ലളിതം നമ്മുടെ ഭവനം

ലളിതം നമ്മുടെ ഭവനം

നടനും നിര്‍മ്മാതാവുമായ മധു വാര്യര്‍ ആദ്യമായി സംവിധാനം ചെയ്ത 'ലളിതം സുന്ദരം' ഡിസ്‌നി പ്ലസ് ഹോട്ട്സ്റ്റാറിലൂടെ നേരിട്ടാണ് റിലീസ് ചെയ്തത്. കുടുംബ ബന്ധങ്ങളുടെ പശ്ചാത്തലത്തിലുള്ള കഥ പറയുന്ന ചിത്രത്തില്‍ മഞ്ജുവാര്യര്‍, ബിജു മേനോന്‍, സൈജു കുറുപ്പ്, ദീപ്തി സതി, അനു മോഹന്‍, സുധീഷ്, രഘുനാഥ് പാലേരി, രമ്യ നമ്പീശന്‍, സറീന വഹാബ് തുടങ്ങിയവരാണ് അഭിനയിച്ചിട്ടുള്ളത്.

തന്റെ സഹോദരന്‍ ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ ഒരു കഥാപാത്രത്തെ അവതരിപ്പിക്കുന്നതിനൊപ്പം നിര്‍മ്മാതാവിന്റെ റോളിലും മഞ്ജു നിറഞ്ഞുനില്‍ക്കുന്നുണ്ട്. ഈ സഹോദരങ്ങള്‍ ഒരുക്കിയ ചിത്രവും സഹോദരബന്ധത്തിന്റെ കഥയാണ് പങ്കുവയ്ക്കുന്നത്.

പേരില്‍ പറയപ്പെടുന്നതു പോലെ ലളിതവും നമുക്ക് പരിചിതവുമായ കഥയാണ് ചിത്രത്തിലും ഉള്ളത്. കുടുംബചിത്രങ്ങളില്‍ വര്‍ഷങ്ങളായി കണ്ടുവരുന്ന സംഗതികളില്‍ നിന്നും കാര്യമായ മാറ്റങ്ങളൊന്നും ചിത്രത്തില്‍ കൊണ്ടു വന്നിട്ടില്ല. ടൈറ്റില്‍സ് എഴുതിക്കാണിക്കുന്നതിനൊപ്പം ചേര്‍ത്തിരിക്കുന്ന ചിത്രങ്ങളിലൂടെ പ്രേക്ഷകരില്‍ ഗൃഹാതുരുത്വം ഉണര്‍ത്തുന്ന സംവിധായകന്‍ ചിത്ര ത്തിലുട നീളം അതിനായി ശ്രമിക്കുന്നു ണ്ട്.

24 വര്‍ഷങ്ങള്‍ക്കി പ്പുറം ബിജു മേനോന്‍ മഞ്ജു വാര്യര്‍ കൂട്ടുകെട്ട് കാണുന്നത് പോലും പഴയ ഓര്‍മ്മകളെ തിരികെ വിളിക്കുന്ന അനുഭവമാണ്. തൊണ്ണൂറുകള്‍ക്ക് ഇപ്പുറമുള്ള തലമുറയ്ക്ക് ആ ഫീല്‍ കിട്ടില്ല. നമ്മുടെ കൈയിലുള്ള വിരലുകള്‍ കുടുംബത്തിലെ അംഗങ്ങളോ അല്ലെങ്കില്‍ സഹോദരങ്ങളോ ആണെന്ന് കരുതുക, ആ വിരലുകള്‍ മടക്കി ഒന്നിച്ച് ചേര്‍ത്ത് പിടിക്കുമ്പോള്‍ ലഭിക്കുന്ന ബലവും ആത്മവിശ്വാസവും അവ അകന്നു നില്‍ക്കുമ്പോള്‍ ഉള്ളതിനേക്കാള്‍ വളരെയധികമാണ്. ഈ വസ്തുത ആര്‍ക്കും അറിയാത്തതല്ല, പക്ഷേ ജീവിതം മെച്ചപ്പെടുത്താനുള്ള തിരക്കുകളാലും അഹംഭാവത്താലും പലരും കുടുംബബന്ധങ്ങളില്‍ നിന്നും വേരറ്റാണ് നില്‍ക്കുന്നത്.

