യുവജനങ്ങള്‍ക്കായുള്ള ഒരു അസാധാരണ ഗ്രന്ഥം

യുവജനങ്ങള്‍ക്കായുള്ള ഒരു അസാധാരണ ഗ്രന്ഥം
'അസാധാരണമായ ഒരു ഗ്രന്ഥം നിങ്ങളുടെ വായനയ്ക്കായി ഞാനിന്നു ശുപാര്‍ശ ചെയ്യുന്നു. ഈ ഗ്രന്ഥത്തിന്റെ ഉള്ളടക്കം മൂലവും ഇതിന്റെ ഉത്പത്തി മൂലവും ഇത് അസാധാരണ ഗ്രന്ഥമാണ്' ബെനഡിക്ട് പതിനാറാമന്‍ പാപ്പയുടെ YOUCAT നെക്കുറിച്ചുള്ള മുഖവുരയില്‍ നിന്ന്...

സാര്‍വത്രികസഭയുടെ മതബോധനരംഗത്തെ സുപ്രധാനമായ നാഴികക്കല്ലാണ് കത്തോലിക്കാസഭയുടെ യുവജന മതബോധനഗ്രന്ഥം (YOUCAT). വിശ്വാസ ജീവിതത്തില്‍ വെല്ലുവിളികള്‍ നിറഞ്ഞ, യുവജനങ്ങള്‍ കേവലം ഉപരിപ്ലവചിന്താഗതിക്കാരാണെന്ന ധാരണകള്‍ അഭിപ്രായപ്പെടുന്ന സാഹചര്യത്തില്‍, കത്തോലിക്കാസഭയുടെ അടിസ്ഥാന വിശ്വാസപ്രമാണങ്ങളെ ലോകത്തിനുമുമ്പില്‍ പ്രത്യേകിച്ചു യുവജനങ്ങള്‍ക്കു മുമ്പില്‍ വളരെ ലളിതവും വ്യക്തവുമായി അവതരിപ്പിക്കുകയെന്ന ലക്ഷ്യത്തോടെയാണ് ഈ ഗ്രന്ഥം രൂപീകൃതമായത്. കത്തോലിക്കാസഭയുടെ മതബോധനഗ്രന്ഥം (Catechism of the Catholic Church) നിലനില്‍ക്കേ സഭ യുവജനങ്ങള്‍ക്കുവേണ്ടി ഇത്തരത്തില്‍ വ്യത്യസ്തമായ ഒരു വീക്ഷണം മുന്നോട്ടുവെയ്ക്കാന്‍ ഇടയായ സാഹചര്യത്തെയും ചരിത്രത്തെയും അതിന്റെ സവിശേഷതകളെയും പ്രതിപാദിക്കുകയാണ് ഈ ലേഖനം.

