ഹ്രസ്വവീഡിയോകളില്‍ നിന്നു നല്ല പുസ്തകങ്ങളിലേക്ക്...

സിദ്ധാര്‍ത്ഥ് പി കെ
ഹ്രസ്വവീഡിയോകളില്‍ നിന്നു നല്ല പുസ്തകങ്ങളിലേക്ക്...
ഒരു വര്‍ഷത്തിനുള്ളില്‍ ഏറ്റവും കൂടുതല്‍ കവിതാസമാഹാരങ്ങള്‍ പുറത്തിറക്കിയതിനുള്ള ഇന്ത്യാ ബുക് ഓഫ് റെക്കോഡ്‌സിന്റെ അംഗീകാരം നേടിയിട്ടുള്ള യുവാവാണ് സിദ്ധാര്‍ത്ഥ് പി കെ. 2020-21 ല്‍ പത്ത് ഇംഗ്ലീഷ് കവിതാസമാഹാരങ്ങളാണ് എം എ വിദ്യാര്‍ത്ഥിയായിരുന്ന സിദ്ധാര്‍ത്ഥ് പ്രസിദ്ധീകരിച്ചത്. വായനാവാരത്തിന്റെ പശ്ചാത്തലത്തില്‍ പുതുതലമുറയുടെ എഴുത്തിനെയും വായനയെയും കുറിച്ച് ചില അപ്രിയസത്യങ്ങള്‍ പങ്കുവയ്ക്കുകയാണ് സിദ്ധാര്‍ത്ഥ്...

എഴുത്തിന്റെ ലോകത്ത് ആരെങ്കിലുമായിട്ടുണ്ട് എന്ന യാതൊരു അവകാശവാദങ്ങളും എനിക്കില്ലെങ്കിലും എന്നേക്കും നിലനില്‍ക്കാന്‍ പോകുന്ന കുറെ അക്ഷരക്കൂട്ടങ്ങളെ സൃഷ്ടിക്കാനായി എന്ന ആത്മസംതൃപ്തി ഉണ്ട്. റോബര്‍ട്ട് ഫ്രോസ്റ്റ് പാടിയതുപോലെ 'പോകാന്‍ നാഴികകള്‍ ഇനിയുമേറെയുണ്ടെങ്കിലും കടന്നുപോന്ന വര്‍ഷങ്ങളെ പൂര്‍ണമായി പാഴാക്കിയില്ലെന്ന ആത്മവിശ്വാസവും'. അതിന് എന്നെ പ്രാപ്തനാക്കിയത് സമൂഹമാധ്യമങ്ങളില്‍ അധികം സമയം പാഴാക്കിയില്ല എന്നതാണ്.

വായനയെക്കുറിച്ച് ആളുകള്‍ വിചിന്തനം ചെയ്യുന്ന വാരമാണല്ലോ ഇത്. സമൂഹമാധ്യമങ്ങളോടു ആസക്തിയും അടിമത്തവും നമ്മുടെ പുതുതലമുറയുടെ വായനാശീലത്തെ വളരെ ദോഷകരമായി ബാധിക്കുന്നുണ്ട്. സോഷ്യല്‍ മീഡിയായും നമുക്ക് അറിവു പകരുന്നുണ്ട് എന്നതു സത്യമാണ്. ധാരാളം പ്രമുഖര്‍ സോഷ്യല്‍ മീഡിയായില്‍ എഴുതുന്നു, അവരെ വായിക്കാന്‍ സോഷ്യല്‍ മീഡിയായില്‍ പോകുകയല്ലാതെ വേറെ വഴിയില്ല. അതൊക്കെ ശരി തന്നെ. എന്നാല്‍ അപ്രകാരം വായനയ്ക്കായി സോഷ്യല്‍ മീഡിയ ഉപയോഗിക്കുന്നവര്‍ താരതമ്യേന കുറവാണ്. കൂടുതല്‍ പേരും റീല്‍സ് പോലെ ഹ്രസ്വമായ വീഡിയോകളില്‍ മാത്രം കുടുങ്ങിക്കിടക്കുന്നവരാണ്. റീല്‍സ് ഉണ്ടാക്കുന്നവര്‍ക്ക് അതുകൊണ്ടെന്തെങ്കിലും പ്രയോജനം ഉണ്ടാകാം. സ്‌ക്രോള്‍ ചെയ്ത് ഇവ മാറി മാറി കണ്ടുകൊണ്ടിരിക്കുന്നവര്‍ എന്നും കാണികള്‍ മാത്രമായിരിക്കും. ഒരു മിനിറ്റില്‍ താഴെയുള്ള വീഡിയോസ് കണ്ടുകണ്ട് രണ്ടര മണിക്കൂര്‍ ദൈര്‍ഘ്യമുള്ള സിനിമ കാണാനുള്ള ക്ഷമ പോലും ഇല്ലാത്തവരായി പുതുതലമുറ മാറിയിട്ടുണ്ട്. അപ്പോള്‍ പിന്നെ വായനയുടെ കാര്യം പറയേണ്ടല്ലോ.

മാത്രവുമല്ല, ഒരു പുസ്തകം പൂര്‍ണ്ണമായി വായിക്കുമ്പോള്‍ ലഭിക്കുന്ന അറിവോ അനുഭവമോ മാനസികവികാസമോ സോഷ്യല്‍ മീഡിയയിലെ ചെറിയ ചെറിയ വായനകള്‍ കൊണ്ട് ഉണ്ടാകുന്നില്ല. പുസ്തക വായനയ്ക്ക് സോഷ്യല്‍ മീഡിയ പകരമല്ല എന്നതാണു വാസ്തവം.

