സെക്‌സില്‍ പൊതിഞ്ഞ തമാശച്ചാറ്റുകള്‍ ജീവിതം തകര്‍ക്കുമ്പോള്‍…

സെക്‌സില്‍ പൊതിഞ്ഞ തമാശച്ചാറ്റുകള്‍ ജീവിതം തകര്‍ക്കുമ്പോള്‍…

വിപിന്‍ വി. റോള്‍ഡന്റ്
മനഃശാസ്ത്രജ്ഞന്‍, പ്രഭാഷകന്‍, പരിശീലകന്‍, ഗ്രന്ഥകാരന്‍
Chief Consultant Psychologist, Sunrise Hospital, Cochin University & Roldants Behaviour Studio, Cochin

(കഴിഞ്ഞലക്കം തുടര്‍ച്ച)

മാന്യതയുള്ള ഹോബിയെന്നോ?
ഈ 'മറ്റാരുമറിയുന്നില്ലെങ്കില്‍… ഓകെ' ഫിലോസഫിയും, കണ്ണടച്ചു പാലു കുടിക്കും 'പൂച്ചക്കുട്ടി പ്രവണത'യും, എത്ര കിട്ടിയാലും കൊണ്ടാടിയാലും ഒരിക്കലും തീരില്ലാത്ത ശരീര ദാഹ ശമന പ്രക്രിയകളും, 'ഇക്കരെ നില്ക്കുമ്പോള്‍ അക്കരപ്പച്ച എങ്ങനെയുണ്ടായിരിക്കും' ചിന്തകളും, ജിജ്ഞാസകളും, നിയന്ത്രിക്കാന്‍ കഴിയാത്ത 'മതിലു ചാട്ട പ്രവണതകളും, ആന്തരിക ഇക്കിളികളും, എല്ലാം ചേര്‍ത്തു വച്ച് സമാധാനമായി കൊണ്ടാടാന്‍ പറ്റിയ 'മാന്യതയുള്ള ഹോബിയായിട്ട് ചിലര്‍ തെറ്റിദ്ധരിച്ച് കൊണ്ടാടുന്ന രാത്രി പകല്‍ വിനോദമാണ് സെക്സ്റ്റിങ്.

നെറ്റിലെത്തിയാല്‍ ലൈഫ് ലോംഗ്
ഏതൊരു ചിത്രവും വീഡിയോയും വാക്കുകളും ഇന്റര്‍നെറ്റിലെത്തിക്കഴിഞ്ഞാല്‍ ലോകാവസാനത്തോളം അതവിടെ ഉണ്ടാകും എന്നതിനെക്കുറിച്ച് പലര്‍ക്കുമുള്ള ജ്ഞാനം കൂടുതല്‍ അസ്വസ്ഥത സൃഷ്ടിക്കുന്നുണ്ട്. കാമുകന്റെ സ്‌നേഹപൂര്‍വ്വമുള്ള നിര്‍ബന്ധത്തില്‍ വഴങ്ങി ന്യൂഡ് ഫോട്ടോ എടുത്ത് അയച്ചുകൊടുക്കുന്ന കാമുകിമാരും തിരിച്ചയയ്ക്കുന്ന കാമുകന്മാരും സുബോധമില്ലാതെ പെരുകുന്നുവെന്നതും ശ്രദ്ധിക്കേണ്ട കാര്യമാണ്. പ്രിയ കാമുകന്‍, തന്റെ കാമുകി തന്നെ വിശ്വാസപൂര്‍വ്വം സൂക്ഷിക്കാനേല്പിച്ച അവളുടെ രഹസ്യഫോട്ടോകള്‍, പ്രേമം തകര്‍ന്നു കഴിഞ്ഞാലന്നുതന്നെ ഫെയ്‌സ്ബുക്കിലിടുകയും കൂട്ടുകാര്‍ക്കയച്ചു കൊടുക്കുകയും ചെയ്ത് തന്റെ 'യഥാര്‍ത്ഥ സ്‌നേഹം' കലിയായി പ്രകടിപ്പിക്കുകയും കൂട്ടുകാരിയുടെ ജീവിതം തകര്‍ക്കുകയും ചെയ്യുന്ന സംഭവങ്ങളും പ്രബുദ്ധ കേരളത്തില്‍ അനവധി.

