തൊഴിലധിഷ്ഠിത പഠനം ശ്രീചിത്രയില്‍

എം. ഷൈറജ് IRS (യുവര്‍ കരിയര്‍ - 115)
തൊഴിലധിഷ്ഠിത പഠനം ശ്രീചിത്രയില്‍

കേന്ദ്ര സര്‍ക്കാരിന്റെ ശാസ്ത്രസാങ്കേതിക വകുപ്പിനു കീഴിലുള്ള ദേശീയ പ്രാധാന്യമുള്ള ഇന്‍സ്റ്റിറ്റ്യൂട്ടായി അംഗീകരിക്കപ്പെട്ടതും സര്‍വ്വകലാശാലാ പദവിയുള്ളതുമായ സ്ഥാപനമാണ് തിരുവനന്തപുരത്തെ ശ്രീചിത്ര തിരുനാള്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ മെഡിക്കല്‍ സയന്‍സ് ആന്‍ഡ് ടെക്‌നോളജി (SCTIMST) ലോകോത്തര നിലവാരമുള്ള ചികിത്സാ കേന്ദ്രമായ ശ്രീചിത്രയില്‍ ഡോക്ടര്‍മാര്‍ക്ക് സൂപ്പര്‍ സ്‌പെഷ്യാലിറ്റിക്കു ശേഷമുള്ള പോസ്റ്റ് ഡോക്ടറല്‍ ഫെലോഷിപ്പ്, മെഡിക്കല്‍-ശാസ്ത്ര-സാങ്കേതിക വിഷയങ്ങളില്‍ ഗവേഷണം, ബിരുദാനന്തര ബിരുദപഠനം എന്നിവയ്‌ക്കൊക്കെ അവസരമുണ്ട്. ഈ ഉന്നത ഗവേഷണ പഠനങ്ങള്‍ കൂടാതെ, ബിരുദധാരികള്‍ക്കുപഠിക്കാവുന്നതും ഉന്നത നിലവാരവും മികച്ച തൊഴിലവസരങ്ങള്‍ ലഭിക്കാവുന്നതുമായ വിവിധ ഡിപ്ലോമ, പി.ജി, ഡിപ്ലോമ കോഴ്‌സുകളും ഇവിടെ പഠിക്കാം.

ശ്രീചിത്ര നടത്തിവരുന്ന പി.ജി. ഡിപ്ലോമ-ഡിപ്ലോമ കോഴ്‌സുകള്‍ ഇവയാണ്:

കാര്‍ഡിയാക് ലബോറട്ടറി ടെക്‌നോളജി (പി.ജി. ഡിപ്ലോമ)

ഹൃദയസംബന്ധമായ അസുഖങ്ങളുടെ ചികിത്സയിലും രോഗനിര്‍ണ്ണയത്തിലും സഹായകരമായ ലാബറട്ടറി സാങ്കേതിക വിദ്യകളാണ് പഠന വിഷയം. സ്ഥാപനത്തിന്റെ കാര്‍ഡിയോളജി ആന്റ് ക്ലിനിക്കല്‍ എഞ്ചിനീയറിംഗ് വകുപ്പിനു കീഴിലുള്ള ഈ കോഴ്‌സ് 2 വര്‍ഷം ദൈര്‍ഘ്യമുള്ളതാണ്. ഫിസിക്‌സ് ഐച്ഛിക വിഷയമായോ ഉപഐച്ഛിക വിഷയമായോ ബി.എസ്.സി. ബിരുദം 50% മാര്‍ക്കോടെ നേടിയവര്‍ക്ക് അപേക്ഷിക്കാം.

ന്യൂറോ ടെക്‌നോളജി (പി.ജി. ഡിപ്ലോമ)

ന്യൂറോളജി ആന്റ് ക്ലിനിക്കല്‍ എഞ്ചിനീയറിംഗ് വകുപ്പാണ് കോഴ്‌സ് നടത്തുന്നത്. 2 വര്‍ഷം ദൈര്‍ഘ്യം. ന്യൂറോ ഫിസിയോളജിയില്‍ ഇലക്‌ട്രോണിക് ഉപകരണങ്ങളുടേയും കമ്പ്യൂട്ടറുകളുടെയും ഉപയോഗം ഏറെയാണ്. ഇത്തരം ഉപകരണങ്ങളുടെ പ്രവര്‍ത്തനവും പരിപാലനവും പഠനവിഷയമാണ്. കൂടാതെ ന്യൂറോ ഫിസിയോളജിയിലെ വിവിധ സമ്പ്രദായങ്ങളും പഠിക്കാം. ഫിസിക്‌സ്, കെമിസ്ട്രി, ജീവശാസ്ത്രം, ബയോടെക്‌നോളജി, കമ്പ്യൂട്ടര്‍ സയന്‍സ് എന്നിവയിലൊന്നില്‍ 50% മാര്‍ക്കോടെ ബിരുദമാണു യോഗ്യത.

