വയനാട്ടില്‍ നിന്നൊരു വാനമ്പാടി...

വയനാട്ടില്‍ നിന്നൊരു വാനമ്പാടി...
മൂവായിരത്തഞ്ഞൂറിലേറെ പാട്ടുകള്‍ പാടി, മലയാള സംഗീതമേഖലയില്‍ സ്വന്തം സ്ഥാനമുറപ്പിച്ചിരിക്കുന്ന ഗായികയാണ് മിഥില മൈക്കിള്‍. ഏറെയും ക്രിസ്ത്യന്‍ ഭക്തിഗാനങ്ങള്‍. റെക്കോഡിംഗ് സ്റ്റുഡിയോകളില്‍ മിഥിലയുടെ ഗാനാലാപനം കഴിയുമ്പോഴേക്കും രചയിതാവിന്റെയും സംഗീതസംവിധായകന്റെയും മിഥിലയുടെ തന്നെയും മിഴികള്‍ നിറഞ്ഞൊഴുകിയ സന്ദര്‍ഭങ്ങള്‍ നിരവധിയാണ്. ആരാധനയും അനുതാപവും സ്തുതിയുമെല്ലാം അനുഭവിച്ചറിഞ്ഞു മിഥില പാടുമ്പോള്‍ ആ ഗാനങ്ങള്‍ക്കു കൈവരുന്ന ഭാവസാന്ദ്രത അനന്യമാണ്. അതുകൊണ്ടാണ് ഭക്തിഗാനങ്ങള്‍ കൂടുതലായി മിഥിലയെ തേടിയെത്തുന്നതും.

വയനാട് പുല്‍പ്പള്ളിക്കടുത്ത് കബനിഗിരിയാണു മിഥിലയുടെ സ്വദേശം. പിതാവിന്റെ തറവാടിരിക്കുന്ന മരക്കടവ് ഇടവകപ്പള്ളിയില്‍ പാടിയാണു മിഥിലയുടെ തുടക്കം. രണ്ടര വയസ്സുള്ളപ്പോള്‍ പള്ളിയില്‍ ഒറ്റയ്ക്ക് ഒരു ദിവ്യകാരുണ്യഗാനം പാടി, ആ കുഞ്ഞുഗായിക. മുതിര്‍ന്നവര്‍ പറഞ്ഞ ഓര്‍മ്മയാണ് ഇന്ന് മിഥിലക്കത്. അതായത്, ഓര്‍മ്മയുറക്കുംമുമ്പേ പൊതുവേദിയില്‍ പാടിത്തുടങ്ങിയ ഗായിക. അക്കാലത്തെ പാട്ടുകള്‍ ബന്ധുക്കള്‍ റെക്കോഡ് ചെയ്തു വച്ചിരുന്നു. അതു കേട്ടില്ലായിരുന്നെങ്കില്‍ താന്‍ പോലും അതു വിശ്വസിക്കില്ലായിരുന്നെന്നു മിഥില പറയുന്നു.

ഒന്നാം ക്ലാസില്‍ പഠിക്കുമ്പോള്‍ തന്നെ ജില്ലാ യുവജനോത്സവത്തില്‍ ലളിതഗാനത്തില്‍ ഒന്നാം സ്ഥാനം നേടി. വൈകാതെ സംഗീതപഠനം ആരംഭിച്ചു. ശാസ്ത്രീയസംഗീതം, ലളിതഗാനം, മാപ്പിളപ്പാട്ട്, പദ്യപാരായണം തുടങ്ങിയ ഇനങ്ങളില്‍ തുടര്‍ച്ചയായി സമ്മാനങ്ങള്‍ നേടി, ജില്ലാതലത്തില്‍ പല തവണ കലാതിലകമായി. ഹൈസ്‌കൂളിലെത്തിയപ്പോള്‍ സംസ്ഥാനകലോത്സവങ്ങളിലും സമ്മാനിതയായി.

അയല്‍ ഇടവകയായ പാടിച്ചിറയിലെ കെ സി വൈ എം പുറത്തിറക്കിയ സി ഡിക്കു വേണ്ടിയാണ് ആദ്യമായി ഒരു റെക്കോഡിംഗില്‍ പങ്കെടുക്കുന്നത്. ഏഴാം ക്ലാസില്‍ പഠിക്കുമ്പോഴായിരുന്നു അത്. പത്താം ക്ലാസ് കഴിഞ്ഞപ്പോള്‍ കോഴിക്കോട് ആകാശവാണിയില്‍ ആര്‍ട്ടിസ്റ്റായി.