  • ചരിത്ര പശ്ചാത്തലം

സഭയില്‍ രണ്ടാം വത്തിക്കാന്‍ കൗണ്‍സിലിനുശേഷം (1962-1965) വിശ്വാസത്തെ സംബന്ധിച്ചും ധാര്‍മ്മിക ജീവിതത്തെപ്പറ്റിയും നവീനമായ കാഴ്ചപ്പാടുകള്‍ രൂപപ്പെട്ടപ്പോള്‍ ക്രിസ്ത്യാനികള്‍ യഥാര്‍ത്ഥത്തില്‍ എന്തു വിശ്വസിക്കുന്നു എന്നതിനെക്കുറിച്ച് പലര്‍ക്കും തീര്‍ച്ചയില്ലായിരുന്നു. ഈ സാഹചര്യത്തില്‍ സഭ വിശ്വാസ സമൂഹത്തെ എന്താണു പഠിപ്പിക്കുന്നതെന്ന് വ്യക്തമാക്കാന്‍ ലോകത്തിലെ എല്ലാ മെത്രാന്‍മാരും ഒന്നിച്ചുചേര്‍ന്ന് ഒരു ഗ്രന്ഥം രചിക്കണമെന്ന് ജോണ്‍ പോള്‍ രണ്ടാമന്‍ പാപ്പ ആവശ്യപ്പെട്ടു. അങ്ങനെ 1992-ല്‍ ആ ദൗത്യത്തിന്റെ പൂര്‍ത്തീകരണമെന്നവണ്ണം 'കത്തോലിക്കാസഭയുടെ മതബോധനഗ്രന്ഥം' (CCC) പ്രസിദ്ധീകരിച്ചു. ഇതേ തുടര്‍ന്നു റോമിലും ടൊറോന്തോയിലും കൊളോണിലും സിഡ്‌നിയിലും വച്ചുനടന്ന ലോക യുവജനദിനാഘോഷങ്ങളില്‍ ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നു ഒന്നു ചേര്‍ന്ന യുവജനം പരിശുദ്ധ പിതാവിനോട് ഒരു ആവശ്യം മുന്നോട്ടു വച്ചു. കത്തോലിക്കാസഭയുടെ മതബോധനഗ്രന്ഥം യുവജനത്തിന്റെ ഭാഷയിലേക്കു തര്‍ജ്ജമ ചെയ്യപ്പെടേണ്ടത് കാലഘട്ടത്തിന്റെ ആവശ്യമാണ്. യുവജനങ്ങളുടെ ഈ ആഗ്രഹത്തെ മുന്‍നിര്‍ത്തി ജോണ്‍ പോള്‍ രണ്ടാമാന്‍ പാപ്പയുടെ കാലഘട്ടത്തില്‍ തന്നെ യുവജനങ്ങള്‍ക്കുവേണ്ടി വിശ്വാസത്തെ അടിസ്ഥാനപ്പെടുത്തിയുള്ള ഒരു ഗ്രന്ഥം രചിക്കാന്‍ തുടക്കം കുറിച്ചു. ബെനഡിക്ട് പതിനാറാമന്‍ പാപ്പ മെത്രാനായിരിക്കുന്ന കാലഘട്ടത്തില്‍ അതിന്റെ ആദ്യഘട്ടം മുന്നോട്ടുപോയി. 1997-ല്‍ പ്രസിദ്ധീകരിച്ച കത്തോലിക്കാസഭയുടെ മതബോധന ഡയറക്ടറി (General Directory for Catechesis), 2005 ലെ കത്തോലിക്കാസഭയുടെ മതബോധനസംക്ഷേപം (Compendium of the Catechism of the Catholic Church) എന്നിവയെ അടിസ്ഥാനമാക്കി കത്തോലിക്കാസഭയുടെ പ്രൈമറി എഡിറ്ററായ വിയന്നായിലെ ആര്‍ച്ചുബിഷപ്പ് ക്രിസ്റ്റോഫ് കാര്‍ഡിനല്‍ ഷോണ്‍ബോണിന്റെ സമര്‍ത്ഥമായ മാര്‍ഗനിര്‍ദേശത്തിന്‍ കീഴില്‍ YOUCAT തയ്യാറാക്കപ്പെട്ടു. 2011 ഓഗസ്റ്റ് 16 മുതല്‍ 21 വരെ സ്‌പെയിനിന്റെ തലസ്ഥാനമായ മാഡ്രിഡില്‍ വച്ചു നടന്ന അന്തര്‍ദേശീയ യുവജന സമ്മേളനത്തിന് ഒരുക്കമായി മാര്‍ച്ചു മാസം 25-ാം തീയതി മംഗളവാര്‍ത്തതിരുനാള്‍ ദിനത്തിലാണ് ജര്‍മ്മന്‍ഭാഷയില്‍ YOUCAT പ്രസിദ്ധീകരിച്ചത്. അന്തര്‍ദേശീയ യുവജന സമ്മേളനത്തില്‍ പങ്കെടുത്ത ഇരുപത് ലക്ഷത്തിലധികം വരുന്ന യുവജനങ്ങള്‍ക്ക് പരിശുദ്ധ പിതാവ് ബെനഡിക്ട് പതിനാറാമന്‍ പാപ്പയുടെ സമ്മാനമായി YOUCAT നല്‍കിയിരുന്നു. ചൈനീസ്, അറബി ഉള്‍പ്പെടെ ഇരുപത്തഞ്ചോളം വിവിധ ഭാഷകളിലായാണ് മാര്‍പാപ്പ മതബോധനഗ്രന്ഥം യുവജനങ്ങള്‍ക്കു നല്‍കിയത്. YOUCAT ന്റെ മലയാള പരിഭാഷയുടെ പ്രസിദ്ധീകരണത്തിന് KCBC യുടെ അനുമതി ലഭിച്ചതോടെ റവ. ഡോ. ജോര്‍ജ്ജ് കുരുക്കൂര്‍ അതിന്റെ മലയാള വിവര്‍ത്തനം നിര്‍വഹിച്ചു.

  • സവിശേഷതകള്‍

സാര്‍വത്രികസഭയുടെ മതബോധനഗ്രന്ഥത്തിന്റെ രത്‌നച്ചുരുക്കമാണ് യുവജന മതബോധനഗ്രന്ഥത്തിന്റെ ഉള്ളടക്കം. നാല് അധ്യായങ്ങളിലായി 527 ചോദ്യോത്തരങ്ങളിലൂടെ സഭയുടെ വിശ്വാസ പ്രബോധനങ്ങള്‍, കൂദാശകള്‍, ധാര്‍മ്മികത, പ്രാര്‍ത്ഥന, ആധ്യാത്മികത എന്നിവ സംബന്ധിക്കുന്ന സര്‍വതും യുവാക്കള്‍ക്കു സ്വീകാര്യമായ രീതിയില്‍ തന്നെയാണ് YOUCAT ലൂടെ അവതരിപ്പിച്ചിരിക്കുന്നത്. ചോദ്യോത്തര രീതി

