
''കഠിനമായ വേദന സഹിക്കുന്നു, ലജ്ജയും'' - ഉക്രെയിനില്‍ റഷ്യ നടത്തുന്ന യുദ്ധത്തെക്കുറിച്ച് ഒരു റഷ്യന്‍ യുവതിയുടെ പ്രതികരണമാണിത്. ആക്രമണത്തിനു നേരിട്ട് ഇരകളാകുന്നതിന്റെയും ബോംബുകളില്‍ നിന്നു രക്ഷപ്പെടാന്‍ ഒളിച്ചിരുന്നു ദിവസങ്ങള്‍ കഴിക്കുന്നതിന്റെയും അനുഭവങ്ങളാണ് ഉക്രെനിയന്‍ യുവജനങ്ങളുടേത്. യുദ്ധമെന്നത് ചരിത്രപാഠപുസ്തകങ്ങളിലും സിനിമകളിലും മാത്രം കണ്ട കേരളീയ യുവത്വത്തിന്റെ ചില പ്രതിനിധികള്‍ക്കെങ്കിലും അതനുഭവിച്ചറിയാനുള്ള ദുര്യോഗവും ഉക്രെയിന്‍ യുദ്ധം നല്‍കി.
ജന്മാന്തര സാഹോദര്യം പങ്കുവയ്ക്കുന്നവരാണ് ഉക്രെയിനിലെയും റഷ്യയിലെയും സാധാരണക്കാര്‍. ഇരുരാജ്യങ്ങളിലുമായി കഴിയുന്ന കുടുംബാംഗങ്ങള്‍ പോലുമുണ്ട്. ഇന്ത്യയും പാക്കിസ്ഥാനും വിഭജിച്ചപ്പോള്‍ അതിര്‍ത്തിക്കപ്പുറവും ഇപ്പുറവുമായി ചിതറിപ്പോയ ബന്ധുകുടുംബങ്ങളെ പോലെ. രാജ്യാതിര്‍ത്തികള്‍ മനുഷ്യര്‍ ഭൂമിയില്‍ വരയ്ക്കുന്നതാണ്, മനുഷ്യരുടെ മനസ്സില്‍ അതേ അതിരുകള്‍ അതേസമയം സൃഷ്ടിക്കപ്പെടണം എന്നില്ല.
കുട്ടികളും യുവജനങ്ങളുമാണ് യുദ്ധത്തിന്റെ കെടുതികള്‍ ഏറ്റവും ബാധിക്കുന്ന വിഭാഗം. കാരണം, ജീവിതമേറെ മുന്നോട്ടു കിടക്കുന്ന അവരുടെ ഭാവി ദുരന്തങ്ങളുടെ കരിപ്പുകയില്‍ ഇരുളടഞ്ഞുപോകുന്നു. ഉക്രെയിനിലെ മാത്രം ഭാവിതലമുറയെ ബാധിക്കുന്നതുമല്ല ഈ യുദ്ധം. 'ഹാഷ്ടാഗ് വേള്‍ഡ് വാര്‍ 3 ഈസ് ട്രെന്‍ഡിംഗ്' എന്നതായിരുന്നു ഇക്കാലത്തു വന്ന ഒരു ലേഖനത്തിന്റെ തലക്കെട്ട്. ഉക്രെയിനിന്റെ മണ്ണില്‍ മാത്രമാണു നടക്കുന്നതെങ്കിലും ലോകത്തെയാകെ ബാധിക്കുന്ന ഒരു യുദ്ധം.
യുദ്ധത്തെ തുടര്‍ന്ന് ഉക്രെയിന്‍ ജനത ജീവിതം തേടി അയല്‍രാജ്യങ്ങളിലേയ്ക്കു പലായനം ചെയ്യുന്നു. പോളണ്ട്, സ്ലോവാക്യ, ഹംഗറി തുടങ്ങിയ അയല്‍രാജ്യങ്ങളിലേയ്ക്ക് ലക്ഷക്കണക്കിനു ജനങ്ങള്‍ ചെന്നു ചേര്‍ന്നിരിക്കുകയാണ്. അവര്‍ക്ക് അഭയവും പാര്‍പ്പിടവും ആഹാരവും നല്‍കാന്‍ അയല്‍രാജ്യങ്ങള്‍ നിര്‍ബന്ധിതമായിരിക്കുന്നു. പിന്നീട് ഈ അഭയാര്‍ത്ഥികള്‍ക്കെല്ലാം വിദ്യാഭ്യാസവും ജോലിയും ആരോഗ്യപരിചരണവുമെല്ലാം ഈ ആതിഥേയരാജ്യങ്ങള്‍ നല്‍കേണ്ടതായി വരും. ഇതെല്ലാം അതതു രാജ്യങ്ങളിലെ എല്ലാ ജനങ്ങളെയും പ്രതികൂലമായി ബാധിക്കുമെന്നതില്‍ തര്‍ക്കമില്ല. തൊട്ടയല്‍രാജ്യങ്ങള്‍ മാത്രമല്ല, അമേരിക്ക ഉള്‍പ്പെടെയുള്ള ഇതര പാശ്ചാത്യരാജ്യങ്ങളും ഉക്രെയിനില്‍ നിന്നുള്ള അഭയാര്‍ത്ഥികളെ സ്വീകരിക്കാന്‍ തയ്യാറെടുക്കുകയാണ്. ഫലത്തില്‍, രണ്ടു രാജ്യങ്ങളെയല്ല അനേകം രാജ്യങ്ങളെ ബാധിക്കുന്ന ഒരു പ്രശ്‌നമായി മാറിയിരിക്കുകയാണ്.
