ഇരുട്ടില്‍ കണ്ട സ്വപ്നം, ഉദിച്ചുയര്‍ന്നു യാഥാര്‍ത്ഥ്യമായി

ഇരുട്ടില്‍ കണ്ട സ്വപ്നം, ഉദിച്ചുയര്‍ന്നു യാഥാര്‍ത്ഥ്യമായി
മുപ്പതോളം വര്‍ഷങ്ങളായി ഉദയകോളനിയില്‍ എസ് ഡി സിസ്റ്റേഴ്‌സ് നടത്തുന്ന സേവനങ്ങള്‍ക്കു മകുടം ചാര്‍ത്തുകയാണ്, സിസ്റ്റര്‍ അനീഷയുടെ നേതൃത്വത്തില്‍ നടന്ന ഭവന നിര്‍മ്മാണ പദ്ധതി. പുതിയ വീടുകള്‍ കുടുംബങ്ങളുടെ ജീവിതത്തെ സമഗ്രമായി പരിവര്‍ത്തിപ്പിച്ചു.

ഏതു മഴയത്തും അഴുക്കുവെള്ളം കയറി നാശമാകുന്ന കൊച്ചുകൂരകളില്‍ കഴിയുന്നവരുടെ സ്വപ്നം എന്തായിരിക്കും? സുരക്ഷിതമായ വീട് എന്നതാണു സാധാരണ ഗതിയില്‍ ഇതിനുത്തരം. എന്നാല്‍, എറണാകുളം ഉദയ കോളനിയിലെ വീട്ടുകാര്‍ക്ക് അങ്ങനെ ഒരു സ്വപ്നമുണ്ടായിരുന്നില്ല, അവിടെയുള്ള 125 ഓളം വീടുകള്‍ ഇത്തരത്തിലുള്ളവയായിരുന്നെങ്കിലും.

മുക്കാല്‍ സെന്റ് സ്ഥലമാണ് ഓരോ കുടുംബത്തിനുമുള്ളത്. നിലം ചതുപ്പാണ്. കൈയില്‍ കാശുമില്ല. സര്‍ക്കാരില്‍ നിന്നു പരമാവധി നാലു ലക്ഷം രൂപ കിട്ടും. അതുകൊണ്ടെങ്ങനെ വീടു പണിയാന്‍? അതിന്റെ ഫലമായി, ഇന്നു പുലരുക എന്നതിനപ്പുറമൊന്നും പദ്ധതിയിട്ടു ജീവിക്കുന്നവരായിരുന്നില്ല അവര്‍.

അതുകൊണ്ട് അവര്‍ക്കിടയില്‍ സേവനം ചെയ്യുന്ന എസ്.ഡി. സി സ്റ്റേഴ്‌സിന് ആദ്യം ചെയ്യേണ്ടിയിരുന്നത് അവര്‍ക്കൊരു സ്വപ്നം നല്‍കുക എന്നതായിരുന്നു. സിസ്റ്റര്‍ അനിഷയുടെ നേതൃത്വത്തില്‍ അവിടത്തെ മഠത്തിലെ സിസ്റ്റര്‍മാര്‍ അതു ചെയ്തു. വീട് എന്ന സ്വപ്നം പലര്‍ക്കുമുണ്ടായി.

എങ്കിലും നിലവിലുള്ള കൂരകള്‍ പൊളിച്ചു മാറ്റുന്നതു സാഹസമാകുമെന്ന പേടിയായിരുന്നു എല്ലാവര്‍ക്കും തന്നെ. പി എം എ വൈ എന്ന സര്‍ക്കാര്‍ ഭവനനിര്‍മ്മാണപദ്ധതിയിലേയ്ക്ക് അറുപത്തഞ്ചോളം വീട്ടുകാര്‍ അപേക്ഷ വച്ചു, അവ അംഗീകരിക്കപ്പെട്ടു. പണികളാരംഭിച്ചാല്‍ നാലു ലക്ഷം സര്‍ക്കാരില്‍ നിന്നു കിട്ടും. പക്ഷേ നിലവിലുള്ള വീടു പൊളിച്ച് പണിയാരംഭിക്കാന്‍ ആര്‍ക്കും ധൈര്യമില്ലായിരുന്നു. നാലു ലക്ഷം കൊണ്ടു പണിയാന്‍ പറ്റില്ല. എന്തു ചെയ്യും?

