രക്ഷാവചനം : ബൈബിള്‍ കേള്‍ക്കാം, എപ്പോഴും

സ്റ്റാഫ് റിപ്പോര്‍ട്ടര്‍
രക്ഷാവചനം :  ബൈബിള്‍ കേള്‍ക്കാം, എപ്പോഴും

അടുക്കളയില്‍, കൃഷിയിടങ്ങളില്‍, ചെറുജോലികള്‍ ചെയ്യുമ്പോള്‍, യാത്രാവേളകളില്‍ എന്നിങ്ങനെ നോക്കി വായിക്കാന്‍ കഴിയാത്തതും എന്നാല്‍ കേള്‍ക്കാന്‍ കഴിയുന്നതുമായ സ്ഥലങ്ങളിലെല്ലാം ബൈബിള്‍ വായിച്ചു കേള്‍ക്കാന്‍ കഴിയുന്ന ഒരുപകരണമുണ്ടെങ്കില്‍ അത് എത്രയോ അനുഗ്രഹപ്രദമായിരിക്കും?! കാഴ്ചയുടെ പരിമിതികളുള്ളവര്‍ക്കും വയോധികര്‍ക്കും അത് കൂടുതല്‍ പ്രയോജനപ്രദമാകും. ദൈവവചനങ്ങള്‍ നിറഞ്ഞു നില്‍ക്കുന്ന അന്തരീക്ഷം മനുഷ്യര്‍ക്കു മാത്രമല്ല, പ്രകൃതിയ്ക്കു തന്നെയും അനുഗ്രഹം ചൊരിയുമെന്ന വിശ്വാസവും അനുഭവങ്ങളും അനേകര്‍ക്കുണ്ട്. ഇങ്ങനെയൊരു ഉപകരണം രൂപകല്‍പന ചെയ്തു നിര്‍മ്മിച്ചു ജനങ്ങള്‍ക്കു ലഭ്യമാക്കണമെന്ന ആഗ്രഹത്തിന്റെയും അതു സാക്ഷാത്കരിക്കുന്നതിനുള്ള കഠിനാദ്ധ്വാനത്തിന്റെയും ഫലശ്രുതിയാണ് ''രക്ഷാവചനം'' എന്നു പേരിട്ടിരിക്കുന്ന ഓഡിയോ ബൈബിള്‍ പ്ലെയര്‍.

എന്‍ജിനീയറായ സുനോജ് ആന്റണിയും ഭാര്യ അഡ്വ. ഡിനുവുമാണ് ഈ ഉപകരണം ജനങ്ങളുടെ മുമ്പില്‍ അവതരിപ്പിച്ചിരിക്കുന്നത്. വിതരണം ആരംഭിച്ചു കഴിഞ്ഞു. കാഴ്ചയിലും പ്രവര്‍ത്തനമികവിലും ഉന്നതനിലവാരം പുലര്‍ത്തുന്ന പ്ലെയറിനായി ആവശ്യക്കാര്‍ ധാരാളമായി വന്നു തുടങ്ങി. മേന്മയുള്ള ഘടകഭാഗങ്ങള്‍ ഉപയോഗിച്ച്, ഭംഗിയായി നിര്‍മ്മിക്കുന്ന രക്ഷാവചനം ഒരു ബൈബിള്‍ പോലെ തന്നെ പ്രധാന സ്ഥലങ്ങളില്‍ വയ്ക്കാനും ആദരവര്‍ഹിക്കുന്ന വിധം കൈകാര്യം ചെയ്യാനും പ്രേരിപ്പിക്കുന്ന വിധത്തിലുള്ളതാണ്. നിലമ്പൂര്‍ തേക്ക് അഥവാ ചന്ദനവും പിച്ചളയുമാണ് നിര്‍മ്മാണത്തിനുപയോഗിക്കുന്നത്.