ലോകചരിത്രം നാം പൊതുവെ പരിശോധിച്ചാല്‍, എഴുത്തും വായനയും നല്‍കിയിട്ടുള്ള സംഭാവനകള്‍ നിര്‍ണ്ണായകമായിരുന്നു എന്നു കാണാം. പല സാമൂഹികപരിഷ്‌കരണങ്ങളും സാമുദായിക നവീകരണങ്ങളും വിപ്ലവങ്ങളുമെല്ലാം പുസ്തകങ്ങളിലൂടെ പങ്കുവയ്ക്കപ്പെട്ട ആശയങ്ങളുടെ പ്രചാരണം കൊണ്ടു കരസ്ഥമായിട്ടുണ്ട്. കേരളത്തിലും നമുക്കതു കാണാം. ശ്രീനാരായണഗുരുവിന്റെയും ചട്ടമ്പിസ്വാമികളുടെയും ചാവറയച്ചന്റെയും എല്ലാം ആശയങ്ങള്‍ പുസ്തകങ്ങളുടെ രൂപത്തില്‍ സമൂഹത്തിനു മുമ്പിലുണ്ട്. ധാരാളം കവികളും സാഹിത്യകാരന്മാരും കേരളത്തിന്റെ പുരോഗമനസ്വഭാവത്തിനു ദിശയും പ്രകാശവും നല്‍കിയവരാണ്. ഇവരെയെല്ലാം സമൂഹമധ്യത്തിലെത്തിക്കുന്നതില്‍ നമ്മുടെ വായനശാലകള്‍ വലിയ പങ്കുവഹിച്ചിരുന്നു. വായനശാലകളിലെ സംവാദങ്ങളും കൂട്ടായ്മകളും കേരളത്തെ രൂപപ്പെടുത്തുന്നതില്‍ പങ്കുവഹിച്ചിട്ടുണ്ട്. വായനശാലകളുടെ പ്രസക്തി കുറഞ്ഞു വരുന്നത് ഗുണകരമാണോ എന്നു ചിന്തിക്കണം. വായിക്കാന്‍ ഇന്നു വായനശാലകള്‍ വേണ്ട എന്ന സ്ഥിതി വന്നിട്ടുണ്ടാകാം. എന്നാല്‍ വായിക്കുന്നവര്‍ ഒന്നിച്ചു ചേരുന്ന അത്തരമിടങ്ങള്‍ സമ്മാനിക്കുന്ന സൗഹൃദവും സാഹോദര്യവും സമൂഹത്തെ വളര്‍ത്താന്‍ ഉപകരിച്ചിരുന്നു. ''മില്ലേനിയം കിഡ്‌സി''ല്‍ ഇതിനെക്കുറിച്ചൊന്നും യാതൊരു ധാരണയുമില്ലാത്തവര്‍ അനേകരാണ്.

മദ്യത്തോടും മയക്കുമരുന്നുകളോടും കാണുന്ന അമിതമായ പ്രിയവും സോഷ്യല്‍ മീഡിയ ഭ്രമവും ഒരേ നാണയത്തിന്റെ ഇരുവശങ്ങളാണോ എന്നു ചിന്തിക്കണം. കാലത്തിനനുസരിച്ചുള്ള മാറ്റങ്ങള്‍ നമ്മുടെ സമൂഹജീവിതത്തില്‍ വരുന്നത് സ്വാഭാവികമാണ്. എന്നാല്‍ നമ്മുടെ സാംസ്‌കാരികമായ എല്ലാ വേരുകളും മുറിച്ചു മാറ്റിക്കൊണ്ടു നമുക്കു നിലനില്‍ക്കാനും വളരാനുമാകില്ല. ഇത്തരം അടിസ്ഥാനപരമായ കാര്യങ്ങള്‍ യുവതലമുറയെ ബോധ്യപ്പെടുത്താന്‍ എഴുത്തുകാരും സാംസ്‌കാരിക നായകരും സമുദായനേതാക്കളും രംഗത്തിറങ്ങേണ്ടതുണ്ട്. പുതുതലമുറ ആസക്തികളുടെ പുറകെ പോകുന്നത് നമ്മുടെ സമൂഹത്തിന്റെ ഭാവിയുടെ മുമ്പില്‍ ചോദ്യചിഹ്നമുയര്‍ത്തുന്നു. അതു പ്രതിരോധിക്കപ്പെടണം.

എഴുത്തിന്റെയും വായനയുടെയും ലോകത്തേക്ക് പുതിയ തലമുറ കടന്നു വരണം. എഴുത്തു നല്‍കുന്ന ശാശ്വതമായ നേട്ടങ്ങളോ വായന നല്‍കുന്ന അറിവോ അനുഭവമോ മറ്റൊന്നു കൊണ്ടും പകരം വയ്ക്കാനാകുന്നതല്ല.

ഒരു പുസ്തകം പൂര്‍ണമായി വായിക്കുമ്പോള്‍ ലഭിക്കുന്ന അറിവോ അനുഭവമോ മാനസീകവികാസമോ സോഷ്യല്‍ മീഡിയയിലെ ചെറിയ ചെറിയ വായനകള്‍ കൊണ്ട് ഉണ്ടാകുന്നില്ല. പുസ്തക വായനയ്ക്ക് സോഷ്യല്‍ മീഡിയ പകരമല്ല എന്നതാണു വാസ്തവം.

സിദ്ധാര്‍ത്ഥ് പി കെ

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org