വിശുദ്ധ ഇഗ്നേഷ്യസ് അന്ത്യോക്യ (45-107) : ഒക്‌ടോബര്‍ 17

വിശുദ്ധ ഇഗ്നേഷ്യസ് അന്ത്യോക്യ (45-107) : ഒക്‌ടോബര്‍ 17
സിറിയാക്കാരനായിരുന്ന ഇഗ്നേഷ്യസ് തീക്ഷ്ണനായ വിശ്വാസിയും വി. യോഹന്നാന്‍ ശ്ലീഹായുടെ ശിഷ്യനുമായിരുന്നു. അന്ത്യോക്യയുടെ മൂന്നാമത്തെ മെത്രാനായി അദ്ദേഹം നിയമിക്കപ്പെട്ടു. 94-96 കാലഘട്ടത്തില്‍ ഡൊമീഷ്യന്‍ ചക്രവര്‍ത്തിയുടെ കാലത്ത് കിരാതമായ രണ്ടാമത്തെ മതപീഡനം നടന്നു. വിശ്വാസികള്‍ക്ക് ധൈര്യവും പ്രത്യാശയും പകര്‍ന്നുകൊണ്ട് ഇഗ്നേഷ്യസ് കൂടെനിന്നു. ആ പീഡനം കെട്ടടങ്ങിയെങ്കിലും 98-ല്‍ ട്രാജന്‍ മൂന്നാം മതപീഡനം ആരംഭിച്ചു.
ഇഗ്നേഷ്യസ് അറസ്റ്റു ചെയ്യപ്പെട്ടു. 107-ല്‍ ട്രാജന്‍ ചക്രവര്‍ത്തിയുടെ മുമ്പില്‍ ഹാജരാക്കപ്പെട്ട ഇഗ്നേഷ്യസ് അദ്ദേഹത്തിന്റെ മുഖത്തുനോക്കി ആക്രോശിച്ചു: "എന്നെ തെണ്ടിയെന്നു വിളിക്കരുത്, ദൈവം എന്നോടൊപ്പമുണ്ട്." പ്രകോപിതനായ ചക്രവര്‍ത്തി, ഇഗ്നേഷ്യസിനെ റോമില്‍ കൊണ്ടുപോയി കൊളീസിയത്തില്‍ കാട്ടുമൃഗങ്ങള്‍ക്കു ഭക്ഷണമായി നല്‍കാന്‍ ഉത്തരവിട്ടു.

അറുപത്തിരണ്ടു വയസ്സു കഴിഞ്ഞ ഇഗ്നേഷ്യസിനെ സ്വീകരിക്കാന്‍ റോമിലേക്കുള്ള യാത്രാമദ്ധ്യേ ജനങ്ങള്‍ കാത്തുനിന്നു. ഏഷ്യാമൈനറും ഗ്രീസും കടന്ന് സ്മിര്‍നായില്‍ എത്തിയപ്പോള്‍ ഇഗ്നേഷ്യസിനെ സ്വീകരിക്കാന്‍ വി. പൊളിക്കാര്‍പ്പ് കാത്തുനിന്നിരുന്നു. അവിടെ വച്ചാണ് എഫേസൂസിലെയും മഗ്നേസിയായിലെയും ട്രാല്ലെസിലെയും വിശ്വാസികള്‍ ക്കുള്ള പ്രസിദ്ധമായ ഇടയലേഖനങ്ങള്‍ അദ്ദേഹം രചിച്ചത്.
വിശ്വാസത്തിനുവേണ്ടി ജീവന്‍ ത്യജിക്കുവാന്‍ വരെ തയ്യാറായിരുന്ന ഇഗ്നേഷ്യസ്, തന്നെ മരണത്തില്‍ നിന്നു രക്ഷിക്കാന്‍ ശ്രമിച്ചവരോട് പറഞ്ഞത്രെ: "ഞാന്‍ കര്‍ത്താവിന്റെ ഗോതമ്പുമണിയാണ്. ക്രിസ്തുവിന്റെ നിര്‍മ്മലമായ അപ്പമാകുവാന്‍ ഈ ഗോതമ്പുമണി വന്യമൃഗങ്ങള്‍ കടിച്ചു പൊടിയാക്കണം." രണ്ടു വലിയ സിംഹങ്ങളുടെ മുമ്പിലേക്ക് ഇഗ്നേഷ്യസ് വലിച്ചെറിയപ്പെട്ടു. അദ്ദേഹം യേശുവിന്റെ നാമം ഉച്ചരിച്ചുകൊണ്ട് മരണം കാത്തുകിടന്നു.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org