സ്‌റ്റെനോഗ്രാഫര്‍

സ്‌റ്റെനോഗ്രാഫര്‍

എം. ഷൈറജ് ഐആര്‍എസ്

സ്റ്റെനോഗ്രാഫി എന്നത് ചുരുക്കെഴുത്തുമായി ബന്ധപ്പെട്ടതാണ്. ഉദാഹരണത്തിന്, ഒരാള്‍ സംസാരിച്ചുകൊണ്ടിരിക്കുന്നത് അതേ വേഗത്തില്‍ സ്റ്റെനോഗ്രാഫര്‍ ഷോര്‍ട്ട്ഹാന്‍ഡ് ഉപയോഗിച്ച് കുറിച്ചെടുക്കുകയും ശേഷം ടൈപ്പ് ചെയ്തു നല്കുകയും ചെയ്യുന്നു. കമ്പ്യൂട്ടര്‍ സാങ്കേതിക വിദ്യയുടെ വളര്‍ച്ചയോടെ, പ്രത്യേകിച്ചും വോയ്‌സ് റെക്കഗ്‌നിഷന്‍ സോഫ്റ്റ്‌വെയറുകളുടെ ആവിര്‍ഭാവത്തോടെ ഷോര്‍ട്ട്ഹാന്‍ഡിന്റെ സാധ്യത കുറഞ്ഞുവരികയാണ്. എന്നാല്‍, പലരും കരുതുംപോലെ സ്റ്റെനോഗ്രാഫി അസ്തമിച്ചുകൊണ്ടിരിക്കുന്ന ഒരു കരിയര്‍ മേഖലയല്ല. പേഴ്‌സണല്‍ അസിസ്റ്റന്റ് എന്ന നിലയിലാണു സ്‌റ്റെനോഗ്രാഫര്‍മാരുടെ തൊഴില്‍ രീതി. കേന്ദ്ര സര്‍ക്കാര്‍ ഡിപ്പാര്‍ട്ടുമെന്റുകളിലേക്കും സ്ഥാപനങ്ങളിലേക്കും സ്റ്റാഫ് സെലക്ഷന്‍ കമ്മീഷന്‍ മുഖേനയും സംസ്ഥാന സര്‍ക്കാര്‍ വകുപ്പുകളിലേക്കും അനുബന്ധ സ്ഥാപനങ്ങളിലേക്കും കേരള പബ്ലിക് സര്‍വ്വീസ് കമ്മീഷന്‍ മുഖേനയും നൂറുകണക്കിന് സ്റ്റെനോഗ്രാഫര്‍ തസ്തികകള്‍ ഓരോ വര്‍ഷവും നികത്തപ്പെടുന്നുണ്ട്. അതിനാല്‍ സുസ്ഥിരതൊഴില്‍ ആഗ്രഹിക്കുന്ന തൊഴിലന്വേഷകര്‍ക്ക് ഒഴിവാക്കാനാവുന്ന പരിഗണനാവിഷയമല്ല സ്റ്റെനോഗ്രാഫി എന്നത്.

സ്റ്റാഫ് സെലക്ഷന്‍ കമ്മീഷന്റേയും (എസ്.എസ്.സി.) കേരളാ പി.എസ്.സിയുടേയും റിക്രൂട്ട്‌മെന്റിനെ നമുക്ക് അടുത്തറിയാനാവും.

സ്റ്റാഫ് സെലക്ഷന്‍ കമ്മീഷന്‍

കേന്ദ്ര സര്‍ക്കാര്‍ മന്ത്രാലയങ്ങളിലും വകുപ്പുകളിലും സ്ഥാപനങ്ങളിലും ഗ്രൂപ്പ് ബി/ഗ്രൂപ്പ് സി ഗ്രേഡുകളിലേക്കുള്ള സ്റ്റെനോഗ്രാഫര്‍ തസ്തികകളിലേക്ക് തിരഞ്ഞെടുക്കുന്നതിനായി പൊതുപരീക്ഷ നടത്തുന്നത് എസ്.എസ്.സി. ആണ്. പ്ലസ് ടു ആണ് അടിസ്ഥാന യോഗ്യത. സ്റ്റെനോഗ്രാഫിയില്‍ പ്രാവീണ്യവും വേണം.

കമ്പ്യൂട്ടര്‍ അധിഷ്ഠിത പരീക്ഷയുടെ അടിസ്ഥാനത്തിലാണു െതരഞ്ഞെടുപ്പ്. ഈ പരീക്ഷയില്‍ വിജയിക്കുന്നവര്‍ക്ക് സ്റ്റെനോഗ്രാഫി സ്‌കില്‍ ടെസ്റ്റ് നടത്തും. സ്‌കില്‍ ടെസ്റ്റ് യോഗ്യതാ പരീക്ഷയാണ്. ഇതില്‍ യോഗ്യത നേടുന്നവരെ കമ്പ്യൂട്ടര്‍ അധിഷ്ഠിത ടെസ്റ്റിലെ മാര്‍ക്കിന്റെ അടിസ്ഥാനത്തില്‍ നിയമിക്കും.

