സൗഹൃദത്തിന്റെ '2018'

സൗഹൃദത്തിന്റെ '2018'
2023 മെയ് 17 രാ ത്രി, ഞങ്ങള്‍ കുറെ ബാല്യകാല സുഹൃത്തുക്കള്‍ '2 018 - every one is a hero' സിനിമയുടെ 100 കോടി വിജയം ആഘോഷിക്കാന്‍ ഒത്തുകൂടി. ഞാന്‍ ഉള്‍പ്പെടെ പലരും ഒന്നും രണ്ടും വട്ടം ഇതിനോടകം സിനിമ കണ്ടതാണ്. എങ്കിലും നൂറു ടിക്കറ്റ് ഞങ്ങള്‍ ബുക്കുചെയ്തു. അങ്കമാലിക്കടുത്ത് മൂക്കന്നൂര്‍ ആണ് സ്ഥലം. രാത്രി ഏതാണ്ട് ഏഴര മണിയായപ്പോഴേക്കും ഞാന്‍ സ്ഥലത്തെത്തി. പലരെയും കുറെനാള്‍ കഴിഞ്ഞു കാണുകയാണ്, ചിലരെ വര്‍ഷങ്ങള്‍ക്കുശേഷം. പരിചയം പുതുക്കലായി, സൗഹൃദ സംഭാഷണമായി... അങ്ങനെ കുറച്ചുസമയം. ഇതിനുമുന്‍പ് ഇങ്ങനെ ഒരിക്കല്‍ ഒത്തുകൂടിയത് 'ഓം ശാന്തി ഓശാന' എന്ന പടത്തിനാണ്. അന്നൊന്നുമില്ലാത്ത ഒരു ഫീല്‍ ഇപ്പോള്‍. എങ്ങും ആഘോഷത്തിന്റെ ഒരു മൂഡ്. നമ്മളെല്ലാവരും കണ്ടതും അനുഭവിച്ചതുമായ ഒരു മഹാപ്രളയത്തെ, അതിന്റെ വൈകാരികത ഒട്ടും കുറയാതെ, അതേ തീവ്രതയില്‍ നമ്മുടെ മുന്നില്‍ അദ്ദേഹം അവതരിപ്പിച്ചു എന്നതാണ് 2018 സിനിമയെ വ്യത്യസ്തമാക്കുന്നത്. ഒട്ടും എളുപ്പമായിരുന്നില്ല അത് എന്ന് അദ്ദേഹത്തിന്റെ തന്നെ വാക്കുകളില്‍ നമ്മള്‍ പലവട്ടം കേട്ടതാണ്. ഔപചാരിക പരിപാടികള്‍ക്കൊടുവില്‍ അദ്ദേഹം പറഞ്ഞ മറുപടി പ്രസംഗം സൗഹൃദത്തെക്കുറിച്ച് തന്നെയായിരുന്നു. അദ്ദേഹത്തിന്റെ തന്നെ വാക്കുകളില്‍... 'എന്റെ ഏറ്റവും അടുത്ത സുഹൃത്തുക്കള്‍ പോലും പല പാര്‍ട്ടിയിലുള്ളവരാണ്. പക്ഷേ ഒന്നിച്ചുകൂടുമ്പോള്‍ ഞങ്ങള്‍ ഒരിക്കലും അതൊന്നും സംസാരിക്കാറേ ഇല്ല. ഞങ്ങളുടെ മാതാപിതാക്കന്മാരായാലും ഗുരുക്കന്മാരായാലും ഞങ്ങളെ പഠിപ്പിച്ചിരിക്കുന്നത് മനുഷ്യനെ സ്‌നേഹിക്കാനാണ്. അത് തന്നെയാണ് ഞാന്‍ ഈ സിനിമ കൊണ്ട് പറയാന്‍ ഉദ്ദേശിച്ചത്.'

സത്യദീപത്തിനുവേണ്ടി ജൂഡ് ആന്തണി ജോസഫുമായി സനു തെറ്റയില്‍, മേക്കാട് നടത്തിയ അഭിമുഖസംഭാഷണത്തില്‍നിന്ന്....

