സിനിമ

സിനിമ
Published on

സിനിമ ഇഷ്ടപ്പെടാത്തവരായി ആരും ഉണ്ടാവില്ല. ഈ രംഗത്ത് കരിയര്‍ ആഗ്രഹിക്കുന്നവരുടെ എണ്ണവും വളരെ കൂടുതലാണ്. പണം, പ്രശസ്തി, ഗ്ലാമര്‍ തുടങ്ങിയ തിളക്കങ്ങളില്‍ കണ്ണുനട്ടാണ് ബഹുഭൂരിപക്ഷവും ഈ രംഗത്തേക്ക് കടന്നു വരുവാന്‍ ശ്രമിക്കുന്നത്. എന്നാല്‍, വിജയിക്കുന്നവര്‍ക്ക് എല്ലാം ലഭിക്കുകയും അല്ലാത്തവര്‍ക്ക് ഒന്നുമില്ലാതിരിക്കുകയും ചെയ്യുന്ന ലോകമാണ് സിനിമയുടേതെന്ന് ആദ്യമേ മനസ്സിലാക്കണം. ക്യാമറയ്ക്ക് പിന്നിലും മുന്നിലും കഠിനമായ മത്സരമാണുള്ളത്. കഴിവ്, യോഗ്യത, കഠിനാധ്വാനം, ഭാഗ്യം എന്നിവ ഒത്തുചേര്‍ന്നാല്‍ ഉയര്‍ച്ചയ്ക്ക് പരിമിതികള്‍ ഇല്ലെന്നതും യാഥാര്‍ത്ഥ്യം.

സിനിമാ രംഗത്തെ കോര്‍പ്പറേറ്റ് വല്‍ക്കരണവും വിദേശ മാര്‍ക്കറ്റിന്റെ വളര്‍ച്ചയും ഛഠഠ പ്ലാറ്റ്‌ഫോമുകളുടെ കുതിച്ചുചാട്ടവുമെല്ലാം കാരണം സിനിമാ ബിസിനസ് അതിവേഗം വളരുക തന്നെയാണ്. തൊഴിലവസരങ്ങളും അതോടൊപ്പം ഉയര്‍ന്നിട്ടുണ്ട്.

തൊഴില്‍ മേഖലകള്‍

കലയുടെയും സാങ്കേതികതയുടെയും അപൂര്‍വ്വ സങ്കലനമായ സിനിമാരംഗത്തെ തൊഴിലവസരങ്ങള്‍ വിപുലമാണ്. ഡയറക്ടര്‍, സ്‌ക്രിപ്റ്റ് റൈറ്റര്‍, എഡിറ്റര്‍, സിനിമാട്ടോഗ്രാഫര്‍, സൗണ്ട് എന്‍ജിനീയര്‍, നടി നടന്മാര്‍, മേക്കപ്പ് മാന്‍, സംഗീതസംവിധായകന്‍, പ്രൊഡക്ഷന്‍ മാനേജര്‍, ഗായകര്‍, കൊറിയോഗ്രാഫര്‍, കലാസംവിധായകന്‍, വസ്ത്രാലങ്കാരകന്‍, ആനിമേറ്റര്‍ തുടങ്ങിയ നിരവധി ആളുകളുടെ കൂട്ടായ്മയാണ് ഈ ലോകം. ഓരോ തൊഴിലിനും വേണ്ട വ്യക്തി ഗുണങ്ങളും പഠന പരിശീലനത്തിലൂടെ ഹര്‍ജിക്കേണ്ട യോഗ്യതകളും വ്യത്യസ്തവുമാണ്.

കരിയറിലേക്കുള്ള വഴി

ഏതെങ്കിലും ഒരു പ്രൊഡക്ഷന്‍ യൂണിറ്റില്‍ സഹായിയായി വര്‍ഷങ്ങളോളം പ്രവര്‍ത്തിച്ചു പ്രാവീണ്യം നേടിയവരാണ് ഇന്ന് സിനിമാരംഗത്തുള്ളവരില്‍ അധികവും. എന്നാല്‍, കമ്പ്യൂട്ടറിന്റെയും ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജിയുടെയുമൊക്കെ അനന്തസാധ്യതകള്‍ ബുദ്ധിപൂര്‍വ്വം സന്നിവേശിപ്പിച്ച് ദൃശ്യവിസ്മയങ്ങള്‍ ഒരുക്കുന്ന ആധുനിക സിനിമയുടെ ഭാഗമാകുവാന്‍ ഇതല്ല ശരിയായ മാര്‍ഗം. കൃത്യമായ കോഴ്‌സുകളും മികച്ച പഠനകേന്ദ്രങ്ങളും സിനിമ രംഗത്ത് കരിയര്‍ ആഗ്രഹിക്കുന്നവര്‍ക്കായി ഉണ്ട്.

