
'എന്റെ പുണ്യജീവിതം മുഴുവന്‍ സത്യത്തോടുള്ള സ്‌നേഹമാണ്.'' ആണ്ടുകള്‍ നീണ്ട അന്വേഷണത്തിന്റെ അന്ത്യത്തില്‍ ഒരു വിശുദ്ധാര്‍ത്ഥിയില്‍ ഉരുവായ ആഴമായ അവബോധമാണിത്. ഇട്ടൂപ്പുണ്ണി എന്നായിരുന്നു അദ്ദേഹത്തിന്റെ പൂര്‍വാശ്രമനാമം. തൃശൂര്‍ ജില്ലയിലെ പാവറട്ടിയില്‍ ഒലക്കേങ്കില്‍ തറവാട്ടില്‍ പൗലോസ്, മറിയം ദമ്പതിമാരുടെ മകനായി 1920 നവംബര്‍ 27-ാം തീയതിയായിരുന്നു ജനനം. CMI സന്ന്യാസസമൂഹത്തില്‍ പുണ്യചരിതനായ ഡണ്‍സ്റ്റനച്ചനായി അദ്ദേഹം പരിണമിച്ചതു സത്യവഴിയില്‍ നിരന്തരം ചരിച്ചുകൊണ്ടാണ്. സ്വന്തം കുടുംബം തന്നെയായിരുന്നു ആ സഞ്ചാരത്തിന്റെ പ്രഥമ പദം.
കുടുംബത്തിലെ ആദ്ധ്യാത്മികാന്തരീക്ഷമാണ് ഇട്ടൂപ്പുണ്ണിയില്‍ ദിവ്യവും ദൃഢവുമായ ബോദ്ധ്യങ്ങള്‍ നിറച്ചത്. മാതാപിതാക്കളുടെ ചിട്ടയായ പരിശീലനം വിശുദ്ധി മുളയെടുത്തു വളരുന്നതിന് അനുകൂലമായ വ്യക്തിത്വഭാവങ്ങള്‍ രൂപപ്പെടുത്തി. കുടുംബത്തില്‍ പതിവായി നടന്നിരുന്ന ജ്ഞാനവായന, സവിശേഷമായി വിശുദ്ധരുടെ ജീവചരിത്ര പാരായണം സുകൃതങ്ങള്‍ വേരുറച്ചു വളരുന്നതിനും സന്ന്യാസദൈവവിളിയില്‍ പുരോഗമിക്കുന്നതിനും സഹായകമായി. സര്‍വ്വോപരി പുണ്യചരിതയായ മൂത്ത പെങ്ങള്‍ കുഞ്ഞേത്തിയുടെ മധുരഭാഷണവും മാതൃകയും വിശുദ്ധിയുടെ സോപാനത്തിലേക്കു വഴിതെളിച്ചു.
വിശുദ്ധനാകുന്നതിനുള്ള ഇട്ടൂപ്പുണ്ണിയുടെ പരിശ്രമം വളരെ തീക്ഷ്ണമായിരുന്നു. എന്നാല്‍ ആ യത്‌നത്തിനിടയില്‍ നേരിട്ട പ്രതിസന്ധികള്‍ അവനെ തളര്‍ത്തി. പലപ്പോഴും പരാജയം ഏറ്റുവാങ്ങി. തുടര്‍ച്ചയായ തോല്‍വികള്‍ മൂലം 'ഞാന്‍ ജനിച്ചില്ലായിരുന്നെങ്കില്‍' എന്ന നിരാശാജനകമായ വിഷാദ ഭാവത്തില്‍ നാളുകള്‍ നീങ്ങി.
ഇന്ത്യയ്ക്ക് ഒരു വിശുദ്ധന്‍
ഒരു ദിവസം പെങ്ങള്‍ കുഞ്ഞേത്തി പറഞ്ഞു: 'നമ്മുടെ നാട്ടില്‍ ഇതുവരെയും പുണ്യവാന്മാരുണ്ടായിട്ടില്ല.'' വളരെ വിഷമത്തോടെയാണ് ഇട്ടൂപ്പുണ്ണി ആ പ്രസ്താവന ശ്രവിച്ചത്. 'അന്യനാട്ടുകാര്‍ക്കു കൈ വന്ന ഭാഗ്യം നമുക്കില്ലല്ലോ എന്നോര്‍ത്തു ഞാന്‍ വളരെ ദുഃഖിതനായി... സ്വരാജ്യസ്‌നേഹത്തിന്റെ തള്ളല്‍ കൊണ്ട് ഒരു വിശുദ്ധനാകുന്നതിനു ഞാന്‍ ആഗ്രഹിച്ചു. അന്നാള്‍ മുതല്‍ ഇന്ത്യയ്ക്ക് ഒരു പുണ്യവാനുണ്ടാകുന്നതിനു വിശുദ്ധനാകുക എന്നതായിത്തീര്‍ന്നു എന്റെ ലക്ഷ്യം.'' ഡണ്‍സ്റ്റനച്ചന്‍ അനുസ്മരിക്കുന്നു. അങ്ങനെ സ്വ രാജ്യ സ്‌നേഹം ഇട്ടൂപ്പുണ്ണിയുടെ വിശുദ്ധിയിലേക്കുള്ള യാത്രയെ വീണ്ടും ഉന്മേഷഭരിതമാക്കി. 'സ്വ രാജ്യ സ്‌നേഹമാണ് എന്റെ സകല ഭാഗ്യങ്ങളുടെയും ആരംഭം.'' ഡണ്‍സ്റ്റനച്ചന്‍ ഏറ്റു പറയുന്നു.
