പാശ്ചാത്യരാജ്യങ്ങളിലെ യുവജനങ്ങള്‍ പള്ളിയിലേക്ക്, നിര്‍ബന്ധം കൊണ്ടല്ല, സ്‌നേഹം കൊണ്ട്

പാശ്ചാത്യരാജ്യങ്ങളിലെ യുവജനങ്ങള്‍ പള്ളിയിലേക്ക്, നിര്‍ബന്ധം കൊണ്ടല്ല, സ്‌നേഹം കൊണ്ട്

കേരളത്തിലെ പല പള്ളികളിലും സണ്‍ഡേ സ്‌കൂളുകളില്‍ ഒന്നു മുതല്‍ അഞ്ചു വരെ ക്ലാസുകളില്‍ പഠിക്കുന്ന കുട്ടികളുടെ എണ്ണം വളരെ കുറഞ്ഞിട്ടുണ്ട്. പള്ളികളില്‍ യുവജനങ്ങളുടെയും യുവകുടുംബങ്ങളുടെയും എണ്ണത്തിലും വലിയ കുറവ് അനുഭവപ്പെടുന്നുണ്ട്. എന്നാല്‍ ഈയിടെ അയര്‍ലണ്ടില്‍ ചെന്നപ്പോള്‍ അഞ്ചു വരെ ക്ലാസുകളില്‍ പഠിക്കുന്ന നമ്മുടെ കട്ടികളുടെ എണ്ണം ഓരോ ഇടവകകളിലും ഇരുപതും മുപ്പതും ഒക്കെയായിരുന്നു. അതു വലിയൊരു മാറ്റമാണ്. അതിനെ അഭിമുഖീകരിക്കാന്‍ നാം തയ്യാറാകണം.

യൂറോപ്പിലെ അജപാലനശുശ്രൂഷയില്‍, കഴിഞ്ഞ പത്തു വര്‍ഷത്തിനിടെ പ്രവാസികളില്‍ കണ്ട പ്രധാനമായ ഒരു മാറ്റം, നാട്ടിലേക്കു തിരിച്ചു പോകണം എന്നാഗ്രഹിക്കുന്നവര്‍ ഇല്ലാതാകുന്നു എന്നതാണ്. മുമ്പ് നാട്ടിലേക്കു തിരിച്ചുപോകണം എന്നു പറയുന്നവര്‍ ധാരാളമുണ്ടായിരുന്നെങ്കില്‍, ഇപ്പോള്‍ ആ ചിന്ത മുഴുവനായി തന്നെ മാറിയിട്ടുണ്ട്. ഇതു നമ്മുടെ നാടിനുണ്ടാക്കാന്‍ പോകുന്ന ഒരു വെല്ലുവിളിയുണ്ട്. ഒരുപക്ഷേ, നാട്ടില്‍ ഇനി പുതിയ പള്ളികള്‍ പണിയുന്നത് ഉപകാരപ്രദമാകുമെന്നും തോന്നുന്നില്ല.

ഇത്തരം മാറ്റങ്ങളെ നേരിടാന്‍ സഭ സജ്ജമാകണം. ഇതിനെ കുറിച്ചുള്ള പഠനങ്ങള്‍ സഭാതലത്തില്‍ നടക്കേണ്ടതാണ്. കേരളത്തില്‍ നിന്നു വിദേശത്തേക്കു പോകുന്ന കുട്ടികളെ അവിടത്തെ ജീവിതത്തിനായി നാം ഒരുക്കി ഒരുക്കി വിടുകയും വേണം.

ഇതുവരെ തനിച്ച് അടുത്ത പട്ടണത്തില്‍ പോലും പോയിട്ടില്ലാത്ത കുട്ടികള്‍ മറ്റൊരു രാജ്യത്തേക്കു പോകുകയാണ്. കുടുംബം രക്ഷിക്കാനും സ്വയം രക്ഷപ്പെടാനും വരുന്നു എന്നാണു പലരും പറയുന്നത്. സ്വയം അന്വേഷിച്ചറിഞ്ഞും ഏജന്‍സികള്‍ പറഞ്ഞതനുസരിച്ചും വരുന്നവരുണ്ട്. പോകുന്ന രാജ്യം, പഠിക്കുന്ന കോഴ്‌സ്, യൂണിവേഴ്‌സിറ്റി, ജോലിസാധ്യതകള്‍ എന്നിവയെല്ലാം സ്വന്തമായി അന്വേഷിച്ചറിഞ്ഞു തീരുമാനമെടുക്കാന്‍ കഴിയണം. പൂര്‍വയൂറോപ്യന്‍ രാജ്യങ്ങളില്‍ മെഡിസിന്‍ പഠനത്തിനൊക്കെ വരുന്നവര്‍ കൃത്യമായി കാര്യങ്ങളറിഞ്ഞു വരേണ്ടതാണ്. അങ്ങനെ ചെയ്യാത്തതിന്റെ ബുദ്ധിമുട്ടുകള്‍ നേരിട്ട കുറെ കുട്ടികളെ കാണാനിടയായിട്ടുണ്ട്.