ഒടുവില്‍ ദൈവത്തിലാശ്രയിച്ച് സിസ്റ്റര്‍ ഒരു വാക്കു കൊടുത്തു: വീടു പൊളിക്കാന്‍ തയ്യാറാകുന്നവര്‍ക്കു രണ്ടു ലക്ഷം വീതം സിസ്റ്റേഴ്‌സ് കണ്ടെത്തി നല്‍കാം. മൂന്നു ലക്ഷം രൂപാ വായ്പയുമെടുക്കാം.

ബാങ്കുകള്‍ മുക്കാല്‍ സെന്റ് സ്ഥലത്തിനു വായ്പ നല്‍കില്ല. സഹകരണബാങ്കുകളെ സമീപിച്ചു, അവര്‍ തയ്യാറായി. ബാക്കി രണ്ടു ലക്ഷത്തിനു സിസ്റ്റര്‍മാര്‍ സന്മനസ്സുള്ള മനുഷ്യരെ സമീപിച്ചു. നിരവധി പേര്‍ സഹായിച്ചു. എസ് ഡി സമൂഹത്തിന്റെ മേധാവികളും പിന്തുണച്ചു. തികയാത്ത പണം എങ്ങനെയെങ്കിലും കണ്ടെത്താമെന്നു സഭാധികാരികള്‍ ധൈര്യപ്പെടുത്തി.

അങ്ങനെ രണ്ടു വീടുകള്‍ പൊളിച്ചു പണിതു. അവ അടുത്ത മഴയത്ത് വെള്ളത്തെ വീട്ടില്‍ കയറ്റിയില്ല. അതു കണ്ടതോടെ കൂടുതല്‍ പേര്‍ പുതിയ വീടുകള്‍ നിര്‍മ്മിക്കാന്‍ ധൈര്യപ്പെട്ടു മുന്നോട്ടു വന്നു. ഫാ. ഡേവീസ് ചിറമേലും മറ്റുള്ളവരും സോഷ്യല്‍ മീഡിയായിലൂടെയും മറ്റും ധനസമാഹരണം നടത്തി. ഒന്നേകാല്‍ കോടിയോളം രൂപ കണ്ടെത്തി. അപ്രകാരം അറുപത്തഞ്ചോളം വീടുകള്‍ ഇതിനകം പൂര്‍ത്തിയായി. 15 വീട്ടുകാര്‍ സ്വന്തമായി നിര്‍മ്മിച്ചു. അവശേഷിക്കുന്നവയും നിര്‍മ്മിക്കുന്നതിനുള്ള അണിയറയൊരുക്കങ്ങള്‍ നടക്കുന്നു.

മുപ്പതോളം വര്‍ഷങ്ങള്‍ക്കു മുമ്പാണ് എസ് ഡി സിസ്റ്റേഴ്‌സ് ഉദയ കോളനിയില്‍ സേവനമാരംഭിച്ചത്. സിസ്റ്റര്‍ റിഡംപ്റ്റ, സിസ്റ്റര്‍ നവീന എന്നിവരായിരുന്നു ആദ്യത്തെയാളുകള്‍. അവര്‍ കോളനിയില്‍ തന്നെ ഒരു വീട്ടില്‍ താമസമാക്കിയതോടെ 'അന്ധകാരകോളനി' ഉദയകോളനിയായി മാറുകയായിരുന്നു. സിസ്റ്റര്‍ മാരുടെ സാന്നിദ്ധ്യം തന്നെ കോളനിയുടെ അന്തരീക്ഷത്തില്‍ മാറ്റം വരുത്താന്‍ തുടങ്ങി. സിസ്റ്റര്‍മാര്‍ കേള്‍ക്കരുതല്ലോ എന്നു ചിന്തിച്ച്, പലരും പരസ്യമായ മദ്യപാനവും വഴക്കുകളും അവസാനിപ്പിച്ചു.

