സാമൂഹ്യമാധ്യമങ്ങളും യുവജനങ്ങളും

സാമൂഹ്യമാധ്യമങ്ങളും യുവജനങ്ങളും

കണ്ണൂര്‍ ജില്ലയിലെ പരിയാരത്തുള്ള സംസ്കൃതിയുടെ ആഭിമുഖ്യത്തില്‍, ഇലക്ട്രോണിക് ആശയവിനിമയ മാധ്യമങ്ങളുടെ ഉപയോഗവും ക്രൈസ്തവ യുവജനങ്ങളിലുള്ള അവയുടെ സ്വാധീനവും (Impact of the use of Electronic Communication media on Christian Youth in North Malabar) എന്ന വിഷയത്തില്‍ നടത്തിയ പഠനത്തിനു സര്‍വേ, ഇന്‍റര്‍വ്യൂ, ലിഖിതരേഖകള്‍ എന്നീ പഠനരീതികളാണ് ഉപയോഗിച്ചത്. മൊബൈല്‍ ഫോണ്‍, ഇന്‍റര്‍നെറ്റ്, കമ്പ്യൂട്ടര്‍, ടെലിവിഷന്‍ എന്നിവയാണ് ഈ പഠനത്തിലുദ്ദേശിക്കുന്ന ഇലക്ട്രോണിക് ആശയവിനിമയ മാധ്യമങ്ങള്‍. 18-നും 30-നും ഇടയില്‍ പ്രായമുള്ള മുന്നൂറോളം യുവതീയുവാക്കളാണു ചോദ്യാവലി പൂരിപ്പിച്ച് ഈ പഠനത്തില്‍ പങ്കാളികളായത്. കുടുംബബന്ധങ്ങള്‍, മൂല്യങ്ങള്‍, ഉന്നത വിദ്യാഭ്യാസം, അശ്ലീല ചിത്രങ്ങളുടെ പ്രചരണം, ഈ മാധ്യമങ്ങളുടെ ഗുണദോഷങ്ങള്‍ തുടങ്ങിയ മേഖലകളാണു പഠനവിധേയമാക്കിയത്.

