വിദ്യാഭ്യാസവായ്പ എടുക്കുമ്പോള്‍

വിദ്യാഭ്യാസവായ്പ എടുക്കുമ്പോള്‍
Published on
ഇന്ത്യയ്ക്കകത്തും പുറത്തും വിദ്യാഭ്യാസച്ചിലവ് ഓരോ വര്‍ഷവും കൂടി വരുകയാണ്. പല കോഴ്‌സുകളും സാധാരണക്കാര്‍ക്ക് താങ്ങാന്‍ കഴിയാത്തവയായി മാറിയിരിക്കുന്നു. വിദ്യാഭ്യാസവായ്പ എടുക്കുകയെന്നതാണ് ഇതിനൊരു പരിഹാരമുള്ളത്. ബാങ്കുകുകള്‍ ഒട്ടൊക്കെ ഉദാരമായി വായ്പ നല്‍കുന്ന സാഹചര്യത്തില്‍ വിദ്യാഭ്യാസവായ്പയുള്ള കുടുംബങ്ങളുടെ എണ്ണം പതിന്മടങ്ങ് വര്‍ധിച്ചു. എന്നാല്‍ ശരിയായ കണക്കുകൂട്ടലിന് ശേഷമാണോ വിദ്യാര്‍ത്ഥികളും രക്ഷിതാക്കളും വായ്പ തീരുമാനമെടുക്കുന്നത് എന്ന കാര്യം സംശയമാണ്.

ലോണ്‍ ആര്‍ക്കൊക്കെ?

ഇന്ത്യയിലും വിദേശത്തും ബിരുദ ബിരുദാനന്തര കോഴ്‌സുകള്‍ക്കും ടെക്‌നിക്കല്‍ പ്രൊഫഷണല്‍ ഡിപ്ലോമ കോഴ്‌സുകള്‍ക്കും പഠിക്കുന്നവര്‍ക്ക് വിദ്യാഭ്യാസലോണ്‍ ലഭിക്കാന്‍ അര്‍ഹതയുണ്ട്.

എത്ര രൂപ വരെ ലോണ്‍ ലഭിക്കും?

പഠന ചിലവിന്റെ നൂറുശതമാനം വരെയും പല ബാങ്കുകളും ലോണ്‍ നല്‍കുന്നുണ്ട്. എന്നാല്‍ പഠിക്കുന്ന സ്ഥാപനത്തിന്റെയും ബാങ്കിന് നല്‍കുന്ന ഈടിന്റെയും അടിസ്ഥാനത്തില്‍ പരമാവധി ലോണ്‍ തുകയില്‍ വ്യത്യാസം വരാം. ഉദാഹരണത്തിന് സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ പഠന സ്ഥാപനങ്ങളെ നാലു വിഭാഗങ്ങളായി തരംതിരിച്ചിട്ടുണ്ട്. മുന്‍നിര വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ പഠിക്കാന്‍ 50 ലക്ഷം രൂപ വരെ സെക്യൂരിറ്റി ഇല്ലാതെ ലോണ്‍ നല്‍കും. എന്നാല്‍ ഏറ്റവും താഴെത്തട്ടിലുള്ള സ്ഥാപനങ്ങളില്‍ പഠിക്കുന്നവര്‍ക്ക് സെക്യൂരിറ്റി ഇല്ലാതെ പരമാവധി ലഭിക്കാവുന്ന ലോണ്‍ 7.5 ലക്ഷം രൂപയാണ്.

സെക്യൂരിറ്റി

മേല്‍ സൂചിപ്പിച്ചതുപോലെ ബാങ്കുകള്‍ ഒരു നിശ്ചിത തുക വരെയുള്ള ലോണുകള്‍ക്ക് ഈട് ആവശ്യപ്പെടാറില്ല. എന്നാല്‍ മാതാപിതാക്കള്‍ സഹവായ്പക്കാര്‍ ആവേണ്ടതുണ്ട്. നിശ്ചിത തുകയ്ക്ക് മുകളിലുള്ള ലോണിന് വസ്തുവകകള്‍ പോലെയുള്ള ഈട് നല്‍കേണ്ടതായി വരും.