വീട്ടില്‍ ഒരു കാര്യവും സ്വയമായി ചെയ്തിട്ടില്ലാത്ത ഒരു കുട്ടിയെ, വൈകാരികപക്വത നേടാത്ത കുട്ടികളെ മറ്റൊരു ഭാഷയിലേക്കും സംസ്‌കാരത്തിലേക്കും അയയ്ക്കുമ്പോള്‍ പ്രശ്‌നങ്ങളുണ്ടായേക്കാം. പലരുടെയും മാനസികാരോഗ്യത്തെ ഇതു ബാധിക്കുന്നുണ്ട്. അതിശൈത്യവും ചിലപ്പോള്‍ നേരിട്ടേക്കാവുന്ന വംശീയവിദ്വേഷവും മറ്റും കുട്ടികളെ തളര്‍ത്തുന്നു. വലിയൊരു സ്വാതന്ത്ര്യത്തിന്റെ ലോകത്തേക്കാണു മക്കള്‍ വരുന്നത്. ആ സ്വാതന്ത്ര്യം നന്നായി ഉപയോഗിക്കാന്‍ അവരെ ഒരുക്കണം.

മിക്ക സ്ഥലത്തും കത്തോലിക്കാ പള്ളികളും സഭയുടെ സംവിധാനങ്ങളുമുണ്ട്. അന്വേഷിക്കുക. യൂറോപ്പിലെ നിജസ്ഥിതി പറയുമ്പോള്‍, ബുദ്ധിമുട്ടുകള്‍ ചൂണ്ടിക്കാണിക്കുമ്പോള്‍ നാട്ടിലുള്ളവര്‍ വിചാരിക്കുന്നതു മക്കള്‍ രക്ഷപ്പെട്ടു കാണുന്നതിലുള്ള അസൂയ കൊണ്ടു പറയുന്നതാണെന്നാണ്. അതു ശരിയല്ല. ഞാന്‍ അനേകം രാജ്യങ്ങളിലൂടെ യാത്ര ചെയ്യുന്നുണ്ട്. പല കുട്ടികളും വല്ലാതെ കഷ്ടപ്പെടുന്നതു കാണുന്നു. അതുകൊണ്ടു പറയുന്നതാണ്. ഏതു വിധത്തിലെങ്കിലും നാടു വിടണം എന്ന് ആലോചിക്കുന്നതാണു തെറ്റ്. ഒന്നുമാലോചിക്കാതെ പണം കൊടുത്തു, ഇനി പോകാതെ പറ്റില്ലല്ലോ എന്നോര്‍ത്തു പോകുന്നവര്‍. അങ്ങനെയല്ല ഇക്കാര്യത്തില്‍ തീരുമാനത്തിലെത്തേണ്ടത്.

പല കുട്ടികളും സ്വന്തം ബുദ്ധിമുട്ടുകള്‍ മാതാപിതാക്കളോടു പറഞ്ഞിട്ടുപോലുമില്ല. മക്കള്‍ക്ക് എന്തും പറയാനുള്ള സ്വാതന്ത്ര്യം മാതാപിതാക്കള്‍ കൊടുക്കണം. അതു പ്രധാനമാണ്. മക്കളെ ഒരുക്കി വേണം പുറത്തേക്കു വിടാന്‍. മാനസികാരോഗ്യസേവനം തേടേണ്ട സാഹചര്യമുണ്ടെങ്കില്‍ അതു തേടാന്‍ മടിക്കരുതെന്നു ബോധ്യപ്പെടുത്തണം. കുട്ടികള്‍ എന്തെങ്കിലും പറഞ്ഞാല്‍ വല്ലാതെ ആധിപിടിക്കുന്നവരാണു മാതാപിതാക്കളെങ്കില്‍ മക്കള്‍ ഒന്നും തുറന്നു പറയില്ല. തന്റെ മാനസികാരോഗ്യം പോലും അപ്പനില്ല, അതുകൊണ്ട് അപ്പനോടു പറയാനാവില്ല എന്നാണ് ഒരു കുട്ടി പറഞ്ഞത്.

