വാഴ്ത്തപ്പെട്ട ഫ്രെഡറിക് ആന്റണി ഓസാനാം (1813-1853) : സെപ്തംബര്‍ 7

വാഴ്ത്തപ്പെട്ട ഫ്രെഡറിക് ആന്റണി ഓസാനാം (1813-1853) : സെപ്തംബര്‍ 7
ഫ്രഞ്ചു നഗരമായിരുന്ന മിലാനിലാണ് 1813 ഏപ്രില്‍ 23 ന് ഫ്രെഡറിക് ആന്റണി ഓസാനാം ജനിച്ചത്. ജീന്‍ അന്റോണിയോ ഓസാനാം – മേരി നന്താസ് ദമ്പതികള്‍ക്ക് പിറന്ന പതിനാറു മക്കളില്‍ പതിമൂന്നുപേരും ശൈശവത്തില്‍ത്തന്നെ മരിച്ചു. രക്ഷപ്പെട്ട മൂന്നുപേരില്‍ രണ്ടാമനായിരുന്നു ഫ്രെഡറിക്. മാതാപിതാക്കളില്‍ നിന്നു പൈതൃകമായി ഫ്രെഡറിക്കിനു ലഭിച്ചത് നിര്‍ദ്ധനരോടും നിസ്സഹായരോടുമുള്ള മാനുഷികമായ പരിഗണനയാണ്. അച്ഛന്‍ ഡോക്ടറായിരുന്നു; നിര്‍ദ്ധനരായ രോഗികളെ ശുശ്രൂഷിക്കാനായിരുന്നു അദ്ദേഹത്തിനു കൂടുതല്‍ താത്പര്യം. അമ്മ, ലിയോണ്‍സിലെ വനിതകളുടെ "അസോസിയേഷന്‍ ഓഫ് ചാരിറ്റി"യുടെ പ്രസിഡന്റെന്ന നിലയില്‍ സജീവ പ്രവര്‍ത്തകയുമായിരുന്നു.

സി. റോസിലി റെണ്ടു എന്ന കന്യാസ്ത്രീയെ കണ്ടുമുട്ടിയതാണ് ഫ്രെഡറിക്കിന്റെ ജീവിതത്തില്‍ വഴിത്തിരിവായത്. ജൂള്‍ദേവോ എന്ന സുഹൃത്താണ് അവരെ പരിചയപ്പെടുത്തിയത്. പാരീസിലെ ഒരു കുഗ്രാമ ത്തില്‍ പ്രവര്‍ത്തിച്ചിരുന്ന 'ഡോട്ടേഴ്‌സ് ഓഫ് ചാരിറ്റി'യുടെ മഠത്തിന്റെ അധിപയായിരുന്നു അവര്‍. വി. വിന്‍സെന്റ് ഡി പോള്‍ സ്ഥാപിച്ച പ്രസ്ഥാനമായിരുന്നു 'ഉപവിയുടെ സഹോദരിമാര്‍.' അവരുമായി സഹകരിച്ച് പ്രവര്‍ത്തിക്കാന്‍ തുടങ്ങിയപ്പോഴാണ് ദരിദ്രരുടെയും നിസ്സഹായരുടെയും ദയനീയമായ ജീവിതം അനുഭവിച്ചറിയാന്‍ കഴിഞ്ഞത്. അങ്ങനെ ലഭിച്ച പ്രചോദനത്താലാണ് 1833 ല്‍ മേയില്‍ ആദ്യത്തെ 'കോണ്‍ഫ്രന്‍സ് ഓഫ് ചാരിറ്റി' രൂപം കൊണ്ടത്. ദരിദ്രരെ പോയി കണ്ടെത്തി സാമ്പത്തികമായും ആദ്ധ്യാത്മികമായും സഹായിക്കാനുള്ള ഒരു പദ്ധതിയായിരുന്നു അത്. വി. വിന്‍സെന്റിന്റെ ജീവിതത്തിലും പ്രവര്‍ത്തനങ്ങളിലും ആകൃഷ്ടനായ ഫ്രെഡറിക്, തന്റെ പുതിയ സംരംഭം വിശുദ്ധന്റെ സംരക്ഷണത്തിനു സമര്‍പ്പിച്ചുകൊണ്ട് "വി. വിന്‍സെന്റ് ഡി പോള്‍ സൊസൈറ്റി" എന്നു നാമകരണം ചെയ്തു. അഞ്ചു ഭൂഖണ്ഡങ്ങളിലായി ഈ സൊസൈറ്റിയുടെ 50,000 കോണ്‍ഫറന്‍സുകള്‍ ഇന്നു സജീവമായി പ്രവര്‍ത്തിക്കുന്നുണ്ട്.