തന്റെ ഏഴാമത്തെ വയസ്സില്‍ വിശുദ്ധപദത്തെക്കുറിച്ച് ഉണ്ടായിരുന്ന അവബോധമെന്തെന്നു ഡണ്‍സ്റ്റനച്ചന്‍ കുറിക്കുന്നുണ്ട്: 'കൊവേന്ത പള്ളിയില്‍ (പാവറട്ടി സെന്റ് തോമസ് മൊണാസ്ട്രി) മുട്ടുകുത്തി നില്‍ക്കുമ്പോള്‍ അവിടെയുള്ള ചെറിയ അള്‍ത്താരകള്‍ കാണുമ്പോള്‍ ഒരു ദിവസം ഞാനും (എന്റെ രൂപവും) അതുപോലെയുള്ള ഒന്നില്‍ പ്രതിഷ്ഠിക്കപ്പെടുമെന്നും പാവറട്ടിയുടെ നില ഞാന്‍ മൂലം ഉയരുമെന്നുമുള്ള വിചാരങ്ങള്‍ നിരന്തരമായി ഉണ്ടായികൊണ്ടിരുന്നു. ഇന്ത്യയിലെ ആദ്യത്തെ പുണ്യവാളനാകണം. എന്റെ മ്യതശരീരം പാവറട്ടിയില്‍ അടക്കപ്പെടണം.''
വിശുദ്ധനാകുകയെന്ന ആഗ്രഹം ചെറുപ്രായത്തില്‍തന്നെ സ്വന്തം അകത്തളത്തില്‍ മുളയെടുത്ത് മജ്ജയിലും മാംസത്തിലും ആവേശമായി വളര്‍ന്നു പടര്‍ന്നു സ്വന്തം ഉണ്മയെ മുഴുവനുമായി പുണര്‍ന്നു. നാളുകള്‍ മുന്നേറിയപ്പോള്‍ ഇട്ടൂപ്പുണ്ണി ഒരു യാഥാര്‍ത്ഥ്യം തിരിച്ചറിഞ്ഞു. തന്റെ 'പുണ്യവാനാകുക എന്ന ആഗ്രഹത്തില്‍ ലോകത്തിന്റെ സ്തുതി ബഹുമാനങ്ങള്‍ക്കു വേണ്ടിയുള്ള ആഗ്രഹങ്ങളും ആശയങ്ങളും കലര്‍ന്നിരിക്കുന്നു.'' 'ബാല്യകാലത്തെ ബാലിശമായ ആഗ്രഹങ്ങള്‍'' എന്ന് അദ്ദേഹം അവയെ വിശേഷിപ്പിക്കുന്നു. 'കത്തോലിക്കാ വിശ്വാസത്തോടു കൂടിയുള്ള സ്വരാജ്യസ്‌നേഹ''മെന്ന അടിസ്ഥാനത്തിലാണ് താന്‍ പണി തുടങ്ങിയത്. ഇപ്പോഴിതാ 'എല്ലാം തകര്‍ന്നതായി അനുഭവപ്പെടുന്നു.'' 'ദൈവസ്‌നേഹത്തില്‍ പ്രേരിതനായി വിശുദ്ധനാകാന്‍ പരിശ്രമിക്കുകയെന്നത് ആരംഭത്തില്‍ അത്ര എളുപ്പമുള്ള സംഗതിയായിരുന്നില്ല,'' അച്ചന്‍ തുറന്നു പറയുന്നു.
തകര്‍ന്നു പോയെങ്കിലും ഇട്ടൂപ്പുണ്ണി അന്വേഷണം തുടര്‍ന്നു. ആ ആത്മീയാന്വേഷണം പൂവണിഞ്ഞതു സത്യത്തോടുള്ള സ്‌നേഹത്തിലാണ്. 'പുണ്യവാനാകുവാന്‍ പരിശ്രമിച്ചു പരിശ്രമിച്ച് ഒടുവില്‍ ഒരു ദിവസം എനിക്കുതന്നെ ഞാന്‍ ഒരു മഹാപാപിയായി പ്രത്യക്ഷപ്പെട്ടപ്പോള്‍, ജന്മനാ ഭീരുവും ലജ്ജാശീലനുമായ എനിക്ക്, എന്റെ നിര്‍ഭാഗ്യസ്ഥിതി ഏറ്റുപറഞ്ഞു പുണ്യജീവിതം പുനരാരംഭിക്കുന്നതിനു സഹായമായിത്തീര്‍ന്നത് എന്റെ സത്യസ്‌നേഹമാണ്. അതു വഴിയായി എന്റെ കര്‍ത്താവിന്റെ പക്കല്‍ ഞാന്‍ കൃപ കണ്ടെത്തി. എന്റെ പശ്ചാത്താപം ഫലശൂന്യമായ നിരാശയായി പകരാതെ പൂര്‍വ്വാധികം ശക്തിയുള്ള ഒരു നവജീവന്‍ പ്രാപിക്കുവാനും അതു ജീവിതത്തില്‍ തുടരുന്നതിനും എനിക്കു സാധിച്ചു.''
പൂര്‍ണ്ണതയുടെ വിജയവഴിയായി ഡണ്‍സ്റ്റനച്ചന്‍ സത്യസന്ധതയെ കണ്ടെത്തി. അച്ചന്‍ അനുസ്മരിക്കുന്നു: 'എന്റെ പുണ്യജീവിതം മുഴുവന്‍ 'സത്യത്തോടുള്ള സ്‌നേഹം' 'Love of Truth' ആണ്. സത്യത്തെ സ്‌നേഹിക്കുക.'' അങ്ങനെ വിശുദ്ധനാകണമെന്ന ആഗ്രഹവും ലക്ഷ്യവും ഡണ്‍സ്റ്റനച്ചനെ സത്യസ്‌നേഹിയാക്കി; സത്യോപാസകനാക്കി. സത്യസാക്ഷാത്കാരം ജീവിതലക്ഷ്യമായി.