പാശ്ചാത്യരാജ്യങ്ങളിലെ കുടിയേറ്റക്കാരായ യുവജനങ്ങള്‍ക്കു വേണ്ടിയുള്ള സീറോ മലബാര്‍ സഭയുടെ അജപാലനപ്രവര്‍ത്തനങ്ങള്‍ കാര്യക്ഷമമായി നടക്കുന്നുണ്ട്. എസ് എം വൈ എമ്മിന്റെ സോഷ്യല്‍ മീഡിയാ പേജുകളിലൂടെ അനേകം അന്വേഷണങ്ങള്‍ വരികയും അവരെ സഹായിക്കുകയും ചെയ്യുന്നു. മിക്കവാറും എല്ലാരാജ്യങ്ങളിലും എസ്എംവൈഎം യൂണിറ്റുകളുണ്ട്. അവയോടു ചേര്‍ന്നു നില്‍ക്കാന്‍ യുവാക്കള്‍ക്ക് അവസരം കൊടുക്കുന്നുണ്ട്. പ്രാര്‍ഥനകളും മറ്റും പതിവായി നടത്തുന്നുണ്ട്. എല്ലാ ദിവസവും ഓണ്‍ലൈന്‍ ജപമാലയുണ്ട്. ഫുഡ് ഫോര്‍ സോള്‍ എന്ന പേരില്‍ ആഴ്ചയിലൊരിക്കലും രണ്ടു മൂന്നു മാസം കൂടുമ്പോള്‍ താമസിച്ചുള്ള ധ്യാനങ്ങളും സെനക്കിള്‍ എന്ന പേരില്‍ ലീഡേഴ്‌സ് ട്രെയിനിംഗ് പ്രോഗ്രാമും നടത്തുന്നു. യൂറോപ് തലത്തില്‍ യുവജനസമ്മേളനങ്ങള്‍ നടത്തുന്നു. സംഗീതപരിപാടികള്‍, ഹൈക്കിംഗ്, ക്യാംപിംഗ് തുടങ്ങിയവയും ഉണ്ട്. ജര്‍മ്മനിയിലും മറ്റും സൈക്കോ സ്പിരിച്വല്‍ ട്രെയിനിംഗ് നടത്തി, യുവജനങ്ങളെ കേള്‍ക്കാന്‍ ആനിമേറ്റേഴ്‌സിനെയും സജ്ജരാക്കിയിരുന്നു.

പാശ്ചാത്യ സംസ്‌കാരത്തിന്റേതായ സവിശേഷതകള്‍, നികുതി, നികുതിയിളവുകള്‍, ജോലിസാധ്യതകള്‍ എന്നിവക്കുള്ള കോഴ്‌സുകളും പ്രീമാര്യേജ് കോഴ്‌സും യംഗ് കപ്പിള്‍സ് മീറ്റും കുട്ടികള്‍ക്ക് മതബോധനവും ഉണ്ട്. ഇടവകകള്‍ പോലെ ധാരാളം പ്രവാസി സമൂഹങ്ങള്‍ രൂപപ്പെട്ടുവരുന്നു. പ്രവാസിജീവിതത്തില്‍ ഒറ്റക്കു ജീവിക്കുക ബുദ്ധിമുട്ടാണ്. നമ്മുടെ വിശ്വാസമൂല്യങ്ങളുള്ള സമൂഹത്തിന്റെ ഭാഗമായിരിക്കുക എളുപ്പമാണ്.

