
പണ്ട് രണ്ടു കപ്പൂച്ചിന്‍ വൈദികരെ ഒരു നാട്ടിലെ ചില ഗുണ്ടകള്‍ കവലയിലെ കുരിശിനു മുമ്പില്‍ മുട്ടിന്മേല്‍ നിറുത്തി കൊന്ത ചൊല്ലിച്ചു. സഹ വൈദികര്‍ക്കിടയില്‍ അതൊരു സംസാരവിഷയമായി, പരിഹാസകഥയാ യി, പിന്നെ വിസ്മൃതമായി. പക്ഷേ, ഫാ. ഡാനി കപ്പുച്ചിന്റെ മനസ്സില്‍ അതു മായാതെ കിടന്നു. അതു വളര്‍ന്നു, ഭാവനയുടെ മാംസം ധരിച്ചു, നിറങ്ങള്‍ കലര്‍ ന്നു, തിരക്കഥയായി, ഒടുവില്‍ സിനിമയായി പുറത്തു വന്നു. അതാണു വരയന്‍ എന്ന സിനിമ.
ഒരു കത്തോലിക്കാ പുരോഹിതനെ മുഖ്യകഥാപാത്രമാക്കി, ഒരു കത്തോലിക്കാ പുരോഹിതന്‍ എഴുതിയ സിനിമ തിയേറ്ററുകളില്‍ വിജയം നേടിയിരിക്കുന്നു. ആ നിലയില്‍ മലയാളസിനിമാചരിത്രത്തില്‍ വരയന്‍ ഒരു സ്ഥാനം കൈയടക്കിയിരിക്കുന്നു. കേരളസഭയുടെയും വൈദികരുടെയും മാധ്യമസംരംഭങ്ങളുടെ ചരിത്രത്തിലാകട്ടെ വരയന്‍ ഇനി പുതിയൊരു അദ്ധ്യായമായിരിക്കും.
സിനിമാപ്രേക്ഷകര്‍ക്കെല്ലാം ജാതിയും മതവും ഭേദമില്ലാതെ വരയന്‍ ഇഷ്ടപ്പെട്ടു. കാരണം, മുഖ്യധാരാ മലയാളി പ്രേക്ഷകരെ ലക്ഷ്യം വച്ച് സൃഷ്ടിച്ചിരിക്കുന്ന ഒരു ശരിയായ എന്റര്‍ടെയിനര്‍ തന്നെയാണു ആത്യന്തികമായി വരയന്‍. അതുകൊണ്ടാണ് നവാഗതനായ ഫാ. ഡാനിയുടെ തിരക്കഥയ്ക്ക് അവസരം നല്‍കാന്‍ നായകനടനായ സിജു വിത്സനും നിര്‍മ്മാതാവായ പ്രേമചന്ദ്രനും തയ്യാറായത്. സംവിധായകനായ ജിജോ ജോസഫും നവാഗതനായതുകൊണ്ട് ഉള്ളടക്കം തന്നെയായിരുന്നു തുറുപ്പുചീട്ട്.
ഇപ്പോള്‍ കൊല്ലം, അഞ്ചല്‍ കപ്പുച്ചിന്‍ ആശ്രമത്തിലെ അംഗമാണു തിരക്കഥാകൃത്തായ ഫാ. ഡാനി. കണ്ടച്ചിറ സ്വദേശിയായ അദ്ദേഹം ബിരുദപഠനത്തിനുശേഷമാണ് കപ്പുച്ചിന്‍ സന്യാസസമൂഹത്തില്‍ ചേര്‍ന്നത്. 2005 ല്‍ പുരോഹിതനായി. കപ്പുച്ചിന്‍ ധ്യാനങ്ങളും സുവിശേഷപ്രസംഗങ്ങളും തന്നെയായിരുന്നു പ്രധാന പ്രവര്‍ത്തനമേഖല.
സാധാരണ സന്യാസജീവിതം നയിക്കുമ്പോഴും മനസ്സില്‍ കഥകളുണ്ടായിരുന്നു. കഥകള്‍ പലരോടും പറയുകയും ചെയ്യുമായിരുന്നു. ഒരു നോവല്‍ എഴുതിയിട്ടുണ്ട്. കഥകള്‍ സിനിമാരൂപത്തില്‍ വരുന്നതിനെ കുറിച്ചും ചിന്തിക്കുമായിരുന്നു. എങ്കിലും അതൊന്നും എളുപ്പമാകില്ല എന്നു തോന്നിയിരുന്നതുകൊണ്ടു വലിയ ശ്രമങ്ങളൊന്നും ആ വഴിയ്ക്കു നടത്തിയിരുന്നില്ലെന്ന് അദ്ദേഹം പറഞ്ഞു. സംവിധായകന്‍ ജിജോ ജോസഫുമായി പരിചയമായതിനു ശേഷം ഈ കഥകള്‍ അദ്ദേഹവുമായി പങ്കു വച്ചു. അങ്ങനെയാണ് അതിനൊരു തിരക്കഥാ രൂപം കൊടുക്കുന്നതും സിനിമയ്ക്കുള്ള പരിശ്രമങ്ങള്‍ നടത്തുന്നതും. അതു വിജയത്തിലെത്തിലെത്തിയതിന്റെ സംതൃപ്തിയിലാണ് ഫാ. ഡാനി കപ്പൂച്ചിന്‍.