അമേരിക്കയില്‍ ജോലി ചെയ്യുന്ന റോബി തോമസും ഭാര്യ സലോമിയും ആരംഭം മുതല്‍ തന്നെ ഈ സംരംഭത്തിന്റെ പിന്നിലെ പ്രധാന ചാലകശക്തികളായിരുന്നു. അവരുടെ പിന്തുണയും പ്രചോദനവും ആശയങ്ങളും രക്ഷാവചനം ഫലപ്രാപ്തിയിലെത്തിക്കുന്നതില്‍ നിര്‍ണായകമായതായി സുനോജ് പറഞ്ഞു. കെ സി ബി സി ബൈബിള്‍ കമ്മീഷന്‍ ഉള്‍പ്പെടെ വേറെയും വ്യക്തികളുടെയും സ്ഥാപനങ്ങളുടെയുമെല്ലാം ആത്മാര്‍ത്ഥമായ പിന്തുണയും ഈ സംരംഭത്തിനു ലഭിക്കുകയുണ്ടായി. അനില്‍, ആന്റോ എന്നീ സുഹൃത്തുക്കളും വലിയ പിന്‍ബലമേകി.

തെറ്റിയും തിരുത്തിയുമുള്ള രൂപകല്‍പനാ പ്രക്രിയ ഏതാണ്ട് നാലു വര്‍ഷമാണു നീണ്ടു നിന്നത്. ദൈവവചനം കേള്‍പിക്കുന്ന ഉപകരണം ഏറ്റവും പൂര്‍ണതയുള്ളതായിരിക്കണമെന്ന നിഷ്ഠയില്‍ വിട്ടുവീഴ്ചയ്ക്ക് ഇവര്‍ ഒരുക്കമായിരുന്നില്ല. ഒടുവില്‍, ഈ സ്വപ്നം യാഥാര്‍ത്ഥ്യമാകുകയും അതുപയോഗിച്ച് ആളുകള്‍ വചനം കേള്‍ക്കാന്‍ തുടങ്ങുകയും ചെയ്തപ്പോള്‍ വചനത്തിന്റെ ശക്തിയ്ക്കു നന്ദി പറയുകയാണ് ഈ യുവദമ്പതികള്‍.

വര്‍ഷങ്ങളുടെ കഠിനാദ്ധ്വാനം രക്ഷാവചനത്തിന്റെ പിന്നിലുണ്ടെങ്കിലും ഇതില്‍ നിന്നു ലാഭം ഈ യുവസംരംഭകര്‍ പ്രതീക്ഷിക്കുന്നില്ല. നിര്‍മ്മാണത്തിനു ചെലവാകുന്ന പണമായ 3600 രൂപ മാത്രം (കുറിയര്‍ ചാര്‍ജ് ഉള്‍പ്പെടെ) വാങ്ങിയാണ് രക്ഷാവചനം ഇവരിപ്പോള്‍ വിതരണം ചെയ്യുന്നത്. പണത്തിനു യാതൊരു നിവൃത്തിയുമില്ല എന്നു വെളിപ്പെടുത്തുന്നവര്‍ക്ക് സൗജന്യമായി ഉപകരണം ലഭ്യമാക്കാനുള്ള വഴികളും ഇവര്‍ തേടുന്നുണ്ട്. പരമാവധി വീടുകളില്‍ രക്ഷാവചനം എത്തിക്കുക, വചനത്തിന്റെ അനുഗ്രഹം പകരുക, പടര്‍ത്തുക എന്നതു മാത്രമാണ് ആഗ്രഹം, ലക്ഷ്യം എന്ന് സുനോജ് വ്യക്തമാക്കി.