Q

കേരളം God's own country എന്ന് നമ്മള്‍ അവകാശപ്പെടുന്നുണ്ടെങ്കിലും കുറച്ചുനാള്‍ ആയിട്ട് മതം, രാഷ്ട്രീയം എന്നുവേണ്ട എന്തും മനുഷ്യനെ തമ്മില്‍ അടിപ്പിക്കാനുള്ള ആയുധമാക്കിക്കൊണ്ടിരിക്കുകയാണ്. ഈ പശ്ചാത്തലത്തില്‍ 2018 എന്ന സിനിമ നിറഞ്ഞ സദസ്സില്‍ ഓടിക്കൊണ്ടിരിക്കുന്നു. മലയാളിയുടെ ഉള്ളില്‍ ഇപ്പോഴും നന്മ വറ്റിയിട്ടില്ല എന്നതാണോ ഇതിനര്‍ത്ഥം. ഇതിന് ഈ സിനിമ വഹിച്ച പങ്ക്?

A

'മലയാളികള്‍ എപ്പോഴും ഭയങ്കര കിടിലന്‍ ആള്‍ക്കാരാണെന്ന് എനിക്ക് തോന്നിയിട്ടുണ്ട്. അതായത് നമ്മള്‍ പരസ്പരം അങ്ങോട്ട് കളിയാക്കും, നമ്മള്‍ അങ്ങോട്ടും ഇങ്ങോട്ടും ട്രോളും, നമ്മള്‍ ചിലപ്പോ അങ്ങോട്ടും ഇങ്ങോട്ടും കുറ്റം പറയും. പക്ഷേ ഒരു പ്രശ്‌നം വരുമ്പോള്‍ നമ്മളൊക്കെ ഒരുമിച്ചു നില്‍ക്കുന്ന ആള്‍ക്കാരാണ്. അപ്പോ ജാതി, മതം, വര്‍ഗം, പാര്‍ട്ടി എന്നൊക്കെ പറയുമെങ്കിലും ഒരു പ്രശ്‌നം വരുമ്പോള്‍ മലയാളികള്‍ എല്ലാരും ഒരുമിച്ചുനില്‍ക്കും. ഈ സിനിമയുടെ വിജയത്തിലും അത് തന്നെയാണ് സംഭവിച്ചത്. ഇവിടെ അങ്ങനെ വലിയ പ്രശ്‌നങ്ങളൊന്നുമില്ല. ഈ പറഞ്ഞ മാതിരി, ചെറിയ ചെറിയ പ്രശ്‌നങ്ങളെ ഊതിവീര്‍പ്പിച്ചതുകൊണ്ടാണ് എല്ലാവര്‍ക്കും അങ്ങനെ തോന്നുന്നത്. യഥാര്‍ത്ഥത്തില്‍ ഇവിടെ വലിയ പ്രശ്‌നമൊന്നുമില്ല. നമ്മുടെ തൊട്ടടുത്ത ആളുടെ മതമേതാണെന്ന് നമ്മള്‍ നോക്കാറുണ്ടോ? നമ്മള്‍ ഒരു കടയില്‍ കയറിയാല്‍ അയാള്‍ ഏത് ജാതിക്കാരനാണെന്ന് നമ്മള്‍ നോക്കാറുണ്ടോ? അത്രേ ഉള്ളൂ. അത് ഒരു തോന്നല്‍ മാത്രമാണ്, കേരളത്തില്‍ അങ്ങനെ പ്രശ്‌നം ഉണ്ടെന്നുള്ളത്.'