1. കുടുംബബന്ധങ്ങളും ഇലക്ട്രോണിക് മാധ്യമങ്ങളുടെ ഉപയോഗവും
ഇലക്ട്രോണിക് മാധ്യമങ്ങളുടെ ഉപയോഗം മൂലം കുടുംബാംഗങ്ങളുമായി ചെലവഴിക്കുന്ന സമയം, കുടുംബപ്രാര്‍ത്ഥനയിലെ പങ്കാളിത്തം, കുടുംബങ്ങളോടൊത്തു ഭക്ഷണം കഴിക്കുന്നത്. ഇവയില്‍ കൃത്യമായ കുറവുണ്ടെന്നു സര്‍വേയില്‍ പങ്കെടുത്ത യുവജനങ്ങളില്‍ നല്ലൊരു ശതമാനം സമ്മതിക്കുന്നുണ്ട്. ഇലക്ട്രോണിക് മാധ്യമങ്ങള്‍ യുവജനങ്ങളെ കുടുംബബന്ധങ്ങളില്‍നിന്ന് അകറ്റുന്നുവെന്ന് ഇന്‍റര്‍വ്യൂവില്‍ പങ്കെടുത്ത മുതിര്‍ന്നവരില്‍ ഭൂരിഭാഗം പേരും പറയുന്നു. കാരണങ്ങളും അവര്‍ പറയുന്നുണ്ട്. ക്ലാസ് കഴിഞ്ഞു വന്നാല്‍ യുവാക്കള്‍ കൂട്ടുകാരോടൊപ്പം ഒന്നിച്ചിരുന്നു വീട്ടില്‍ വന്നാല്‍ മുറിയില്‍ തനിച്ചിരുന്നും മൊബൈലില്‍ സമയം ചെലവഴിക്കുന്നു. അതുകൊണ്ട്, വീട്ടുകാര്യങ്ങള്‍ക്ക് അവര്‍ക്കു സമയം കിട്ടാതെ വരുന്നു. ജീവിതത്തില്‍ തിരക്കു വര്‍ദ്ധിച്ചുവെന്നു 40 ശതമാനം യുവജനങ്ങള്‍ സമ്മതിക്കുന്നത് ഇതു സ്ഥിരീകരിക്കുന്നു. ഇതിനു പരിഹാരമായി ചില നിര്‍ദ്ദേശങ്ങളും പൊന്തിവന്നിട്ടുണ്ട്. തങ്ങള്‍ ഉപയോഗിക്കുന്ന സാമൂഹ്യമാധ്യമ സൈറ്റുകള്‍ മാതാപിതാക്കളുമായി പങ്കുവയ്ക്കുക എന്ന നിര്‍ദ്ദേശം ഒരു വിഭാഗം യുവജനങ്ങള്‍ നല്കുന്നുണ്ട്. എന്നാല്‍ മക്കളുടെ മാധ്യമ ഉപയോഗത്തില്‍ നിയന്ത്രണങ്ങള്‍ കൊണ്ടുവരുവാന്‍ സാധിക്കുന്നില്ല എന്നു സര്‍വേയില്‍ പങ്കെടുത്ത മുതിര്‍ന്നവര്‍ പറഞ്ഞു. അതിനു യുവജനങ്ങള്‍ സ്വീകാര്യമായ ഒരു സമീപനം മാതാപിതാക്കള്‍ കൈക്കൊള്ളണം. കുറ്റപ്പെടുത്തുന്നതോ അടിച്ചേല്പിക്കുന്നതോ ആവരുത് അവരുടെ സമീപനരീതി. യുവജനങള്‍ക്കു മാധ്യമങ്ങളിലുള്ള താത്പര്യം കണക്കിലെടുത്ത്, അവരുമായി ചര്‍ച്ച ചെയ്തു മീഡിയ എത്രമാത്രം എപ്പോഴെല്ലാം ഉപയോഗിക്കണം, എന്തുമാത്രം പണം അതിനുവേണ്ടി ചെലവിടണം എന്നീ കാര്യങ്ങളില്‍ ഒരു ധാരണയുണ്ടാക്കുന്നതു നല്ലതാണ്. അതിന് ഒന്നിച്ചിരുന്നു ചര്‍ച്ച ചെയ്തു കാര്യങ്ങള്‍ തീരുമാനിക്കുന്നതാണ് ഉത്തമം. മാധ്യമങ്ങളുടെ ഉപയോഗത്തില്‍ മാതാപിതാക്കളും മിതത്വം പാലിച്ചു മാതൃകയാകേണ്ടതാണ്.

2. യുവജനങ്ങളുടെ മൂല്യങ്ങളിലും സ്വഭാവരീതിയിലും മാധ്യമങ്ങളുടെ സ്വാധീനം
ഇലക്ട്രോണിക് മാധ്യമങ്ങളുടെ ഉപയോഗം യുവജനങ്ങളുടെ മൂല്യങ്ങളെയും ജീവിതരീതിയെയും ദോഷമായി ബാധിക്കുന്നുവെന്നു സര്‍വേയില്‍ പങ്കെടുത്ത 88 ശതമാനം യുവജനങ്ങളും ഇന്‍റര്‍വ്യൂവില്‍ പങ്കെടുത്ത ഭൂരിഭാഗം മുതിര്‍ന്നവരും അഭിപ്രായപ്പെട്ടു. നായികാനായകന്മാരെ അന്ധമായി അനുകരിക്കുന്ന പ്രവണത, ജീവിതശൈലിയെ മാറ്റുന്ന പരസ്യങ്ങള്‍, ധാര്‍മികമൂല്യങ്ങളെ ചോദ്യം ചെയ്യുന്ന വിനോദപരിപാടികള്‍ തുടങ്ങിയവയാണു നിലവിലുള്ള മൂല്യങ്ങളില്‍ വ്യതിയാനം വരുത്തുന്ന ഘടകങ്ങള്‍.