നമ്മുടെ നാട്ടില്‍ നിന്നു വരുന്ന കുട്ടികളില്‍ കുറച്ചു പേരെങ്കിലും ഇനി ഞങ്ങളുടെ കാര്യം നോക്കാന്‍ മാതാപിതാക്കളില്ല, ഉപദേശിക്കാന്‍ അച്ചന്മാരില്ല എന്നു കരുതി, പാശ്ചാത്യസംസ്‌കാരത്തിന്റെ എല്ലാ മോശം കാര്യങ്ങളെയും പാശ്ചാത്യയുവജനങ്ങളേക്കാള്‍ കൂടുതലായി പരീക്ഷിക്കുന്നവരുണ്ട്. കുറെ മക്കളാകട്ടെ വീടുകളില്‍ നിന്നു കിട്ടിയ നല്ല മൂല്യങ്ങളും വിശ്വാസപാഠങ്ങളും നഷ്ടപ്പെടാതിരിക്കണം എന്നും ചിന്തിക്കുന്നുണ്ട്. അവര്‍ കുര്‍ബാനസ്ഥലങ്ങള്‍ തേടി പോകുന്നു. ഈശോയുടെ മുന്നിലിരുന്നു പാട്ടാപാടാനും ആരാധിക്കാനും സ്ഥലമന്വേഷിക്കുന്നു, മണിക്കൂറുകള്‍ അതിനായി യാത്ര ചെയ്യുന്നു.

യുവജനങ്ങളുടെ പ്രായമെന്നത് എപ്പോഴും സംശയിക്കുകയും ചോദ്യം ചെയ്യുകയും ചെയ്യുന്ന പ്രായമാണ്. അകന്നു നില്‍ക്കുന്നവര്‍ എന്നന്നേക്കുമായി അകന്നു പോയി എന്നും അര്‍ത്ഥമില്ല. അവര്‍ക്കു തിരിച്ചു വരാനും ചര്‍ച്ചകളിലൂടെയും ചിന്തകളിലൂടെയും ദൈവത്തെ കണ്ടെത്താനുള്ള വഴികള്‍ നാം തുറന്നുകൊടുക്കുകയും വേണം.

ലിസ്ബണില്‍ കഴിഞ്ഞ വര്‍ഷം നടന്ന ആഗോളയുവജനസമ്മേളനത്തില്‍ പതിനഞ്ചു ലക്ഷം യുവജനങ്ങളാണ് ഒന്നിച്ചു ദിവ്യകാരുണ്യത്തെ നോക്കി ദൈവമേ എന്നു വിളിച്ചത്. അത് മാതാപിതാക്കള്‍ പറഞ്ഞുകൊടുത്തതു കൊണ്ടുമാത്രമല്ല. ആ അപ്പത്തില്‍ യേശുവുണ്ടെന്നു വിശ്വസിക്കുന്നതുകൊണ്ടാണ്. അങ്ങനെ വിശ്വസിക്കുന്ന ഒരു ജനസമൂഹമുണ്ടെന്നു കാണുന്നതു തന്നെ എന്തൊരു ഭാഗ്യമാണ്. അവിടത്തെ പള്ളികളില്‍ ആളില്ലാതായി എന്നു പറയുമ്പോള്‍ തന്നെ ഇപ്പുറത്ത് ഇങ്ങനെയൊരു ശാക്തീകരണവും നടക്കുന്നുണ്ട്.

വിദേശത്തു തന്നെ ജനിച്ചു വളര്‍ന്നവരാണെങ്കിലും നാട്ടില്‍ നിന്നു വന്നവരാണെങ്കിലും ധാരാളം യുവജനങ്ങള്‍ ഇന്നും ഈശോയാല്‍ ആകര്‍ഷിക്കപ്പെടുന്നു. അതു നമ്മുടെയാരുടെയും കഴിവല്ല, ഈശോയുടെ വശീകരണശേഷിയാണ്. യുവജനങ്ങള്‍ ഈശോയുടെ ചുറ്റും ഓടിക്കൂടുന്നു. നിര്‍ബന്ധം കൊണ്ടല്ല, സ്‌നേഹം കൊണ്ടാണ് യുവാക്കള്‍ നമ്മുടെ കൂട്ടായ്മയില്‍ നിലനില്‍ക്കുന്നത്. ശിമയോന്‍ കുരിശു വഹിച്ചത് ആദ്യം നിര്‍ബന്ധം കൊണ്ടായിരുന്നെങ്കില്‍ അവസാനം അങ്ങനെയായിരുന്നില്ല. അങ്ങനെയാകണം നമ്മുടെ യുവാക്കളും.

  • (യുറോപ്പിലെ സീറോ-മലബാര്‍ യൂത്ത് അപ്പോസ്തലേറ്റ് ഡയറക്ടറും ഇവാഞ്ചലൈസേഷന്‍ ഡയറക്ടറുമാണ് ലേഖകന്‍)

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org