വാഴ്ത്തപ്പെട്ട കുഞ്ഞച്ചന്‍ (1891-1973) : ഒക്‌ടോബര്‍ 16

വാഴ്ത്തപ്പെട്ട കുഞ്ഞച്ചന്‍ (1891-1973) : ഒക്‌ടോബര്‍ 16
Published on
അഞ്ചടി പോലും ഉയരമില്ലായിരുന്ന 'കുഞ്ഞച്ചന്റെ' മനസ്സും ഒരു ശിശുവിന്റേതുപോലെ ചെറുതായിരുന്നു, നിഷ്‌ക്കളങ്കമായിരുന്നു. മനസ്സിന്റെയും ശരീരത്തിന്റെയും ആ ഉയരമില്ലായ്മ തന്നെയാണ് അദ്ദേഹത്തെ ഉയരത്തിലെത്തിച്ചത്. വിനയാന്വിതനും ആത്മാവില്‍ ദരിദ്രനുമായിരുന്നതുകൊണ്ട് ജീവിച്ചിരുന്നപ്പോള്‍ അദ്ദേഹം ബാഹ്യലോകത്തിനു തികച്ചും അജ്ഞാതനായിരുന്നു. മരണശേഷം അദ്ദേഹം വിഖ്യാതനായിരിക്കുന്നു. മഹാത്മാക്കള്‍ മാത്രമാണ് മരണശേഷവും സ്മരിക്കപ്പെടുക. കുഞ്ഞച്ചന്റെ സ്മരണകളും മഹത്വത്തിന്റെ പരിവേഷമണിഞ്ഞിരിക്കുന്നു.
വിനീതനും മിതഭാഷിയുമായിരുന്നു തേവര്‍പറമ്പില്‍ അഗസ്റ്റിന്‍ എന്ന കുഞ്ഞച്ചന്‍. സ്വന്തം സുഖത്തിനും പ്രശസ്തിക്കും വേണ്ടി യാതൊന്നും ചെയ്യാറില്ലായിരുന്നു. നിസ്വാര്‍ത്ഥനായ ആ മനുഷ്യസ്‌നേഹി നിശ്ശബ്ദമായ സാമൂഹിക സേവനത്തില്‍ ആനന്ദം കണ്ടെത്തുകയായിരുന്നു. എല്ലാവരും അവഗണിച്ചുകളഞ്ഞ അധഃസ്ഥിതര്‍ക്കുവേണ്ടി, ജീവിതം ഉഴിഞ്ഞുവച്ച ആ മഹാത്മാവ് അവരുടെ പിതാവും രക്ഷകനുമായി മാറുകയായിരുന്നു. "ഈ ചെറിയവരില്‍ ഒരുവനു ചെയ്യുന്നതെല്ലാം എനിക്കായി ഞാന്‍ കണക്കാക്കു"മെന്നു പറഞ്ഞ ക്രിസ്തുവിന്റെ കാലടികള്‍ പിന്തുടര്‍ന്ന ഈ മാതൃകാപുരോഹിതന്റെ വാക്കും പ്രവൃത്തിയും, ചലനം പോലും ആദ്ധ്യാത്മിക ചൈതന്യം നിറഞ്ഞതായിരുന്നു. അതുകൊണ്ടുതന്നെ ജീവിച്ചിരിക്കെത്തന്നെ ഒരു ദൈവിക പുരുഷനായി അദ്ദേഹം അംഗീകരിക്കപ്പെട്ടു.