ജീവിതത്തെ അതിന്റെ പൂര്‍ണതയില്‍ നുകരാനാകണമെങ്കില്‍ മനസ്സിന് അയവ് ഉണ്ടായിരിക്കേണ്ടത് അത്യാവശ്യമാണ്. തങ്ങളുടെ വിഷമങ്ങളും സന്തോഷങ്ങളും കുടുംബത്തോടൊപ്പം പങ്കിട്ട് ജീവിക്കുന്നവരുടെ മനസ്സും ശാന്തമായിരിക്കും. പക്ഷേ കണ്ണുള്ളപ്പോള്‍ അതിന്റെ വില അറിയില്ല എന്നു പറയുന്നതുപോലെ പലതും നഷ്ടപ്പെടുമ്പോഴായിരിക്കും നമ്മള്‍ക്ക് തിരിച്ചറിവുണ്ടാകുന്നത്.

സണ്ണി, ആനി, ജെറി എന്നീ സഹോദരങ്ങളുടെ കഥയിലൂടെ ഇത്തരത്തിലുള്ള ചില അനുഭവങ്ങള്‍ പകര്‍ന്നുകൊണ്ട് ബന്ധങ്ങളുടെ മൂല്യത്തേക്കുറിച്ചാണ് തന്റെ ആദ്യ ചിത്രത്തില്‍ മധു വാര്യര്‍ സംസാരിക്കുന്നത്. ഒരുപക്ഷേ സിനിമ കണ്ടുകഴിയുമ്പോള്‍ പ്രേക്ഷകരും അതിലെ കഥാപാത്രങ്ങളെപ്പോലെ ജീവിതത്തിന്റെ ഓട്ടപ്പാച്ചിലില്‍ തങ്ങള്‍ക്ക് നഷ്ടമായവയേക്കുറിച്ച് ചിന്തിക്കുന്നുണ്ടെങ്കില്‍ അതാണ് ചിത്രത്തിന്റെ വിജയം.

സണ്ണി കൊച്ചിയിലും, ആനി മുംബൈയിലും, ജെറി ബാംഗ്ലൂരിലും ജീവിക്കുന്നവരാണ്. ഭര്‍ത്താവായ സന്ദീപിന്റെ മികച്ച സപ്പോര്‍ട്ട് ഉള്ളതിനാല്‍ ആനിക്ക് തന്റെ കരിയറില്‍ ശ്രദ്ധ കേന്ദ്രീകരിക്കാന്‍ സാധിച്ചിട്ടുണ്ട്. ആനി വിജയത്തിന്റെ ലഹരി നുകരുമ്പോള്‍ സണ്ണി പരാജയങ്ങളുടെ കയ്പ്പാണ് തുടര്‍ച്ചയായി രുചിക്കുന്നത്. അതിന്റേതായ ഈഗോകളും സണ്ണിക്കും സഹോദരങ്ങള്‍ക്കും ഇടയിലുണ്ട്. ഇതുകൂടാതെ ഏറ്റവും ഇളയവനായ ജെറിക്ക് ചില പ്രത്യേക കാരണങ്ങളാല്‍ സണ്ണിയോട് അതിയായ ദേഷ്യവും ഉണ്ട്.

കരിയര്‍ മെച്ചപ്പെടുത്താനുള്ള ഓട്ടത്തിനിടയില്‍ മൂവരും അവരുടെ അച്ഛനേയും അമ്മയേയും മറന്നിരുന്നു. മക്കളെ ഒരുമിച്ച് കാണാന്‍ കഴിയാതെ വിടവാങ്ങിയ അമ്മയുടെ ഓര്‍മ്മദിനത്തില്‍ ഈ സഹോദരങ്ങള്‍ ഒന്നിച്ച് വീട്ടില്‍ എത്തുകയാണ്. അച്ഛന്റെ അഭ്യര്‍ത്ഥന പ്രകാരം അമ്മയുടെ അവസാന ആഗ്രഹം പൂര്‍ത്തിയാക്കാനായി ഇവര്‍ കുറച്ചുനാള്‍ ഒന്നിച്ച് കഴിയുന്നതും തുടര്‍ന്ന് നടക്കുന്ന കാര്യങ്ങളുമാണ് ചിത്രത്തിന്റെ കഥ.