ബെല്ലും ബ്രേയ്ക്കും വേണ്ടേ?
'എന്റെ മൊബൈല്‍, എന്റെ ഇന്റര്‍നെറ്റ്, എന്റെ സ്വാതന്ത്ര്യം' എന്ന മട്ടില്‍ ചിന്തിച്ച് ബെല്ലും ബ്രേയ്ക്കുമില്ലാതെ, മുന്‍കരുതലുകളില്ലാതെ ചാറ്റിംഗിന്റെ വിശാലലോകത്തിറങ്ങി പെട്ടുപോയ അനേകം ഹതഭാഗ്യരുടെ കണ്ണുനീര്‍പ്പൂക്കളില്‍ നിന്നും കാര്യങ്ങള്‍ ഗ്രഹിച്ച് ഉത്തരവാദിത്വ പൂര്‍ണ്ണമായി ജീവിതം നയിക്കുക എന്നതു മാത്രമാണ് പോംവഴി. ജോലിക്കും അഡ്മിഷനുമൊക്കെ നിങ്ങള്‍ അനുയോജ്യനാണോ, അനുയോജ്യയാണോ എന്നതു മുതല്‍ വിവാഹാലോചനകള്‍ വരുമ്പോള്‍ അടക്കം ആളുകള്‍ ഇന്റര്‍നെറ്റില്‍ നിങ്ങളുടെ പേരും വിശദ വിവരങ്ങളും തിരയുമ്പോള്‍ നിങ്ങളുടെ മാന്യമായ ചിത്രം കംപ്യൂട്ടര്‍ സ്‌ക്രീനില്‍ തെളിഞ്ഞു വരുന്നതിന്റെ കൂടെത്തന്നെ വില്ലാളിത്തരങ്ങളും വീരാളിത്തരങ്ങളും പൊതു ജനസമക്ഷം നമ്മെ നോക്കി പല്ലിളിച്ചുകൊണ്ട് തെളിഞ്ഞു വരാതിരിക്കാന്‍ സ്വയം നിയന്ത്രിക്കുക. സ്വയം മാറുക, വ്യക്തിത്വത്തെ ശുദ്ധീകരിക്കുക, മനസ്സ് മലീമസമാക്കാതെ വലിയ ലക്ഷ്യങ്ങള്‍ക്കുവേണ്ടി പ്രയത്‌നിക്കുക, വ്യക്തമായ കര്‍മ്മ പദ്ധതികളോടെ മുന്നോട്ടു പോവുക, സമയം നല്ല കാര്യങ്ങള്‍ക്കുവേണ്ടി മാത്രമാണ് ചിലവഴിക്കപ്പെടുന്നതെന്ന് ഉറപ്പു വരുത്തുക, പരിചയമുള്ള ആളുകളോട് എന്തെങ്കിലും ആവശ്യമായ കാര്യങ്ങള്‍ പങ്കുവയ്ക്കാനായി മാത്രം ഉപയോഗിക്കുന്ന ഉപകാരപ്രദമായ ടെക്‌നോളജി ആയി മാത്രം ചാറ്റിംഗിനെ ഉപയോഗിക്കുക., പ്രലോഭനങ്ങള്‍ വരുമ്പോള്‍, ഒറ്റയ്ക്കിരിക്കാതെ കുടുംബത്തിന്റെ കൂടെ സമയം ചെലവഴിക്കുക, നിരന്തരം ശല്യപ്പെടുത്തുന്നവരെ ബ്ലോക്കു ചെയ്യുക, സന്തോഷവും സമാധാനവും നിറഞ്ഞ കുടുംബജീവിതമാണ് തന്റേത് എന്ന് ഉറപ്പു വരുത്തുക, വിവാഹത്തില്‍ ജീവിതപങ്കാളിയോട് വിശ്വസ്തരായിരിക്കുക, അ വിവാഹിതരും, കൗമാരപ്രായക്കാരും കുട്ടികളും നിങ്ങളോടുതന്നെയും നിങ്ങളുടെ മാതാപിതാക്കളോടും വിശ്വസ്തരായിരിക്കുക, സര്‍വ്വോപരി ശുഭാപ്തി വിശ്വാസത്തോടെ, പുഞ്ചിരിയോടെ, ആത്മവിശ്വാസത്തോടെ ജീവിതത്തെ സമീപിക്കുക തുടങ്ങിയവയൊക്കെ ക്രിയാത്മകമായി ചെയ്താല്‍ ജീവിതം ഓക്കെയാക്കാം. രതിപ്പുഴയില്‍ ജീവിതം ഒലിച്ചുപോകുന്നത് ഒഴിവാക്കാം. സ്വയം മാറാനാകുന്നില്ലെങ്കില്‍ മനഃശാസ്ത്രജ്ഞര്‍ സഹായിക്കും. അവരെ കാണാന്‍ മടിക്കാതിരിക്കുക. ജീവിതം സുന്ദരമാകട്ടെ… ആശംസകള്‍.

സെക്സ്റ്റിംഗ് എന്ന രതിപ്പുഴയില്‍ ജീവിതം ഒലിച്ചു പോകാതിരിക്കാന്‍ ഇതാ ചില പിടിവള്ളികള്‍

(കഴിഞ്ഞലക്കം തുടര്‍ച്ച)

5) പാതിരാവായി നേരം, പണിതരും
രാത്രി ചാറ്റുകള്‍ മൂഡു മാറ്റിക്കളയും. രാത്രി കട്ടിലില്‍ വെറുതെ കിടന്നുള്ള ചാറ്റുകള്‍ക്ക് സലാം പറയാം. മനുഷ്യന് രാത്രി സമ്മാനിക്കുന്നത് ഒരു ഗൂഢമൂഡാണ്. 'വല്ലാത്ത പണി'കളും 'വേണ്ടാത്ത പണി'കളും ചെയ്യാന്‍ മനസ്സു വെമ്പും. രാത്രി 9 മണി കഴിഞ്ഞ് മൊബൈല്‍ മാറ്റിവയ്ക്കുക. വായനയും എഴുത്തുമടക്കമുള്ള ക്രിയാത്മകമായി സമയം ചെലവഴിക്കാവുന്ന കാര്യങ്ങള്‍ കണ്ടെത്തി ജീവിതചര്യയുടെ ഭാഗമാക്കുക.