പൂന ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ട്

ഫിലിം ആന്‍ഡ് ടെലിവിഷന്‍ ഇന്‍സ്റ്റ്യൂട്ട് ഓഫ് ഇന്ത്യ, പൂന എന്നാണ് പൂര്‍ണ്ണമായ പേര്. ദീപ്തമായ ഒരു ക്യാമ്പസ് ആണിത്. ഫിലിം സ്റ്റുഡിയോകള്‍, ടെലിവിഷന്‍ സ്റ്റുഡിയോകള്‍, ഗ്രാഫിക് ഡിപ്പാര്‍ട്ട്‌മെന്റ്, ആധുനിക എഡിറ്റിംഗ് സൗകര്യങ്ങള്‍, ഏറ്റവും പുതിയ ഓഡിയോ വീഡിയോ മിക്‌സിങ് കണ്‍സോളുകള്‍, ഫിലിം വീഡിയോ ലൈബ്രറി, മികച്ച അധ്യാപകര്‍ തുടങ്ങിയ സമൃദ്ധമായ സൗകര്യങ്ങളുണ്ട് ഇവിടെ,

മുമ്പൊക്കെ ഫിലിം ഇന്‍സ്റ്റ്യൂട്ടില്‍ പഠിച്ചവര്‍ അവാര്‍ഡ് സിനിമയുടെ വക്താക്കളായി കണക്കാക്കപ്പെട്ടിരുന്നു. എന്നാല്‍ ഇന്ന് കൊമേഴ്‌സ് സിനിമയുടെയും പരസ്യ ചിത്രങ്ങളുടെയും ഒക്കെ മുന്‍പന്തിയില്‍ ഇന്‍സ്റ്റിറ്റ്യൂട്ട് പ്രോഡക്ടുകള്‍ ആണുള്ളത്.

കോഴ്‌സുകള്‍

ഡയറക്ഷന്‍ ആന്‍ഡ് സ്‌ക്രീന്‍ പ്ലേ റൈറ്റിംഗ്, സിനിമടോഗ്രാഫി, എഡിറ്റിംഗ്, സൗണ്ട് റെക്കോര്‍ഡിങ് ആന്‍ഡ് സൗണ്ട് ഡിസൈന്‍, ഡയറക്ഷന്‍ ആന്‍ഡ് പ്രൊഡക്ഷന്‍ ഡിസൈന്‍, സ്‌ക്രീന്‍ ആക്ടിംഗ്, സ്‌ക്രീന്‍ റൈറ്റിംഗ് എന്നിവ സിനിമ മേഖലയിലെ ഡിപ്ലോമ കോഴ്‌സുകള്‍ ആണ്. ഇതോടൊപ്പം ടിവി രംഗത്തിനായി ഡയറക്ഷന്‍, ഇലക്ട്രോണിക് സിമറ്റോഗ്രാഫി, വീഡിയോ എഡിറ്റിംഗ്, സൗണ്ട് റെക്കോര്‍ഡിങ് ആന്‍ഡ് ടെലിവിഷന്‍ എന്‍ജിനീയറിങ് എന്നീ പിജി കോഴ്‌സുകളും ഉണ്ട്,

മൂന്നുവര്‍ഷ ദൈര്‍ഘ്യമുള്ള കോഴ്‌സുകളെ 6 സെമസ്റ്റുകള്‍ ആയി തിരിച്ചിരിക്കുന്നു. സീറ്റുകളുടെ എണ്ണം പരിമിതമാണ്. ഉദാഹരണത്തിന് ഡയറക്ഷന്‍ ആന്‍ഡ് സ്‌ക്രീന്‍ പ്ലേ റൈറ്റിംഗ് കോഴ്‌സിന് 10 സീറ്റുകള്‍ മാത്രമാണ് ഉള്ളത്. എന്‍ട്രന്‍സ് ടെസ്റ്റ്, ഓറിയന്റേഷന്‍, ഇന്റര്‍വ്യൂ എന്നിവയുടെ അടിസ്ഥാനത്തിലാണ് തിരഞ്ഞെടുക്കുക. ബിരുദമാണ് അടിസ്ഥാന യോഗ്യത. ആര്‍ട്ട് ഡയറക്ഷന്‍ ആന്‍ഡ് പ്രൊഡക്ഷന്‍ ഡിസൈന്‍ കോഴ്‌സിന് അപ്ലൈഡ് ആര്‍ട്‌സ്, ആര്‍ക്കിടെക്ചര്‍, പെയിന്റിങ്, ഇന്റീരിയര്‍ ഡിസൈന്‍ തുടങ്ങിയ ഫൈന്‍ആര്‍ട്‌സ് വിഷയങ്ങളില്‍ ഡിപ്ലോമ / ഡിഗ്രി ഉള്ളവര്‍ക്ക് ആണ് അപേക്ഷിക്കാന്‍ അര്‍ഹതയുള്ളത്.

