വിഭാഗീയതകളെ സര്‍ഗാത്മകമായി പ്രതിരോധിക്കാന്‍ യുവത

വിഭാഗീയതകളെ സര്‍ഗാത്മകമായി പ്രതിരോധിക്കാന്‍ യുവത

സെമിച്ചന്‍ ജോസഫ്

"പണ്ടെങ്ങാണ്ടൊരു നാടൊണ്ടാര്‍ന്നേ ആ-
നാട്ടിലുപൊഴയൊണ്ടാര്‍ന്നേ പൊഴ
നെറയെ മീനൊണ്ടാര്‍ന്നേ മീനിന്നു
മുങ്ങാന്‍ കുളിരുണ്ടാര്‍ന്നേ
ഒരു വീട്ടിലടുപ്പു പുകഞ്ഞാ മമവീട്ടിലു
പശീയില്ലാര്‍ന്നേ ഒരു കണ്ണു കരഞ്ഞു
നിറഞ്ഞാലോടി വരാന്‍ പലരുണ്ടാര്‍ന്നേ."

രശ്മീ സതീഷ് എന്ന പിന്നണിഗായികയുടെ ശബ്ദത്തില്‍ സമീപനാളുകളില്‍ നാം കേട്ട മുഹാദ് വെമ്പായത്തിന്‍റെ ഈ വരികള്‍ വളരെ പെട്ടെന്നാണു നവമാധ്യമങ്ങളിലൂടെ മലയാളി നെഞ്ചേറ്റിയത്. ഇന്നലെകളെക്കുറിച്ചു വാചാലനാകാന്‍ ആരും അവനെ പഠിപ്പിക്കേണ്ടതില്ല. അങ്കണത്തൈമാവിലെ ആദ്യത്തെ പഴവും സമ്പദ്സമൃദ്ധിയുടെ തിരുവോണവുമെല്ലാം നമ്മുടെ ഓര്‍മ്മകളുടെ തിരുമുറ്റത്ത് തത്തിക്കളിക്കുകയാണ്. അത്തരമൊരു 'ഭൂതകാലക്കുളിര്' സമ്മാനിച്ചുകൊണ്ട് ഒരു മഹാപ്രളയവും കടന്നുപോയി. സമാനതകളില്ലാത്ത ഐക്യത്തിന്‍റെ ഒരുമയുടെ സഹജീവിതത്തിന്‍റെ ആ 'നല്ല' നാളുകളെക്കുറിച്ച് ആവേശത്തോടെ നാം ലോകത്തോടു വിളിച്ചുപറഞ്ഞു, പറഞ്ഞുകൊണ്ടേയിരിക്കുന്നു. എന്നാല്‍ എത്ര പെട്ടെന്നാണു കാര്യങ്ങള്‍ കീഴ്മേല്‍ മറിഞ്ഞത്.

പ്രളയം തകര്‍ത്തെറിഞ്ഞ ശത്രുതയുടെ മതില്‍ക്കെട്ടുകള്‍ പലതും അതിലേറെ വേഗത്തിലും ഉയരത്തിലും പുനഃനിര്‍മ്മിക്കപ്പെട്ടു കഴിഞ്ഞു. ആരോപണ പ്രത്യാരോപണങ്ങള്‍ കളം നിറഞ്ഞാടുമ്പോള്‍ രാഷ്ട്രീയപാര്‍ട്ടികളുടെ വാര്‍ റൂം സ്ട്രാറ്റര്‍ജികള്‍ക്കനുസൃതമായി എഴുതപ്പെട്ട തിരക്കഥകള്‍ക്കനുസരിച്ചു സൃഷ്ടിക്കപ്പെടുന്ന വര്‍ഗീയ ധ്രുവീകരണത്തിനു നാം വിധേയരാകുമ്പോള്‍ നാടിന്‍റെ അഭിമാനമായിരുന്ന നവോത്ഥാനമൂല്യങ്ങള്‍, പാരമ്പര്യങ്ങള്‍ തെരുവില്‍ ചവിട്ടിമെതിക്കപ്പെടുമ്പോള്‍ ആശങ്കയോടെ വേദനയോടെ ചിലരെങ്കിലും, ആലോചിക്കുന്നു. ഭിന്നതയുടെ ഈ ചങ്ങലകള്‍ പൊട്ടിച്ചെറിയാന്‍ മറ്റൊരു പ്രളയംകൂടി വന്നിരുന്നെങ്കിലെന്ന്.

"കാക്കകള്‍ മലര്‍ന്നു പറന്നേക്കാം, കൊമ്പുള്ള മുയലുകളും ഉണ്ടായേക്കാം എന്നാല്‍ പ്രതിസന്ധികളില്ലാത്ത, പ്രശ്നങ്ങളില്ലാത്ത ഒരു സമൂഹത്തെ കണ്ടെത്തുക സാദ്ധ്യമല്ല." പ്രളയത്തേക്കാള്‍ ഭീകരമായ ഒരു പ്രതിസന്ധിയുടെ നടുവിലാണ് ഇന്നു കേരളം. സമീപകാലത്തൊന്നും ഇല്ലാത്തവിധം ജാതീയമായി വിഘടിപ്പിക്കപ്പെട്ട മലയാളിയുടെ മനഃസാക്ഷി പ്രതീക്ഷയോടെ ഉറ്റുനോക്കുന്നതു യുവത്വത്തെയാണ്. അതിനൊരു കാരണമുണ്ട്. "തള്ളിക്കളഞ്ഞ കല്ലുകള്‍ മൂലക്കല്ലുകളായി" മാറുന്ന അത്ഭുതപ്രതിഭാസത്തിനു സാക്ഷ്യം വഹിച്ച പ്രളയനാളുകള്‍ മലയാളിക്കു നല്കിയ മറ്റൊരു തിരിച്ചറിവാണത്.

പുതിയ തലമുറ വാട്ട്സാപ്പിലും ഫേസ്ബുക്കിലും തലപൂഴ്ത്തിയിരുന്നു യാഥാര്‍ത്ഥ്യങ്ങളുടെ ലോകത്തുനിന്നും ഒളിച്ചോടുകയാണെന്ന പതിവു വിമര്‍ശനങ്ങള്‍ക്കു ചിലരെങ്കിലും അവധിയെടുത്തു. സാങ്കേതികവിദ്യയെ കര്‍മ്മശേഷിയെ സര്‍വ്വോപരി യുവസഹജമായ ആവേശത്തെ അഭികാമ്യമെന്ന് നമ്മുടെ ചെറുപ്പക്കാര്‍ നമ്മെ പഠിപ്പിച്ചു. ഭക്ഷണവും വെള്ളവുമായി പാഞ്ഞ ഫ്രീക്കന്മാര്‍ നമ്മെ അസ്വസ്ഥപ്പെടുത്തുകയായിരുന്നില്ല; അത്ഭുതപ്പെടുത്തുകയായിരുന്നു. അതുകൊണ്ടുതന്നെയാണു കേരളീയസമൂഹം പ്രതീക്ഷയോടെ അതിന്‍റെ യുവതയെ നോക്കുന്നത്.

ശത്രുതയുടെ, വിഭാഗീയതയുടെ മതിലുകള്‍ തീര്‍ക്കാന്‍ വരുന്നവരെ സര്‍ഗാത്മകമായി നേരിടാന്‍ ശേഷിയുള്ളവരാണവര്‍. അതിന് അവരെ വിശ്വാസത്തിലെടുക്കുന്ന, പ്രചോദിപ്പിക്കുന്ന നേതൃത്വമാണു വേണ്ടത്. ജാതിമത-രാഷ്ട്രീയ സങ്കുചിത ചിന്തകള്‍ക്കപ്പുറത്തു നമ്മുടെ ചെറുപ്പക്കാര്‍ക്ക് ഒന്നുചേര്‍ന്നു പ്രവര്‍ത്തിക്കാനുതകുന്ന പൊതുഇടങ്ങള്‍ അടിയന്തിരമായി പുനര്‍നിര്‍മിക്കേണ്ടിയിരിക്കുന്നു. ഇന്നലെകളില്‍ നമുക്കതുണ്ടായിരുന്നു. വായനശാലകളും പള്ളിമുറ്റങ്ങളും അമ്പലപ്പറമ്പുകളുമെല്ലാം അത്തരം കൂടിച്ചേരലുകള്‍ക്കു വേദിയായെങ്കില്‍ പുതിയ കാലത്തിനു യോജിച്ച അത്തരം സാംസ്കാരികമണ്ഡലങ്ങളുടെ പുത്തന്‍ പതിപ്പുകള്‍ സൃഷ്ടിക്കപ്പെടേണ്ടിയിരിക്കുന്നു. ചുരുക്കത്തില്‍ സാംസ്കാരികമായ ഒരു ദുരന്തമുഖത്തുനിന്നും കേരളം ഉറ്റുനോക്കുകയാണ് അതിന്‍റെ യുവതയെ, പ്രതീക്ഷയോടെ.

"ഭൂതകാലക്കുളിരേ… പെയ്തു തോരാതെ
നീയൊരു ചാറ്റല്‍മഴയായ് തുടരുക…
ആ മഴയില്‍ മുളയിടട്ടെ നന്മ തന്‍
പുതുനാമ്പുകള്‍…."

Related Stories

No stories found.
Sathyadeepam Weekly
www.sathyadeepam.org