വാഴ്ത്തപ്പെട്ട സിപ്രിയാന്‍ മൈക്കിള്‍ ടാന്‍സി (1903-1964) : ജനുവരി 20

വാഴ്ത്തപ്പെട്ട സിപ്രിയാന്‍ മൈക്കിള്‍ ടാന്‍സി (1903-1964) : ജനുവരി 20

1903-ല്‍ ദക്ഷിണ നൈജീരിയയില്‍ അഗുലേരി എന്ന സ്ഥലത്തു ജനിച്ച സിപ്രിയാനെ മൈക്കിള്‍ എന്നു പേരു നല്‍കി ക്രിസ്തീയ വിശ്വാസത്തിലേക്കു കൊണ്ടുവന്നത് ഐറിഷ് മിഷനറിമാരാണ്.
അതിസമര്‍ത്ഥനായ വിദ്യാര്‍ത്ഥി ആയിരിക്കുമ്പോള്‍ തന്നെ മൈക്കിള്‍ പാകതയുള്ള വ്യക്തിത്വത്തിന്റെയും അഗാധമായ ഭക്തിയുടെയും ഉടമയായിരുന്നു. 16-ാമത്തെ വയസ്സില്‍ സ്‌കൂള്‍ജീവിതം അവസാനിപ്പിച്ച് അധ്യാപകവൃത്തി സ്വീകരിച്ചു. മൂന്നുവര്‍ഷത്തിനുശേഷം അഗുലേരിയിലെ ഒരു സ്‌കൂളിലെ ഹെഡ്മാസ്റ്ററായി.
വീണ്ടും മൂന്നുവര്‍ഷം കഴിഞ്ഞ് 1925-ല്‍ മൈക്കിള്‍ സെ. പോള്‍സ് സെമിനാരിയില്‍ ചേര്‍ന്ന് തത്ത്വശാസ്ത്രവും ദൈവശാസ്ത്രവും പഠിക്കാന്‍ ആരംഭിച്ചു. അങ്ങനെ 1937 ഡിസംബര്‍ 19-ന് ബിഷപ്പ് ചാള്‍സ് ഹീരെ, ഒനിറ്റ്‌സ കത്തീഡ്രലില്‍ വച്ച് മൈക്കിളിന് പൗരോഹിത്യം നല്‍കി. ഒനിറ്റ് സയിലെ രണ്ടാമത്തെയും അഗുലേരിയിലെ ആദ്യത്തെയും പുരോഹിതനായിരുന്നു മൈക്കിള്‍.
1949 വരെ ഫാ. മൈക്കിള്‍ ഇടവകഭരണം നടത്തിക്കൊണ്ടിരുന്നു. അപ്പോഴാണ് ബിഷപ്പ് ചാള്‍സ് തന്റെ ഒരു പദ്ധതി രൂപതയിലെ വൈദികരുടെ മുമ്പില്‍ അവതരിപ്പിച്ചത്. വൈദികരില്‍ ആരെങ്കിലും ഒരാള്‍ സന്ന്യാസവ്രതം സ്വീകരിക്കുക. എന്നിട്ട്, ആ രൂപതയില്‍ ഒരു ആശ്രമം സ്ഥാപിക്കുക. ഇതു കേട്ടതേ, ഫാ. മൈക്കിള്‍ തന്റെ സമ്മതം ബിഷപ്പിനെ അറിയിച്ചു. അങ്ങനെ ഫാ. മൈക്കിള്‍ ഇംഗ്ലണ്ടിലുള്ള ട്രാപ്പിസ്റ്റ് സന്ന്യാസാ ശ്രമത്തില്‍ ചേര്‍ന്നു സിപ്രിയാന്‍ എന്ന നാമം സ്വീകരിച്ച് 1956 ഡിസംബര്‍ 8-ന് വ്രതവാഗ്ദാനം നടത്തി.
13 വര്‍ഷത്തെ സന്ന്യാസജീവിതത്തിനുശേഷം 1963-ല്‍ നൈജീരിയയില്‍ ആശ്രമം സ്ഥാപിക്കാനുള്ള ശ്രമങ്ങള്‍ തുടങ്ങി. പക്ഷേ, രാഷ്ട്രീയകാരണങ്ങളാല്‍, ആശ്രമം കാമറൂണിലേക്ക് മാറ്റി സ്ഥാപിക്കേണ്ടി വന്നു. ഫാ. സിപ്രിയാന് പെട്ടെന്ന് നിരാശ തോന്നിയെങ്കിലും എല്ലാം ദൈവത്തിന്റെ പദ്ധതിയാണെന്നു സമാധാനിച്ച് മുന്നോട്ടുപോയി.
1964 ജനുവരിയിലാണ് ഒരു കാലില്‍ അസഹ്യമായ വേദന അനുഭവപ്പെട്ടതിനാല്‍ അദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. പക്ഷേ, ജനുവരി 19-ന് രോഗം മൂര്‍ച്ഛിക്കുകയും പിറ്റേദിവസം രാവിലെ ചരമം പ്രാപിക്കുകയും ചെയ്തു. പോപ്പ് ജോണ്‍ പോള്‍ II ഫാ. സിപ്രിയാനെ 1998-ല്‍ വാഴ്ത്തപ്പെട്ടവരുടെ ഗണത്തില്‍പ്പെടുത്തി.
അഗാധമായ പ്രാര്‍ത്ഥനാ ചൈതന്യത്തില്‍ ജീവിച്ചിരുന്ന ഫാ. സിപ്രിയാന്റെ സജീവമായ പ്രവര്‍ത്തനമേഖലകള്‍ അധ്യാപനം, മതപ്രഭാഷണം, മതാദ്ധ്യാപനം, പ്രാര്‍ത്ഥനാലയങ്ങളുടെ സംസ്ഥാപനം തുടങ്ങിയവയായിരുന്നു. ഇത്തരം പ്രാര്‍ത്ഥനാലയങ്ങളാണ് പിന്നീട് ഇടവകകളായി രൂപം പ്രാപിച്ചത്. കൂടാതെ പെണ്‍കുട്ടികളെയും യുവതികളെയും വിവാഹത്തിന് ഒരുക്കാനുള്ള സ്ഥാപനങ്ങള്‍ക്കും ഫാ. സിപ്രിയാന്‍ രൂപം നല്‍കിയിരുന്നു. യുവജനങ്ങള്‍ക്കു ധാര്‍മ്മികപരിശീലനം നല്‍കാനായി അദ്ദേഹം സ്ഥാപിച്ചതാണ് ലീഗ് ഓഫ് മേരി.
അജ്ഞതയാണ് മനുഷ്യകുലത്തിന്റെ ഏറ്റവും വലിയ ശാപം. അജ്ഞത അകറ്റാനുള്ള ശ്രമങ്ങള്‍ ദൈവികവും. അറിവ് വെളിച്ചമാണ്. അത് അജ്ഞാനാന്ധകാരത്തെ നീക്കുന്നു.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org