പാലാരൂപതയിലെ രാമപുരം ഫൊറോനായില്‍ കുലീനമായ കുഴുമ്പില്‍ തറവാടിന്റെ തേവര്‍പറമ്പില്‍ ശാഖയില്‍ ഇട്ടിയേപ്പ് മാണി-ഏലീശ്വാ ദമ്പതികളുടെ അഞ്ചുമക്കളില്‍ ഏറ്റവും ഇളയവനായി 1891 ഏപ്രില്‍ 1 ന് അഗസ്റ്റിന്‍ ജനിച്ചു. കളരിയിലെ ആശാനാണ് അക്ഷരമാല പഠിപ്പിച്ചത്. രാമപുരം ഗവ. സ്‌കൂളിലെ പ്രൈമറി സ്‌കൂള്‍ പഠനം കഴിഞ്ഞ് കെ.എം. അഗസ്റ്റിന്‍ മാന്നാനം സെന്റ് എഫ്രേം ഹൈസ്‌ക്കൂളിലെ പഠനം പൂര്‍ത്തിയാക്കി 1913 ല്‍ ചങ്ങനാശ്ശേരിയിലെ മൈനര്‍ സെമിനാരിയില്‍ ചേര്‍ന്നു. 1921-ല്‍ വരാപ്പുഴ പുത്തന്‍പള്ളി മേജര്‍ സെമിനാരിയില്‍ വൈദികപഠനം പൂര്‍ത്തിയാക്കി. ദൈവദാസരായ ഫാ. അവുറേലിയന്‍, ഫാ. സഖറിയാസ് എന്നിവര്‍ അഗസ്റ്റിന്റെ ഗുരുക്കന്മാരായിരുന്നു. മറ്റു പ്രത്യേകതകളൊന്നുമില്ലായിരുന്ന ഫാ. അഗസ്റ്റിന്‍ പ്രാര്‍ത്ഥനയുടെ മനുഷ്യനായി മാത്രം അറിയപ്പെട്ടു. മാര്‍ തോമസ് കുര്യാളശ്ശേരിയില്‍നിന്നും പൗരോഹിത്യം സ്വീകരിച്ച ഫാ. അഗസ്റ്റിന്‍, രാമപുരംപള്ളിയില്‍ത്തന്നെ പ്രഥമ ദിവ്യബലി അര്‍പ്പിച്ച് പൗരോഹിത്യ ശുശ്രൂഷ ആരംഭിച്ചു. കുറച്ചുകാലം കടനാടു പള്ളിയില്‍ മാനത്തൂര്‍, എലിവാലി എന്നീ കുരിശുപള്ളികളുടെ ഉത്തരവാദിത്വംകൂടി ഏറ്റെടുത്ത ഫാ. അഗസ്റ്റിന്‍ അനാരോഗ്യംമൂലം രാമപുരം പള്ളിയിലേക്കു തന്നെ മടങ്ങിപ്പോയി. ഈ വിശ്രമസമയത്താണ് പുതിയ കര്‍മ്മരംഗം അദ്ദേഹത്തിന്റെ മുമ്പില്‍ തെളിഞ്ഞുവന്നത്.
മലമടക്കുകളിലും തോട്ടിറമ്പുകളിലും മൃഗതുല്യം ജീവിച്ചിരുന്ന അയിത്ത ജാതിക്കാരായ പുലയര്‍, പറയര്‍ തുടങ്ങിയവര്‍ അന്ധവിശ്വാസങ്ങളില്‍ മുഴുകി മേല്‍ജാതിക്കാരുടെ അടിമകളായി കഴിയുകയായിരുന്നു. "ബന്ധിതര്‍ക്കു മോചനവും അന്ധര്‍ക്കു കാഴ്ചയും അടിച്ചമര്‍ത്തപ്പെട്ടവര്‍ക്കു സ്വാതന്ത്ര്യവും" എന്ന മഹത്തായ സന്ദേശം ഏറ്റുവാങ്ങി ഫാ. അഗസ്റ്റിന്‍ തന്റെ കര്‍മ്മമണ്ഡലം തിരഞ്ഞെടുക്കുകയായിരുന്നു.
പിന്നീട് വിശ്രമമില്ലാത്ത അര നൂറ്റാണ്ട്. ഒരു തുണ്ടുഭൂമി സ്വന്തമായി ല്ലാത്ത, വിദ്യാഭ്യാസം എന്തെന്നുപോലും അറിയാത്ത, അന്ധവിശ്വാസങ്ങളിലും അനാചാരങ്ങളിലും കുടുങ്ങിപ്പോയ ഒരുപറ്റം മൃഗതുല്യരായ അടിമകളുടെ കൂടെ, അവരിലൊരാളായുള്ള ജീവിതം. എന്നും രാവിലെ നാലുമണിക്ക് ഉണരുന്ന അച്ചന്‍ ധ്യാനവും ദിവ്യബലിയും കഴിഞ്ഞ് ലഘുഭക്ഷണവും കഴിച്ച് ആടുകളെ തേടിയുള്ള യാത്ര തുടരുകയായി. സര്‍ക്കാര്‍ സ്‌കൂളില്‍ പോലും പ്രവേശനം നിഷേധിക്കപ്പെട്ട ഹരിജനങ്ങള്‍ക്കായി കളരികള്‍ സ്ഥാപിച്ചുകൊണ്ടായിരുന്നു തുടക്കം. മനസ്സിനും ശരീരത്തിനും രോഗം ബാധിച്ചവര്‍! അര നൂറ്റാണ്ടുകൊണ്ട് പതിനായിരക്കണക്കിനു പേര്‍ക്ക് മോചനം നല്‍കിയ കുഞ്ഞച്ചനെ കഠിനാധ്വാനം രോഗിയാക്കി. 1973 ഒക്‌ടോബര്‍ 16 ന് 82-ാമത്തെ വയസ്സില്‍ കര്‍ത്താവില്‍ നിദ്ര പ്രാപിച്ചു.
1987-ല്‍ കുഞ്ഞച്ചനെ വിശുദ്ധനെന്നു നാമകരണം ചെയ്യാനുള്ള നടപടികള്‍ ആരംഭിച്ചു. 2004 ജൂണ്‍ 22-ന് അദ്ദേഹത്തെ ധന്യനെന്നു നാമകരണം ചെയ്തു. ഏപ്രില്‍ 30 ന് സീറോ മലബാര്‍ മേജര്‍ ആര്‍ച്ചു ബിഷപ്പ് കര്‍ദ്ദിനാള്‍ മാര്‍ വര്‍ക്കിവിതയത്തില്‍ കുഞ്ഞച്ചനെ വാഴ്ത്തപ്പെട്ടവരുടെ നിരയിലേക്ക് ഉയര്‍ത്തി.

Related Stories

No stories found.
logo
Sathyadeepam Online
www.sathyadeepam.org