യില്‍ സംവിധാനം ചെയ്തിരിക്കുന്ന ഈ ഗ്രന്ഥത്തില്‍ ഓരോ ഉത്തരത്തിനുശേഷവും നമ്പര്‍ കൊടുത്തിട്ടുണ്ട്. ആ വിഷയത്തെക്കുറിച്ച് കത്തോലിക്കാസഭയുടെ മതബോധനഗ്രന്ഥത്തില്‍ വ്യാപകമായും അഗാധമായും പ്രതിപാദിച്ചിട്ടുള്ളത് വായനക്കാരന്‍ പരിശോധിക്കുന്നതിനുവേണ്ടിയാണ്. ഉത്തരം കഴിഞ്ഞ് വ്യാഖ്യാനമുണ്ട്. ചര്‍ച്ച ചെയ്യപ്പെടുന്ന ചോദ്യങ്ങളെക്കുറിച്ചും ജീവിതത്തില്‍ അവയ്ക്കുള്ള പ്രാധാന്യത്തെക്കുറിച്ചും മനസ്സിലാക്കാന്‍ യുവാക്കളെ സഹായിക്കുന്നതിനുവേണ്ടിയാണത്. കൂടാതെ, YOUCAT ന്റെ മാര്‍ജിനില്‍ അനുബന്ധഘടകങ്ങള്‍ ധാരാളമായി ചേര്‍ത്തിരിക്കുന്നു. അങ്ങനെ ചിത്രങ്ങള്‍, സംക്ഷിപ്ത നിര്‍വചനങ്ങള്‍, വിശുദ്ധ ലിഖിതങ്ങളില്‍ നിന്നുള്ള ഉദ്ധരണികള്‍, വിശുദ്ധരില്‍നിന്നും ക്രൈസ്തവ എഴുത്തുകാരുടെ ഗ്രന്ഥങ്ങളില്‍ നിന്നും മാത്രമല്ല, മതമണ്ഡലത്തിനപ്പുറത്തുള്ള ഗ്രന്ഥകാരന്മാരില്‍ നിന്നുള്ള ഉദ്ധരണികളും ചേര്‍ത്തിട്ടുണ്ട്. ഗ്രന്ഥത്തിന്റെ അവസാനം വിഷയസൂചികയും നിര്‍വചനങ്ങളും ചേര്‍ത്തിരിക്കുന്നു. സവിശേഷ വിഷയങ്ങള്‍ എളുപ്പം കണ്ടെത്താന്‍ വേണ്ടിയാണത്. ഈ മതബോധനഗ്രന്ഥത്തിന്റെ മറ്റൊരു സവിശേഷത ഇതിന്റെ ആമുഖം എഴുതിയിരിക്കുന്നത് ബെനഡിക്ട് പതിനാറാമന്‍ പാപ്പയാണെന്നുള്ളതാണ്. ഉള്ളടക്കം കൊണ്ട് ഏറെ ശ്രദ്ധേയമായ ഗ്രന്ഥമാണിതെന്ന് ആമുഖത്തില്‍ പാപ്പ അഭിപ്രായപ്പെട്ടിരിക്കുന്നു.

ബെനഡിക്ട് പതിനാറാമന്‍ പാപ്പ YOUCAT ലൂടെ യുവജനങ്ങളുമായി പങ്കുവയ്ക്കുന്ന സന്ദേശത്തിന്റെ സംക്ഷിപ്തം ഇതാണ്:

'യുവജനങ്ങളേ, നിങ്ങള്‍ ഈ മതബോധനഗ്രന്ഥം ആവേശത്തോടും സ്ഥിരോത്സാഹത്തോടും കൂടെ പഠിക്കുക. വിലയേറിയ സമയം ഇതിനായി ബലിയര്‍പ്പിക്കുക. നിന്റെ മുറിയുടെ പ്രശാന്തതയില്‍ ഇതു പഠിക്കുക. ഒരു സുഹൃത്തിനോടൊപ്പം ഇതു വായിക്കുക. അങ്ങനെ പഠനസംഘങ്ങളും നെറ്റ് വര്‍ക്കുകളും രൂപപ്പെടുത്തി, ഇന്റര്‍നെറ്റില്‍ പരസ്പരം പങ്കുവയ്ക്കുക. എല്ലാവിധത്തിലും നിന്റെ വിശ്വാസത്തെക്കുറിച്ച് പരസ്പരം പറയുക. നീ എന്തു വിശ്വസിക്കുന്നുവെന്ന് നീ അറിഞ്ഞിരിക്കണം അതെ, നീ വിശ്വാസത്തില്‍ നിന്റെ മാതാപിതാക്കളുടെ തലമുറയെക്കാള്‍ കൂടുതല്‍ ആഴത്തില്‍ വേരുറച്ചവനാകണം. ഈ കാലഘട്ടത്തിന്റെ വെല്ലുവിളികളും പ്രലോഭനങ്ങളും ശക്തിയോടും ദൃഢനിശ്ചയത്തോടുംകൂടെ നേരിടാന്‍ നിനക്ക് കഴിവുണ്ടാകാനാണിത്.'

അങ്ങനെ സഭയെ സ്‌നേഹിക്കുകയും ക്രൈസ്തവ വിശ്വാസത്തില്‍ ജീവിക്കുകയും ചെയ്യുന്ന യുവതലമുറയെ രൂപപ്പെടുത്തുവാന്‍ ഈ ഗ്രന്ഥം ഇടയാക്കട്ടെ.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org