തിരിച്ചടവ്

കോഴ്‌സ് പൂര്‍ത്തിയായി ഒരു വര്‍ഷത്തിനുള്ളില്‍ അല്ലെങ്കില്‍ ജോലി ലഭിച്ച് ആറുമാസത്തിനുള്ളില്‍ തിരിച്ചടവ് ആരംഭിക്കണം. പരമാവധി 15 വര്‍ഷം വരെ തിരിച്ചടവ് കാലാവധി ബാങ്കുകള്‍ നല്‍കാറുണ്ട്.

പലിശ

10 മുതല്‍ 11.5 ശതമാനം വരെ വിവിധ ബാങ്കുകള്‍ വിദ്യാഭ്യാസ വായ്പയ്ക്ക് പലിശ ഈടാക്കുന്നുണ്ട്. ഐഐടി പോലുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ വിദ്യാര്‍ത്ഥികള്‍ക്ക് പലിശ നിരക്കില്‍ ഇളവും ലഭിക്കും.

വിദ്യാലക്ഷ്മി പോര്‍ട്ടല്‍

വിദ്യാഭ്യാസലോണുകള്‍ക്ക് അപേക്ഷിക്കുവാനുള്ള ഏകജാലക സംവിധാനമാണ് വിദ്യാലക്ഷ്മി പോര്‍ട്ടല്‍. ലോണാവശ്യവുമായി വിവിധ ബാങ്കുകള്‍ കയറിയിറങ്ങേണ്ട അവസ്ഥ ഒഴിവാക്കുകയാണ് ഇതിലൂടെ സാധ്യമാകുന്നത്. പോര്‍ട്ടലില്‍ ആദ്യം രജിസ്റ്റര്‍ ചെയ്യണം. തുടര്‍ന്ന് മൂന്നു ബാങ്കുകളിലേക്ക് ഒരേ സമയം അപേക്ഷിക്കാന്‍ കഴിയും. രേഖകള്‍ സഹിതം അപേക്ഷാഫോറം പോര്‍ട്ടലില്‍ സമര്‍പ്പിക്കാന്‍ കഴിയും.

സബ്‌സിഡി

നാലര ലക്ഷം രൂപയില്‍ താഴെ വാര്‍ഷിക വരുമാനമുള്ള കുടുംബത്തില്‍പ്പെട്ട വിദ്യാര്‍ത്ഥികള്‍ക്ക് നിബന്ധനകള്‍ക്ക് വിധേയമായി കേന്ദ്രസര്‍ക്കാരിന്റെ പലിശ സബ്‌സിഡിക്ക് അര്‍ഹതയുണ്ട്. സംസ്ഥാന സര്‍ക്കാരിന്റെ വിദ്യാഭ്യാസ വായ്പ തിരിച്ചടവ് സഹായ പദ്ധതിയും ശ്രദ്ധേയമാണ്. ഗുണഭോക്താവിന്റെ കുടുംബ വാര്‍ഷിക വരുമാനം 6 ലക്ഷം രൂപയില്‍ കവിയാന്‍ പാടില്ല. അംഗവൈകല്യമുള്ളവര്‍ക്ക് വാര്‍ഷിക വരുമാന പരിധി 9 ലക്ഷമാണ്.

ജന്‍ സമര്‍ത് പോര്‍ട്ടല്‍

കേന്ദ്രസര്‍ക്കാരിന്റെ 12 സബ്‌സിഡി സ്‌കീമുകള്‍ പൊതുവായുള്ള പോര്‍ട്ടലാണ് ജന്‍ സമര്‍ത് പോര്‍ട്ടല്‍. വിദ്യാഭ്യാസവായ്പയും ഇതില്‍ ഉള്‍പ്പെടും.

വായ്പ കുരുക്കാവരുത്

ഏതു വായ്പയേയും പോലെ വിദ്യാഭ്യാസവായ്പ എടുക്കുമ്പോള്‍ ഏറ്റവും ശ്രദ്ധിക്കേണ്ട കാര്യം നമുക്ക് അത് കൃത്യമായി തിരിച്ചടയ്ക്കുവാന്‍ കഴിയുമോ എന്നതാണ്.