വൈകാതെ കുട്ടികള്‍ക്കു ട്യൂഷന്‍ ആരംഭിച്ചു. ഇരുനൂറോളം കുട്ടികള്‍ ക്രമത്തില്‍ ട്യൂഷന്‍ സെന്ററിലെത്തി. ട്യൂഷനു വരുന്നവര്‍ക്കു നല്‍കുന്ന ആഹാരമായിരുന്നു ആദ്യം അവരുടെ ലക്ഷ്യമെങ്കില്‍ പതുക്കെ അതു പഠനത്തിലേയ്ക്കു മാറി. പഠനം കൂടാതെ ബാന്‍ഡ് സെറ്റും ചെണ്ടമേളവും തുടങ്ങി. അവ പ്രൊഫഷണല്‍ ട്രൂപ്പുകളായി മാറി. അവര്‍ വിവിധ സ്ഥലങ്ങളില്‍ പരിപാടികള്‍ അവതരിപ്പിക്കുന്നു. ബാന്‍ഡ് സെറ്റില്‍ നിന്നു കിട്ടിയ നാല്‍പത്തയ്യായിരം രൂപ സ്വന്തം വീടുപണിക്കു നല്‍കിയ സ്‌കൂള്‍ കുട്ടികളൊക്കെ ഇവിടെയുണ്ട്.

സ്‌കൂള്‍ പഠനവും ട്യൂഷനും ബാന്‍ഡ് സെറ്റ് പരിശീലനവുമെല്ലാമായി മറ്റു തരത്തിലുള്ള കൂട്ടുകെട്ടുകള്‍ക്കും അലച്ചിലുകള്‍ക്കും സമയം കിട്ടാത്തവരാണ് ഇന്നവര്‍. അതുകൊണ്ടു തന്നെ ഇതെല്ലാം അവരുടെ വ്യക്തിത്വരൂപീകരണത്തിനും അവസരമേകി.

ഇതു തന്നെയാണ് പുതിയ വീടുകളും വരുത്തിയ ഒരു പ്രധാന പരിവര്‍ത്തനം.

മഴ പെയ്താല്‍ ചോരാത്ത, വെള്ളം കയറാത്ത വീടുകളില്‍ താമസിക്കാനാകുന്നു എന്നതിനേക്കാള്‍ വീടുകള്‍ അവരുടെ ജീവിതശൈലിയെ ആകെ മാറ്റി തീര്‍ക്കുകയാണുണ്ടായതെന്നു സിസ്റ്റര്‍ അനീഷ പറയുന്നു.

സ്വന്തം വീട്ടിലേയ്ക്ക് വിരുന്നുകാരായി എത്ര പ്രിയപ്പെട്ടവരെയും അവര്‍ ക്ഷണിച്ചു വരുത്താറില്ല, നേരത്തെ. വീടുകളില്‍ ഭക്ഷണമുണ്ടാക്കുന്നത് അപൂര്‍വമായിരുന്നു. അടുക്കള സൗകര്യങ്ങളുടെ കുറവും എലികളുടെ ശല്യവും ദുര്‍ഗന്ധവും മറ്റും മൂലം കടകളില്‍ നിന്നു വാങ്ങിക്കഴിക്കുകയായിരുന്നു പതിവ്. അതു മാറി. വീടുകളില്‍ കുടുംബവുമൊത്തു ചെലവഴിക്കുന്ന സമയം വളരെ കുറവായിരുന്നു. ഇതിനെല്ലാം മാറ്റം വന്നു.

തരക്കേടില്ലാത്ത വരുമാനം ജോലിയില്‍ നിന്നു ലഭിക്കുമായിരുന്നെങ്കിലും അത് എങ്ങനെ ചെലവാകുന്നു എന്ന് അവര്‍ക്കു പോലും അറിയില്ലായിരുന്നു. ഇന്ന് അത് വീട്ടാവശ്യങ്ങള്‍ക്കായി ചെലവാക്കുന്നു. പുതിയ വീട്ടുസമാനങ്ങള്‍ വാങ്ങണം, വായ്പ തീര്‍ക്കണം എന്നിങ്ങനെ പല ആവശ്യങ്ങളുണ്ടല്ലോ. കോര്‍പറേഷന്റെ മാലിന്യനിര്‍മ്മാര്‍ജന ജോലികള്‍ ചെയ്യുന്നവര്‍ ആക്രിവസ്തുക്കള്‍ വീടുകളില്‍ ശേഖരിക്കുമായിരുന്നു. അതൊഴിവാക്കുകയും മാലിന്യമുണ്ടാക്കുന്ന ആരോഗ്യപ്രശ്‌നങ്ങളില്‍ നിന്നു മോചനം പ്രാപിക്കുകയും ചെയ്തു.

ഒരുവിധം ക്രമസമാധാനപ്രശ്‌നങ്ങളൊക്കെ അവര്‍ തന്നെ പരിഹരിക്കുന്ന രീതി വന്നു. ഇനി ഈ കോളനിയില്‍ തെമ്മാടിത്തങ്ങളൊന്നും അനുവദിക്കാന്‍ വയ്യ എന്നൊരു നിലപാട്.