സത്യസ്‌നേഹത്തിന്റെ വഴിയില്‍ തികഞ്ഞ ആത്മവിശ്വാസത്തോടെ മുന്നേറുമ്പോഴും ഭാരതത്തിലെ ആദ്യത്തെ വിശുദ്ധനാകുകയെന്ന ചിന്ത അച്ചനെ മുഴുവനുമായി വിട്ടുപോയില്ല. പകരം അതു കൂടുതല്‍ ഉദാത്തമായ തലങ്ങളില്‍ ഒഴുകി. 1947-ല്‍ തിരുപ്പട്ടത്തിന്റെ തലേനാള്‍ എഴുതിയ കുര്‍ബാന നിയോഗങ്ങളില്‍ മൂന്നാമത്തേത്, 'ഇന്ത്യാക്കാരായ പുണ്യപ്പെട്ടവര്‍ വിശുദ്ധന്മാരുടെ പട്ടികയില്‍ ചേര്‍ക്കപ്പെടുന്നതിന്' എന്നാണ്.
ഡണ്‍സ്റ്റനച്ചന്‍ അനുസ്മരിക്കുന്നു: 'ഇന്ത്യയ്ക്ക് ഒരു വിശുദ്ധനെ ലഭിക്കുന്നതിനുവേണ്ടി ഇത്രയും കൊല്ലങ്ങള്‍ ജീവിതമര്‍പ്പിച്ചു കൊണ്ട് പരിശ്രമിച്ചിട്ടുള്ളവര്‍ ഉണ്ടാകുമെന്നു തോന്നുന്നില്ല. മാത്യഭൂമിയുടെ ഉന്നമനത്തിനായി പരിശ്രമിച്ചിട്ടുള്ളവരില്‍ അഗ്രഗണ്യനാകുവാന്‍ ഞാന്‍ ആഗ്രഹിക്കുന്നു... ഏഴു വയസു മുതല്‍ മരണംവരെ മാത്യഭൂമിക്കുവേണ്ടി ത്യാഗങ്ങള്‍ അനുഷ്ഠിക്കാന്‍, ജീവിതമര്‍പ്പിക്കാന്‍ പ്രേരണ നല്‍കുന്നതിനു കത്തോലിക്കാ വിശ്വാസത്തിനു കഴിവുണ്ടെന്നു ലോകം അറിയട്ടെ. ദൈവം തന്റെ മഹത്വം ഇന്ത്യയില്‍ വെളിപ്പെടുത്തുന്നതിനായി ഇടവരട്ടെ. നിന്റെ മനസു നിറവേറുന്നതിനായി നിന്നില്‍ ഞാന്‍ സര്‍വ്വരാജ്യങ്ങളേയും ആശ്ലേഷിക്കുന്നു...
'ഇന്ത്യയെ ഞാന്‍ സ്‌നേഹിച്ചതുകൊണ്ടാണ് നിന്റെ നേരെയുള്ള സ്‌നേഹത്തില്‍ ഞാന്‍ പുരോഗമിക്കുവാന്‍ തുടങ്ങിയത്. ഇന്നിപ്പോള്‍ ഇന്ത്യയെ സ്‌നേഹിക്കുന്നതു നിന്നെ സ്‌നേഹിക്കുന്നതുകൊണ്ടു മാത്രമാണ്, നിന്നില്‍ മാത്രമാണ്.'' അങ്ങനെ വിശുദ്ധനാകുന്നതിന് അഭിപ്രേരണയായി ദൈവ സ്‌നേഹം അദ്ദേഹത്തില്‍ വളര്‍ന്നു.
ദൈവം മാത്രം സത്യം
''സത്യമായിട്ട് ഒന്നു മാത്രമേയുള്ളൂ. അതു ദൈവമാണ്.'' ഡണ്‍സ്റ്റനച്ചന്‍ സ്വന്തം വിശ്വാസം ഏറ്റു പറയുന്നു. ഈ വിശ്വാസം അദ്ദേഹത്തെ സത്യത്തിന്റെ സാധകനാക്കി.
എഡിത്ത് സ്‌റ്റെയിന്‍ എന്നറിയപ്പെടുന്ന കുരിശിന്റെ വി. തെരേസ ബെനഡിക്റ്റ പറയുന്നു: 'Whoever seeks the truth is seeking God, whether consciously or unconsciously.' 'സത്യത്തെ തേടുന്നവര്‍ അറിഞ്ഞോ അറിയാതെയോ ദൈവത്തെ തേടുന്നു.'' ഡണ്‍സ്റ്റനച്ചന്‍ ജീവിതത്തില്‍ അനുനിമിഷം സത്യത്തെ സ്‌നേഹിച്ചു. ദൈവത്തിലേക്കുള്ള വഴിയാണെന്ന് അറിഞ്ഞു കൊണ്ടുതന്നെ സത്യത്തെ നിരന്തരം അന്വേഷിച്ചു. അതിനെ സര്‍വ്വസ്വവുമായി കരുതി. സത്യമല്ലാത്ത എല്ലാത്തില്‍നിന്നും മനസ്സിനെ മോചിപ്പിച്ചു. പ്രാര്‍ത്ഥനയും പരിത്യാഗവുംവഴി തന്നെത്തന്നെ ശുദ്ധീകരിച്ചു. ദൈവികസുകൃതങ്ങള്‍ നിരന്തരമായി അഭ്യസിച്ചു. നിത്യസത്യമായ ദൈവവുമായുള്ള ഐക്യത്തിനും സായൂജ്യത്തിനുമായി തന്നെത്തന്നെ സമര്‍പ്പിച്ചു. നിത്യസത്യമായ ദൈവത്തെ കണ്ടെത്തി.
