ മാതൃകയായി അവള്‍ നിലകൊണ്ടു.

ഈ കാലഘട്ടത്തിന്റെ എല്ലാ ആവശ്യങ്ങളും അറിഞ്ഞാണ് കനോസ്സിയന്‍സ് പ്രവര്‍ത്തിക്കുന്നത്. ലഹരിമരുന്നും മദ്യവും ഇന്ന് ആധിപത്യം സ്ഥാപിച്ചിരിക്കുന്നു. വാര്‍ദ്ധക്യത്തിന്റെ നിസ്സഹായത, ഗര്‍ഭഛിദ്രം, യുദ്ധം, ദുര്‍ബലരോടും നിസ്സഹായരോടുമുള്ള അവഗണന അങ്ങനെ എല്ലാത്തര ത്തിലും മനുഷ്യത്വരഹിതമായ ഒരു സാഹചര്യത്തിലാണ് നാം ജീവിച്ചുപോകുന്നത്. കാലത്തിന്റെ ഇത്തരം വെല്ലുവിളികള്‍ ഏറ്റെടുത്തുകൊണ്ടാണ് കനോസ്സിയന്‍സ് തങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ മുന്നോട്ടുകൊണ്ടുപോകുന്നത്. ''എല്ലാവര്‍ക്കും എല്ലാമായി'' മാറിക്കൊണ്ട് സ്‌കൂളുകള്‍ നടത്തുന്നു. അന്ധര്‍ക്കും മന്ദബുദ്ധികള്‍ക്കും ബധിരര്‍ക്കും പ്രത്യേകം സ്‌കൂളുകളുണ്ട്. നഴ്‌സുകാരെ പരിശീലിപ്പിക്കാന്‍ പ്രത്യേക സെന്ററുകളുണ്ട്. ഗ്രാമങ്ങള്‍ തോറും ''ഡേ കെയര്‍'' സ്‌കൂളുകളും ഡിസ്‌പെന്‍സറികളും കുഷ്ഠരോഗ ക്ലിനിക്കുകളും സ്ഥാപിച്ചുകൊണ്ട് പ്രവര്‍ത്തനമേഖല വിപുലമാക്കിക്കൊണ്ടിരിക്കുന്നു. ഇടവകകളുടെ പ്രവര്‍ത്തനങ്ങളിലും സണ്ടേ സ്‌കൂളുകളിലും ഇവരുടെ സജീവസാന്നിധ്യമുണ്ട്.

കരുണയും മനുഷ്യത്വവുമാണ് ഇവരുടെ പ്രവര്‍ത്തനങ്ങളുടെ ആകെത്തുക. ക്രിസ്തുവിനെപ്രതി ഏവരെയും, ധനവാനെയും ദരിദ്രനെയും ഒരുപോലെ സ്‌നേഹിക്കിക്കുക സേവനം ചെയ്യുക.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org