മൊബൈലിന്‍റെ ലേകത്തിലേക്കു ചുരുങ്ങുവാനുള്ള പ്രവണത യുവജനങ്ങള്‍ക്കുണ്ട്. അതുകൊണ്ട് മീഡിയയില്‍ വരുന്നതെന്തും ശരിയാണെന്ന രീതിയില്‍ അവരതു ജീവിതത്തില്‍ പകര്‍ത്താന്‍ ശ്രമിക്കുന്നു. അങ്ങനെ ശരിയും തെററും തിരിച്ചറിയാനുള്ള വിവേചനബുദ്ധിയും ധാര്‍മികമൂല്യങ്ങളും അവര്‍ക്കു നഷ്ടമാകുന്നു. മാധ്യമങ്ങളില്‍ വരുന്ന കളികളിലെ തോല്‍വിയില്ലാത്ത ജീവിതത്തെ അവര്‍ അന്വേഷിച്ചുപോകുന്നു. മാത്രമല്ല മയക്കുമരുന്ന്, മദ്യം, ലൈംഗികാസക്തി തുടങ്ങിയ ദുര്‍ഗുണങ്ങളിലേക്കു തിരിയാന്‍ അവര്‍ക്കതു പ്രേരണയാകുന്നു. ഇതിനു പരിഹാരമായി ചില നിര്‍ദ്ദേശങ്ങള്‍ പഠനത്തില്‍ പങ്കെടുത്തവര്‍ മുന്നോട്ടുവയ്ക്കുന്നുണ്ട്. സാമൂഹ്യമാധ്യമങ്ങളോടൊപ്പം വീട്ടിലും നാട്ടിലുമുള്ള ആളുകളുമായി ബന്ധപ്പെടുവാന്‍ യുവജനങ്ങള്‍ ബോധപൂര്‍വം ശ്രമിക്കണം. സമൂഹത്തിലെ പല തുറകളിലുമുള്ള വ്യക്തികളുമായി ഇടപെടാനും പ്രവര്‍ത്തിക്കുവാനുമുള്ള അവസരങ്ങള്‍ ക്യാമ്പുകളിലൂടെയും സെമിനാറുകളിലൂടെ നല്കുവാന്‍ സഭയും സമൂഹവും ശ്രമിക്കണം. മാതാപിതാക്കളുടെ മൂല്യാധിഷ്ഠിതജീവിതവും സ്നേഹപൂര്‍ണവുമായ നിയന്ത്രണവും മക്കള്‍ക്കു നല്ല മൂല്യങ്ങളും ജീവിതവീക്ഷണവും പകര്‍ന്നു നല്കാനാകും.