അഭയാര്‍ത്ഥികളെത്തുന്ന രാജ്യങ്ങളെ മാത്രമല്ല ഇന്ത്യ പോലെയുള്ള രാജ്യങ്ങളെയും യുദ്ധം ബാധിക്കുന്നുണ്ട്. ഇന്ത്യയില്‍ നിന്നുള്ള വിദ്യാര്‍ത്ഥികള്‍ക്കുണ്ടായ കഷ്ടപ്പാടുകള്‍ ഇതിന്റെ ഒരുദാഹരണം മാത്രമാണ്. രാജ്യാന്തരസമ്പദ്‌വ്യവസ്ഥയെയും അവശ്യവസ്തുക്കളുടെ വിലകളെയുമെല്ലാം യുദ്ധം ആഘാതമേല്‍പിക്കും.
ഉക്രെയിനില്‍ യാതൊരു യുദ്ധപരിചയവുമില്ലാത്ത അനേകം യുവജനങ്ങള്‍ ആയുധങ്ങളെടുത്തു തെരുവിലേക്കിറങ്ങാന്‍ നിര്‍ബന്ധിതരായിരിക്കുകയാണ്. സ്വന്തം വീടുകളും സ്വത്തും ജീവനും സംരക്ഷിക്കാന്‍ അതുവരെ കണ്ടിട്ടില്ലാത്ത യുദ്ധോപകരണങ്ങളുമായി ജീവനും അന്തസ്സും പണയം വച്ച് പോരാടേണ്ടി വരുന്ന യുവാക്കള്‍. ഇതേ പ്രശ്‌നം മറ്റൊരളവില്‍ റഷ്യന്‍ യുവാക്കളും നേരിടുന്നുണ്ട്. റഷ്യന്‍ സൈന്യത്തിന്റെ ഭാഗമായവരും പുതുതായി നിയമിക്കപ്പെട്ടവരുമായ യുവാക്കള്‍ ഒരു യുദ്ധത്തെ ജീവിതത്തിലാദ്യമായി മുഖാമുഖം കാണുകയാണിപ്പോള്‍. സ്വന്തമെന്നവര്‍ കരുതിയിരുന്ന ഒരു സമൂഹത്തിനു നേരെ വിനാശകരമായ ആയുധങ്ങള്‍ പ്രയോഗിക്കാനും അവയുടെ അഗ്നിയില്‍ ചാമ്പലാകുന്ന മനുഷ്യരെ കഠിനമായ മനസാക്ഷിക്കുത്തോടെ കണ്ടു നില്‍ക്കാനും ആയുഷ്‌കാലമാകെ അതിന്റെ നീറുന്ന വേദനയില്‍ കഴിയാനും വിധിക്കപ്പെട്ടിരിക്കുകയാണവര്‍. റഷ്യന്‍ ജനത സമാധാനമാണാഗ്രഹിക്കുന്നത് എന്നു പ്രഖ്യാപിച്ചുകൊണ്ട് ആയിരകണക്കിനു ജനങ്ങള്‍ റഷ്യന്‍ തെരുവീഥികളില്‍ പ്രകടനങ്ങള്‍ നടത്തുകയുണ്ടായി.
റഷ്യയിലേയ്ക്കും ഉക്രെയിനിലേയ്ക്കും പരസ്പരം യാത്ര ചെയ്യുകയും പഠിക്കുകയും ജോലി ചെയ്യുകയും ചെയ്തിരുന്ന അനേകം യുവജനങ്ങളുണ്ടായിരുന്നു. അവരെയെല്ലാം യുദ്ധം ദുരിതത്തിലാഴ്ത്തി. അതു കൂടാതെയാണ് ഉക്രെയിനിലെ വിവിധ യൂണിവേഴ്‌സിറ്റികളില്‍ പഠനത്തിനെത്തിയ ഇതര ലോകരാജ്യങ്ങളില്‍ നിന്നുള്ള അനേകായിരങ്ങള്‍.
ഏതാണ്ട് ഒരു ലക്ഷത്തോളം വിദ്യാര്‍ത്ഥികളാണ് യുദ്ധത്തിനു മുമ്പ് ഉക്രെയിനില്‍ പഠനത്തിനെത്തിയിരുന്നത്. കാല്‍ ലക്ഷത്തോളം പേര്‍ ഇന്ത്യയില്‍ നിന്നായിരുന്നു. അതില്‍ തന്നെ നല്ലൊരു പങ്ക് കേരളത്തില്‍ നിന്നും. ആഫ്രിക്കന്‍ രാജ്യങ്ങളില്‍ നിന്നും ആയിരങ്ങള്‍ ഇവിടെ പഠിക്കുന്നുണ്ടായിരുന്നു.
