ശാസ്ത്രവിഷയങ്ങളില്‍ ഉന്നതപഠനം

ശാസ്ത്രവിഷയങ്ങളില്‍ ഉന്നതപഠനം

യുവര്‍ കരിയര്‍

എം. ഷൈറജ്

ശാസ്ത്രവിഷയങ്ങളെ ഗൗരവമായി സമീപിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് അവരുടെ പഠനം ബിരുദതലത്തില്‍ അവസാനിപ്പിക്കാനാവില്ല. ബിരുദാനന്തരബിരുദവും ഗവേഷണബിരുദവും നേടുന്നതിലൂടെ മാത്രമേ ഈ വിഷയങ്ങളുടെ പഠനം പൂര്‍ണതയിലെത്തൂ. ഉപരിപഠനത്തിനു തയ്യാറെടുക്കുമ്പോഴാകട്ടെ പഠിക്കുന്ന സ്ഥാപനത്തിന്‍റെ നിലവാരം ഉറപ്പുവരുത്തുകയും വേണം. ഇക്കാര്യത്തില്‍ പഠിക്കുവാന്‍ പോകുന്ന സ്ഥാപനത്തിന്‍റെ പൊതുവായ മേന്മ മാത്രം കണക്കിലെടുത്താല്‍ പോരാ. നിങ്ങള്‍ പഠിക്കുവാനുദ്ദേശിക്കുന്ന വിഷയത്തിന്‍റെ ഡിപ്പാര്‍ട്ടുമെന്‍റ് മികച്ചതാണെന്ന് ഉറപ്പാക്കണം. ഡോക്ടറേറ്റുള്ള അദ്ധ്യാപകരുടെ എണ്ണം, ഗവേഷണ ജേണലുകളില്‍ പ്രസിദ്ധീകരിച്ചിട്ടുള്ള പ്രബന്ധങ്ങളുടെ എണ്ണം, ലൈബ്രറി സൗകര്യം, ലാബ് ആവശ്യമുള്ള വിഷയമാണെങ്കില്‍ ലാബിന്‍റെ നിലവാരം, മുമ്പു പഠിച്ച വിദ്യാര്‍ത്ഥികള്‍ പഠനത്തിലും കരിയറിലും എത്രമാത്രം മുന്നോട്ടുപോയിട്ടുണ്ട് എന്ന വസ്തുത, ഇവയെല്ലാം കണക്കിലെടുത്തു മികച്ച പഠനകേന്ദ്രം തിരഞ്ഞെടുക്കാം.

ഉന്നത സ്ഥാപനങ്ങള്‍: ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സയന്‍സ് (IISC), ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി (IIT), ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സയന്‍സ് എഡ്യൂക്കേഷന്‍ ആന്‍ഡ് റിസര്‍ച്ച് (NISER) തുടങ്ങിയ നിരവധി ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ ശാസ്ത്രവിഷയങ്ങളിലെ ബിരുദാനന്തരബിരുദ പഠനത്തിനും ഗവേഷണത്തിനും അവസരമുണ്ട്. മിക്കവാറും എല്ലാ സ്ഥാപനങ്ങളും പ്രവേശനപരീക്ഷയിലൂടെയാണു അഡ്മിഷന്‍ നടത്തുന്നത്. പ്രധാനപ്പെട്ട ചില അഡ്മിഷന്‍ ടെസ്റ്റുകളെ നമുക്കു പരിചയപ്പെടാം.

ജാം (JAM): ജോയിന്‍റ് അഡ്മിഷന്‍ ടെസ്റ്റ് ഫോര്‍ എം.എഡ്.സി. എന്നാണു ജാമിന്‍റെ പൂര്‍ണരൂപം. ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സയന്‍സിലെയും വിവിധ ഐഐടികളിലൂടെയും എംഎഫ്സി കോഴ്സിലേക്കും എം.എസ്ഡി/പിഎച്ച്ഡി ഡ്യുവല്‍ ഡിഗ്രി കോഴ്സിലേക്കും മറ്റുമുള്ള പ്രവേശനപരീക്ഷയാണിത്. ഫിസ്ക്സ്, കെമിസ്ട്രി, മാത്തമാറ്റിസക്സ്, ബയോളജിക്കല്‍ സയന്‍സസ്, ജിയോളജി, ബയോടെക്നോളജികള്‍, മാത്തമാറ്റിക്കല്‍ സ്റ്റാറ്റിസ്റ്റിക്സ് എന്നീ ഏഴു വിഷയങ്ങളില്‍ പരീക്ഷയുണ്ടാകും. ബിരുദമാണു യോഗ്യത. അവസാന വര്‍ഷ വിദ്യാര്‍ത്ഥികള്‍ക്കും അപേക്ഷിക്കാം. ബിരുദയോഗ്യതയനുസരിച്ച് ഒരാള്‍ക്ക് ഒന്നോ രണ്ടോ വിഷയങ്ങള്‍ക്ക് അപേക്ഷിക്കാം. തിരഞ്ഞെടുക്കുന്ന വിഷയത്തില്‍ മൂന്നു മണിക്കൂര്‍ ദൈര്‍ഘ്യമുള്ള ഓണ്‍ലൈന്‍ പരീക്ഷയാണുണ്ടാവുക.