3. യുവജനങ്ങളുടെ ഉന്നത വിദ്യാഭ്യാസവും മാധ്യമങ്ങളുടെ ഉപയോഗവും
ഉന്നത വിദ്യാഭ്യാസത്തിന് ഇലക്ട്രോണിക് ആശയവിനിമയ മാധ്യമങ്ങള്‍ വളരെ പ്രയോജനകരമാണെന്നു 90 ശതമാനം യുവജനങ്ങള്‍ രേഖപ്പെടുത്തി. എണ്ണമറ്റ രീതിയില്‍ ഇലക്ട്രോണിക് മാധ്യമങ്ങള്‍ അതിനെ സഹായിക്കുന്നുണ്ട്. എന്നാല്‍ മിക്ക യുവജനങ്ങളും മാധ്യമങ്ങളെ ഈ രീതിയില്‍ ഉപയോഗിക്കുന്നില്ല എന്നതാണു പഠനത്തില്‍ തെളിഞ്ഞത്. മാത്രമല്ല, അതവരെ ദോഷകരമായി ബാധിക്കുകയും ചെയ്യുന്നു. ഇന്‍റര്‍വ്യൂവില്‍ പങ്കെടുത്തവര്‍ ഇതു വിശദീകരിക്കുന്നുണ്ട്. മീഡിയയിലെ വിനോദത്തിനും ചാറ്റിംഗിനും യുവജനങ്ങള്‍ പ്രാധാന്യം കൊടുക്കുന്നതുകൊണ്ടു പഠനത്തിന് ആവശ്യത്തിനു സമയം കൊടുക്കുവാന്‍ അവര്‍ക്കു സാധിക്കുന്നില്ല. സാമൂഹ്യമാധ്യമങ്ങളുടെ രാത്രിയിലെ ഉപയോഗം തുടര്‍ന്നുള്ള ദിവസങ്ങളിലെ ക്ലാസ്സിനും പഠനത്തിനും ശ്രദ്ധ കൊടുക്കുവാന്‍ അവര്‍ക്കു സാധിക്കാതെ വരുന്നു. ഇതിനു പരിഹാരമായി മീഡിയായെപ്പറ്റി യുവജനങ്ങള്‍ക്കു ബോധവത്കരണ ക്ലാസ്സുകള്‍ സംഘടിപ്പിക്കാവുന്നതാണ്. മീഡിയയുടെ ഉപയോഗത്തില്‍ അത്യാവശ്യ നിയന്ത്രണങ്ങള്‍ കൊണ്ടുവരുവാന്‍ മാതാപിതാക്കള്‍ ശ്രദ്ധിക്കുകയും വേണം.

4. ഇലക്ട്രോണിക് ആശയവിനിമയ മാധ്യമങ്ങളും അശ്ലീലചിത്രങ്ങളും
സ്മാര്‍ട്ട്ഫോണുകളിലൂടെ അശ്ലീലചിത്രങ്ങള്‍ എളുപ്പത്തിലും വേഗത്തിലും വ്യാപിക്കുന്നു. അശ്ലീലചിത്രങ്ങള്‍ ജീവിതത്തെ ദോഷകരമായി ബാധിക്കുന്നുവെന്നു സര്‍വേയില്‍ പങ്കെടുത്ത 90 ശതമാനം യുവജനങ്ങളും അഭിപ്രായപ്പെട്ടു. അവികലമായ ലൈംഗികസങ്കല്പങ്ങള്‍ അതവരുണ്ടാക്കുന്നു. അവരുടെ സദാചാരബോധത്തെയും പെരുമാറ്റരീതിയെയും അതു സ്വാധീനിക്കുന്നു. ലൈംഗിക കുറ്റകൃത്യങ്ങള്‍ക്ക് അതവര്‍ക്കു പ്രേരണയാകുന്നു. അങ്ങനെ സ്ത്രീ-പുരുഷബന്ധത്തെയും ഭാവി വിവാഹജീവിതത്തെയും അതു ബാധിക്കുന്നു.

അശ്ലീലചിത്രങ്ങളുടെ ഉറവിടം അടയ്ക്കണമെന്നു സര്‍വേയില്‍ പങ്കെടുത്തവരില്‍ പകുതിയിലധികം പേര്‍ ഇതിനു പരിഹാരമായി നിര്‍ദ്ദേശിച്ചിട്ടുണ്ട്. ഇതു കുട്ടികളിലെത്തുന്നതു പൂര്‍ണമായും തടയണമെന്നു ഭൂരിഭാഗം യുവജനങ്ങളും രേഖപ്പെടുത്തി. ഈ വിഷയത്തെപ്പറ്റി ബോധവത്കരണ ക്ലാസ്സുകള്‍ സംഘടിപ്പിക്കണമെന്ന് 64 ശതമാനം യുവജനങ്ങള്‍ അഭിപ്രായപ്പെട്ടു.