മറ്റു സ്ഥാപനങ്ങള്‍

കൊല്‍ക്കത്തയിലെ സത്യജിത് റോയ് ഫിലിം ആന്‍ഡ് ടിവി ഇന്‍സ്റ്റിറ്റ്യൂട്ട്, ഹൈദരാബാദിലെ റാമോജി അക്കാദമി ഓഫ് ഫിലിം ടെലിവിഷന്‍, ചെന്നൈയിലെ ഫിലിം ആന്‍ഡ് ടെലിവിഷന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് തമിഴ്‌നാട്, കൊല്‍ക്കത്തയിലെ നാഷണല്‍ ഇന്‍സ്റ്റ്യൂട്ട് ഓഫ് ഫിലിം ആന്‍ഡ് ഫൈനാന്‍സ് തുടങ്ങിയ സ്ഥാപനങ്ങളും ഈ രംഗത്തെ മികച്ച പഠനകേന്ദ്രങ്ങള്‍ ആണ്, ഈ സ്ഥാപനങ്ങളിലെ കോഴ്‌സുകളും പൂനെ ഫിലിം ഇന്‍സ്റ്റ്യൂട്ടിന് സമാനമായുള്ളവയാണ് .

സിനിമ ടെലിവിഷന്‍ രംഗത്ത് പരിശീലനം നല്‍കുന്ന സ്വകാര്യ സ്ഥാപനങ്ങളും നിരവധിയുണ്ട്. പഠനകേന്ദ്രം തെരഞ്ഞെടുക്കുമ്പോള്‍ ഏറ്റവും മികച്ചവ തന്നെ തിരഞ്ഞെടുക്കുവാന്‍ ശ്രദ്ധിക്കണം. സ്ഥാപനത്തില്‍ നിന്ന് പഠിച്ചിറങ്ങിയവര്‍ ഇപ്പോള്‍ ഏത് നിലയിലാണ് പ്രവര്‍ത്തിക്കുന്നത് എന്നത് മനസ്സിലാക്കിയാല്‍ ഒരു സ്ഥാപനത്തിന്റെ നിലവാരം നമുക്ക് അളക്കുവാന്‍ ആവും.

കൊല്‍ക്കത്തയിലെ ജാദവ്പുര്‍ യൂണിവേഴ്‌സിറ്റി, ദില്ലിയിലെ ജവഹര്‍ലാല്‍ നെഹ്‌റു യൂണിവേഴ്‌സിറ്റി, യൂണിവേഴ്‌സിറ്റി ഓഫ് മുംബൈ, ജിന്‍ഡാല്‍ സ്‌കൂള്‍ ഓഫ് ജേണലിസം & കമ്മ്യൂണിക്കേഷന്‍, അമിറ്റി യൂണിവേഴ്‌സിറ്റി, ശിവജി മഹാരാജ യൂണിവേഴ്‌സിറ്റി മുംബൈ, രാഷ്ട്രസംത് തുകഡോജി മഹാറാജ് നാഗ്പൂര്‍ യൂണിവേഴ്‌സിറ്റി, അമിറ്റി സ്‌കൂള്‍ ഓഫ് ഫിലിം ആന്‍ഡ് ഡ്രാമ എന്നിവയൊക്കെ സിനിമ പഠനത്തിന് അവസരമുള്ള സ്ഥാപനങ്ങളാണ്. കേരളത്തിലും സിനിമ പഠനത്തിന് ഉള്ള സ്വകാര്യസ്ഥാപനങ്ങള്‍ ഉണ്ട്.

വ്യക്തി ഗുണങ്ങള്‍

സര്‍ഗാത്മകത, ദൃശ്യഭാവന, നിരീക്ഷണപാടവം, കഠിനാധ്വാനം, ഉള്‍ക്കാഴ്ച, കൂട്ടുപ്രവര്‍ത്തനങ്ങള്‍ക്കുള്ള കഴിവ്, പ്രതികൂല സാഹചര്യങ്ങളില്‍ പ്രവര്‍ത്തിച്ചു വിജയിക്കുവാനുള്ള കഴിവ്, ക്ഷമ, വിമര്‍ശനങ്ങളെയും എതിര്‍പ്പുകളെയും സമചിത്തതയോടെ നേരിടുവാനുള്ള കഴിവ്, കലാപാടവം തുടങ്ങിയവ ഈ മേഖലയിലേക്ക് പൊതുവായി വേണ്ട വ്യക്തി ഗുണങ്ങള്‍ ആണ്.

വെബ്‌സൈറ്റുകള്‍

www.ftii.ac.in

wwws.rfti.ac.in

www.ramojiacademy.com

www.niffa.org

Related Stories

No stories found.
logo
Sathyadeepam Online
www.sathyadeepam.org