സത്യം ആത്യന്തികം, ആപേക്ഷികം
ജീവിതം സത്യാന്വേഷണ പരീക്ഷണമാക്കി മാറ്റിയ മഹാത്മാഗാന്ധി സത്യത്തിന് ആത്യന്തികം, ആപേക്ഷികം എന്നീ സ്വഭാവങ്ങളുണ്ടെന്നു പറഞ്ഞു. പരമസത്യമായ ദൈവമാണ് ആത്യന്തികസത്യം. ചിന്തയിലും വാക്കിലും കര്‍മ്മത്തിലും പരസ്പരധാരണയും പൊരുത്തവും ഉണ്ടായിരിക്കുകയെന്നത് ആപേക്ഷികസത്യം. ആത്യന്തിക സത്യം കണ്ടെത്തുവോളം ആപേക്ഷികസത്യത്തെ മുറുകെപ്പിടിക്കുകയെന്നതു ജീവിതവ്രതമായി അദ്ദേഹം കരുതി. സത്യത്തെക്കുറിച്ചുള്ള ഈ ഗാന്ധിയന്‍ ദര്‍ശനത്തിന്റെ നേര്‍സാക്ഷ്യമായിരുന്നു ഡണ്‍ സ്റ്റനച്ചന്‍.
പരമസത്യമായ ദൈവത്തെ പുല്‍കുന്നതിനുള്ള യാത്രയില്‍, അനുദിനജീവിത സാഹചര്യങ്ങളില്‍ വാക്കിലും പ്രവൃത്തിയിലും സത്യസ്‌നേഹത്തിന് ഡണ്‍സ്റ്റനച്ചന്‍ സാക്ഷ്യം നല്കി. 'സത്യമായതു വിശ്വസിക്കുക; വിശ്വസിക്കുന്നതു പറയുക; പറയുന്നതു പ്രവര്‍ത്തിക്കുക. സത്യത്തിന്റെ അംഗീകരണത്തില്‍ നിന്നേ നീതി പുലരുകയുള്ളു.' ഇത് ഡണ്‍സ്റ്റനച്ചന്റെ ജീവിതബോദ്ധ്യമായിരുന്നു. വാക്ചാതുരിയില്ലാതെ, വളച്ചുകെട്ടുകളില്ലാതെ, മനസ്സാ, വാചാ, കര്‍മ്മണാ സത്യത്തിന്റെ ഋജുവായ മാര്‍ഗ്ഗത്തിലൂടെ അച്ചന്‍ സഞ്ചരിച്ചു. അസത്യത്തിനെതിരെ ശബ്ദമുയര്‍ത്തി. സമൂഹത്തില്‍ ഭൂരിപക്ഷത്തിന്റെ സ്വരം സത്യമായി അംഗീകരിക്കണമെന്ന മിഥ്യാധാരണകള്‍ക്കതീതമായി നിലകൊണ്ടു. പലപ്പോഴും ഏകാകിയായി സത്യത്തിനു സാക്ഷ്യം നല്‍കി. എതിര്‍പ്പുകളെ അവഗണിച്ചു. പരിക്കുകള്‍ പരിഗണിക്കാതെ പോരാടി. സത്യസ്‌നേഹം ആ സാധകനെ അതിന്റെ പ്രവാചകനാക്കി.
താന്‍ നിശ്ചയിച്ചു നിഷ്ഠയോടെ നയിച്ച വിശുദ്ധ ജീവിതം, വി ശുദ്ധിയിലേക്കു താന്‍ മാര്‍ഗ്ഗമായി സ്വീകരിച്ച സന്ന്യാസസമര്‍പ്പണം, വൃതങ്ങളുടെ പാലനം, സ്വന്തം കുറവുകളെയും പരാജയങ്ങളെയും അംഗീകരിക്കുന്നതിനും അതിജീവിക്കുന്നതിനുമുള്ള തുറവിയുടെ മനോഭാവം, പ്രാര്‍ത്ഥനാജീവിതം, സമൂഹജീവിതം, സുകൃതങ്ങളുടെ അഭ്യസനം, ചുമതലകളുടെ നിര്‍വ്വഹണം തുടങ്ങി ജീവിതത്തിന്റെ എല്ലാ മേഖലകളിലും സത്യ സ്‌നേഹത്തിനു സാക്ഷ്യം നല്‍കി.
ഡണ്‍സ്റ്റനച്ചന്‍ പറയുന്നു: 'എനിക്കു ഓര്‍മ്മവെച്ച നാള്‍ മുതല്‍ ഇന്നുവരെ പറയത്തക്ക തോല്‍വി കൂടാതെ നിലനിന്നിട്ടുള്ള ഒരു ഗുണം സത്യത്തോടുള്ള സ്‌നേഹമാണ്. ഇത് എനിക്കു ജന്മസിദ്ധമെന്നതുപോലെയാണ്. മറ്റു പല ഗുണങ്ങളും ഒരു പരാജയത്തിനുശേഷം തിരുത്തി വീണ്ടും ആരംഭിച്ചതായി ഞാന്‍ ഓര്‍ക്കുന്നു. എന്നാല്‍ ഇത് അപ്രകാരമല്ല. ചെറുപ്പത്തില്‍ തീരെ നിസ്സാരമായ ചില സംഗതികളില്‍ കള്ളം പറഞ്ഞിട്ടുണ്ട്. അത് മറ്റുള്ളവരുടെ ശ്രദ്ധയെ ആകര്‍ഷിക്കാവുന്ന രീതിയില്‍ വല്ലതും വിവരിക്കുമ്പോഴാണു നടന്നിട്ടുള്ളത്. യഥാര്‍ത്ഥ്യം എന്നോട് ആവശ്യപ്പെട്ട നേരങ്ങളില്‍ ഒരിക്കലും മനഃപൂര്‍വ്വം കള്ളം പറഞ്ഞിട്ടില്ല.'' ''കള്ളം പറയുന്നത് എത്ര നിസ്സാരമായ വിധത്തിലും സാഹചര്യത്തിലും ആയിരുന്നാലും ഒരു ചെറിയ പാപമെങ്കിലുമായിരിക്കുമെന്ന് അറിവു കിട്ടിയതുമുതല്‍ ഒരിക്കലും അതിനു ഞാന്‍ തുനിഞ്ഞിട്ടില്ല.''