Q

താങ്കള്‍ ഒരു ദൈവവിശ്വാസിയാണ്. ഈ സിനിമ നടക്കില്ല എന്ന് ഒരുപാട് പേര് താങ്കളോട് പറഞ്ഞിട്ടുണ്ട് എന്ന് കേട്ടിരുന്നു. ഈ പ്രോജെക്ടില്‍ നിന്ന് പലരും പിന്മാറിയിട്ടും താങ്കള്‍ പിന്മാറിയില്ല. എങ്ങനെയാണ് ജൂഡ് ഈ പ്രതിസന്ധിയെയെല്ലാം തരണം ചെയ്തത്?

A

നമ്മള്‍ എപ്പോഴും ശുഭാപ്തി വിശ്വാസിയും ദൈവവിശ്വാസിയുമായിരിക്കണമെന്ന് എനിക്ക് തോന്നിയിട്ടുണ്ട്. കാരണം, ആളുകള്‍ പലതും പറയും. ഞാന്‍ വിശ്വസിക്കു ന്നൊരു ദൈവമുണ്ട്. അപ്പോ ഞാന്‍ ആ ദൈവത്തോട് എല്ലാ ദിവസവും പ്രാര്‍ത്ഥിക്കുകയും രാവിലെ എഴുന്നേല്‍ക്കുമ്പോഴും രാത്രി കിടന്നുറങ്ങാന്‍ പോകുമ്പോഴും, എല്ലാവര്‍ക്കും നന്മ വരുത്തണേ, ലോകത്തിന് മുഴുവന്‍ നന്മ വരുത്തണേ എന്ന് പ്രാര്‍ത്ഥിക്കുന്നൊരു ആളാണ്. പിന്നെ എന്ത് സംഭവിച്ചാലും അങ്ങയുടെ ഇഷ്ടം തന്നെ നിറവേറട്ടെ എന്ന് പറയുന്ന... അതെന്റെ ചെറുപ്പത്തില്‍, നാലാം ക്ലാസ്സില്‍, എന്റെ മതാധ്യാപകന്‍ പറഞ്ഞു തന്നതാണ്, എന്ത് പ്രാര്‍ത്ഥിച്ചാലും അത് എന്റെ ഇഷ്ടമല്ല, അങ്ങയുടെ ഇഷ്ടം നിറവേറട്ടെ എന്ന് പ്രാര്‍ത്ഥിച്ചുകൊള്ളാന്‍. അങ്ങനെയൊക്കെ പ്രാര്‍ത്ഥിക്കുന്നൊരാളാണ് ഞാന്‍. അതുകൊണ്ട് എനിക്ക് ഈ പറഞ്ഞ പോലെ, എന്തൊക്കെ പ്രശ്‌നങ്ങള്‍ വന്നാലും, ഞാന്‍ വിശ്വസിക്കുന്ന ദൈവമുണ്ട്. ആ ദൈവത്തില്‍ അടിയുറച്ച് വിശ്വസിച്ചു കഴിഞ്ഞാല്‍ പുള്ളി നമ്മുടെ കൂടെ നില്‍ക്കുമെന്ന് ഉറപ്പുള്ള ആളാണ്. അത് എല്ലാ ദിവസവും ചെയ്യുന്ന കാര്യമായതുകൊണ്ട് എനിക്ക് ജീവിതത്തിന്റെ ഒരു ഭാഗം പോലെയാണത്.

Q

ഒന്നിച്ചു ഇറങ്ങിയ 2 പടങ്ങള്‍... പക്ഷേ ഇതാണ് true 'കേരള സ്റ്റോറി' എന്ന് ജനങ്ങള്‍ ഒന്നടങ്കം പറയുന്നു. ഇതിനോട് താങ്കളുടെ അഭിപ്രായം എന്താണ്?

A

No coments...