ഭാവി സുരക്ഷിതമാക്കാന്‍ ശ്രമിക്കുന്ന ഭൂരിഭാഗം ആളുകളും വര്‍ത്തമാന കാലത്ത് ജീവിക്കാന്‍ തന്നെ മറന്നുപോകുന്നുണ്ട്, പിന്നീടത് തിരിച്ചറിയുമ്പോഴേക്കും വിലയേറിയ നിമിഷങ്ങള്‍ പലതും നഷ്ടപ്പെട്ടിട്ടുണ്ടാകും. കൂടുതലൊന്നും ചിന്തിക്കാതെ ഇത്തരത്തില്‍ ലളിതമായി മനസ്സിലാക്കാന്‍ കഴിയുന്ന ചില ജീവിത സത്യങ്ങളാണ് സിനിമയിലുള്ളത്. ഒട്ടനവധി ചിത്രങ്ങളില്‍ പറയപ്പെട്ടിട്ടുള്ള കാര്യങ്ങള്‍ തന്നെയാണ് ഇതൊക്കെ, എന്നിരുന്നാലും ഈ കഥയ്ക്ക് ഇപ്പോഴും സാധ്യതയുണ്ടെന്ന് വിശ്വസിച്ച സംവിധായകന്‍ അത് തെളിയിക്കുകയും ചെയ്തു. തുടക്കക്കാരന്റെ പരിമിതികള്‍ പൂര്‍ണ്ണമായും മറികടക്കാന്‍ കഴിഞ്ഞില്ലെങ്കിലും കഥയിലെ ഫീല്‍ഗുഡ് ഘടകങ്ങള്‍ പ്രേക്ഷകരിലേക്ക് എത്തിക്കുന്നതില്‍ ഒരു പരിധിവരെ മധു വാര്യര്‍ വിജയിച്ചിട്ടുണ്ട്. പ്രമോദ് മോഹന്‍ എഴുതിയ തിരക്കഥ ലളിതമാണെങ്കിലും അത്ര സുന്ദരമല്ല. പരിചയമുള്ള കഥയെ ഊഹിക്കാവുന്ന കഥാഗതിയില്‍ ഒഴുക്കിവിട്ടിരിക്കുന്ന തിരക്കഥ പ്രേക്ഷകരെ കഥാപാത്രങ്ങള്‍ക്കൊപ്പം ഇമോഷണലായി ബന്ധിപ്പിക്കുന്നതിലും, ഒരു ഫീല്‍ ഗുഡ് ചിത്രമെന്ന രീതിയില്‍ പൂര്‍ണ്ണ സംതൃപ്തി നല്‍കുന്നതിലും പരാജയപ്പെട്ടു.

സംഭാഷണങ്ങള്‍ക്ക് ഹൃദയത്തില്‍ നിന്നും ഉദ്ഭവിക്കുന്നതായ ഫീല്‍ ഇല്ലാതിരുന്നതും, സഹോദരങ്ങള്‍ക്കിടയിലെ കണക്ഷന്‍സ് പ്രേക്ഷകരെ ബോധ്യപ്പെടുത്തുന്നതായ രംഗങ്ങളുടെ കുറവും ചിത്രത്തെ പ്രതികൂലമായി ബാധിച്ചിട്ടുണ്ട്. ചില സന്ദര്‍ഭങ്ങളും, സംഭാഷണങ്ങളും പരിധിവിട്ട് അതിനാടകീയമായി പോയിട്ടുമുണ്ട്. കഥാ പാത്ര നിര്‍മ്മിതിയിലും ലളിതമായിപ്പോയ ചിത്രത്തില്‍ അഭിനേതാക്കളെല്ലാം സ്വന്തം നിലയില്‍ വേഷങ്ങള്‍ മെച്ചപ്പെടുത്തുകയായിരുന്നു.

മഞ്ജു വാര്യരുടെ ആനി, നടിയുടെ പ്രഭാവലയത്തിനപ്പുറം കാണികളെ ആകര്‍ഷിക്കുന്ന കഥാ പാത്രമായിരുന്നില്ല. എഴുതി വച്ചതിലും ഭംഗിയായി മഞ്ജു ആ കഥാപാത്രത്തെ അവതരിപ്പിച്ചെങ്കിലും പ്രത്യേകം പരാമര്‍ശിക്കാനാകുന്ന അഭിനയ മുഹൂര്‍ത്തങ്ങളൊന്നും നല്‍കാന്‍ ഇത്തവണ നടിക്ക് കഴിഞ്ഞിട്ടില്ല.