കോയമ്പത്തൂരിലെ നവസന്ന്യാസഭവനത്തിന്റെ കെട്ടിടപ്പണി നടക്കുന്ന കാലം. പെര്‍മിറ്റ് അനുസരിച്ചു ലഭിച്ച സിമന്റ് ഉപയോഗിച്ചു പണികള്‍ നടന്നു. ഇടയില്‍ സിമന്റ് ലഭിക്കാതെ പണി മുടങ്ങുമെന്ന ഘട്ടത്തിലെത്തി. കെട്ടിടപ്പണിയുടെ ചുമതല വഹിക്കുന്നയാള്‍ ഒരു ലോഡ് സിമന്റ് അധികവില കൊടുത്തു കരിഞ്ചന്തയില്‍ വാങ്ങി. ഡണ്‍സ്റ്റനച്ചന്‍ അതറിഞ്ഞപ്പോള്‍ പറഞ്ഞു: ''നമുക്ക് ഈ ഇടപാട് വേണ്ട.'' ''പണി നിറുത്തി വയ്‌ക്കേണ്ടി വരും.'' ചുമതലക്കാരന്‍ മുന്നറിയിപ്പു നല്‍കി. ''അങ്ങനെയെങ്കില്‍ പണി നിറുത്തുക. പണി തീരാത്ത, പണിമുടങ്ങിയ കെട്ടിടമായിരിക്കും ഏറ്റവും വലിയ സാക്ഷ്യം. മറ്റുള്ളവര്‍ പണി നടക്കാത്തതിനു കാരണം ചോദിച്ചാല്‍ നമുക്കു മറുപടി പറയാം.'' അച്ചന്‍ തന്റെ നിലപാട് അറിയിച്ചു.
ഡണ്‍സ്റ്റനച്ചന്‍ ഒരു എയ്ഡഡ് വിദ്യാലയത്തിന്റെ മാനേജരായി വര്‍ത്തിക്കുന്ന കാലം. ഓരോ വര്‍ഷവും പ്രധാനാധ്യാപകന്‍ വരവു ചെലവു കണക്കുകള്‍ ശരിപ്പെടുത്തി മാനേജരുടെ ഒപ്പു വാങ്ങി സര്‍ക്കാരിലേക്ക് അയക്കുന്ന പതിവുണ്ട്. കണക്കുകള്‍ പരിശോധിച്ചശേഷമാണ് സര്‍ക്കാര്‍ വകുപ്പ് പതിവുള്ള ഗ്രാന്റ് അനുവദിക്കുക. പതിനുസരിച്ച് പ്രധാനാധ്യാപകന്‍ ഒപ്പു വാങ്ങാനായി മാനേജരായ ഡണ്‍സ്റ്റനച്ചനെ സമീപിച്ചു. കണക്കുകള്‍ പരിശോധിച്ച അച്ചന്‍ അതില്‍ ചെയ്യാത്ത ചെലവിന്റെ കണക്കു കണ്ടെത്തി. അദ്ദേഹം അതിനു കാരണമന്വേഷിച്ചു. പ്രധാനാധ്യാപകന്‍ മറുപടി പറഞ്ഞു: 'സര്‍ക്കാരില്‍ നിന്നു ലഭിക്കാനുള്ള തുക മുഴുവനും ചെലഴിച്ചതായി കണക്കില്‍ കാണിക്കണം. അല്പം മാത്രം ചെലവഴിച്ചാല്‍ തുക തെല്ലും ലഭിക്കാതെ പോകും. അതുകൊണ്ട് കണക്കില്‍ അല്പം കൃത്രിമം സാധാരണമാണ്. അതില്‍ കുഴപ്പമില്ല.'' പക്ഷെ, ഡണ്‍സ്റ്റനച്ചന് ആ പതിവു പരിപാടിയോടു യോജിക്കാനായില്ല. കള്ളക്കണക്കെഴുതി കിട്ടുന്ന ഗ്രാന്റ് വേണ്ടെന്നു വച്ചു. അങ്ങനെ ജീവിതത്തിന്റെ സംശുദ്ധിക്ക് അദ്ദേഹം സ്വയം അടിവരയിട്ടു.
ശുദ്ധമായ മനസ്സാക്ഷി, സത്യസ്‌നേഹത്തിന്റെ മറുരൂപം
ദൈവം സത്യമാണ്. അവിടുന്നു മനസ്സാക്ഷിയാണ്. ഒരുവന്റെ അന്തരംഗം എന്താണോ പറയുന്നത് അതുതന്നെയാണ് സത്യം. ദൈവത്തിന്റെ, മനസ്സാക്ഷിയുടെ, സത്യത്തിന്റെ അചഞ്ചലമായ മര്‍മ്മരം ഇവയെല്ലാം ഒന്നുതന്നെയാണ്. മഹാത്മാക്കള്‍ക്കു ദൈവവും സത്യവും മനസ്സാക്ഷിയും പര്യായപദങ്ങളത്രെ.