പ്ലസ് ടു വിനു ശേഷം അന്നത്തെ എല്ലാ പഠിപ്പിസ്റ്റുകളെയും പോലെ താനും ബി എസ് സി നഴ്‌സിംഗിനു ചേരുകയായിരുന്നുവെന്ന് മിഥില ചെറുചിരിയോടെ ഓര്‍ക്കുന്നു. ബി എസ് സി കഴിഞ്ഞ് എം എസ് സി. പഠനഭാരത്തിനിടയില്‍ ഗാനലോ കത്തുനിന്ന് അല്‍പമൊന്ന് അകന്നു. എങ്കിലും അക്കാലത്തും കുറെ പാട്ടുകള്‍ പാടിയിട്ടുണ്ട്. ബിരുദാനന്തരബിരുദം നേടി നഴ്‌സിംഗ് കോളേജില്‍ അധ്യാപികയായിരിക്കെയായിരുന്നു വിവാഹം. ഭര്‍ത്താവ് പ്രശാന്തിന് കൊച്ചി ഇന്‍ഫോപാര്‍ക്കിലായിരുന്നു ജോലി. അതുകൊണ്ട്, കോഴിക്കോ ട്ടെ ജോലി ഉപേക്ഷിച്ച് മിഥിലയും കൊച്ചിയിലേക്കു പോന്നു. ഇവിടെ ജോലി അന്വേഷിക്കുന്നതിനിടയില്‍ മിഥിലയുടെ സംഗീതസിദ്ധി നേര ത്തെ അറിയാവുന്ന ഗായകന്‍ കെസ്റ്റര്‍ ഒരു പാട്ടു പാടാനായി വിളിച്ചു. അതറിഞ്ഞ് അടുത്ത പാട്ടു വന്നു. പിന്നെ ഒരു തിരിഞ്ഞുനോട്ടം ഉണ്ടായില്ല. ആ പ്രയാണമാണ് ഇപ്പോള്‍ നാലായിരം ഗാനങ്ങളിലേക്കടുക്കുന്നത്. ഗായകന്‍ ഗാഗുല്‍ ജോസഫ്, ഗാനശില്പികളായ സാംജി ആറാട്ടുപുഴ, പീറ്റര്‍ ചേരാനെല്ലൂര്‍, ബേബി ജോണ്‍ കലയന്താനി തുടങ്ങിയവരെല്ലാം മിഥിലയുടെ ഈ രണ്ടാംവരവിനെ ആദ്യം തന്നെ അവസരങ്ങളുമായെത്തി സ്വീകരിച്ചവരാണ്.

  • മുള്‍മുടിയണിഞ്ഞുകൊണ്ടീശോ എന്‍മുഖത്തൊരു മുത്തം നല്‍കി,

  • മുള്ളുകളെന്‍മുഖത്തെങ്ങും വിങ്ങുന്ന നൊമ്പരമേകീ

എന്നതാണ് മിഥില പാടിയവയില്‍ ജനങ്ങള്‍ ഏറ്റെടുത്ത ഗാനങ്ങളിലൊന്ന്. അനേകര്‍ അതു കേട്ടു കരഞ്ഞു, അനുതപിച്ചു, രോഗക്കിടക്കകളില്‍ ആശ്വാസം കൊണ്ടു, ആത്മഹത്യാവിചാരം ഉപേക്ഷിച്ചവര്‍ പോലുമുണ്ട്. വരികള്‍ക്കും ഈണത്തിനും മിഥില കൊടുത്ത ജീവന്‍ അത്ര തീക്ഷ്ണമായിരുന്നു. പക്ഷേ ഈ പാട്ട് യഥാര്‍ത്ഥത്തില്‍ പാടേണ്ടിയിരുന്നത് സുപ്രസിദ്ധ ഗായിക ചിത്രയാണ്. ആ ആല്‍ബത്തില്‍ മിഥിലയ്ക്കു വേണ്ടി വച്ചിരുന്ന പാട്ടു പാടിക്കഴിഞ്ഞപ്പോള്‍ സംഗീതസംവിധായകന്‍ പീറ്റര്‍ ചേരാനെല്ലൂര്‍ ഈ പാട്ടു കൊടുത്തിട്ട് പറഞ്ഞു, ''ചിത്രയ്ക്കുള്ള പാട്ടാണ്. മിഥില ഇതിനൊരു ട്രാക്ക് പാടിയിട്ടിട്ടു പൊക്കോളൂ.'' ആ ട്രാക്ക് പിന്നീട് കേട്ട ബേബി ജോണ്‍ കലയന്താനിയും പീറ്റര്‍ ചേരാനല്ലൂരും തീരുമാനിച്ചു, ട്രാക്ക് തന്നെ ഫൈനല്‍ എന്ന്. അത് തിരുത്തല്‍ പോലുമില്ലാതെ ആല്‍ബത്തില്‍ വന്നു. അനശ്വരമായി. ഇത്തരത്തില്‍ ഗാനനിര്‍മ്മാണങ്ങളുമായി ബന്ധപ്പെട്ടും പിന്നീട് ആസ്വാദകരും വിശ്വാസികളുമായി ബന്ധപ്പെട്ടും ഹൃദയസ്പര്‍ശിയായ നിരവധി അനുഭവങ്ങളുണ്ട് മിഥിലയ്ക്ക്.