ജനറല്‍ ഇന്റലിജന്‍സ് & റീസണിംഗ്, ജനറല്‍ അവയര്‍ണസ് എന്നിവയില്‍ 50 വീതം മാര്‍ക്കിന്റേയും ഇംഗ്ലീഷ് ഭാഷ / കോംപ്രഹന്‍ഷനില്‍ 100 മാര്‍ക്കിന്റെയും ചോദ്യങ്ങളാണ് പരീക്ഷയില്‍ ഉണ്ടാവുക. ഒരു മിനിട്ടില്‍ 100 വാക്കുകള്‍ എന്ന വേഗതയില്‍ കേട്ടെഴുതി (ഡിക്‌ടേഷന്‍) കമ്പ്യൂട്ടറില്‍ ടൈപ്പ് ചെയ്തു നല്കുകയെന്നതാണു സ്‌കില്‍ ടെസ്റ്റ്. അതിനാല്‍ കേന്ദ്ര ഗവണ്‍മെന്റില്‍ സ്റ്റെനോഗ്രാഫര്‍ തസ്തികയില്‍ നിയമനമാഗ്രഹിക്കുന്നവര്‍ ഷോര്‍ട്ട്ഹാന്‍ഡ്/ടൈപ്പിംഗില്‍ 100 വാക്കിന്റെ സ്പീഡ് നേടുകയും അതോടൊപ്പം English, Comprehension, Reasoning, General Awareness, General Intelligence എന്നിവയില്‍ മത്സരപരീക്ഷയ്ക്കായി തീവ്രപരിശീലനം നടത്തുകയുമാണ് വേണ്ടത്.

പട്ടികജാതി പട്ടികവര്‍ഗ്ഗം, പിന്നോക്ക വിഭാഗം, സാമ്പത്തിക പിന്നോക്ക വിഭാഗം, ഭിന്നശേഷിക്കാര്‍, വിമുക്തഭടന്മാര്‍ എന്നീ വിഭാഗങ്ങള്‍ക്കു സംവരണമുണ്ട്. ഗ്രൂപ്പ് ബി വിഭാഗത്തില്‍ 30 വയസ്സും ഗ്രൂപ്പ് സി വിഭാഗത്തില്‍ 27 വയസ്സുമാണ് ഉയര്‍ന്ന പ്രായപരിധി. സംവരണ വിഭാഗങ്ങള്‍ക്കും കേന്ദ്ര സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്കും വിധവകള്‍ക്കും പ്രായപരിധിയില്‍ ഇളവുകളുണ്ട്.

കേരളത്തില്‍ പരീക്ഷാകേന്ദ്രങ്ങളുണ്ടാവും. കഴിഞ്ഞ വര്‍ഷത്തെ റിക്രൂട്ട്‌മെന്റില്‍ എറണാകുളം, കണ്ണൂര്‍, കൊല്ലം, കോട്ടയം, കോഴിക്കോട്, തിരുവനന്തപുരം, തൃശൂര്‍ എന്നിവിടങ്ങളില്‍ കമ്പ്യൂട്ടര്‍ അധിഷ്ഠിത പരീക്ഷ നടത്തിയിരുന്നു.

കേരളാ പി.എസ്.സി.

സംസ്ഥാന സര്‍ക്കാര്‍ വകുപ്പുകളിലേക്കും വിവിധ പൊതുമേഖലാ സ്ഥാപനങ്ങളിലേക്കുമുള്ള സ്റ്റെനോഗ്രാഫര്‍ / കോണ്‍ഫിഡന്‍ഷ്യല്‍ അസിസ്റ്റന്റ് തസ്തികകളിലേക്കും പി.എസ്.സി. മുഖേനയാണു നിയമനം നടത്തുന്നത്. സര്‍ക്കാര്‍ വകുപ്പുകളിലേക്കുള്ള നിയമനത്തിന് പത്താം ക്ലാസ്സ് /പ്ലസ് ടു ആണ് യോഗ്യത. എന്നാല്‍ ചില പൊതുമേഖലാ സ്ഥാപനങ്ങളിലെ നിയമനത്തിന് ബിരുദം നേടിയിരിക്കണം. അടിസഥാന വിദ്യാഭ്യാസ യോഗ്യതയ്ക്കു പുറമേ ഇംഗ്ലീഷ് ഷോര്‍ട്ട് ഹാന്‍ഡ്, ഇംഗ്ലീഷ് ടൈപ്പിംഗ്, മലയാളം ഷോര്‍ട്ട് ഹാന്‍ഡ്, മലയാളം ടൈപ്പിംഗ് എന്നിവയില്‍ കെ.ജി.ടി.ഇ. പരീക്ഷ പാസ്സായിരിക്കണം. ലോവര്‍, ഹയര്‍ എന്നീ തലങ്ങളില്‍ കെ.ജി.ടി.ഇ. പരീക്ഷയുണ്ട്. തസ്തികയുടെ അടിസ്ഥാനത്തില്‍ ഏതു തലത്തിലുള്ള യോഗ്യതയാണു വേണ്ടതെന്ന് വിജ്ഞാപനത്തില്‍ പറഞ്ഞിട്ടുണ്ടാവും. കമ്പ്യൂട്ടര്‍ വേര്‍ഡ് പ്രോസസിംഗില്‍ അംഗീകൃത സര്‍ട്ടിഫിക്കറ്റും നേടണം.

