
എല്ലാത്തിനോടും നന്ദിയുള്ളവരായിരിക്കുക എന്നതാണ് യുവജനങ്ങളോടുള്ള അനൈഡയുടെ അഭ്യര്‍ത്ഥന. രാവിലെ എണീറ്റ് സ്വയം പല്ലുതേക്കാന്‍ കഴിയുന്നത് എത്രയോ വലിയ അനുഗ്രഹമാണെന്നു ചിന്തിച്ചു വേണം ദിവസം തുടങ്ങാന്‍. മറ്റുള്ളവരോടു അനുകമ്പയുള്ളവരായിരിക്കുക. ആദ്യം സ്വയം അംഗീകരിക്കുക. എങ്കില്‍ മാത്രമേ മറ്റുള്ളവര്‍ നമ്മെ അംഗീകരിക്കുകയുള്ളൂ.
മണലില്‍ ചിത്രങ്ങളുടെ മായാപ്രപഞ്ചം സൃഷ്ടിക്കുന്ന പ്രസിദ്ധയായ സാന്‍ഡ് ആര്‍ട്ടിസ്റ്റാണ് അനൈഡ സ്റ്റാന്‍ലി. കൗമാരപ്രായം മുതല്‍ അനേകരുടെ ജീവിതങ്ങളെ സ്പര്‍ശിച്ച മോട്ടിവേഷണല്‍ സ്പീക്കറാണ്. സുപ്രസിദ്ധ ഐ ടി കമ്പനിയായ ഇന്‍ഫോസിസില്‍ അസോസിയേറ്റ് ഡിസൈനറായി ജോലിയുണ്ട്. ബിരുദവും ബിരുദാനന്തരബിരുദവും നേടിയത് റാങ്കോടെയാണ്. അഭിനന്ദനാര്‍ഹമായ നേട്ടങ്ങളാണിവയെല്ലാം എന്ന് ആരും പറയും. അപ്പോള്‍, ഇതെല്ലാം നേടിയത് ഒരു അപൂര്‍വരോഗത്തിനെതിരായ പോരാട്ടത്തിനിടയില്‍ നിന്നാണെന്നറിയുമ്പോഴോ?
ഒടിഞ്ഞ കൈയുമായാണ് അനൈഡ ജനിച്ചു വീണത്. രോഗനിര്‍ണ്ണയം ജനനനാളില്‍ തന്നെ നടന്നു. അസ്ഥികള്‍ എളുപ്പത്തില്‍ ഒടിയുന്ന പ്രശ്‌നം. ബ്രിറ്റില്‍ ബോണ്‍ ഡിസീസ്. (ഓസ്റ്റിയോജനെസിസ് ഇംപെര്‍ഫെക്ട.) ഫ്രാക്ചറുകള്‍ ആവര്‍ത്തിച്ചുകൊണ്ടിരുന്നു. ജനിതക രോഗമാണ്, ചികിത്സയില്ല. പക്ഷേ, എല്ലുറപ്പിലല്ല, കരളുറപ്പിലാണു കാര്യം എന്ന മട്ടില്‍ അപാരമായ ആത്മവിശ്വാസത്തോടെയാണ് അനൈഡയും മാതാപിതാക്കളായ സ്റ്റാന്‍ലിയും റാണിയും പിന്നീടു ജീവിതത്തെ നേരിട്ടത്.