ബംഗളുരുവില്‍ ജോലി ചെയ്യുകയായിരുന്ന സുനോജ് സ്വന്തമായി ഒരു സ്റ്റാര്‍ട്ടപ്പ് ആരംഭിക്കുക എന്ന ലക്ഷ്യത്തോടെയാണ് എറണാകുളത്ത് എത്തിയത്. കളമശ്ശേരിയിലെ സ്റ്റാര്‍ട്ടപ്പ് വില്ലേജില്‍ നവസംരംഭങ്ങളുടെ വസന്തം വിടര്‍ന്ന കാലമായിരുന്നു അത്. കമ്പനി ആരംഭിക്കുകയും ഐ ടി യുമായി ബന്ധപ്പെട്ട നിരവധി ജോലികള്‍ ഏറ്റെടുക്കുകയും ചെയ്തു.

നാലു മക്കളാണ് സുനോജിനും ഡിനുവിനും. സേറ, ഫെലിക്‌സ്, കെവിന്‍, ലിലിയന്‍. മക്കളുടെ രോഗങ്ങളും മറ്റും അസ്വസ്ഥത സൃഷ്ടിക്കുകയും ഉറങ്ങാന്‍ ബുദ്ധിമുട്ടു നേരിടുകയും ചെയ്തപ്പോള്‍ 2018 ല്‍ ഒരു സുഹൃത്താണു വീട്ടില്‍ ബൈബിള്‍ വചനങ്ങള്‍ കേള്‍പ്പിക്കുക എന്നൊരു നിര്‍ദേശം വച്ചത്. പി ഒ സി യില്‍ നിന്നു പെന്‍ഡ്രൈവില്‍ കിട്ടുന്ന ഓഡിയോ ബൈബിള്‍ വാങ്ങി രാത്രിയില്‍ കേള്‍പ്പിക്കുവാന്‍ തുടങ്ങി. ബൈബിള്‍ പ്ലേ ചെയ്യുന്ന ശബ്ദം കേള്‍ക്കുമ്പോള്‍ ഉറങ്ങുന്നതെങ്ങനെ എന്നു മുമ്പു സംശയിച്ചെങ്കിലും കേള്‍പ്പിക്കാന്‍ തുടങ്ങിയപ്പോള്‍ കുഞ്ഞുങ്ങള്‍ ശാന്തമായി ഉറങ്ങാന്‍ തുടങ്ങി.

സ്ഥിരമായി ബൈബിള്‍ പ്ലേ ചെയ്യുന്നതിനു ലാപ്‌ടോപ്പോ മൊബൈല്‍ ഫോണോ ഉപയോഗിക്കുന്നതു പ്രായോഗികമല്ലെന്നു വന്നപ്പോഴാണ് അതിനു മാത്രമായുള്ള ഒരുപകരണം അന്വേഷിക്കാന്‍ തുടങ്ങിയത്. വിപണിയില്‍ പല തരം ഓഡിയോ പ്ലെയറുകള്‍ കണ്ടുവെങ്കിലും അവയ്‌ക്കെല്ലാം പലതരത്തിലുള്ള പരിമിതികളുണ്ടായിരുന്നു. ഇഷ്ടപ്പെട്ട ഭാഗം തെരഞ്ഞെടുത്തു കേള്‍ക്കാനുള്ള സൗകര്യമില്ല, നിശ്ചിത സമയം കഴിയുമ്പോള്‍ ഓഫ് ചെയ്യാന്‍ കഴിയില്ല എന്നിങ്ങനെയുള്ള പ്രശ്‌നങ്ങളെല്ലാം മറികടന്ന്, ഈ ആവശ്യത്തിന് ഏറ്റവും യോജിച്ച പ്ലെയര്‍ ലഭിക്കണമെങ്കില്‍ ഒരെണ്ണം സ്വന്തമായി രൂപകല്‍പന ചെയ്യണമെന്നു മനസ്സിലായി. ബൈബിള്‍ കേള്‍പ്പിക്കുന്ന ഉപകരണത്തിന് അതിന്റേതായ അന്തസ്സുണ്ടായിരിക്കുകയും വേണം. പ്രൊഫഷണല്‍ ഡിസൈനര്‍മാരെ സമീപിച്ചപ്പോള്‍ ചിന്തിക്കാനാകാത്ത വിധത്തിലുള്ള തുകകളാണ് ചോദിച്ചത്. അങ്ങനെയാണ് സ്വയം രൂപകല്‍പന ചെയ്യുക എന്ന തീരുമാനത്തിലെത്തിയത്. അതു വിജയത്തിലെത്തി.