കോഴ്‌സ് പഠിച്ചിറങ്ങുമ്പോള്‍ തൊഴില്‍ ലഭിക്കാന്‍ സാധ്യതയുണ്ടോ? ഉണ്ടെങ്കില്‍ പ്രതിമാസം ലഭിക്കാവുന്ന ശരാശരി ശമ്പളം എത്രയാണ്? ആദായനികുതിയും മറ്റ് കിഴിവുകളും കഴിഞ്ഞതിനുശേഷം എത്ര രൂപ പ്രതിമാസം കയ്യില്‍ കിട്ടും? അതില്‍ നിന്ന് വിദ്യാഭ്യാസവായ്പയുടെ ഇഎംഐ അടച്ചതിനുശേഷമുള്ള തുക കൊണ്ട് സൗകര്യപ്രദമായി ജീവിക്കുവാന്‍ കഴിയുമോ? ഇത്രയും കാര്യങ്ങള്‍ ലോണ്‍ എടുക്കുന്നതിനു മുമ്പ് ഓരോ വിദ്യാര്‍ത്ഥിയും അവരുടെ മാതാപിതാക്കളും കണക്കുകൂട്ടേണ്ടതായുണ്ട്.

എടുക്കുന്ന തുകയുടെ ഇ എം ഐ ഏകദേശം എത്രയായിരിക്കുമെന്ന് ബാങ്കില്‍ അന്വേഷിച്ചാല്‍ അറിയാന്‍ കഴിയും. ഫ്‌ളോട്ടിങ് പലിശ നിരക്കിലാണ് ലോണുകള്‍ നല്‍കുന്നത് എന്നതിനാല്‍ തിരിച്ചടവിന്റെ തുകയില്‍ ഭാവിയില്‍ വ്യതിയാനം വരാം. എന്നാല്‍ ഇക്കാലത്ത് പലിശ നിരക്ക് ഏറെക്കുറവോ കൂടുതലോ അല്ലാത്തതിനാല്‍ ശരാശരി തിരിച്ചടവിന്റെ തുക ഇന്നത്തെ പലിശ നിരക്കു വച്ച് കണക്കുകൂട്ടിയാല്‍ ഏതാണ്ട് ശരിയായിരിക്കും.

ജോലി ലഭിക്കാന്‍ താമസം നേരിടുകയും ആദ്യ കാലഘട്ടത്തില്‍ ലഭിക്കുന്ന ശമ്പളം കുറവായിരിക്കുകയും ചെയ്യുന്ന സാഹചര്യമുണ്ടായാല്‍ മാതാപിതാക്കള്‍ക്ക് തിരിച്ചടവിന് സഹായിക്കാന്‍ കഴിയുമോ എന്നതും കണക്കിലെടുക്കാം.

ഐ ഐ എം കണക്ക്

വിവിധ ഐ ഐ എം കളില്‍ പഠിച്ചിറങ്ങിയവര്‍ക്ക് ലഭിക്കുന്ന ശരാശരി ശമ്പളത്തെയും അവിടുത്തെ ഫീസിനെയും അടിസ്ഥാനമാക്കി ഒരു ഐ ഐ എം എംബി എ ക്കാരന്‍ തന്റെ എഡ്യൂക്കേഷന്‍ ലോണ്‍ തിരിച്ചടയ്ക്കാന്‍ എത്ര വര്‍ഷം എടുക്കും എന്നൊരു പഠനം ഈയിടെ നടക്കുകയുണ്ടായി. ചില ഐ ഐ എമ്മുകളില്‍ നിന്ന് പഠിച്ചിറങ്ങുന്നവര്‍ക്ക് വിദ്യാഭ്യാസലോണ്‍ തിരിച്ചടയ്ക്കാന്‍ 12 വര്‍ഷം വരെ വേണ്ടിവരും എന്നാണ് പഠനത്തില്‍ കണ്ടെത്തിയത്.

വിദ്യാഭ്യാസലോണ്‍ എടുക്കുന്ന ഓരോരുത്തരും തങ്ങള്‍ പഠിക്കുന്ന കോഴ്‌സിന്റെ ഫീസും ഭാവിയില്‍ ലഭിക്കാവുന്ന ശമ്പളത്തിന്റെ തോതുമനുസരിച്ച് വേണം വിദ്യാഭ്യാസലോണിന്റെ കാര്യത്തില്‍ അവസാന തീരുമാനമെടുക്കേണ്ടതെന്നര്‍ത്ഥം.

വെബ്‌സൈറ്റുകള്‍

www.vidyalakshmi.co.in

www.jansamarth.in

Related Stories

No stories found.
logo
Sathyadeepam Online
www.sathyadeepam.org