5. മൊബൈലിനുവേണ്ടി യുവജനങ്ങള്‍ ചെലവഴിക്കുന്ന സമയവും പണവും
സര്‍വേയില്‍ പങ്കെടുത്തവരില്‍ 50 ശതമാനത്തോളം ആഴ്ചയില്‍ 24 മണിക്കൂര്‍, അതായത് ഒരു ദിവസം, മൊബൈലിനുവേണ്ടി ചെലവഴിക്കുന്നു. ഇത് അമിതമായ ഉപയോഗമാണ്. ഇതിലും കൂടുതല്‍ സമയം മൊബൈലിനുണ്ടേി ചെലവഴിക്കുന്നുവെന്നു മറ്റു ചില പഠനങ്ങള്‍ വെളിപ്പെടുത്തുന്നു. ഇതു യുവാക്കളുടെ പഠനത്തെയും ജോലിയെയും ബാധിക്കുന്നു. സര്‍വേയില്‍ പങ്കെടുത്ത യുവാക്കളില്‍ 77 ശതമാനം മാസത്തില്‍ 300 രൂപ മൊബൈല്‍ റീച്ചാര്‍ജിനായി ചെലവിടുന്നു. മൊബൈല്‍ കമ്പനികള്‍ സൗജന്യനിരക്കില്‍ വന്‍ പാക്കേജുകള്‍ കൊടുത്തിട്ടും ഇത്രയും തുക വരുന്നത് അനിയന്ത്രിതമായ ഉപയോഗം മൂലമാണ്. യുവജനങ്ങളില്‍ ഭൂരിഭാഗവും പഠിക്കുന്നവരാകയാല്‍ ഈ ചെലവ് മാതാപിതാക്കള്‍ക്കു പ്രത്യേകിച്ചു താഴ്ന്ന വരുമാനക്കാര്‍ക്കു ഒരു വലിയ സാമ്പത്തിക ബാദ്ധ്യതയാണ്.

6. ഇലക്ട്രോണിക് ആശയ വിനിമയ മാധ്യമങ്ങളുടെ ഗുണങ്ങളും ദോഷങ്ങളും
ഇലക്ട്രോണിക് മാധ്യമങ്ങള്‍ക്കു ഗുണങ്ങളും ദോഷങ്ങളുമുണ്ട്. വിവധ തരം അറിവുകള്‍ വൈവിദ്ധ്യമാര്‍ന്ന രീതിയില്‍ നേടുന്നതിന്, കലാ-കായിക-സാംസ്കാരിക പരിപാടികള്‍ക്ക്, വിദേശത്തും സ്വദേശത്തും ജോലി കിട്ടാന്‍ മത്സരപരീക്ഷകള്‍ക്ക് ഒരുക്കങ്ങള്‍, സ്വന്തം ഹോംപേജുകള്‍ ഉണ്ടാക്കി തൊഴിലവസരങ്ങള്‍ സൃഷ്ടിക്കാന്‍ തുടങ്ങി. ഒട്ടേറെ കാര്യങ്ങള്‍ ഇലക് ട്രോണിക് മീഡിയയിലൂടെ നേടാനാകും. എന്നാല്‍ ഇതിനു ദോഷവശങ്ങളമുണ്ട്. ഇന്‍റര്‍വ്യൂവിലും മറ്റു പഠനങ്ങളിലും ചൂണ്ടിക്കാട്ടിയ ദോഷവശങ്ങള്‍ താഴെ ചേര്‍ക്കുന്നു.

i) മാനുഷികബന്ധങ്ങളെ ബാധിക്കുന്നു
ഇലക്ട്രോണിക് മാധ്യമങ്ങളിലൂടെ ബന്ധങ്ങള്‍ വര്‍ദ്ധിക്കുമ്പോള്‍ ചുറ്റുപാടുമുള്ള ആളുകളുമായുള്ള ബന്ധം കുറയുന്നു. മാത്രമല്ല, അനാരോഗ്യകരമായ ബന്ധങ്ങളിലേക്ക് അതവരെ നയിക്കുകയും ചെയ്യുന്നു. ഇത്തരം ബന്ധങ്ങള്‍ പെണ്‍കുട്ടികളെയാണു കൂടുതല്‍ ബാധിക്കുന്നത്. ചിലപ്പോള്‍ പലതരത്തിലുള്ള ചതിയില്‍ വീഴാന്‍ അതിടയാക്കുന്നു. കുടുംബബന്ധങ്ങളെ ബാധിക്കുന്ന രീതി മുകളില്‍ വിശദീകരിച്ചല്ലോ.

