പേറ്റന്റും തൊഴിലവസരങ്ങളും

പേറ്റന്റും തൊഴിലവസരങ്ങളും

എം. ഷൈറജ്

യുവര്‍ കരിയര്‍ – 105

ബൗദ്ധിക സ്വത്തവകാശങ്ങൡ (Intellectual Property Rights) ഏറ്റവും പ്രധാനപ്പെട്ട ഒന്നാണ് പേറ്റന്റ്. ഒരു പുതിയ കണ്ടുപിടിത്തത്തിന്റെ അവകാശം അതു കണ്ടുപിടിച്ച വ്യക്തിക്കോ സ്ഥാപനത്തിനോ മാത്രമായി നല്കുന്നതിനെയാണ് പേറ്റന്റ് എന്നു പറയുന്നത്. ഇത്തരമൊരു അവകാശം നിശ്ചിത കാലയളവിലേക്കു മാത്രമായിരിക്കും. ഇന്ത്യയില്‍ നിലവിലുള്ള നിയമപ്രകാരം പേറ്റന്റ് കാലാവധി 20 വര്‍ഷമാണ്. പുതിയൊരു കണ്ടുപിടിത്തം ഉണ്ടാവണമെങ്കില്‍ വലിയ തോതിലുള്ള അദ്ധ്വാനവും പണച്ചിലവും വേണ്ടി വരുന്നതിനാല്‍ അവയ്ക്കുള്ള പ്രതിഫലമെന്ന നിലയിലാണ് പേറ്റന്റ് സംരക്ഷണം നല്കുന്നത്.
പുതിയ കണ്ടുപിടിത്തമെന്നത് ഒരു ഉല്പ്പന്നമോ പ്രക്രിയയോ ആകാം. ഇതിനുള്ള പേറ്റന്റ് കരസ്ഥമാക്കുകയെന്നതും ഒട്ടും എളുപ്പമായ കാര്യമല്ല. ഇത്തരമൊരു കണ്ടെത്തല്‍ മുമ്പുതന്നെ നിലവിലുണ്ടോയെന്ന തിരച്ചില്‍ (patent search) തുടങ്ങി അപേക്ഷ നല്കല്‍, പുതുമ ബോധ്യപ്പെടുത്തല്‍, എതിര്‍വാദങ്ങളുണ്ടെങ്കില്‍ അവയെ ഖണ്ഡിക്കുക, പേറ്റന്റു ലഭിച്ചുകഴിഞ്ഞാല്‍ മറ്റാരെങ്കിലും ആ അവകാശത്തെ ലംഘിക്കുന്നുണ്ടോയെന്നു നിരീക്ഷിക്കുക, അത്തരം കടന്നുകയറ്റങ്ങള്‍ക്കെതിരെ നിയമ നടപടി സ്വീകരിക്കുക വരെയുള്ള നിരവധി സങ്കീര്‍ണ്ണ ഘട്ടങ്ങള്‍ പേറ്റന്റുമായി ബന്ധപ്പെട്ടുണ്ട്. ഈ ഘട്ടങ്ങളോരോന്നും ഓരോ തൊഴിലവസരങ്ങള്‍ കൂടിയാണ്.

പേറ്റന്റ് അനലിസ്റ്റ്
ഒരു പുതിയ കണ്ടുപിടിത്തം പേറ്റന്റിന് അര്‍ഹമാണോയെന്നു പരിശോധിക്കുന്നവരാണ് പേറ്റന്റ് അനലിസ്റ്റുകള്‍. കണ്ടുപിടിത്തം വിഭാവനം ചെയ്യുമ്പോഴും വികസിപ്പിക്കുന്നതിന്റെ വിവിധ ഘട്ടങ്ങളിലും കണ്ടുപിടിത്തത്തിനു ശേഷവുമൊക്കെ ഇത്തരമൊരു പരിശോധന അത്യന്താപേക്ഷിതമാണ്. അതിനാല്‍ ഗവേഷണ സ്ഥാപനങ്ങള്‍ സാങ്കേതിക വിദഗ്ദ്ധരോടൊപ്പം പേറ്റന്റ് അനലിസ്റ്റുകളുടെ സേവനവും ഉപയോഗിക്കുന്നു.
ലൈഫ് സയന്‍സ്, മെഡിസിന്‍, എഞ്ചിനീയറിംഗ് തുടങ്ങിയ മേഖലകളിലാണല്ലോ കണ്ടുപിടിത്തങ്ങള്‍ കൂടുതലായും ഉണ്ടാവുന്നത്. അതിനാല്‍ ഈ രംഗങ്ങളില്‍ മികച്ച വിദ്യാഭ്യാസം നേടിയവര്‍ക്ക് പേറ്റന്റ് അനലിസ്റ്റുകളാവാം. അവര്‍ പേറ്റന്റ് നിയമത്തിലും നടപടി ക്രമങ്ങളിലും കൂടി അവഗാഹം നേടിയിരിക്കണം.
മെഡിസിന്‍, എഞ്ചിനീയറിംഗ് വിഷയങ്ങളില്‍ ബിരുദവും മറ്റു ശാസ്ത്രവിഷയങ്ങളാണെങ്കില്‍ ബിരുദാനന്തര ബിരുദമോ ഗവേഷണ പരിചയമോ ഉള്ളതാണ് അഭികാമ്യം. തുടര്‍ന്ന് ബൗദ്ധിക സ്വത്തവകാശ നിയമത്തില്‍ പഠനം നടത്താം. നാഗ്പൂരില്‍ കേന്ദ്ര സര്‍ക്കാരിന്റെ രാജീവ് ഗാന്ധി നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്റലക്ച്വല്‍ പ്രോപ്പര്‍ട്ടി മാനേജ്‌മെന്റില്‍ ഹ്രസ്വകാല കോഴ്‌സുകളുണ്ട്. ഐ.ഐ.ടി ഘൊരക്പൂരില്‍ ബൗദ്ധിക സ്വത്തവകാശത്തില്‍ സ്‌പെഷ്യലൈസേഷനോടെ ത്രിവത്സര എല്‍.എല്‍.ബി. പഠിക്കാനവസരമുണ്ട്. ഇന്ത്യാ ഗവണ്‍മെന്റിന്റെ പേറ്റന്റ് ഓഫീസ് നടത്തുന്ന പേറ്റന്റ് ഏജന്റ് പരീക്ഷ പാസ്സാവുക എന്നത് മറ്റൊരു മാര്‍ഗ്ഗമാണ്.

പേറ്റന്റ് ഏജന്റ്
പേറ്റന്റ് അപേക്ഷ നല്കുന്നതു മുതല്‍ പേറ്റന്റ് ലഭിക്കുന്നതുവരെ തുടര്‍ന്നുള്ള മുഴുവന്‍ നടപടി ക്രമങ്ങളും നടത്തുന്നവരാണു പേറ്റന്റ് ഏജമാര്‍. കണ്ടുപിടിത്തങ്ങള്‍ നടത്തുന്ന വ്യക്തിയേയും സ്ഥാപനത്തേയും പ്രതിനിധീകരിച്ച് ഇക്കാര്യങ്ങള്‍ ചെയ്യുന്നതിന് പേറ്റന്റ് ഓഫീസ് നടത്തുന്ന പേറ്റന്റ് ