കളി കാര്യമാകുമ്പോള്‍

റോണി ജോര്‍ജ്
കളി കാര്യമാകുമ്പോള്‍
Published on

കളിക്കളത്തിലാകട്ടെ, ജീവിതത്തിലാകട്ടെ നാം അവഗണിക്കുന്ന ചില ചെറിയ കാര്യങ്ങള്‍ പ്രധാനപ്പെട്ടവയാണെന്നു തിരിച്ചറിയണം. സ്വന്തം കഴിവില്‍ മാത്രം ആശ്രയിക്കാതെ മറ്റുള്ളവരുടെ സഹായം തേടുക, ഒത്തൊരുമയോടെ പ്രവര്‍ത്തിക്കുക, വിജയത്തിലും വിനയം സൂക്ഷിക്കുക, പരാജയങ്ങളില്‍ പതറാതിരിക്കുക, നിരന്തരം ശ്രമിക്കുക, സ്വയം മെച്ചപ്പെടുത്തുക, വിലയിരുത്തുക എന്നിവയെല്ലാം കളികളുടെ ഭാഗമാണ്; ജീവിതത്തിന്റെയും.

- ഫ്രാന്‍സിസ് പാപ്പ

1521-ലാണ് വത്തിക്കാന്‍ ഫുട്‌ബോള്‍ ലീഗ് സ്ഥാപിതമാകുന്നത്. സ്‌പോര്‍ട്‌സിനെ സഭ പ്രോത്സാഹിപ്പിക്കുകയും പിന്തുണയ്ക്കുകയും ചെയ്യാന്‍ തുടങ്ങിയിട്ട് നൂറ്റാണ്ടുകളേറെ പിന്നിട്ടുവെന്നര്‍ത്ഥം. ലിയോ പത്താമന്‍ മാര്‍പാപ്പയാണ് പതിനാറാം നൂറ്റാണ്ടില്‍ തന്നെ ഫുട്‌ബോള്‍ ലീഗിനു തുടക്കമിട്ടത്. പിന്നീട് മറ്റു സ്‌പോര്‍ട്‌സ് ഇനങ്ങളും വത്തിക്കാന്‍ കായികവിഭാഗത്തിന്റെ ഭാഗമായി. 2019-ല്‍ വത്തിക്കാന്‍ അത്‌ലെറ്റിക്‌സ് എന്ന ഔദ്യോഗിക കായികസംഘടനയും രൂപീകരിക്കപ്പെട്ടു. ഇറ്റാലിയന്‍ അത്‌ലെറ്റിക് ഫെഡറേഷനുമായി ഔദ്യോഗികമായി ബന്ധിപ്പിച്ചിട്ടുള്ള നൈയാമിക പദവിയുള്ള കായികസംഘടനയാണ് ഇപ്പോഴത്. ഒളിമ്പിക്‌സ് ഉള്‍പ്പെടെയുള്ള അന്താരാഷ്ട്ര കായികമേളകളില്‍ പങ്കെടുക്കാന്‍ പ്രാപ്തി നേടുക എന്നതാണ് സംഘടനയുടെ ലക്ഷ്യം.

ആധുനികകാലത്ത് സ്‌പോര്‍ട്‌സിനെ ഏറ്റവുമധികം പിന്തുണച്ച പാപ്പയാണ് ജോണ്‍ പോള്‍ രണ്ടാമന്‍. അദ്ദേഹം വ്യക്തിപരമായും സ്‌പോര്‍ട്‌സ് ഇഷ്ടപ്പെട്ടിരുന്നു എന്നതാണ് അതിനൊരു കാരണം. പോളണ്ടില്‍ വൈദികനും മെത്രാനും കാര്‍ഡിനലുമായിരുന്നപ്പോള്‍ മഞ്ഞുമലകളില്‍ സ്‌കീയിംഗിനു പോയിരുന്നയാളാണ് കരോള്‍ വോയ്റ്റിവ. മലകയറ്റവും അദ്ദേഹത്തിനു ഹരമായിരുന്നു. താരതമ്യേന ചെറിയ പ്രായത്തില്‍ (58 വയസ്സ്) പത്രോസിന്റെ സിംഹാസനത്തിലെത്തിയ അദ്ദേഹം ഒരു വെറ്ററന്‍ കായികതാരത്തിന്റെ ഊര്‍ജവും പ്രസരിപ്പും തന്റെ ആകാരത്തിലും ശരീരഭാഷയിലും പ്രകടമാക്കിയിരുന്നു.

ഫ്രാന്‍സിസ് പാപ്പയാകട്ടെ, ഫുട്‌ബോള്‍ ഒരു വികാരമായി കൊണ്ടു നടക്കുന്ന ലാറ്റിനമേരിക്കയുടെ സന്താനമാണ്, എല്ലാ അര്‍ത്ഥത്തിലും. അര്‍ജന്റീനയിലായിരുന്നപ്പോള്‍ അവിടത്തെ ഒരു പ്രൊഫഷണല്‍ ക്ലബിന്റെ ആരാധകനായി അറിയപ്പെട്ട കാര്‍ഡിനല്‍ ബെര്‍ഗോളിയോ, അന്താരാഷ്ട്രതലത്തിലേക്കെത്തുമ്പോള്‍ താന്‍ അര്‍ജന്റീനിയന്‍ ഫാനാണെന്നു പറയാന്‍ മടിക്കാത്തയാളാണ്. അദ്ദേഹം പാപ്പാസ്ഥാനമേറ്റ് പിറ്റേ വര്‍ഷമായിരുന്നു ബ്രസീല്‍ ലോകക്കപ്പ് ഫുട്‌ബോളിന് ആതിഥ്യമേകിയത്. അന്നു ഒരുക്കങ്ങളുടെ ഭാഗമായി, ബ്രസീലിയന്‍ പ്രസിഡന്റായിരുന്ന ദില്‍മ റൂസഫ് വത്തിക്കാനിലെത്തുകയും മാര്‍പാപ്പയെ കാണുകയും ചെയ്തു. ഒരു ഫുട്‌ബോളും ബ്രസീല്‍ ദേശീയ ടീമിന്റെ ജെഴ്‌സിയും പാപ്പയ്ക്കു സമ്മാനിച്ചു. അപ്പോള്‍ പാപ്പ ചോദിച്ചു, ഞാന്‍ ബ്രസീലിനു വേണ്ടി പ്രാര്‍ത്ഥിക്കണമെന്നാണോ ഇതുകൊണ്ടുദ്ദേശിക്കുന്നത്?

''പ്രാര്‍ത്ഥിച്ചാല്‍ നല്ലത്. ചുരുങ്ങിയത് നിഷ്പക്ഷത പാലിക്കുകയെങ്കിലും ചെയ്യുക!'' എന്നായിരുന്നു പ്രസിഡന്റിന്റെ മറുപടി. ചോദ്യവും ഉത്തരവും അവിടെ പൊട്ടിച്ചിരികളുയര്‍ത്തി. പാപ്പയുടെ ഫുട്‌ബോള്‍ കമ്പവും അര്‍ജന്റീനിയന്‍ പൗരനെന്ന നിലയില്‍ ദേശീയടീമിനോടുള്ള സ്‌നേഹവും മനസ്സില്‍ വച്ചുകൊണ്ടായിരുന്നു പാപ്പയുടെയും പ്രസിഡന്റിന്റെയും ഈ നര്‍മ്മസംഭാഷണം.

സ്‌പോര്‍ട്‌സ് ഒരു വിനോദരൂപം മാത്രമല്ല എന്ന ബോധ്യം സഭയ്ക്കുണ്ട്. വിനോദത്തിനൊപ്പം അതു മാനവരാശിക്കു സമ്മാനിക്കുന്ന അനേകം സദ്ഗുണങ്ങളുണ്ട്. കൂടുതല്‍ സമാധാനവും സാഹോദര്യവുമുള്ള ഒരു ലോകം പടുത്തുയര്‍ത്താന്‍ സ്‌പോര്‍ട്‌സ് ഇടയാക്കുന്നു. അതുകൊണ്ടുതന്നെ സഭ അതിനെ വിലമതിക്കുന്നു.

''സ്‌പോര്‍ട്‌സ് എല്ലാവര്‍ക്കും'' എന്ന പേരില്‍ ഒരു ഉച്ചകോടി കഴിഞ്ഞ വര്‍ഷം വത്തിക്കാനില്‍ സഭയുടെ മുന്‍കൈയോടെ സംഘടിപ്പിക്കപ്പെട്ടിരുന്നു. ലോകമെങ്ങും നിന്നുള്ള കായികതാരങ്ങള്‍, കായികസംഘടനാമേധാവികള്‍, പരിശീലകര്‍ തുടങ്ങിയ ഇരുന്നൂറോളം പേര്‍ അതില്‍ പങ്കെടുത്തു. സ്‌പോര്‍ട്‌സ് എല്ലാവരിലേക്കും എത്തിക്കുക, ഓരോ വ്യക്തിക്കും ഇണങ്ങുന്ന സ്‌പോര്‍ട്‌സ് സമ്മാനിക്കുക എന്നതായിരുന്നു ഉച്ചകോടിയുടെ പ്രമേയം. അടിസ്ഥാനതലങ്ങളിലെ സ്‌പോര്‍ട്‌സും പ്രൊഫഷണല്‍ സ്‌പോര്‍ട്‌സും തമ്മിലുള്ള വിടവ് ഇല്ലാതാക്കുക എന്ന ലക്ഷ്യത്തോടെ നടത്തിയ സമ്മേളനത്തിനൊടുവില്‍ ഈ ആശയം മുന്നോ ട്ടുവയ്ക്കുന്ന ഒരു സംയുക്ത പ്രസ്താവനയും പുറപ്പെടുവിക്കപ്പെട്ടു. മാര്‍പാപ്പ സമ്മേളനത്തെ അഭിസംബോധന ചെയ്തിരുന്നു.

മതത്തിനും വംശത്തിനും ദേശത്തിനും ഭിന്നശേഷിക്കുമെല്ലാം അപ്പുറത്ത് മനുഷ്യരെ ഒന്നിപ്പിക്കുന്നു എന്നതാണ് സ്‌പോര്‍ട്‌സിന്റെ ആനന്ദവും സൗന്ദര്യവും എന്ന് ഫ്രാന്‍സിസ് മാര്‍പാപ്പ പറഞ്ഞിട്ടുണ്ട്. കളിക്കാരെ സംബന്ധിച്ചും കാണികളെ സംബന്ധിച്ചും ഇതു ശരിയാണ്.

സ്‌പോര്‍ട്‌സ് ജീവിതത്തിന്റെ ഒരുപമയാണെന്നും പാപ്പ പറഞ്ഞു. കളിക്കളത്തിലാകട്ടെ, ജീവിതത്തിലാകട്ടെ നാം അവഗണിക്കുന്ന ചില ചെറിയ കാര്യങ്ങള്‍ പ്രധാനപ്പെട്ടവയാണെന്നു തിരിച്ചറിയണം. സ്വന്തം കഴിവില്‍ മാത്രം ആശ്രയിക്കാതെ മറ്റുള്ളവരുടെ സഹായം തേടുക, ഒത്തൊരുമയോടെ പ്രവര്‍ത്തിക്കുക, വിജയത്തിലും വിനയം സൂക്ഷിക്കുക, പരാജയങ്ങളില്‍ പതറാതിരിക്കുക, നിരന്തരം ശ്രമിക്കുക, സ്വയം മെച്ചപ്പെടുത്തുക, വിലയിരുത്തുക എന്നിവയെല്ലാം കളികളുടെ ഭാഗമാണ്. ജീവിതത്തിന്റെയും - പാപ്പ പറഞ്ഞു.

യുവാക്കളെ സംബന്ധിച്ച് സ്‌പോര്‍ട്‌സില്‍ താത്പര്യമുണ്ടാകുന്നത് ഏറ്റവും പ്രോത്സാഹനാര്‍ഹമായ കാര്യമായി പരിഗണിക്കപ്പെടുന്നു. സ്‌പോര്‍ട്‌സിലൂടെ പ്രൊഫഷണല്‍ സ്‌പോര്‍ട്‌സിലെത്തി തൊഴില്‍പരവും സാമ്പത്തികവുമായ നേട്ടങ്ങള്‍ കൊയ്യുന്നതു മാത്രമല്ല ലക്ഷ്യം. ദിവസവും ഒരു മണിക്കൂറെങ്കിലും വ്യായാ മം ചെയ്യുന്നത് ശരീരത്തിന്റെയും മനസ്സിന്റെയും ആരോഗ്യത്തിനു നല്ലതാണ്. ആ രോഗ്യം നശിപ്പിക്കുന്ന നിഷേധാത്മകവിനോദങ്ങളിലേക്കു വീഴാതിരിക്കുന്നതിനും അതു നല്ലതാണ്. നല്ല സൗഹൃദങ്ങളും വ്യക്തിത്വമികവും സ്‌പോര്‍ട്‌സ് നല്‍കുന്നു. കേരളത്തിലെ നിരവധി പള്ളിമൈതാനങ്ങള്‍ സ്‌പോര്‍ട്‌സിനു വലിയ സൗകര്യവും അവസരങ്ങളും ഏകിയിട്ടുണ്ട്. സ്‌പോര്‍ട്‌സിലേക്ക് നമ്മുടെ യുവജനസംഘടനകളും അജപാലകരും കൂടുതലായി ശ്രദ്ധ തിരിക്കേണ്ടതുണ്ട്.

Related Stories

No stories found.
logo
Sathyadeepam Online
www.sathyadeepam.org