ii) യുവജനങ്ങളുടെ മാനസികാവസ്ഥയെയും സ്വഭാവത്തെയും മാധ്യമങ്ങള്‍ ബാധിക്കുന്നു.
മൊബൈലിലെ വിനോദപരിപാടികളും ചാറ്റിംഗുകളും തുടര്‍ച്ചയായി ഉപയോഗിക്കുമ്പോള്‍ അതു യുവജനങ്ങളുടെയും കുട്ടികളുടെയും സ്വഭാവത്തെ ബാധിക്കുന്നു. പലരെയും സാമൂഹ്യമാധ്യമങ്ങള്‍ തുടര്‍ച്ചയായി ഉപയോഗിക്കുമ്പോഴുണ്ടാകുന്ന ഫെയ്സ് ബുക്ക് വിഷാദം (facebook depression) ഇത്തരത്തിലുള്ള ഒരു മാനസികപ്രശ്നമാണ്. മൊബൈലുമായി ഒറ്റപ്പെട്ടിരിക്കുന്ന സ്വഭാവം കേരളത്തിലെ നല്ലൊരു ശതമാനം കുട്ടികളില്‍ കണ്ടുവരുന്നതായി സൈക്കോളജിസ്ററുകള്‍ പറയുന്നുണ്ട്. കുടുംബകാര്യങ്ങളിലും പൊതുകാര്യങ്ങളിലുമുള്ള താത്പര്യക്കുറവ്, പഠനത്തില്‍ പിന്നോക്കാവസ്ഥ തുടങ്ങി യ ലക്ഷണങ്ങള്‍ ഇത്തരം കുട്ടികളുടെ പ്രത്യേകതകളായി അവര്‍ സാഷ്യപ്പെടുത്തുന്നു.

iii) സൈബര്‍ കറ്റകൃത്യങ്ങളും ഓണ്‍ലൈന്‍ ഭീഷണികളും
ഇലക്ട്രോണിക് മാധ്യമങ്ങളെപ്പറ്റി മറ്റു പഠനങ്ങള്‍ എടുത്തുപറയുന്ന ചില അപകടങ്ങളാണു സൈബര്‍ ഭീഷണിയും സൈബര്‍ കുറ്റകൃത്യങ്ങളും. തെറ്റായതോ വിദ്വേഷം നിറഞ്ഞതോ ആയ വിവരങ്ങള്‍ ഡിജിറ്റല്‍ മാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കുന്നതാണു സൈബര്‍ ഭീഷണി. വ്യക്തിഗതവിവരങ്ങള്‍ ബിസിനസ്സ് രഹസ്യങ്ങള്‍ തുടങ്ങിയവ കമ്പ്യൂട്ടര്‍ സാങ്കേതികവിദ്യ ഉപയോഗിച്ചു കണ്ടെത്തുകയുംഅതിലൂടെ അവരെ പീഡിപ്പിക്കുകയും ചൂഷണം ചെയ്യുകയും ചെയ്യുന്നതാണു സൈബര്‍ കുറ്റകൃത്യങ്ങള്‍. യുവജനങ്ങളും കൗമാരക്കാരും ഇത്തരം കെണികളില്‍ വീഴാന്‍ സാദ്ധ്യതയുണ്ട്. സര്‍ക്കാരിന്‍റെ സൈബര്‍ സെല്ലിന്‍റെ കണക്കനുസരിച്ച്, അടുത്തകാലത്ത് രജിസ്റ്റര്‍ ചെയ്ത ഇത്തരം പരാതികളില്‍ 70 ശമതാനം സോഷ്യല്‍മീഡിയ വഴി വഞ്ചിക്കപ്പെടുന്ന പെണ്‍കുട്ടികളുടെ മാതാപിതാക്കളുടേതാണ്. മറുവശത്ത് ചാറ്റിംഗ് നടത്തുന്ന സുഹൃത്തുക്കള്‍ക്കു പെണ്‍കുട്ടികള്‍ അയച്ചുകൊടുക്കുന്ന ഫോട്ടോകള്‍ അവരറിയാതെ ദുരുപയോഗം ചെയ്യപ്പെടുന്നു.