ഇന്ത്യയില്‍ നിന്നുള്ള വിദ്യാര്‍ത്ഥികളില്‍ നല്ലൊരു പങ്കും മെഡിസിന്‍ വിദ്യാര്‍ത്ഥികളാണ്. യൂറോപ്യന്‍ നിലവാരം പുലര്‍ത്തുന്ന ഉക്രെയിനിലെ മെഡിക്കല്‍ കോളേജുകളില്‍ പഠിക്കുന്നതിന് ഇന്ത്യയിലെ സ്വാശ്രയ മെഡിക്കല്‍ കോളേജുകളേക്കാള്‍ ചെലവു കുറവാണെന്നതാണ് ഇന്ത്യന്‍-ആഫ്രിക്കന്‍ വിദ്യാര്‍ത്ഥികള്‍ ഇങ്ങോട്ടേ യ്ക്ക് ആകര്‍ഷിക്കപ്പെടാന്‍ പ്രധാനകാരണം. ഉക്രെയിനിലെ മെഡിക്കല്‍ വിദ്യാഭ്യാസസ്ഥാപനങ്ങള്‍ ലോകാരോഗ്യസംഘടനയും യുനെസ്‌കോയും പല യൂറോപ്യന്‍ രാജ്യങ്ങളും അംഗീകരിച്ചിട്ടുള്ളവയാണ്. അവസരങ്ങളുടെ ലഭ്യതയാണു മറ്റൊരു കാരണം. ഇന്ത്യയില്‍ 16 ലക്ഷം പേര്‍ മെഡിക്കല്‍ പ്രവേശനപരീക്ഷയെഴുതുമ്പോള്‍ ഒരു ലക്ഷത്തില്‍ താഴെ മാത്രമാണ് ലഭ്യമായ സീറ്റുകളുടെ എണ്ണം. അവശേഷിക്കുന്നവരില്‍ മെഡിസിന്‍ തന്നെ പഠിക്കണമെന്നള്ളവര്‍ താരതമ്യേന ചെലവു കുറഞ്ഞ മറ്റു സാദ്ധ്യതകള്‍ തേടുന്നതു സ്വാഭാവികം.
യുദ്ധത്തിനെതിരെ ഫ്രാന്‍സിസ് മാര്‍പാപ്പയും കത്തോലിക്കാസഭയും സ്വീകരിച്ച ശക്തമായ നിലപാട് യുവജനങ്ങളില്‍ പ്രതീക്ഷയുണര്‍ത്തുന്നതാണ്. വളരെ ശക്തവും നിശിതവുമായ വാക്കുകളുപയോഗിച്ചാണു മാര്‍പാപ്പ യുദ്ധത്തെ അപലപിച്ചത്. അതു കൂടാതെ പ്രശ്‌നപരിഹാരത്തിനുള്ള സാദ്ധ്യമായ വഴികളെല്ലാം തേടുകയും ചെയ്തു. യുദ്ധവാര്‍ത്ത പുറത്തു വന്നയുടനെ വത്തിക്കാനിലെ റഷ്യന്‍ എംബസിയില്‍ നേരിട്ടെത്തി, അവിടെ നിന്നു പാപ്പ റഷ്യന്‍ പ്രസിഡന്റ് പുടിനുമായി ഫോണില്‍ സംസാരിച്ചുവെന്നു വാര്‍ത്ത കളുണ്ടായിരുന്നു. പിന്നീട് തന്റെ പ്രതിനിധികളായ രണ്ടു കാര്‍ഡിനല്‍മാരെ ഉക്രെയനിലേയ്ക്ക് അയച്ചു. അതിലൊരാളെ രണ്ടാമതൊരു വട്ടം കൂടി പാപ്പ ഉക്രെയിനിലേയ്ക്കു വിട്ടു. യുദ്ധം ഏതുവിധേനയും അവസാനിപ്പിക്കുക, ഇ പ്പോള്‍ യുദ്ധക്കെടുതികളനുഭവിക്കുന്ന നിരപരാധികള്‍ക്ക് സാദ്ധ്യമായ എല്ലാ സഹായങ്ങളും എത്തിക്കുക എന്നതിനായിരുന്നു ഇതെല്ലാം.
യുദ്ധം തീരുമെന്നും സാധാരണജീവിതം പുനസ്ഥാപിക്കാനാകുമെന്നും ഉള്ള പ്രതീക്ഷയില്‍ കഴിയുകയാണ് ഉക്രെയിന്‍ ജനതയും അഭയാര്‍ത്ഥികളും അവിടെ നിന്നു രക്ഷപ്പെട്ടു പോന്ന വിദേശവിദ്യാര്‍ത്ഥികളും. അനേകം രാജ്യങ്ങളിലെ അനേകായിരം യുവജനങ്ങളുടെ ഭാവിയില്‍ ഇരുള്‍ പരത്തുന്ന യുദ്ധം അവസാനിക്കാന്‍ കാത്തിരിക്കുകയാണ് എല്ലാവരും.