സ്‌കൂളില്‍ പ്രവേശനം നേടുക ദുഷ്‌കരമായിരുന്നു. കോണ്‍വെന്റ് സ്‌കൂളുകള്‍ അടക്കം വാതിലുകള്‍ കൊട്ടിയടച്ചു. നഴ്‌സറിയില്‍ പ്രവേശനം നിഷേധിച്ച സിസ്റ്റര്‍ മമ്മിയോടു കയര്‍ക്കുന്നത് ഇന്നും അനൈഡയുടെ മനസ്സില്‍ മായാതെ കിടക്കുന്ന ഒരോര്‍മ്മയാണ്. അക്കാലത്ത് അമ്മ അനൈഡയെ എടുത്തുകൊണ്ടാണ് പോയിരുന്നത്. ആ പരിമിതി മാത്രമാണ് അധികാരികള്‍ ശ്രദ്ധിച്ചത്, അനൈഡയുടെ സാധ്യതകള്‍ ഏതൊക്കെ എന്നു ചിന്തിച്ചില്ല. എല്ലാം തികഞ്ഞ കുട്ടികളെ മതി എന്നതാണല്ലോ നമ്മുടെ എല്ലാം തികഞ്ഞ വിദ്യാഭ്യാസസ്ഥാപനങ്ങളുടെ സമീപനം. ഇന്നും ഭിന്നശേഷിക്കാരുടെ കാര്യത്തില്‍ സമൂഹത്തിനും അവര്‍ക്കു തന്നെയും ഉള്ള ഒരു പ്രശ്‌നവും ഇതു തന്നെയെന്നു പറയുന്നു അനൈഡ. പരിമിതികളെയാണു നോക്കുക, സാധ്യതകളെയല്ല.
അവസാനം കണ്ണമാലി, ചിന്മയ വിദ്യാലയം വാതില്‍ തുറന്നു. അനൈഡ അവിടെ ചേര്‍ന്നു, ക്രമേണ കഴിവു തെളിയിച്ചു. പഠനത്തില്‍ മിടുക്കിയായി, പടം വരച്ചു, കവിത ചൊല്ലി.
ചിത്രം വരയ്ക്കുന്നതില്‍ അനൈഡ അക്ഷരാര്‍ത്ഥത്തില്‍ ഹരം കണ്ടെത്തിയിരുന്നു. നിരന്തരം ചിത്രങ്ങള്‍ വരച്ചു. അമ്മയുടെ നിര്‍ദേശപ്രകാരം സാന്‍ഡ് ആര്‍ട്ടിലേക്കും കടന്നു, അതില്‍ മികവാര്‍ജിച്ചു. പ്ലസ് ടുവിനു ശേഷം കാക്കനാട് രാജഗിരി കോളേജില്‍ ബി എ ആനിമേഷനു ചേര്‍ന്നു. എംജി യൂണിവേഴ്‌സിറ്റിയില്‍ മൂന്നാം റാങ്കോടെയാണ് ബി എ ജയിച്ചത്.
തുടര്‍ന്ന് ചങ്ങനാശേരി സെന്റ് ജോസഫ്‌സ് മീഡിയാ വില്ലേജില്‍ എം എ പഠിച്ചു. അധ്യാപകരുടെയും മറ്റും ഇടപെടലുകളെ തുടര്‍ന്ന് കോളേജില്‍ നിന്നു വിളിച്ച് പ്രവേശനം വാഗ്ദാനം ചെയ്യുകയായിരുന്നു. കണ്ണമാലി ചിന്മയയിലെന്ന പോലെ രാജഗിരിയിലും മീഡിയാ വില്ലേജിലുമെല്ലാം അധികാരികളുടെയും അധ്യാപകരുടെയും സഹപാഠികളുടെയും പൂര്‍ണ്ണമായ പിന്തുണയും സഹകരണവും അനൈഡക്കുണ്ടായിരുന്നു. എല്‍ കെ ജി യില്‍ പ്രവേശനത്തിനു ബുദ്ധിമുട്ടിയ കാലമോര്‍ക്കുമ്പോള്‍ തുടര്‍ന്നുള്ള വിദ്യാഭ്യാസം വലിയ സന്തോഷം പകരുന്നതായിരുന്നുവെന്ന് അനൈഡ പറഞ്ഞു.
കൊറോണാ കാലത്തായിരുന്നു ബിരുദാനന്തരബിരുദ പഠനം. എം എയ്ക്കും റാങ്ക് നേടി. 2022-ല്‍ ക്യാംപസ് റിക്രൂട്ട്‌മെന്റിലൂടെ ഇന്‍ഫോസിസില്‍ ജോലി ലഭിച്ചു. വര്‍ക് ഫ്രം ഹോം അടിസ്ഥാനത്തില്‍ ജോലി ചെയ്യാനും ഇന്‍ഫോസിസ് സൗകര്യം ചെയ്തിട്ടുണ്ട്.
നടക്കുന്നതു വാക്കര്‍ ഉപയോഗിച്ചാണെങ്കിലും ''നില്‍ക്കുന്നതു സ്വന്തം കാലിലാണ്'' എന്ന സന്തോഷം ജോലി അനൈഡക്കു നല്‍കുന്നു. ഉദ്യോഗസ്ഥയാകുക അനൈഡയുടെ വലിയ സ്വപ്നമായിരുന്നു. ഈസ്റ്റേണ്‍ ഭൂമിക അവാര്‍ഡ്, പിങ്ക് ഫൗണ്ടേഷന്‍ ഇന്‍സ്‌പൈയര്‍ അവാര്‍ഡ് തുടങ്ങിയ അംഗീകാരങ്ങളും അനൈഡക്കു ലഭിച്ചിട്ടുണ്ട്.
ഇതേ രോഗമുള്ളവര്‍ ഒത്തുചേരുന്ന അമൃതവര്‍ഷിണി എന്ന കൂട്ടായ്മയുടെ ഭാഗമാണ് അനൈഡ. രോഗംമൂലം വിദ്യാഭ്യാസം ഉപേക്ഷിച്ചവരും വര്‍ഷങ്ങളായി വീട്ടില്‍ നിന്നു പുറത്തിറങ്ങാത്തവരും ഒക്കെയായ അനേകരുണ്ട്. അവരെയെല്ലാം സഹായിക്കണമെന്ന ആഗ്രഹം അനൈഡ പങ്കുവയ്ക്കുന്നു.
ചക്രക്കസേര അനൈഡ ഉപയോഗിക്കുന്നില്ല. അതു ബോധപൂര്‍വമാണ്. അല്‍പം ബുദ്ധിമുട്ടിയാലും നടക്കുക തന്നെ എന്ന തീരുമാനത്തിന്റെ ഫലം. യാത്രകളൊന്നും ഒഴിവാക്കാറില്ല. നടക്കാന്‍ വാക്കറുപയോഗിക്കുന്നതുകൊണ്ടും മറ്റും എവിടെ ചെന്നാലും ആളുകള്‍ തുറിച്ചു നോക്കും. അതു നമ്മുടെ ആളുകളുടെ സ്വഭാവമാണല്ലോ. ആദ്യമൊക്കെ അത് അസ്വസ്ഥതയുണ്ടാക്കുമായിരുന്നു. ഇപ്പോഴാകട്ടെ ആ നോട്ടം ആസ്വദിക്കാന്‍ പഠിച്ചു. അതുകൊണ്ടു യാത്രയ്ക്കു പോകുമ്പോള്‍ നല്ല വസ്ത്രമൊക്കെ ധരിച്ച് സന്തോഷത്തോടെ പോകുകയാണ് ഇപ്പോള്‍ ചെയ്യുന്നതെന്ന് അനൈഡ ചിരിയോടെ പറഞ്ഞു. എന്തായാലും ആളുകള്‍ നോക്കും, നോക്കട്ടെ. ഏതോ സെലിബ്രിറ്റിയാണെന്നു നമ്മള്‍ സ്വയം കരുതിയാല്‍ പോരേ, അനൈഡ ചോദിക്കുന്നു. ഇതാണ് ഇപ്പോള്‍ ജീവിതത്തോടും അനൈഡയുടെ മനോഭാവം.
വേദന എന്നൊരാള്‍ പറഞ്ഞാല്‍ അതു പൂര്‍ണ്ണമായും മനസ്സിലാകും എന്നതാണ് ഈ അവസ്ഥ കൊണ്ടുള്ള ഒരു നേട്ടമെന്ന് അനൈഡ പറഞ്ഞു. നട്ടെല്ലിനുള്ള സര്‍ജറി ഉള്‍പ്പെടെ നാല്‍പതോളം സര്‍ജറികള്‍ ഇതിനകം ചെയ്തിട്ടുണ്ട്. അതുകൊണ്ടു വേദനയെ ക്കുറിച്ച് ആരും പറഞ്ഞുതരേണ്ടതില്ല. അതിനു ദൈവത്തോടു നന്ദിയുള്ളവളാണ് താന്‍. എല്ലാവരേയും മനസ്സിലാക്കാനും അനുകമ്പയോടെയായിരിക്കാനും സാധിക്കുന്നു. സഹനം ഒന്നും ചുമ്മാതെ പോകില്ല എന്ന ഉറപ്പുണ്ട്. വേദന സഹിക്കുന്നതൊന്നും വെറുതെയല്ല, അതു നിക്ഷേപമായി മാറും, അനൈഡ പറയുന്നു.
എല്ലാത്തിനോടും നന്ദിയുള്ളവരായിരിക്കുക എന്നതാണ് യുവജനങ്ങളോടുള്ള അനൈഡയുടെ അഭ്യര്‍ത്ഥന. രാവിലെ എണീറ്റ് സ്വയം പല്ലു തേക്കാന്‍ കഴിയുന്നത് എത്രയോ വലിയ അനുഗ്രഹമാണെന്നു ചിന്തിച്ചുവേണം ദിവസം തുടങ്ങാന്‍. മറ്റുള്ളവരോടു അനുകമ്പയുള്ളവരായിരിക്കുക. ആദ്യം സ്വയം അംഗീകരിക്കുക. എങ്കില്‍ മാത്രമേ മറ്റുള്ളവര്‍ നമ്മെ അംഗീകരിക്കുകയുള്ളൂ. അഭിരുചിയുള്ള വിഷയങ്ങളില്‍ ഉപരിപഠനത്തിനു പോകുക. ഇതു മാതാപിതാക്കളും ശ്രദ്ധിക്കേണ്ട കാര്യമാണ്. കോമേഴ്‌സ് ഗ്രൂപ്പില്‍ ഉയര്‍ന്ന മാര്‍ക്കു ലഭിച്ചുവെങ്കിലും പിന്നീട് അതു പഠിക്കാതെ ചിത്രകലയുമായി ബന്ധപ്പെട്ട ഉപരിപഠനം നടത്തിയതിലെ സന്തോഷം ചെറുതായിരുന്നില്ലെന്ന് സ്വാനുഭവത്തില്‍ നിന്ന് അനൈഡ പറയുന്നു.
മോട്ടിവേഷണല്‍ ടോക്കുകള്‍ക്ക് അനൈഡ ക്ഷണിക്കപ്പെടുന്നുണ്ട്. അമൃതവര്‍ഷിണി കൂട്ടായ്മയുടെ ലത നായര്‍ ആണ് അതിനു ആദ്യം അവസരം നല്‍കിയത്. എറണാകുളം-അങ്കമാലി അതിരൂപതയുടെ നൈപുണ്യ കോളേജില്‍ നിരവധി പ്രസംഗങ്ങള്‍ നടത്തി. കോവിഡ് കാലത്ത് ധാരാളം ഓണ്‍ലൈന്‍ പ്രഭാഷണങ്ങള്‍ ഉണ്ടായിരുന്നു. മോട്ടിവേഷണല്‍ പ്രസംഗങ്ങള്‍ നടത്തുന്നത് വളരെ ഇഷ്ടപ്പെടുന്നയാളുമാണ് അനൈഡ. കാരണം, ഒരാളിലെങ്കിലും അതുകൊണ്ടു മാറ്റമുണ്ടാക്കാനായാല്‍ അതിനേക്കാള്‍ ജീവിതത്തിന് അര്‍ത്ഥം പകരുന്ന മറ്റൊന്നുമില്ല.
ആയിരിക്കുന്ന അവസ്ഥയില്‍ അത്ഭുതങ്ങള്‍ സൃഷ്ടിക്കുക, ഒഴികഴിവുകള്‍ പറയാനാണെങ്കില്‍ അതെല്ലാവര്‍ക്കുമുണ്ടാകും എന്നോര്‍മ്മിപ്പിക്കുകയാണ് അനൈഡ.