പാട്ടും ഡാന്‍സും സ്റ്റണ്ടും കോമഡിയും പ്രേമവും എല്ലാമുള്ള ഒരു വാണിജ്യസിനിമയുടെ പിന്നില്‍ ഒരു പുരോഹിതന്‍ പ്രവര്‍ത്തിക്കുന്നതില്‍ അസ്വാഭാവികമായി യാതൊന്നുമില്ലെന്ന് ഫാ. ഡാനി പറയുന്നു. കൊമേഴ്‌സ്യല്‍ നാടകങ്ങള്‍ കളിച്ചുകൊണ്ടിരിക്കുന്ന കൊല്ലം അസീസി എന്ന നാടകട്രൂപ്പ് കപ്പുച്ചിന്‍ സഭയുടേതാണ്. നാടകമാകാമെങ്കില്‍ എന്തുകൊണ്ടു സിനിമ ആയിക്കൂടാ? സുവിശേഷമൂല്യങ്ങളാണ് ഇവയിലൂടെയെല്ലാം പകരാന്‍ ശ്രമിക്കുന്നത്.
എന്നാല്‍, സഭ ഔദ്യോഗികമായി തീരുമാനമെടുത്ത് സിനിമ നിര്‍മ്മിക്കുക എന്നതു പ്രായോഗികമല്ലെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. വ്യക്തികളുടെ ശ്രമഫലമായിട്ടാണ് ഇതെല്ലാം യാഥാര്‍ത്ഥ്യമാകേണ്ടത്. സഭയുടെ ഉടമസ്ഥതയിലുള്ള നാടകട്രൂപ്പുകളും ഏതെങ്കിലുമൊക്കെ വ്യക്തികളുടെ താത്പര്യത്തിന്റെയും സമര്‍പ്പണത്തിന്റെയും ഫലമായി രൂപം കൊണ്ടിട്ടുള്ളതാണ്.
നമ്മുടെ സംസ്‌കാരത്തെ അഗാധമാക്കണമെങ്കില്‍ നല്ല സിനിമകള്‍ ഉണ്ടാകേണ്ടതുണ്ടെന്നു ഫാ. ഡാനി പറഞ്ഞു. ഒരു സിനിമ കണ്ട് ആരെങ്കിലും മാനസാന്തരപ്പെടുക എന്നതല്ല സങ്കല്‍പം. ഒരു നല്ല സിനിമ വരുമ്പോള്‍, ഇതു നിര്‍മ്മിച്ചിട്ട് എന്തു പ്രയോജനമുണ്ടായി എന്നു വേണമെങ്കില്‍ ചിന്തിക്കാം. പക്ഷേ ഇതൊന്നും ഇല്ലായിരുന്നെങ്കില്‍ എന്നു ചിന്തിച്ചാല്‍ അതിന്റെ മറുവശം മനസ്സിലാകും. ഈ സിനിമകള്‍ ഇല്ലായിരുന്നെങ്കില്‍ നമ്മുടെ സംസ്‌കാരം അത്ര കണ്ടു ശുഷ്‌കിച്ചു പോകുമായിരുന്നു. പൊടുന്നനെ എന്തെങ്കിലും മാറ്റങ്ങള്‍ ഉണ്ടാക്കുക എന്നതല്ല ലക്ഷ്യം. ഇത്തരം സൃഷ്ടികളെല്ലാം നമ്മുടെ സംസ്‌കാരത്തെ രൂപീകരിക്കുന്നുണ്ട്. നമ്മുടെ വൈകാരികതയേയും കാഴ്ചപ്പാടുകളെയുമെല്ലാം അല്‍പാല്‍പമായി മാറ്റാന്‍ സിനിമയ്ക്കു കഴിയും. - അദ്ദേഹം വിശദീകരിച്ചു.