മെഡിക്കല്‍ റിക്കോര്‍ഡ്‌സ് സയന്‍സ് (പി.ജി. ഡിപ്ലോമ)

ചികിത്സാ രേഖകളുടേയും അനുബന്ധമായ മറ്റു രേഖകളുടേയും ക്രമീകരണവും പരിപാലനവും രഹസ്യസ്വഭാവമുള്ളതും നിയമപരമായ ബാധ്യതയുള്ളതുമാണ്. ഈ വിഷയത്തില്‍പരിശീലനം നല്കുവാന്‍ ലക്ഷ്യമിട്ടുള്ള ഈ ദ്വിവത്സര കോഴ്‌സ്, മെഡിക്കല്‍ റിക്കോര്‍ഡ്‌സ് വകുപ്പാണു നടത്തുന്നത്. ഏതെങ്കിലുമൊരു വിഷയത്തില്‍ ബി.എസ്.സി. ബിരുദമാണു യോഗ്യത (50% മാര്‍ക്ക്).

ക്ലിനിക്കല്‍ പെര്‍ഫ്യൂഷന്‍ (പി.ജി. ഡിപ്ലോമ)

രക്തചംക്രമണവിഷയത്തില്‍ വൈദഗ്ദ്ധ്യമുള്ളവരെയാണ് പെര്‍ഫ്യൂഷനിസ്റ്റുകള്‍ എന്നു വിളിക്കുന്നത്. ഹൃദയ സംബന്ധശസ്ത്രക്രിയകള്‍ നടക്കുമ്പോള്‍ രക്തചംക്രമണം Heart-Lung Machine ലേക്കു വഴി മാറ്റി വിടുകയും ശസ്ത്രക്രിയയ്ക്കുശേഷം ഹൃദയത്തിലേക്കു രക്തം മടക്കിക്കൊണ്ടുവരികയും വേണം. ഈ മെഷീ നും മറ്റ് അനുബന്ധ യന്ത്രങ്ങളും പ്രവര്‍ത്തിപ്പിക്കുവാനും മറ്റുമാണ് പഠിക്കുക. സുവോളജി ഒരു വിഷയമായി ബി.എസ്.സി. ബിരുദം നേടിയവര്‍ക്ക് 50% മാര്‍ക്കുണ്ടെങ്കില്‍ അപേക്ഷിക്കാം. ദൈര്‍ഘ്യം 2 വര്‍ഷം.

ബ്ലഡ് ബാങ്ക് ടെക്‌നോളജി (പി.ജി. ഡിപ്ലോമ)

രക്തദാനം ഏറെ കരുതല്‍ വേണ്ട ഒരു പ്രക്രിയയാണ്. ബ്ലഡ് ബാങ്കുകളിലെ തൊഴിലിനായി പഠിതാക്കളെ സജ്ജമാക്കുകയെന്നതാണീ കോഴ്‌സിന്റെ ലക്ഷ്യം. ജീവശാസ്ത്ര ശാഖകളിലൊന്നില്‍ ബി.എസ്.സി. ബിരുദം 50% മാര്‍ക്കോടെ നേടിയവര്‍ക്ക് ഈ ദ്വിവത്സര കോഴ്‌സിന് അപേക്ഷിക്കാം.