പ്രായപരിധി, സംവരണം, അപേക്ഷാ രീതി, തിരഞ്ഞെടുപ്പ് എന്നിവയെല്ലാം പി.എസ്.സിയുടെ പൊതുരീതിയില്‍ തന്നെയായിരിക്കും.

തൊഴിലിലിന്റെ സ്വഭാവം

ചുരുക്കെഴുത്തില്‍ ഡിക്‌ടേഷന്‍ എടുക്കുക, ടൈപ്പ് ചെയ്യുക, രഹസ്യസ്വഭാവമുള്ള നോട്ടുകള്‍ തയ്യാറാക്കുക, അപ്പോയിന്റ്‌മെന്റുകള്‍ നല്കുക തുടങ്ങിയവയൊക്കെ തൊഴിലിന്റെ ഭാഗമാവാം. ഉയര്‍ന്ന ഉദ്യോഗസ്ഥന്റെ പേഴ്‌സണല്‍ അസിസ്റ്റന്റ് / സെക്രട്ടറി എന്ന നിലയിലും പ്രവര്‍ത്തിക്കാം. ജോലി ലഭിക്കുന്ന സ്ഥാപനത്തിന്റെ തൊഴില്‍രീതി അനുസരിച്ചാവും സ്റ്റെനോഗ്രാഫറുടെ ഉത്തരവാദിത്തങ്ങള്‍.

പ്രൊമോഷന്‍ സാധ്യതകള്‍

വിവിധ വകുപ്പുകളില്‍ സ്റ്റെനോഗ്രാഫര്‍മാര്‍ക്ക് പ്രൊമോഷന്‍ സാധ്യതകളുണ്ട്. ഉദാഹരണത്തിന്, കേന്ദ്ര സര്‍ക്കാരിന്റെ കസ്റ്റംസ് / സെന്‍ട്രല്‍ ജി.എസ്.ടി. വകുപ്പില്‍ സ്റ്റെനോ ഗ്രേഡ് കക ആയി ജോലിയില്‍ പ്രവേശിക്കുന്നവര്‍ക്ക് സ്‌റ്റെ നോ ഗ്രേഡ് ക, പ്രൈവറ്റ് സെക്രട്ടറി, സീനിയര്‍ പ്രൈവറ്റ് സെക്രട്ടറി തസ്തികകളിലേക്ക് പടിപടിയായി പ്രൊമോഷന്‍ ലഭിക്കാം. കൂടാതെ കസ്റ്റംസ് / ജിഎസ്ടി ഇന്‍സ്‌പെക്ടര്‍ തസ്തികയിലും അതിന്റെ പ്രൊമോഷന്‍ തസ്തികകളിലേക്കും എത്തിപ്പെടാന്‍ കഴിഞ്ഞേക്കാം. ഓരോ വകുപ്പിലും സ്ഥാപനത്തിലും പ്രൊമോഷന്‍ സാധ്യതകള്‍ വ്യത്യസ്തമായിരിക്കും. അതിനാല്‍, തൊഴില്‍ ലഭിക്കുന്ന സ്ഥാപനത്തിലെ വിവിധ തസ്തികകളുടെ റിക്രൂട്ട്‌മെന്റ് റൂളുകള്‍ പരിശോധിക്കുകയാണ് ഇക്കാര്യത്തില്‍ വ്യക്തത ലഭിക്കുവാനായി ചെയ്യേണ്ടത്.

വെബ്‌സൈറ്റുകള്‍:
www.ssc.nic.in
www.keralapsc.gov.in
www.keralapareekshabhavan.in
(കെ.ജി.ടി.ഇ. സംബന്ധിച്ച വിവരങ്ങള്‍)

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org