iv) അപകടകാരികളായ ഓണ്‍ലൈന്‍ കളികള്‍
ഇലക്ട്രോണിക് മാധ്യമങ്ങളുടെ ഉപയോഗത്തിലുള്ള മറ്റൊരു കെണിയാണ് അപടകാരികളായ ഓണ്‍ലൈന്‍ കളികള്‍. ഇന്ന് ഏറ്റവും കൂടുതല്‍ അറിയപ്പെടുന്ന 'ബ്ലൂ വെയില്‍ കളികളി'ലൂടെ കേരളത്തിലുള്‍പ്പെടെ ഇന്ത്യയില്‍ അഞ്ചു യുവാക്കള്‍ 2017-18 ല്‍ ആത്മഹത്യ ചെയ്തെന്നു കരുതപ്പെടുന്നു. ഇതിന്‍റെ കാര്യത്തില്‍ യുവജനങ്ങളും മാതാപിതാക്കളും ജാഗ്രത പുലര്‍ത്തേണ്ടതാണ്.

ഇലക്ട്രോണിക് ആശയവിനിമയ മാധ്യമങ്ങള്‍ക്കു ധാരാളം നല്ല ഗുണങ്ങളും ഒപ്പം ദോഷങ്ങളുമുണ്ട്. അവയെ വിനോദത്തിനുവേണ്ടി അമിതമായി ഉപയോഗിക്കുന്നതു യുവജനങ്ങള്‍ നിയന്ത്രിക്കുകയും ധാര്‍മികവും സാമൂഹികവും വിദ്യാഭ്യാസപരവുമായ കാര്യങ്ങള്‍ ക്കുവേണ്ടി ക്രിയാത്മകമായി ഉപയോഗിക്കുകയും വേണം. സ്വഭാവരൂപീകരണത്തിന് ഉപകരിക്കുന്ന സോഷ്യല്‍ മീഡിയ വഴിയുള്ള പരിപാടികള്‍ രൂപതകളും ഭക്തസംഘടനകളും ആവിഷ്കരിക്കണം. കൗമാരക്കാരും യുവജനങ്ങളും ഈ രംഗത്തു നേരിടുന്ന പ്രശ്നങ്ങള്‍ക്കു കൗണ്‍സലിംഗ് കാര്യക്ഷമമായി ഉപയോഗിക്കാവുന്നതാണ്. സൈബര്‍ സെല്‍ ഉദ്യോഗസ്ഥരുടെ സേവനങ്ങള്‍ ഇതിനായി പ്രയോജനപ്പെടുത്തണം.

ഇലക്ട്രോണിക് ആശയവിനിമയ മാധ്യമങ്ങള്‍ ജീവിതത്തിന്‍റെ എല്ലാ മേഖലകളിലും ശക്തമായ സ്വാധീനം ചെലുത്തുന്നു. അതില്ലാതെ ആര്‍ക്കും ജീവിക്കാനാവില്ല എന്ന സ്ഥിതിയാണിന്നുള്ളത്. പരിമിതികള്‍ ഒഴിവാക്കി അതിന്‍റെ അനന്തസാദ്ധ്യതകള്‍ ഉപയോഗിക്കുന്നതാണു യുവജനങ്ങളുടെ മുമ്പിലുള്ള വെല്ലുവിളി. അതു ക്രിയാത്മകമായി ഏറ്റെടുക്കുന്നതിനു മാതാപിതാക്കളും സഭയുടെ സമൂഹവും അവരെ സഹായിക്കുകയും പ്രോത്സാഹിപ്പിക്കുകയും വേണം.

mathewaerthayil@yahoo.co.in

Related Stories

No stories found.
Sathyadeepam Weekly
www.sathyadeepam.org