കുട്ടികള്‍ പഠിക്കുന്നു എന്നതാണ് ഇവയിലെല്ലാം വച്ച് പ്രധാനപ്പെട്ടത്. മുമ്പു വീട്ടില്‍ ഇരുന്നു പഠിക്കാനുള്ള സൗകര്യങ്ങളില്ലായിരുന്നു, അതിനുള്ള അന്തരീക്ഷവും ഇല്ലായിരുന്നു. എന്‍ജിനീയറിംഗും എല്‍ എല്‍ ബിയും നഴ്‌സിംഗും ബി എഡും ഒക്കെ പഠിച്ചവര്‍ ഇന്ന് ഇവിടെയുണ്ട്. സൈന്യത്തിലും മറ്റ് സ്ഥാപനങ്ങളിലും പലരും ജോലി നേടി. ജോലി എന്ന ലക്ഷ്യം പുതിയ തലമുറയ്ക്കുണ്ട്. ജനിച്ചു വളര്‍ന്ന ഈ കോളനിയെ മടുത്തുപേക്ഷിച്ചു പോയവര്‍ ഇന്നു മടങ്ങി വരുന്നു എന്നതാണ് കോളനിയില്‍ വന്ന മാറ്റത്തിന്റെ മറ്റൊരു തെളിവ്.

കോളനിവാസികളുടെ ആത്മാദരവ് ഉയര്‍ന്നു എന്നത് ചെറിയ കാര്യമല്ല. അതു സമൂഹത്തില്‍ അവരുടെ അന്തസ്സിനും മാറ്റം വരുത്തി.

ഉദയ കോളനിവാസികള്‍ ഇന്ന് സംതൃപ്തരാണ്. എസ് ഡി സിസ്റ്റര്‍ മാര്‍ക്കാണ് അവര്‍ അതിന്റെ ക്രെഡിറ്റ് സമ്മാനിക്കുന്നത്.

വീടുകള്‍ നിര്‍മ്മിച്ചത് കഴിഞ്ഞ രണ്ടു വര്‍ഷങ്ങള്‍ക്കിടെയായിരുന്നെങ്കിലും മുപ്പതോളം വര്‍ഷമായി തുടരുന്ന പ്രവര്‍ത്തനങ്ങളുടെ ഫലപ്രാപ്തിയായിരുന്നു അതെന്ന് സിസ്റ്റര്‍ അനീഷ പറഞ്ഞു.

ഉദയ കോളനിയിലെ ഈ സ്വപ്നപദ്ധതി നല്‍കിയ അനുഭവസമ്പത്തുമായി സിസ്റ്റര്‍ അനിഷ ഇപ്പോള്‍ വയനാട്ടിലെ നടവയലില്‍ പുതിയ സേവനരംഗത്തേയ്ക്കു പ്രവേശിച്ചിരിക്കുകയാണ്. അവിടെ 'ഡ്രീം വില്ലേജ് വയനാട്' എന്ന പ്രോജക്ട് എസ് ഡി സിസ്റ്റേഴ്‌സ് നടപ്പാക്കുന്നു. മാനന്തവാടി രൂപതയുടെ സുവര്‍ണജൂബിലി ആഘോഷങ്ങളുടെ കൂടി ഭാഗമായാണ് ഈ പദ്ധതി ആവിഷ്‌കരിച്ചു നടപ്പാക്കുന്നത്. നടവയല്‍ ഇടവകപരിധിയില്‍ വരുന്ന മൂന്നു പഞ്ചായത്തുകളില്‍ നിന്നായി ഏറ്റവും അര്‍ഹരായ നൂറു കുടുംബങ്ങളെ കണ്ടെത്തി അവരുടെ ക്ഷേമത്തിനാവശ്യമായ ബഹുമുഖമായ പദ്ധതിയാണ് ഇതിന്റെ ഭാഗമായി നടപ്പാകുന്നത്. ഉദയ കോളനിയില്‍ ചെയ്തതു പോലെ, സര്‍ക്കാര്‍ പദ്ധതികളെ പ്രയോജനപ്പെടുത്തുകയും ഒപ്പം ആവശ്യമായ ധനസഹായം മറ്റു നിലയിലും കണ്ടെത്തുകയും ചെയ്യുകയാണ് ലക്ഷ്യം.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org