6) നിര്‍ത്തേണ്ട സമയം നേരത്തെ നിശ്ചയിക്കാം. പ്ലാനിംഗില്ലേല്‍ ജീവിതം പൊളിയും
ഓരോ ചാറ്റും തുടങ്ങുന്നതിനു മുമ്പേ നേരത്തെ അവസാനിപ്പിക്കേണ്ട സമയത്തേക്കുറിച്ചുള്ള ധാരണ ഉണ്ടാകണം. 24 മണിക്കൂറേ എല്ലാവര്‍ക്കുമുള്ളൂ. നിങ്ങള്‍ക്കും. സമയം ബുദ്ധിപരമായി ഉപയോഗിച്ചാല്‍ ജീവിതം കൂടുതല്‍ സുന്ദരമാകും.

7) ക്വാളിറ്റി ടൈം, കിഡ്‌സ് ടൈം ഫാമിലി ടൈം
അകലെ എവിടെയോ ഇരിക്കുന്നവരോട് ചാറ്റി ചാറ്റി കളയുന്ന സമയം കുടുംബത്തിനും മക്കള്‍ക്കും മാതാപിതാക്കള്‍ക്കുമൊപ്പം ആനന്ദത്തോടെ, കളിചിരി തമാശകേളാടെ ചിലവഴിക്കുക… ചാറ്റിംഗിനേക്കാള്‍ കുടുംബത്തില്‍ സമയം ക്രിയാത്മകമായി ഉപയോഗിക്കാന്‍ മനസ്സ് പഠിക്കും… ജീവിതം ഹാപ്പിയാകും.

8) 'ഫുള്‍ടൈം ഓണ്‍ലൈന്‍' ശീലം വേരോടെ മാറ്റാം
വീട്ടിലോ ഓഫീസിലോ Wifi ഉണ്ടെന്നു കരുതി fulltime online ല്‍ ആയിരിക്കുന്ന അവസ്ഥ മാറണം. Internet Data യും Wifi യും ഓഫാക്കി ഇടാനാണ് ആധുനിക കാലത്ത് പഠിക്കേണ്ടത്. സുഹൃത്തുക്കളോടും ബന്ധുക്കളോടും നിങ്ങള്‍ online ല്‍ വരുന്ന സമയം മുന്‍കൂട്ടി വാട്‌സ്ആപ്പ് status ല്‍ അറിയിക്കുക. (ഉദാഹരണം വൈകുന്നേരം 7þ8 pm – my chat time) രാവിലെയും ഉച്ചയ്ക്കും വൈകുന്നേരവും മാത്രം online എത്തി updations ഉം, അടിയന്തിര സന്ദേശങ്ങളും പരിശോധിക്കുക. അതു ജീവിതത്തിന് ഓര്‍ഡര്‍ തരും.

9) Sexting-ല്‍ അഡിക്ഷനായോ… മാര്‍ഗ്ഗമുണ്ട് മാറ്റാന്‍…
പലവട്ടം ശീലത്തിലൂടെ Sexting അടിമത്തത്തിലാണ് ജീവിതമെങ്കില്‍, സ്വയം ശ്രമിച്ചിട്ടും കൂടുന്നതല്ലാതെ കുറയുന്നില്ലെങ്കില്‍ ഒരു ക്ലിനിക്കല്‍ സൈക്കോളജിസ്റ്റിന്റെ സഹായത്തോടെ മനഃശാസ്ത്ര പരിശീലനവും കണ്‍സള്‍ട്ടേഷനും നടത്തുക. ഡബിള്‍ ഓകെയാകും, ജീവിതം.

10) ജീവിതലക്ഷ്യം തിരിച്ചറിയുക, ആത്മീയവഴികളിലൂടെ സ്വയം വളരുക.
വ്യക്തമായ ജീവിതലക്ഷ്യമുള്ളവര്‍, അതിനുവേണ്ടി ചിട്ടയോടെ പരിശ്രമിക്കുന്നവര്‍, ലൈഫില്‍ ഒരു ഓര്‍ഡര്‍ ഉള്ളവര്‍ ചാറ്റിംഗില്‍ തലവെച്ചു തകര്‍ക്കില്ല. പകരം ആത്മീയപ്രഭ ഉള്ളില്‍ നിറയ്ക്കും. സന്തോഷത്തില്‍ മുന്നേറും. ജീവിതത്തെ ഉത്തരവാദിത്വത്തോടെ സമീപിക്കുക. അങ്ങനെ സാധിക്കട്ടെ… നന്മ നിറയട്ടെ…

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org