ഓപ്പറേഷന്‍ തിയറ്റര്‍ & അനസ്തീഷ്യ ടെക്‌നോളജി

രണ്ടു വര്‍ഷം ദൈര്‍ഘ്യമുള്ള ഡിപ്ലോമ കോഴ്‌സാണിത്. ഇലക്‌ട്രോണിക്‌സ്, ബയോ മെഡിക്കല്‍ എഞ്ചിനീയറിംഗ്, ഇന്‍സ്ട്രുമെന്റേഷന്‍ എന്നിവയിലൊന്നില്‍ ഡിപ്ലോമ മികച്ച നിലവാരത്തോടെ പാസ്സായവര്‍ക്കാണു പഠനയോഗ്യതയുള്ളത്. പേരു സൂചിപ്പിക്കുന്നന്നതുപോലെ ഓപ്പറേഷന്‍ തീയറ്ററില്‍ ഉപയോഗിക്കുന്ന ഉപകരണങ്ങളുടെയും സംവിധാനങ്ങളുടെയും മാനേജ്‌മെന്റാണു പഠന വിഷയം.

അഡ്വാന്‍സ്ഡ് മെഡിക്കല്‍ ഇമേജിംഗ് ടെക്‌നോളജി

ശ്രീചിത്ര ഇന്‍സ്റ്റിറ്റിയൂട്ടിലെ ഇമേജിംഗ് സയന്‍സസ് ആന്‍ഡ് ഇന്റര്‍വെന്‍ഷണല്‍ റേഡിയോളജി വിഭാഗം ഏറ്റവും ആധുനിക ഉപകരണങ്ങളുള്ളതും ലോകനിലവാരമുള്ളതുമാണ്. ഇവിടത്തെ റേഡിയോഗ്രഫി, ടോമോഗ്രഫി, മെലോഗ്രാഫി, സി.ടി. സ്‌കാന്‍, ഡിജിറ്റല്‍ സബ്ട്രാക്ഷന്‍ ആന്‍ജിയോഗ്രഫി, എം.ആര്‍.ഐ. യൂണിറ്റ്, പി.എ.സി.എസ്. സിസ്റ്റം എന്നിവയിലൊക്കെയാണ് ഈ കോഴ്‌സ് പഠിക്കുന്നവര്‍ക്ക് പരിശീലനം ലഭിക്കുന്നത്. ദ്വിവത്സര ഡിപ്ലോമ കോഴ്‌സാണിത്. അംഗീകൃത സ്ഥാപനത്തില്‍നിന്ന് അമ്പതു ശതമാനം മാര്‍ക്കോടെ റേഡിയോ ഗ്രാഫിക് അസിസ്റ്റന്‍സ് സര്‍ട്ടിഫിക്കറ്റ് കോഴ്‌സോ റേഡിയോളജിക്കല്‍ ടെക്‌നോളജി ഡിപ്ലമോ കോഴ്‌സോ പാസ്സായവര്‍ക്ക് അപേക്ഷിക്കാം.

നഴ്‌സിംഗ് സ്‌പെഷ്യാലിറ്റി കോഴ്‌സുകള്‍

ബി.എസ്.സി. നഴ്‌സിംഗ് അല്ലെങ്കില്‍ ജനറല്‍ നഴ്‌സിംഗും ഒരു വര്‍ഷത്തെ പ്രവര്‍ത്തി പരിചയവുമുള്ളവര്‍ക്ക് പഠിക്കാവുന്ന രണ്ട് സ്‌പെഷ്യാലിറ്റി ഡിപ്ലോമ കോഴ്‌സുകള്‍ ശ്രീചിത്രയിലുണ്ട്. ഒന്ന്, കാര്‍ഡിയോ വാസ്‌ക്കുലര്‍ ആന്റ് തൊറാസിക് നഴ്‌സിംഗ് ഡിപ്ലോമ രണ്ട് ന്യൂറോ നഴിസംഗ് ഡിപ്ലോമ. രണ്ടു കോഴ്‌സുകളുടേയും ദൈര്‍ ഘ്യം രണ്ടു വര്‍ഷമാണ്. പഠന കാലത്ത് സ്‌റ്റൈപന്റ് ലഭിക്കും.

പ്രവേശന രീതി

മേല്‍പ്പറഞ്ഞ എല്ലാ കോഴ്‌സുകളുടെയും പ്രവേശനം അഡ്മിഷന്‍ ടെസ്റ്റിന്റെയും ഇന്റര്‍വ്യൂവിന്റെയും അടിസ്ഥാനത്തിലാണ്. മള്‍ട്ടിപ്പിള്‍ ചോയ്‌സ് രീതിയിലാണ് പ്രവേശന പരീക്ഷ. കേന്ദ്ര സര്‍ക്കാരിന്റെ സംവരണ ചട്ടങ്ങള്‍ പാലിച്ചുകൊണ്ടാണ് അഡ്മിഷന്‍ നടത്തുന്നത്.