പുരോഹിതരെ സിനിമകളില്‍ മോശമായി കാണിക്കുന്നു എന്നു പരാതികള്‍ പറയുമ്പോള്‍ അതു ഫലത്തില്‍ ബധിരകര്‍ണങ്ങളിലെ വിലാപം മാത്രമായി മാറുകയാണു ചെയ്യുകയെന്ന് ഫാ. ഡാനി അഭിപ്രായപ്പെട്ടു. അത്തരം വൈദികരെ ചിത്രീകരിക്കാനുള്ള ആവിഷ്‌കാരസ്വാതന്ത്ര്യം ഇവിടെ ഉണ്ട്. അതിനെതിരായ വിലാപങ്ങള്‍ കൊണ്ട് ആരും മാറാനും പോകുന്നില്ല. അതിനോടൊക്കെയുള്ള ശരിയായ പ്രതികരണം, നമ്മളാഗ്രഹിക്കുന്ന നല്ല സിനിമകള്‍ സൃഷ്ടിക്കുക എന്നതാണ്. ഒരു പ്രതികരണമാണ് വരയന്‍ സിനിമ എന്നു വേണമെങ്കില്‍ പറയാം. -ഫാ. ഡാനി പറഞ്ഞു.
കലിപ്പക്കര എന്ന ഒരു ദ്വീപിലാണു വരയന്റെ കഥ നടക്കുന്നത്. വില്ലന്മാര്‍ നിറഞ്ഞ ആ നാട്ടിലേയ്ക്ക് ഫാ. എബി എന്ന പാവത്താനായ ഒരു കപ്പുച്ചിന്‍ വൈദികന്‍ വികാരിയായി വരുന്നതും നായകനായി മാറുന്നതുമാണ് ലളിതമായി പറഞ്ഞാല്‍ ഈ സിനിമ. കുടുംബപ്രേക്ഷകരെ തൃപ്തിപ്പെടുത്താന്‍ കഴിയുന്ന എല്ലാ ഘടകങ്ങളും സിനിമയിലുണ്ട്. ഫാ. എബിയായി സിജു വിത്സണും പ്രധാന വില്ലനായ പള്ളി കൈക്കാരനായി മണിയന്‍പിള്ള രാജുവും ലിയോണ ലിഷോയ്, ബിന്ദു പണിക്കര്‍ തുടങ്ങിയവരും അഭിനയമികവു പ്രകടമാക്കുന്നുണ്ട്. ഏതാനും ബാലനടീനടന്മാരും പ്രേക്ഷകവാത്സല്യം പിടിച്ചു പറ്റുന്നു. ഒരു നായയെ ഹൃദയത്തില്‍ തൊടുന്ന ഒരു കഥാപാത്രമായി പരിശീലിപ്പിച്ച് അവതരിപ്പിക്കുന്നതിലും സംവിധായകനും തിരക്കഥാകൃത്തും വിജയിച്ചിട്ടുണ്ട്.
മലയാളസിനിമകളില്‍ വൈദികകഥാപാത്രങ്ങള്‍ ഉണ്ടായിട്ടുണ്ടെങ്കിലും ഹീറോയിസം പ്രകടിപ്പിക്കുന്ന വൈദികര്‍ അധികമില്ല. ദ പ്രീസ്റ്റ്, വാരിക്കുഴിയിലെ കൊലപാതകം എന്നിവയില്‍ വൈദികനാണു നായകനെങ്കിലും തനി വൈദികരായിട്ടല്ല ആ കഥാപാത്രങ്ങളെ അവതരിപ്പിച്ചിട്ടുള്ളതെന്നു ഫാ.ഡാനി ചൂണ്ടിക്കാട്ടി. വൈദികര്‍ മാത്രമായി അവരെ അവതരിപ്പിക്കാന്‍ എഴുത്തുകാര്‍ക്കും സംവിധായകര്‍ക്കും പേടിയുള്ളതു പോലെയാണ് തോന്നിയത്. വൈദികന്‍ എന്നതു കൂടാതെ അവര്‍ മറ്റു പലതുമാണ്. എന്നാല്‍ വരയനിലെ വൈദികന്‍ വെറും വൈദികന്‍ മാത്രമാണ്. പൂര്‍ണമായും വൈദികനായി നില്‍ക്കുകയും എന്നാല്‍ ഹീറോയിസം കാണിക്കുകയും ചെയ്യുന്ന കഥാപാത്രം.
വൈദികനാണ് എന്നതിന്റെ പേരില്‍ പ്രത്യേക വിവേചനമൊന്നും സിനിമയില്‍ നേരിടേണ്ടി വന്നില്ലെന്നു ഫാ. ഡാനി പറഞ്ഞു. പുതിയ ഒരാള്‍ക്ക് സിനിമയില്‍ എത്തിപ്പെടാനുള്ള ബുദ്ധിമുട്ടു വളരെയാണ്. അത് എല്ലാവരും നേരിടുന്നതുമാണ്.
സിനിമയെ കുറിച്ചു കൂടുതല്‍ പഠിക്കാനും ഈ രംഗത്തു ക്രിയാത്മകമായി കൂടുതല്‍ ഇടപെടാനും ഉദ്ദേശിക്കുന്നതായും അദ്ദേഹം പറഞ്ഞു.