ഹാസ്യത്തിന്റെ കരുത്ത് ഇല്ലായിരുന്നെങ്കിലും ബിജു മേനോന്‍ ആരാധകരെ ഒട്ടും നിരാശപ്പെടുത്തുന്നില്ല. സണ്ണിയെന്ന കഥാപാത്രം എന്താണ് ഫീല്‍ ചെയ്യുന്നതെന്ന് കാണികള്‍ക്ക് ശരിക്കും മനസ്സിലാക്കാന്‍ കഴിയും. ആ കഥാപാത്രത്തെ കൂടുതല്‍ തുറന്നുകാട്ടുന്നതില്‍ തിരക്കഥ വീഴ്ച വരുത്തിയത് ക്ലൈമാക്‌സിലേക്ക് വരുമ്പോള്‍ കല്ലുകടിയായെങ്കിലും നടന്‍ സേഫ് സോണിലാണ്.

സൈജു കുറുപ്പിന് കൂടുതല്‍ ജോലി ഭാരം നല്‍കിയിരുന്നില്ല. കാമ്പുള്ള ചില സന്ദേശങ്ങള്‍ പ്രേക്ഷകര്‍ക്ക് നല്‍കിയ ആ വേഷം നടനും ഭംഗിയാക്കിയിട്ടുണ്ട്. നിത്യജീവിതത്തിലേതിന് സമാനമായ നര്‍മ്മ മുഹൂര്‍ത്തങ്ങള്‍ ലഭിച്ചത് സൈജു കുറുപ്പ്, സുധീഷ് എന്നിവരില്‍ നിന്നുമാണ്. സ്‌ക്രീനില്‍ എത്തുന്ന സമയം കുറഞ്ഞുപോയെങ്കിലും ദീപ്തി സതി, അനു മോഹന്‍, സുധീഷ്, രഘുനാഥ് പാലേരി, രമ്യ നമ്പീശന്‍, സറീന വഹാബ് എന്നിവര്‍ക്കെല്ലാം പ്രേ ക്ഷകശ്രദ്ധ നേടാന്‍ കഴിയുന്നുണ്ട്.

പി. സുകുമാര്‍, ഗൗതം ശങ്കര്‍ എന്നിവരുടെ ഛായാഗ്രഹണം ചിത്രത്തെ മുന്നോട്ട് നയിക്കുന്നതില്‍ പ്രധാന പങ്ക് വഹിച്ചു. ഇടുക്കിയുടെ പശ്ചാത്തലത്തിലുള്ള മനോഹരമായ ദൃശ്യങ്ങള്‍ ചിത്രത്തിന്റെ ആകര്‍ഷകത്വം ഇരട്ടിയില ധികം വര്‍ദ്ധിപ്പിച്ചു. ബിജിബാലിന്റെ സംഗീതവും ചിത്രത്തിന് നല്‍കിയ പിന്തുണ ചെറുതല്ല. അടുത്ത കാലത്ത് കേട്ടിട്ടുള്ളവ യില്‍ നിന്നും വേറിട്ട ഗാനങ്ങള്‍ ല ളിതമായി തോന്നുന്നതും ഒപ്പം ഹൃദ്യവും ആയിരുന്നു. മലയാളികളു ടെ ഹൃദയത്തോട് ചേര്‍ന്നുനില്‍ ക്കുന്ന നിത്യഹരിതമായ ഏതാ നും ഗാനങ്ങളും ചിത്രത്തില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ആദ്യം സൂചിപ്പിച്ചതുപോലെ, ഗൃഹാതുരത്വം ഉണര്‍ത്താനുള്ള സംവിധായകന്റെ ശ്രമങ്ങളില്‍ ഒന്നായിരുന്നു അതും. എന്തായാലും അത് വര്‍ക്കൗട്ടായിട്ടുണ്ട്.

ലിജോ പോളിന്റെ എഡിറ്റിംഗ് സഹിതമുള്ള ബാക്കി സാങ്കേതിക ഘടകങ്ങളും ചിത്രത്തെ സുന്ദരമാക്കാന്‍ കഴിവതും ശ്രമിച്ചു, വിജയിച്ചു. ലളിതമായ ചേരുവകളാല്‍ സുന്ദരമായ ചിത്രം രണ്ടാമതൊന്ന് ആലോചിക്കാതെ കുടുംബത്തോടൊപ്പം ആസ്വദിക്കാവുന്നതാണ്. പേരിനെ അന്വര്‍ത്ഥമാക്കാന്‍ ശ്രമിച്ച് ആവശ്യത്തിലധികം ലളിതമായോ എന്നൊരു സംശയം പ്രേക്ഷകരില്‍ ചിലര്‍ക്കെങ്കിലും ഉണ്ടാകാനുള്ള സാധ്യതയും തള്ളിക്കളയാനാകില്ല.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org