രക്ഷാവചനം വാങ്ങി ഉപയോഗിച്ചു തുടങ്ങിയവര്‍ ഉത്പന്നത്തിന്റെ ഗുണമേന്മയെ കുറിച്ചു മാത്രമല്ല, വചനം കേള്‍ക്കാന്‍ തുടങ്ങിയതിനു ശേഷം ലഭിക്കുന്ന അനുഗ്രഹത്തിന്റെ കഥകളും പങ്കു വയ്ക്കുന്നതാണ് സുനോജിനെയും സഹപ്രവര്‍ത്തകരെയും സംബന്ധിച്ച് ഏറ്റവും വലിയ സംതൃപ്തി പകരുന്നത്.

മൊബൈല്‍ ഫോണിന്റെയും ലാപ് ടോപ്പിന്റെയും സാധാരണ ഓഡിയോ പ്ലെയറുകളുടെയും എല്ലാ പരിമിതികളെയും ഒഴിവാക്കി, ആവശ്യമായ ശബ്ദമികവില്‍, ആഗ്രഹിക്കുന്നത്ര സമയം, ഇഷ്ടമുള്ള ബൈബിള്‍ ഭാഗം കേള്‍ക്കാന്‍ കഴിയുന്ന രക്ഷാവചനത്തില്‍ മലയാളം, ഇംഗ്ലീഷ് ബൈബിളുകളുടെ ശ്രാവ്യരൂപം ഉണ്ട്. കെ സി ബി സി ബൈബിള്‍ കമ്മീഷന്‍ തയ്യാറാക്കിയ ഓഡിയോ ഉന്നത നിലവാരം പുലര്‍ത്തുന്നതാണ്. ഏതാണ്ട് 100 മണിക്കൂര്‍ ദൈര്‍ഘ്യം വരുന്ന 8 ജി ബി ഉള്ള ഉള്ളടക്കമാണ് ഇത്. ഒരു തവണ ചാര്‍ജ് ചെയ്താല്‍ 8 മണിക്കൂര്‍ പ്രവര്‍ത്തിക്കും.

വായിച്ചുകൊണ്ടിരിക്കുന്ന ഭാഗം ഏതാണെന്നു ഉപകരണത്തിന്റെ ഡിസ്‌പ്ലേയില്‍ കാണാനാകും.

രക്ഷാവചനം വാങ്ങിയവര്‍ക്കായി ഈ കുടുംബവും സുഹൃത്തുക്കളും പ്രാര്‍ത്ഥിക്കുന്നു. ഒപ്പം സമൂഹത്തിന്റെ പ്രാര്‍ത്ഥനാസഹായം ഇവരഭ്യര്‍ത്ഥിക്കുകയും ചെയ്യുന്നു. കാരണം, ഇതു ലാഭത്തിനു വേണ്ടി നടത്തുന്ന കേവലമായ ഒരു വാണിജ്യസംരംഭമല്ല, മറിച്ച്, വചനം മനുഷ്യരിലേയ്ക്ക് എത്തിക്കുന്ന ഒരു പ്രേഷിതശുശ്രൂഷയാണ്.

രക്ഷാവചനം ബൈബിള്‍ പ്ലേയര്‍ സംബന്ധമായ വിവരങ്ങള്‍ക്ക് ബന്ധപ്പെടാവുന്ന നമ്പറുകള്‍ :

8089922669, 9567070515, 8592919515

www.rakshavachanam.com

Related Stories

No stories found.
Sathyadeepam Weekly
www.sathyadeepam.org