ഈ ഗാനസപര്യ ഒട്ടൊക്കെ അവിശ്വസനീയം പോലുമാണ് ഇന്നും മിഥിലയ്ക്ക്. കാരണം, ഗായിക എന്ന വിധത്തില്‍ അസാമാന്യമായ പ്രതിഭയോ അവസരങ്ങള്‍ തേടാനുള്ള വാക്ചാതുരിയോ ആളുകളെ ആകര്‍ഷിക്കാനുള്ള വ്യക്തിത്വമികവോ തനിക്കുണ്ടെന്നു മിഥില കരുതുന്നില്ല. എന്നിട്ടും ആയിരകണക്കിനു പാട്ടുകള്‍ പാടാന്‍ അവസരം കിട്ടിയെങ്കില്‍ അതിനു പിന്നില്‍ താനെന്നും പാടിസ്തുതിക്കുന്ന സര്‍വേശ്വരന്റെ അദൃശ്യപദ്ധതിയുണ്ടെന്നു കരുതാനാണു മിഥിലയ്ക്കിഷ്ടം.

  • നാവില്‍ എന്നീശോതന്‍ നാമം, കാതില്‍ എന്നീശോതന്‍ നാദം

  • നിലാവുപോലെ എന്റെയുള്ളില്‍ വന്നുദിക്കണേ

  • ഇലപൊഴിയും കാലങ്ങള്‍ക്കപ്പുറം

  • മിഴി നനയും നേരം

  • ദിവ്യകാരുണ്യമേ ഹൃത്തിന്‍ ആനന്ദമേ

തുടങ്ങിയവ ജനലക്ഷങ്ങള്‍ ഏറ്റെടുത്ത ഗാനങ്ങളാണ്.

നേരത്തെ പറഞ്ഞ 'കഴിവില്ലായ്മകള്‍' മൂലം സിനിമകളില്‍ പിന്നണി പാടാന്‍ അവസരം തേടി പോയിട്ടില്ല. ''മിഥില എന്നു പേരു കൊള്ളാം, മൈക്കിള്‍ വേണ്ടായിരുന്നു'' എന്നു പറഞ്ഞിട്ടുണ്ട്, സിനിമയിലെ ഒരു പ്രസിദ്ധന്‍ മിഥിലയോട്. മതമാണ് വ്യംഗ്യം. അതൊന്നും മിഥിലയെ ബാധിച്ചിട്ടില്ല. പിതാവ് മൈക്കിളും മാതാവ് ത്രേസ്യാമ്മയും അനിയത്തി മിറാന്‍ഡയും മിഥിലയുടെ സംഗീതസപര്യയെ പിന്തുണച്ചവരും അതിനായി ത്യാഗങ്ങളനുഭവിച്ചവരുമാണ്. ഇപ്പോള്‍ ഭര്‍ത്താവ് പ്രശാന്തും മക്കളായ ജുബലും മിഖായേലയും പിന്തുണയുമായി കൂടെതന്നെയുണ്ട്.

പള്ളിപ്പാട്ടുകളെ കുറിച്ച് പ്രസിദ്ധ സംഗീതസംവിധായകന്‍ ജെറി അമല്‍ദേവും മറ്റും ഉന്നയിച്ചിട്ടുള്ള ആത്മവിമര്‍ശനങ്ങള്‍ പങ്കുവയ്ക്കുന്ന ഗായികയാണു മിഥിലയും. ''ഗാനമേളകളില്‍ പാടുന്നതുപോലെയാണ് പള്ളികളില്‍ പല ഗായകരും പാടുന്നത്. അങ്ങനെയല്ല വേണ്ടത്,'' മിഥില പറയുന്നു.

ലത്തീന്‍ കത്തോലിക്ക, മാര്‍ത്തോമ്മ, സി എസ് ഐ പള്ളികളുമായി താരതമ്യപ്പെടുത്തുമ്പോള്‍ സീറോ മലബാര്‍ ദേവാലയങ്ങളില്‍ സമൂഹമായി പാടുന്നത് കുറവാണെന്ന നിരീക്ഷണവും മിഥില മുന്നോട്ടു വയ്ക്കുന്നു. ''പള്ളികളില്‍ ഗ്രൂപ്പായി പാടുന്നതാണ് ഏറ്റവും നല്ലത്. ഒറ്റയ്ക്കു പാടാന്‍ വേണ്ടിയുള്ള ഗാനങ്ങളാണ് നമ്മള്‍ കൂടുതലും സൃഷ്ടിച്ചിട്ടുള്ളത് എന്നതും ഒരു ഘടകമാണ്. പള്ളികളിലേക്കായി സമൂഹഗാനങ്ങള്‍ കൂടുതലായി ഉണ്ടാകേണ്ടിയിരിക്കുന്നു,'' മിഥില പറഞ്ഞു.

  • ഷിജു ആച്ചാണ്ടി

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org