സാഹിത്യമായിരുന്നു ഫ്രെഡറിക്കിന്റെ ഇഷ്ടവിഷയമെങ്കിലും, പിതാവിന്റെ താല്പര്യമനുസരിച്ച് 1831-ല്‍ സൊര്‍ബോണില്‍ നിയമപഠനം ആരംഭിച്ചു. അങ്ങനെ പ്രഗത്ഭനായ ഒരു നിയമജ്ഞനായി അദ്ദേഹം വളര്‍ന്നു. 1839-ല്‍ ലിയോണ്‍സ് യൂണിവേഴ്‌സിറ്റിയില്‍ 'കൊമേഴ്‌സ്യല്‍ ലോ'യുടെ പ്രൊഫസ്സറായി നിയമിതനായി. 1840-ല്‍ അതേ യൂണിവേഴ് സിറ്റിയില്‍ "ഫോറിന്‍ ലിറ്ററേച്ചറി"ന്റെ അധിപനുമായി.
ക്രിസ്തുവിലുള്ള വിശ്വാസത്തില്‍ അടിയുറച്ചുനിന്നുകൊണ്ട്, മാതാപിതാക്കളില്‍നിന്നു ലഭിച്ച നിര്‍ലോഭമായ പ്രോത്സാഹനങ്ങളാല്‍, ദൈവം തനിക്കു കനിഞ്ഞു നല്‍കിയ ബൗദ്ധികവും ആത്മീയവുമായ കഴിവുകള്‍ ഫ്രെഡറിക് വികസിപ്പിച്ചു. സഭാപരവും വിശ്വാസപരവുമായ സംവാദങ്ങളില്‍ ഉറച്ചുനിന്നുകൊണ്ട് വാദിച്ചു ജയിക്കാന്‍ അതദ്ദേഹത്തെ സഹായിച്ചു. അങ്ങനെ സംശയത്തില്‍ നിന്നും അവിശ്വാസത്തില്‍ നിന്നുമൊക്കെ അദ്ദേഹം പതുക്കെ മോചനം നേടുകയും ചെയ്തു.
ലിയോണ്‍സില്‍വച്ച് ഫാ. നോയിറോട്ട് എന്ന വ്യക്തിയുമായി നടത്തിയ ദീര്‍ഘമായ സംവാദങ്ങള്‍ അദ്ദേഹത്തിന്റെ വിശ്വാസം അരക്കിട്ടുറപ്പിക്കാനാണു സഹായിച്ചത്. വി. കുര്‍ബാനയിലൂടെ രക്ഷകനിലുള്ള വിശ്വാസം ഉറപ്പിച്ചുനിര്‍ത്തിക്കൊണ്ട്, ദൈവം തന്ന കഴിവുകള്‍ വികസിപ്പിച്ച് കൂടുതല്‍ മെച്ചമായ ഒരു സമൂഹത്തിന്റെ സൃഷ്ടി ഫ്രെഡറിക് ഭാവനയില്‍ കണ്ടിരുന്നു. ജനങ്ങളുടെ ധാര്‍മ്മിക നിലവാരം ഉയര്‍ത്തുകയും വിശ്വാസം ഉറപ്പിക്കുകയും വേണ്ടിയിരുന്നു.