ഡണ്‍സ്റ്റനച്ചനു 'സത്യത്തെക്കുറിച്ചുള്ള ആശയങ്ങളും അതിനോടുള്ള സ്‌നേഹവും ക്രമേണ വളര്‍ന്നതാണെങ്കിലും അതിന്റെ ഒരു ഭാഗമായ അല്ലെങ്കില്‍ മറ്റൊരു രൂപമായ മനസ്സാക്ഷിയോടുള്ള ആദരവ് ആദ്യം മുതലെയുണ്ടായിരുന്നു.'' അതുകൊണ്ടു തന്നെ ചെറുപ്രായം മുതല്‍ മനസ്സാക്ഷിയുടെ രൂപീകരണമെന്നതു തപസായി അദ്ദേഹം കരുതി. അച്ചന്‍ കുറിക്കുന്നു: 'മറ്റുള്ളവരുടെ അഭിപ്രായങ്ങള്‍ ഞാന്‍ കണ്ണടച്ചു പിഞ്ചെന്നിരുന്നില്ല. എന്റെ മനസ്സാക്ഷിയെ ന്യായങ്ങള്‍കൊണ്ടു തിരുത്താന്‍ ഞാന്‍ ഒരുക്കമായിരുന്നു. പക്ഷെ, തിരുത്തുന്നതിനു മുമ്പ് അതിനെ അവഗണിച്ച് എന്തെങ്കിലും ചെയ്യുന്നതിന് അത്ര എളുപ്പം വഴിപ്പെട്ടിരുന്നില്ല.'' ''ജീവിത കാലത്തെ മുഴുവന്‍ പരിശോധിച്ചുകൊണ്ടുള്ള ആത്മശോധനകള്‍ ഈ വിഷയത്തില്‍ ചെറുപ്പം മുതല്‍ പലപ്പോഴും ഞാന്‍ നടത്തിയിട്ടുണ്ട്.''
ജീവിതത്തിലുടനീളം തുടര്‍ന്ന ഈ ആത്മീയ പരിശീലനം അദ്ദേഹത്തിന്റെ ജീവിതത്തെ പലപ്പോഴും സംഘര്‍ഷപൂരിതമാക്കി. ഏറെ ആന്തരിക സമരം അദ്ദേഹം അനു ഭവിക്കേണ്ടിവന്നു. ''എനിക്കു മറ്റുള്ളവരില്‍നിന്നു സഹിക്കേണ്ടി വന്നിട്ടുള്ളവയില്‍ മനസ്സാക്ഷിയെ പ്രതി സഹിച്ചിട്ടുള്ളവ മാത്രമെ എന്നെ സ്പര്‍ശിച്ചിട്ടുള്ളു.'' അച്ചന്‍ അനുസ്മരിക്കുന്നു.
വിശുദ്ധ തോമസ് മൂറിന്റെ വഴിത്താരയില്‍
ജീവിതത്തില്‍ സത്യസന്ധത അതിന്റെ പൂര്‍ണ്ണതയില്‍ പാലിക്കാനുള്ള സമര്‍പ്പണാത്മകമായ പരി ശ്രമത്തില്‍ ഡണ്‍സ്റ്റനച്ചനു വഴി കാട്ടിയായി വന്നത് വി. തോമസ് മൂറാണ്. 1935-ല്‍ തോമസ് മൂര്‍ വിശുദ്ധനായി നാമകരണം ചെയ്യപ്പെട്ടപ്പോള്‍ അച്ചനു വയസ്സ് 15.
ബ്രിട്ടനിലെ ചക്രവര്‍ത്തിയായിരുന്ന ഹെന്റി എട്ടാമന്റെ ആത്മമിത്രവും ആലോചനക്കാരനുമായിരുന്നു തോമസ് മൂര്‍. സ്വന്തം ഭാര്യയെ ഉപേക്ഷിച്ച് മറ്റൊരു സ്ത്രീയെ വിവാഹം ചെയ്യാനുള്ള രാജാവിന്റെ തീരുമാനത്തെ അനുകൂലിക്കുവാന്‍ തോമസ് മൂറിനു കഴിഞ്ഞില്ല. പകരം മനസ്സാക്ഷിയുടെ നിമന്ത്രണങ്ങള്‍ക്ക് അടിയറവു പറഞ്ഞു. ചാന്‍സലര്‍ സ്ഥാനം ഉപേക്ഷിച്ചു. രാജാവിന്റെ പ്രേഷ്ഠമിത്രമെന്ന ആനുകൂല്യം നിരാകരിച്ചു. അദ്ദേഹം കത്തോലിക്കാ വിശ്വാസത്തില്‍ ഉറച്ചുനിന്നു; രക്തസാക്ഷിത്വത്തിനു തയ്യാറായി.
സ്വഭാവത്താലെ താന്‍ ഒരു ഭീരുവായിരുന്നെന്നു തോമസ് മൂര്‍ പറയുന്നു. ജീവിക്കാന്‍ അദ്ദേഹത്തിന് ആഗ്രഹമുണ്ടായിരുന്നു. പീഡകളേയും മരണത്തേയും വളരെ ഭയപ്പെട്ടു. ഉറക്കമില്ലാത്ത നിരവധി രാത്രികളിലൂടെ കടന്നുപോയി. എന്നാല്‍ വരാനിരിക്കുന്ന സഹനത്തെക്കുറിച്ച് ഏറെ ധ്യാനിച്ചു. അതിക്രൂരമായ മരണത്തെ നേരിടാന്‍ മാനസികമായി ഒരുങ്ങി. സാവധാനം ഭൗതികമായ എല്ലാ മോഹങ്ങളെയും ഭയങ്ങളെയും അദ്ദേഹം അതിജീവിച്ചു. ദൃഢനിശ്ചയം കൊണ്ട് ആശാപാശങ്ങളില്‍നിന്നു മോചനം നേടി. മനസ്സാക്ഷി പറഞ്ഞതെന്തോ അതുമാത്രം നിര്‍വ്വഹിച്ചു.
