മംഗളവാര്‍ത്ത തിരുനാള്‍ : (മാര്‍ച്ച് 25)

മംഗളവാര്‍ത്ത തിരുനാള്‍ : (മാര്‍ച്ച് 25)
കര്‍ത്താവായ യേശുക്രിസ്തുവിന്റെ ഉത്ഭവവാര്‍ത്ത അറിയിക്കപ്പെട്ട സുദിനമാണ് മംഗളവാര്‍ത്ത തിരുനാളായി നാം ആഘോഷിക്കുന്നത്, കത്തോലിക്കാസഭയുടെ വിശ്വാസചരിത്രത്തിലെ ഏറ്റവും വലിയ രഹസ്യമാണ് 'കര്‍ത്താവിന്റെ മാലാഖ മറിയത്തോടു വചിച്ചു…' എന്നു ചൊല്ലിക്കൊണ്ട് അനുദിനം നാം അനുസ്മരിക്കുന്നത്. "വചനം മാംസമായി നമ്മുടെയിടയില്‍ വസിച്ചു" (യോഹ. 1:14). ദൈവം മനുഷ്യനായ രഹസ്യം.

ക്രിസ്മസിന് ഒമ്പതു മാസം മുമ്പാണ് മംഗളവാര്‍ത്ത. അതുകൊണ്ടാണ് മാര്‍ച്ച് 25 എന്ന് ക്ലിപ്തപ്പെടുത്തിയത്. ആദ്യകാലങ്ങളില്‍ ഇത് അറിയപ്പെട്ടിരുന്നത് "പരിശുദ്ധ കന്യകാമറിയത്തിന്റെ മംഗളവാര്‍ത്തയുടെ തിരുനാള്‍" എന്നായിരുന്നു. എന്നാല്‍ പിന്നീടത് "രക്ഷകന്റെ മംഗളവാര്‍ത്ത തിരുനാള്‍ " എന്നു തിരുത്തി. യഥാര്‍ത്ഥത്തില്‍ നമ്മുടെ കര്‍ത്താവിന്റെയും മാതാവിന്റെയും സംയുക്ത തിരുനാള്‍ ദിനമാണിത്. പോപ്പ് പോള്‍ ആറാമന്‍ പറഞ്ഞതുപോലെ, "വചനം മറിയത്തിന്റെ പുത്രനായി ത്തീര്‍ന്നതിന്റെയും കന്യക ദൈവത്തിന്റെ അമ്മയായിത്തീര്‍ന്നതിന്റെയും" തിരുനാളാണ് നാം ആഘോഷിക്കുന്നത്.
മംഗളവാര്‍ത്ത രണ്ടു കാര്യങ്ങളുടെ പൂര്‍ത്തീകരണമാണ്. നമ്മുടെ ശ്രദ്ധയില്‍ കൊണ്ടുവരുന്നത്. ത്രിത്വത്തിലെ രണ്ടാം ആളായ പുത്രന്‍ മനുഷ്യനായി അവതരിച്ചതിന് ഒരു സുപ്രധാന ലക്ഷ്യമുണ്ടായിരുന്നു. മനുഷ്യകുലത്തെ പാപത്തിന്റെയും മരണത്തിന്റെയും കരാളഹസ്തങ്ങളില്‍ നിന്നു സ്വതന്ത്രമാക്കുക. ദൈവത്തിന്റെ ഈ ദൗത്യം പൂര്‍ത്തീകരിക്കാന്‍ മാതാവിന്റെ സഹായം ആവശ്യമായിരുന്നു. മാതാവിന്റെ വ്യക്തിപരമായ തിരഞ്ഞെടുപ്പിനെയും തീരുമാനത്തെയും ആശ്രയിച്ചായിരുന്നു അതിന്റെ നിലനില്പ്. എന്നാല്‍ അതിനു മുമ്പേ ദൈവത്തിന്റെ ഒരു സുപ്രധാന തിരഞ്ഞെടുപ്പുമുണ്ടായിരുന്നു. ക്രിസ്തുതന്നെ വെളിപ്പെടുത്തിയപോലെ നിങ്ങള്‍ എന്നെ തിരഞ്ഞെടുക്കുകയല്ല, ഞാന്‍ നിങ്ങളെ തിരഞ്ഞെടുക്കുകയാണു ചെയ്തത്. നിങ്ങള്‍ പോയി ഫലം പുറപ്പെടുവിക്കുന്നതിനും നിങ്ങളുടെ ഫലം നിലനില്‍ക്കുന്നതിനും വേണ്ടി ഞാന്‍ നിങ്ങളെ നിയോഗിച്ചിരിക്കുന്നു (യോഹ. 15:16). മറിയത്തിന്റെ അതെന്നില്‍ സംഭവിക്കട്ടെ എന്ന സമ്മതം ദൈവത്തിന്റെ പദ്ധതിയോടുള്ള പൂര്‍ണ്ണ വിധേയത്വം വ്യക്തമാക്കലാണ്. "ഇതാ, കര്‍ത്താവിന്റെ ദാസി! നിന്റെ വാക്ക് എന്നില്‍ നിറവേറട്ടെ. (ലൂക്ക. 1:38) അങ്ങനെ സ്രഷ്ടാവ് സൃഷ്ടിയുടെ രൂപമെടുക്കുക എന്ന മഹാത്ഭുതം അവിടെ സംഭവിച്ചു.

മനുഷ്യകുലത്തോട് പിതാവായ ദൈവത്തിനുള്ള സ്‌നേഹവും ഒരു സാധാരണ സ്ത്രീയായിരുന്ന മറിയത്തിന് ദൈവത്തിന്റെ മാതാവാകുവാന്‍ ലഭിച്ച മഹാഭാഗ്യവുമൊക്കെ ഈ തിരുനാള്‍ ദിവസം നമുക്ക് അനുസ്മരിക്കാം.

ദൈവം സ്വയം ശൂന്യനാക്കി. അദൃശ്യനായവന്‍ ദൃശ്യനായി. സ്രഷ്ടാവായ ദൈവം സൃഷ്ടിയായി, മര്‍ത്ത്യനായ മനുഷ്യന്റെ രൂപം സ്വീകരിച്ചു.
വി. ലെയോ

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org