Q

ഈ സിനിമ ഇതുവരെ മലയാളം കാണാത്തത്ര വിജയത്തിലേക്ക് നീങ്ങിക്കൊണ്ടിരിക്കയാണ്. ഒരുപാട് ക്ലാസ്സിക് സിനിമകള്‍ കണ്ടവരാണ് മലയാളികള്‍. പക്ഷേ അവയില്‍ പലതും ഒരു സിനിമ മാത്രമായി അവശേഷിക്കുന്നു. ഇനിയങ്ങോട്ട്, നമ്മുടെ മക്കളും അങ്ങനെ വരാന്‍ പോകുന്ന തലമുറകള്‍, ഈ സിനിമയെ കാണാന്‍ പോകുന്നത്, മലയാളിയുടെ ഒരുമയെ വീണ്ടെടുക്കാന്‍ കാരണമാകുന്ന ഒന്നായിട്ടാണെന്ന് താങ്കള്‍ക്ക് തോന്നുന്നുണ്ടോ?

A

(ചോദിക്കാന്‍ കാരണമുണ്ട്... പ്രളയത്തില്‍ നമ്മളെല്ലാം മതം, ജാതി ഇതൊന്നുമില്ലാതെ ഒന്നിച്ചതാണ്. പക്ഷേ വീണ്ടും മോശമായി. ഇങ്ങനെ മോശമാകുന്ന സാഹചര്യത്തില്‍...)

അത് ഒരു പരിധിവരെ ശരിയാണ്. കാരണം, 2018 എന്ന സിനിമ, 2018 എന്ന കാലത്തെ ഓര്‍മിപ്പിക്കുന്നൊരു സിനിമയാണ്. ഈ പറഞ്ഞ പോലെ, വരും തലമുറയ്ക്ക് ഈ സിനിമ കാണുമ്പോ, നമ്മള്‍ മലയാളികള്‍ ഇങ്ങനെ ഒരു കഷ്ടകാലത്തില്‍ ഒന്നിച്ചു നിന്ന ഒരു ഓര്‍മ്മയുണ്ടാവും. അതില്‍പ്പരം ഇതൊരു ക്ലാസ്സിക് ആവാന്‍ മാത്രം മഹത്തരമായൊരു സൃഷ്ടിയാണെന്നൊന്നും ഞാന്‍ വിശ്വസിക്കുന്നില്ല.

ജൂഡ്, എന്തുകൊണ്ടാണ് മലയാളി ഇന്ന് താങ്കളെ ആദരിക്കുന്നത് എന്ന് ഓരോ കൊച്ചുകുട്ടിക്കും അറിയാം. ഭാഷയ്ക്കതീതമായി ഈ സിനിമ എല്ലാവരുടെയും ഹൃദയത്തില്‍ ഇടം നേടിക്കഴിഞ്ഞിരിയ്ക്കുന്നു. ഈ വിജയം താങ്കള്‍ അര്‍ഹിക്കുന്നതാണ്. ഇത് താങ്കളുടെ കഠിനാധ്വാനത്തിന്റെ ഫലമാണ്. നിശ്ചയദാര്‍ഢ്യത്തിന്റെ ആകെത്തുകയാണ്. ഇത് എന്റെ കഥ കൂടിയാണ്. എന്റെ കുടുംബത്തിന്റെ കഥയാണ്. എന്റെ നാടിന്റെ കഥയാണ്. ഒരിക്കല്‍ കൂടി നന്ദി. ഇനിയും ഒരുപാട് നല്ല സിനിമകള്‍ താങ്കള്‍ക്ക് ചെയ്യാനാവട്ടെ...

ക്രേസി ഗോപാലന്‍ എന്ന സിനിമയിലൂടെ സിനിമാ ജീവിതം ആരംഭിച്ചു. മലര്‍ വാടി ആര്‍ട്‌സ് ക്ലബ്, തട്ടത്തിന്‍ മറയത്ത് എന്നീ സിനിമകളുടെ സഹസംവിധായകനായി. യെല്ലോ പെന്‍, മമ്മുക്കായുടെ ജീവചരിത്രം എന്നീ ഹ്രസ്വചിത്രങ്ങള്‍ സംവിധാനം ചെയ്തു. ഓം ശാന്തി ഓശാന, ഒരു മുത്തശ്ശിഗഥ, സാറാസ് എന്നിവയാണ് ഇദ്ദേഹം സംവിധാനം ചെയ്ത സിനിമകള്‍.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org