1841 ജൂണ്‍ 23 ന് ഫ്രെഡറിക് എമിലിയെ വിവാഹം ചെയ്തു. ലിയോണ്‍സിലെ റെക്ടറായിരുന്ന സോവുളാ ക്രോക്‌സിന്റെ മകളായിരുന്നു എമിലി. ബുദ്ധിമതിയും വിദ്യാസമ്പന്നയുമായ എമിലിയ്ക്കും ഫ്രെഡറിക്കിനെപ്പോലെ സാഹിത്യത്തോടായിരുന്നു കമ്പം; കൂടാതെ, പ്രസിദ്ധയായ ഒരു പിയാനിസ്റ്റുമായിരുന്നു. അവര്‍ക്കൊരു പെണ്‍കുഞ്ഞു ജനിച്ചു – മേരി ഫ്രെഡറിക്ക്. വലിയ മാതൃഭക്തനായിരുന്നു. സ്വന്തം മാതാവിന്റെ പേരും മേരിയെന്നായിരുന്നല്ലോ. സ്‌നേഹസമ്പന്നയായ ഭാര്യയുടെ മുമ്പില്‍ അദ്ദേഹം നല്ലൊരു ഭര്‍ത്താവും, മകള്‍ക്ക് ഒരു മാതൃകാ പിതാവും, മറ്റുള്ള വര്‍ക്കെല്ലാം, പ്രത്യേകിച്ച് സൊസൈറ്റിയുടെ പ്രവര്‍ത്തകര്‍ക്കെല്ലാം ഒരു നല്ല ആദ്ധ്യാത്മിക പിതാവുമായിരുന്നു ഫ്രെഡറിക്ക്.
ക്രിസ്തുവിലുള്ള അടിയുറച്ച വിശ്വാസമാണ് അദ്ദേഹത്തെ ദരിദ്രരുടെ പക്ഷം ചേരാന്‍ പ്രേരിപ്പിച്ചത്. വിശക്കുന്നവനു ഭക്ഷണം കൊടുക്കു ന്നതിനേക്കാള്‍ വലിയ പുണ്യമില്ലെന്ന് ക്രിസ്തുവും വിന്‍സെന്റ് ഡി പോളും അദ്ദേഹത്തെ ബോധ്യപ്പെടുത്തിയിരുന്നു. അദ്ദേഹത്തിന്റെ ആരോഗ്യം ക്രമേണ ക്ഷയിച്ചുകൊണ്ടിരുന്നു. 1852-ല്‍ ചികിത്സാര്‍ത്ഥം, ഭാര്യയും മകളുമൊത്ത് ഇറ്റലിയിലേക്കു യാത്ര ചെയ്യേണ്ടിവന്നു. മടക്കയാത്രയ്ക്കിടെ മാര്‍ഷെയില്‍സില്‍ വച്ച് 1853 ല്‍ കന്യകാമേരിയുടെ ജനനത്തിരുനാളില്‍ "എന്റെ ദൈവമേ! എന്നില്‍ കനിയണമേ!" എന്നുച്ചരിച്ചുകൊണ്ട് ഫ്രെഡറിക് അന്ത്യശ്വാസം വലിച്ചു.
ദൈവം അദ്ദേഹത്തിന്റെ അപേക്ഷ കേള്‍ക്കുക മാത്രമല്ല, പോപ്പ് ജോണ്‍ പോള്‍ രണ്ടാമന്റെ കരങ്ങളാല്‍ അദ്ദേഹത്തെ അള്‍ത്താരയില്‍ വണക്കത്തിനായി പ്രതിഷ്ഠിക്കുകയും ചെയ്തു. 1997-ല്‍ പാരീസില്‍ നടന്ന വേള്‍ഡ്‌യൂത്ത് ഡേയുടെ ആഘോഷങ്ങള്‍ക്കിടയിലായിരുന്നു ആ പ്രഖ്യാപനം.

സഹോദരര്‍ക്കുവേണ്ടി ഒരുവന്‍ ചെയ്യുന്ന പ്രവൃത്തികളെ ആശ്രയിച്ചാണ് അയാളുടെ മഹത്വം തീരുമാനിക്കപ്പടുന്നത്.
മഹാത്മാഗാന്ധി

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org