ഭീരുവായ തോമസ് മൂര്‍ തനിക്കു വരാനിരിക്കുന്ന സഹനത്തെ നേരിടുന്നതിനു നടത്തിയ ഒരുക്കം ഡണ്‍സ്റ്റനച്ചനെ ആകര്‍ഷിച്ചു. തന്റെ പ്രകൃതിയോടുതന്നെ നടത്തിയ പോരാട്ടത്തില്‍, തോമസ് മൂറിന്റെ മനോഭാവങ്ങളെ തന്റെതുമായി അദ്ദേഹം തുലനം ചെയ്തു. വിശുദ്ധന്‍ അദ്ദേഹത്തിന്റെ ജീവിത സ്വാധീനവിഷയമായി. ആത്യന്തികമായി അന്തഃകരണത്തിന്റെ സ്വരം നാം ശ്രവിക്കണം. ആ സ്വരവും ശ്രവണവും വിശ്വാസത്തില്‍ അധിഷ്ഠിതമായിരിക്കണം. സര്‍വ്വവും ത്യജിച്ച് ആ നിമന്ത്രണങ്ങളെ പിഞ്ചെല്ലണം. സ്വന്തബന്ധങ്ങള്‍ അതിനു തടസ്സമാകരുത്. ഈ മൂല്യവിശേഷങ്ങളുടെ അതിശക്തമായ അവതാരരൂപമായിരുന്നു ഡണ്‍സ്റ്റനച്ചന്‍.
സത്യനിഷേധം പാപം
ദൈവം സത്യമാണ്. സത്യനിഷേധം ദൈവനിഷേധമാണ്. ദൈവനിഷേധം പാപമാണ്. ജീവിതത്തില്‍ പാപത്തെ ഒഴിച്ചുനിറുത്തുവാനുള്ള പ്രമാദമില്ലാത്ത ഉപാധി സത്യത്തെ സ്‌നേഹിക്കലാണ്. ഡണ്‍സ്റ്റനച്ചന്‍ കൂടുതല്‍ വിശദമാക്കുന്നു: 'ദൈവം സകലത്തിന്റെയും നാഥനാണെന്നും എല്ലാവരും തന്റെ ഇഷ്ടം നിറവേറ്റു വാന്‍ കടപ്പെട്ടിരിക്കുന്നു വെന്നുമുള്ള സത്യത്തിന്റെ പ്രായോഗികനിഷേധം എല്ലാ പാപകര്‍മ്മങ്ങളിലും അടങ്ങിയിരിക്കുന്നു... സകല പാപവും അസത്യമാണ്... സത്യത്തെ സ്‌നേഹിക്കുന്നവന്‍ അജ്ഞതയില്‍ നിന്നും അബദ്ധങ്ങളില്‍നിന്നും വി മോചിതനാകുവാന്‍ പരിശ്രമിക്കുന്നു.''
സത്യത്തെ പിന്തുടരുമ്പോള്‍ കാലിടറി വീണാലും നേര്‍വഴിക്കു നയിക്കപ്പെടുമെന്നത് ഡണ്‍സ്റ്റനച്ചന്റെ ബോധ്യമാണ്. 'ഞാന്‍ ജന്മനാ വളരെ ഭീരുവാണ്. എന്നാല്‍ എന്റെ ഭീരുത്വത്തേയും ജയിക്കത്തക്കവിധം സത്യസ്‌നേഹം ദൈവം എനിക്കു തന്നു. ചെറുപ്പം മുതല്‍ ഇവ രണ്ടും തമ്മില്‍ വലിയ പോരാട്ടം എന്നില്‍ നടന്നിട്ടുണ്ട്. ദൈവകൃപയാല്‍ ഞാന്‍ എപ്പോഴും വിജയിയായി.'' സത്യത്തെ കാര്‍ക്കശ്യത്തോടെ പിന്തുടര്‍ന്നതിന്റെ ഫലമായി അച്ചനില്‍ ഉരുവായ ആത്മാവ ബോധത്തിന്റെ തുറന്നു പറച്ചിലാണിത്.
സത്യസ്‌നേഹം സുകൃതസര്‍വ്വം
ദൈവം സത്യമാണ്. അവിടുന്നു പൂര്‍ണ്ണനാണ്. എങ്കില്‍ സത്യം പൂര്‍ണ്ണമാണ്. സത്യസ്‌നേഹത്തിന്റെ വഴി പൂര്‍ണ്ണതയിലേക്കുള്ള സുനിശ്ചിതവഴിയാണ്; ആ വഴി സര്‍വ്വ സുകൃതങ്ങളാല്‍ സമ്പന്നമാണ്. സത്യത്തിലേക്കുള്ള യാത്ര സുകൃതങ്ങളുടെ പൂര്‍ണ്ണത തേടി യുള്ള യാത്രയാണ്. സത്യസ്‌നേഹവും മറ്റു പുണ്യങ്ങളായ നീതിബോധം, സ്‌നേഹം, വിശ്വാസം, എളിമ തുടങ്ങിയ പുണ്യങ്ങളും തമ്മി ലുള്ള ബന്ധത്തെക്കുറിച്ചു തനിക്കുള്ള കാഴ്ചപ്പാട് അദ്ദേഹം വ്യക്തമാക്കുന്നു:
'സകല പുണ്യങ്ങളുടെയും അടിസ്ഥാനം എളിമയാണെന്നു പറയാറുണ്ടല്ലൊ. ഈ എളിമയുടെയും അടിസ്ഥാനം അല്ലെങ്കില്‍ ഈ എളിമതന്നെ സത്യസ്‌നേഹമാണ്.''
എളിമയെന്നത് എല്ലാ പുണ്യങ്ങളുടെയും അടിസ്ഥാനമാണെന്നതു തിരുസ്സഭയിലെ വിശുദ്ധരില്‍ പലരുടെയും അനുഭവവും അഭി മതവുമാണ്. മനുഷ്യനെ സംബന്ധിച്ചു ദൈവത്തിന്റെ അനന്തനന്മയുമായി തുലനം ചെയ്യുമ്പോള്‍ അവന്‍ ഒന്നുമല്ല എന്നതു സത്യം. ഈ സത്യം തിരിച്ചറിയുന്നതാണ് എളിമ. ഈ എളിമ ഉള്ളില്‍ നിറയുന്നതോടെ സത്യത്തിന്റെ പൂര്‍ണ്ണതയിലേക്ക് അവന്‍ നയിക്കപ്പെടുന്നു. അങ്ങനെ ആത്മനാഥനായ നിത്യ സത്യത്തെ ദര്‍ശിക്കാനും അവിടുത്തെ സാന്നിദ്ധ്യം അംഗീകരിക്കാനും മനുഷ്യനു സാധ്യമാകുന്നു.