ശ്രീചിത്രയിലെ കോഴ്‌സുകളുടെ ഒരു പ്രത്യേകത സീറ്റുകളുടെ എണ്ണം വളരെ കുറവാണ് എന്നതാണ്. അതുകൊണ്ടുതന്നെ കഠിന മത്സരത്തിലൂടെ മാത്രമേ മികച്ച നിലവാരമുള്ള ഈ കോഴ്‌സുകള്‍ക്ക് പ്രവേശനം നേടുവാനാകൂ.

ഉന്നത പഠനവും ഗവേഷണവും

ശ്രീചിത്ര ഇന്‍സ്റ്റിറ്ററ്റിയൂട്ട് നടത്തുന്ന ഡിപ്ലോമ, പി.ജി. ഡിപ്ലോമ കോഴ്‌സുകളെക്കുറിച്ചാണ് ഇതുവരെ പരാമര്‍ശിച്ചതെങ്കിലും സ്ഥാപനത്തിന്റെ പ്രധാന ഊന്നല്‍ ഇവയെക്കാളുമുപരി ഉന്നതപഠനത്തിനും ഗവേഷണത്തിനുമാണ്.

ന്യൂറോളജി, കാര്‍ഡിയോളജി, ന്യൂറോ സര്‍ജറി, കാര്‍ഡിയോ വാസ്‌ക്കുലര്‍ & തൊറാസിക് സര്‍ജറി, അനിസ്‌തേഷ്യോളജി എന്നിവയില്‍ സൂപ്പര്‍ സ്‌പെഷ്യാലിറ്റി ബിരുദങ്ങളായ ഡി.എം. അല്ലെങ്കില്‍ എം.സി.എച്ച്. നേടിയവര്‍ക്കായി പോസ്റ്റ് ഡോക്ടറല്‍ ഫെലോഷിപ്പ് പ്രോഗ്രാമുണ്ട്.

ഫിസിക്കല്‍ സയന്‍സ്, കെമിക്കല്‍ സയന്‍സ്, ബയോളജിക്കല്‍ സയന്‍സ്, ബയോ മെഡിക്കല്‍ സയന്‍സ്, ബയോ എഞ്ചിനീയറിംഗ്, ബയോ മെറ്റീരിയല്‍ സയന്‍സ്, ഹെല്‍ത്ത് സയന്‍സ്, മെഡിക്കല്‍ സയന്‍സ് എന്നീ വിഷയങ്ങളില്‍ ഗവേഷണത്തിലൂടെ പി.എച്ച്.ഡി. നേടാം.

ചെന്നൈ ഐ.ഐ.ടി., വെല്ലൂര്‍ ക്രിസ്ത്യന്‍ മെഡിക്കല്‍ കോളേജ് എന്നിവയുമായി ചേര്‍ന്ന് ക്ലിനിക്കല്‍ എഞ്ചിനീയറിംഗില്‍ എം.ടെക് കോഴ്‌സും ബയോ മെഡിക്കല്‍ ടെക്‌നോളജിയില്‍ പി.എച്ച്.ഡിയും ഐ.സി.എം.ആറുമായി സഹകരിച്ചുകൊണ്ട് മാസ്റ്റര്‍ ഓഫ് പബ്ലിക് ഹെല്‍ത്ത് കോഴ്‌സ്, ക്രിസ്ത്യന്‍ മെഡിക്കല്‍ കോളജുമായുള്ള സഹകരണത്തില്‍ ബയോ എഞ്ചിനീയറിംഗില്‍ എം.എസ്.സി.യും പി.എച്ച്.ഡിയും മാസ്റ്റര്‍ ഓഫ് പബ്ലിക് ഹെല്‍ത്ത് കോഴ്‌സും IIITM-Kerala യുമായി സഹകരിച്ചുകൊണ്ട് ഇമേജിംഗ് സയന്‍സില്‍ പി.എച്ച്.ഡിയും ഉണ്ട്.

വെബ്‌സൈറ്റ്: www.sctimst.ac.in

Related Stories

No stories found.
Sathyadeepam Weekly
www.sathyadeepam.org