കേരളത്തില്‍ കണ്ണൂര്‍, കോഴിക്കോട്, പാലക്കാട്, തൃശൂര്‍, എറണാകുളം, കോട്ടയം, കൊല്ലം, തിരുവനന്തപുരം എന്നിവിടങ്ങളില്‍ പരീക്ഷാകേന്ദ്രങ്ങളുണ്ടാകും. ഹൈസ്കൂള്‍ തലം മുതല്‍ ഡിഗ്രിതലംവരെ പഠിച്ച ഏതു പാഠഭാഗത്തുനിന്നും ചോദ്യങ്ങളുണ്ടാവാം. പ്രായോഗിക അറിവ് പരിശോധിക്കുന്ന, ചോദ്യങ്ങളാണു ജാമില്‍ കൂടുതലായി ഉള്‍പ്പെടുത്തുന്നത്. മുന്‍ വര്‍ഷങ്ങളിലെ ചോദ്യപേപ്പറുകള്‍ വെബ്സൈറ്റില്‍ ലഭ്യമാണ്. ഇവ ഉപയോഗിച്ചുകൊണ്ടു മോക്ടെസ്റ്റ് എഴുതി പരിശീലിക്കുന്നതു തയ്യാറെടുപ്പിനെ ഏറെ സഹായിക്കും.

ബിരുദപഠനം ആരംഭിക്കുമ്പോള്‍ത്തന്നെ ജാമിനുള്ള തയ്യാറെടുപ്പും തുടങ്ങുന്നതാണ് ഉത്തമം. ഓരോ പാഠഭാവും പഠിപ്പിച്ചു കഴിയുമ്പോള്‍ പ്രായോഗികതലത്തില്‍ അവയെ മനസ്സിലാക്കണം. മുന്‍ വര്‍ഷങ്ങളില്‍ പ്രസ്തുത പാഠഭാഗത്തുനിന്നു ചോദിച്ചിട്ടുള്ള ചോദ്യങ്ങള്‍ പരിശീലിക്കണം. ഇത്തരത്തിലുള്ള പരിശീലനം നടത്തിയാല്‍ ജാം പരീക്ഷ ഒരു വെല്ലുവിളിയാകില്ല. ബിരുദപഠനത്തിന്‍റെ അവസാനത്തില്‍ മാത്രം ജാം പരീക്ഷയെക്കുറിച്ചു ചിന്തിക്കുന്നവര്‍ക്കാണു പ്രവേശനപരീക്ഷ കഠിനമായി അനുഭവപ്പെടുന്നത്.

ഐഐഎസ്ഡി ബാംഗ്ലൂര്‍, ഭുവനേശ്വര്‍, മുംബൈ, ഡല്‍ഹി, ധന്‍ബാദ്, ഗാന്ധിനര്‍, ഗുവഹാട്ടി, ഹൈദരാബാദ്, ഇന്‍ഡോര്‍, ജോധ് പൂര്‍, കാന്‍പൂര്‍, ഖോരക്പൂര്‍, ചെന്നൈ, പാറ്റ്ന, റൂര്‍ക്കെ റോപ്പര്‍, വാരാണസി, ഭിലായ്, പാലക്കാട്, തിരുപ്പതി എന്നിവിടങ്ങളിലെ ഐഐടികള്‍ എന്നിവിടങ്ങളിലാണു പഠനാവസരമുള്ളത്. ജാം സ്കോര്‍ നേടിയതിനുശേഷം താത് പര്യമുള്ള സ്ഥാപനങ്ങളിലേക്കു പ്രത്യേകം അപേക്ഷിക്കണം.

നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജികള്‍ (NIT) ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സയന്‍സ് എഡ്യൂക്കേഷന്‍ ആന്‍ഡ് റിസര്‍ച്ച് (IISER) സന്ത്ലോംഗോവാള്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് എന്‍ജിനീയറിംഗ് ആന്‍ഡ് ടെക്നോളജി, ഷിബ്പൂരിലെ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് എന്‍ജിനീയറിംഗ് ആന്‍ഡ് ടെക് നോളജി (IIEST) തുടങ്ങിയ സ്ഥാപനങ്ങളിലെ ഉപരിപഠനത്തിനും ജാം സ്കോര്‍ ഉപയോഗിക്കാം.

നെസ്റ്റ് (NEST): ഭുവനേശ്വറിലെ നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സയന്‍സ് എഡ്യൂക്കേഷന്‍ ആന്‍ഡ് റിസര്‍ച്ച് (NISER), മുംബൈയിലെ ഡിപ്പാര്‍ട്ടുമെന്‍റ് ഓഫ് ആറ്റോമിക് എനര്‍ജി സെന്‍റര്‍ ഫോര്‍ എക്സലന്‍സ് ഇന്‍ ബേസിക് സയന്‍സ് (UN-DAECBS) എന്നീ പഠനകേന്ദ്രങ്ങളിലെ അഞ്ചു വര്‍ഷത്തെ ഇന്‍റഗ്രേറ്റഡ് എംഎസ്സി കോഴ്സിനുള്ള പ്രവേശനപരീക്ഷയാണിത്. നാഷണല്‍ എന്‍ട്രന്‍സ് സ്ക്രീനിംഗ് ടെസ്റ്റ് എന്നാണു പൂര്‍ണരൂപം. ഫിസിക്സ്, കെമിസ്ട്രി, മാത്തമാറ്റിക്സ്, ബയോളജി എന്നീ വിഷയങ്ങളിലൊന്നില്‍ പ്രതിമാസ സ്കോളര്‍ഷിപ്പോടെ പഠിക്കാം. ഇന്‍റഗ്രേറ്റഡ് എംഎസ്സി കോഴ്സ് ആയതിനാല്‍ പ്ലസ് ടു കഴിഞ്ഞവര്‍ക്കാണു പ്രവേശനം.

ജെസ്റ്റ് (JEST): ജോയിന്‍റ് എന്‍ട്രന്‍സ് സ്ക്രീനിംഗ് ടെസ്റ്റ് എന്നാണ് ഇതിന്‍റെ പൂര്‍ണരൂപം. തിരുവനന്തപുരത്തെ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സയന്‍സ് എഡ്യൂക്കേഷനന്‍ ആന്‍ഡ് റിസര്‍ച്ച് (IISER), കൊല്‍ക്കത്ത, മൊഹാലി, ഭോപ്പാല്‍, പൂനെ എന്നിവിടങ്ങളിലെ IISER-കള്‍, മുംബൈയിലെ ഹോമി ഭാഭ നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് തുടങ്ങിയ രാജ്യത്തെ മുപ്പതിലധികം മുന്‍നിര പഠനകേന്ദ്രങ്ങളില്‍ പി.എച്ച്.ഡി., ഇന്‍റഗ്രേറ്റഡ് പി.എച്ച്. ഡി. എന്നിവയിലേക്കുള്ള പ്രവേശനത്തിനായുള്ള പൊതുപരീക്ഷയാണിത്. ഫിസിക്സ്, തിയററ്റിക്കല്‍ കമ്പ്യൂട്ടര്‍ സയന്‍സ്, ന്യൂറോ സയന്‍സ്, കമ്പ്യൂട്ടേഷണല്‍ ബയോളജി എന്നീ വിഷയങ്ങളിലാണ് ഉപരിപഠനത്തിന് അവസരമുള്ളത്.

ഇന്‍റഗ്രേറ്റഡ് പ്രോഗ്രാമിന് അപേക്ഷിക്കുന്നതിനു ബിരുദമാണു യോഗ്യത. ഫിസിക്സിലോ മാത്തമാറ്റിക്സിലോ ബിരുദമുള്ളവര്‍ക്കും ഇലക്ട്രിക്കല്‍, ഇലക് ട്രോണിക്സ്, കമ്പ്യൂട്ടര്‍ സയന്‍സ്, ഫോട്ടോണിക്സ് എന്നിവയിലൊന്നില്‍ എന്‍ജിനീയറിംഗ് ബിരുദമുള്ളവര്‍ക്കും അപേക്ഷിക്കാം.