ഡണ്‍സ്റ്റനച്ചന്‍ തുടരുന്നു: 'എളിമയാണ് സകല പുണ്യങ്ങളുടേയും അടിസ്ഥാനമെന്നു ചിലപ്പോള്‍ നാം കേള്‍ക്കാറുണ്ട്. മറ്റു ചിലപ്പോള്‍, വിശ്വാസമാണ് എല്ലാ പുണ്യങ്ങളുടെയും അടിസ്ഥാനമെന്നു പറയുന്നു. രണ്ടു പ്രസ്താവനകളും ശരിയാണെന്ന് ആരും സമ്മതിക്കും. അപ്പോള്‍ എളിമയും വിശ്വാസവും ഒന്നുതന്നെയാണൊ? അതെ, രണ്ടും ഒരേ സത്യത്തിന്റെ ഏറ്റുപറച്ചിലാണ്. സ്യഷ്ടികര്‍മ്മത്തിന്റെ ഏറ്റുപറച്ചിലാണ്. ദൈവമാണു സ്രഷ്ടാവ് എന്നു പറയുന്നത് വിശ്വാസം. ഞാന്‍ സ്യഷ്ടിയാണെന്നു പറയുന്നത് എളിമ. ഇങ്ങനെ ആഗ്രഹിക്കാവുന്നതെല്ലാം സത്യത്തോടുള്ള സ്‌നേഹത്തില്‍ അടങ്ങിയിരിക്കുന്നു. ദൈവവും ദൈവികമായ സകലവും അതിലുണ്ട്.''
'സത്യത്തിന്റെ അംഗീകരണത്തില്‍നിന്നേ നീതി പുലരുകയുള്ളു'' എന്നത് ഡണ്‍സ്റ്റനച്ചന്റെ ബോധ്യമായിരുന്നു. അതുകൊണ്ടു തന്നെ എല്ലാവരെയും സമഭാവനയോടെ കാണുവാനും ഏവരുടെയും അഭിപ്രായങ്ങളോടു തുറവി പുലര്‍ത്തുവാനും അദ്ദേഹം ശ്രദ്ധാലുവായി. എതിര്‍ശബ്ദങ്ങളെ അച്ചന്‍ ബഹുമാനിച്ചു. സത്യസ്‌നേഹം അദ്ദേഹത്തെ നല്ലൊരു കേള്‍വിക്കാരനാക്കി.
സി.എം.ഐ. സന്ന്യാസസമൂഹത്തില്‍ യോഗാര്‍ത്ഥികളുടെ പരിശീലകനായി ഡണ്‍സ്റ്റനച്ചന്‍ നിയമിതനാകുന്നത് 1956-ലാണ്. പരിശീലന ജോലിയില്‍ ആത്മാര്‍ത്ഥമായി മുന്നേറുന്നതിനിടയില്‍ കൊവേന്തയിലെ അച്ചന്മാര്‍ ഗുരുവില്‍ ഗുരുതരമായ ഒരു കുറ്റം കണ്ടെത്തി. റെക്റ്ററച്ചന്‍ കുട്ടികളോടു കാര്യങ്ങള്‍ ആലോചിക്കുന്നു. സമൂഹത്തില്‍ നടപ്പില്‍ വരുത്തേണ്ട കാര്യങ്ങളെക്കുറിച്ച് അവരോടുതന്നെ അഭിപ്രായം ആരായുന്നു. 2-ാം വത്തിക്കാന്‍ സൂനഹദോസിനു വര്‍ഷങ്ങള്‍ക്കുമുന്‍പ്, ഡയലോഗിനെക്കുറിച്ച് കേട്ടുകേള്‍വിയില്ലാത്ത കാലത്ത് റെക്റ്ററച്ചന്‍ കുട്ടികളോട് ആലോചന നടത്തുന്നതു വലിയൊരു അപരാധമായിരുന്നു. എന്നാല്‍ ആ അപരാധം തിരുത്താന്‍ അദ്ദേഹം തയ്യാറായില്ല.
എതിരാളിയുടെ പക്ഷത്തും സത്യമുണ്ടാവാം എന്ന പ്രാമാണികതത്വം ഡണ്‍സ്റ്റനച്ചന്‍ അതിന്റെ പൂര്‍ണ്ണതയില്‍ ഉള്‍ക്കൊണ്ടിരുന്നു. അതുകൊണ്ടുതന്നെ അദ്ദേഹത്തിന് ആരെയും വെറുക്കാനാകില്ലായിരുന്നു. സ്വന്തം സമൂഹത്തില്‍ സത്യത്തിന്റെ വഴിയില്‍നിന്നു മാറി നടന്നവരെയെല്ലാം ഹൃദയംകൊണ്ട് ആശ്ലേഷിച്ചു. എല്ലാവരെയും ഉള്ളഴിഞ്ഞു സ്‌നേഹിച്ചു. സത്യവും സ്‌നേഹവും വഴിപിരിയാതെ ആ ജീവിതവഴിയില്‍ ഒരുമിച്ചൊഴുകി. സത്യം നിറഞ്ഞ സ്‌നേഹവും സ്‌നേഹം നിറഞ്ഞ സത്യവും ഡണ്‍സ്റ്റനച്ചന്റെ ജീവിതചര്യയായി. 2006 ഒക്‌ടോബര്‍ 20-ാം തീയതി നിത്യസത്യത്തിലേയ്ക്കുള്ള തന്റെ തീര്‍ത്ഥയാത്ര ഡണ്‍സ്റ്റനച്ചന്‍ പൂര്‍ത്തിയാക്കി.