പി.എച്ച്ഡിക്ക് അപേക്ഷിക്കുവാന്‍ മേല്പറഞ്ഞ വിഷയങ്ങളിലോ അനുബന്ധ വിഷയങ്ങളിലോ ബിരുദാനന്തരബിരുദം വേണം.

TIFR-GS: മുംബൈയിലെ ടാറ്റാ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഫണ്ടമെന്‍റല്‍ റിസര്‍ച്ചിലും അതിന്‍റെ ബാംഗ്ലൂര്‍, ഹൈദരാബാദ് സെന്‍ററുകളിലും എംഎസ്സി, പിഎച്ച് ഡി, ഇന്‍റഗ്രേറ്റഡ് എംഎസ്സി-പിഎച്ച്ഡി പ്രോഗ്രാമുകള്‍ക്കായുള്ള പ്രവേശനപരീക്ഷയാണിത്. ഫിസിക്സ്, കെമിസ്ട്രി, ബയോളജി, മാത്തമാറ്റിക്സ്, കമ്പ്യൂട്ടര്‍ സയന്‍സ് എന്നീ വിഷയങ്ങളില്‍ പഠനാവസരമുണ്ട്.

കാറ്റ് (CAT): കൊച്ചി യൂണിവേഴ്സിറ്റിയുടെ വിവിധ കോഴ്സുകള്‍ക്കായുള്ള പൊതുപ്രവേശനപരീക്ഷയാണു 'കോമണ്‍ അഡ്മിഷന്‍ ടെസ്റ്റ്' (CAT). ഫിസിക്സ്, കെമിസ്ട്രി, മാത്തമാറ്റിക്സ്, സ്റ്റാറ്റിസ്റ്റിക്സ്, ഫോട്ടോണിക്സ് എന്നിവയില്‍ അഞ്ചു വര്‍ഷത്തെ ഇന്‍റഗ്രേറ്റഡ് എംഎസ്സി പഠിക്കുവാന്‍ അവസരമുണ്ട്. പ്ലസ് ടു ആണ് അടിസ്ഥാന യോഗ്യത. ബിരുദധാരികള്‍ക്ക് എന്‍വിറോണ്‍മെന്‍റല്‍ എന്‍ജിനീയറിംഗ്, എന്‍വിറോണ്‍ മെന്‍റല്‍ ബയോടെക്നോളജി, മീറ്റിയോറോളജി, ഹൈഡ്രോ കെമിസ്ട്രി, മൈറന്‍ കെമിസ്ട്രി, മറൈന്‍ ബയോളജി, മറൈന്‍ ജിയോളജി, പോളിമര്‍ സയന്‍സ്, ഫിസിക്സ്, കെമിസ്ട്രി, മാത്തമാറ്റിക്സ് തുടങ്ങി നിരവധി വിഷയങ്ങളില്‍ രണ്ടു വര്‍ഷത്തെ എംഎസ്സി കോഴ്സും പഠിക്കാം.

പ്രാധാന്യമുള്ളതും പ്രാതിനിധ്യസ്വഭാവമുള്ളതുമായ ചില പ്രവേശനപരീക്ഷകളെക്കുറിച്ചാണു മുകളില്‍ പ്രതിപാദിച്ചത്. മഹാരാഷ്ട്ര കൗണ്‍സില്‍ ഓഫ് അഗ്രികള്‍ച്ചറല്‍ എഡ്യുക്കേഷന്‍ ആന്‍ഡ് റിസര്‍ച്ചിന്‍റെ കോമണ്‍ എന്‍ട്രന്‍സ് ടെസ്റ്റ് (MCAER-CET), ഒറീസ്സ യൂണിവേഴ്സിറ്റി ഓഫ് അഗ്രികള്‍ച്ചറല്‍ ആന്‍ഡ് ടെക്നോളജി എന്‍ട്രന്‍സ്, അഡ്മിഷന്‍ ടെസ്റ്റ് (GSAT) തുടങ്ങിയ പ്രവേശനപരീക്ഷകളും വിദ്യാര്‍ത്ഥികള്‍ ഗൗരവമായി കണക്കിലെടുക്കണം.

വെബ്സൈറ്റുകള്‍:
www.jam.iitkgp.ac.in
www.niser.ac.in
wwwjest.org.in www.univ.tifr.res.in
www.cusat.nic.in.

Related Stories

No stories found.
Sathyadeepam Weekly
www.sathyadeepam.org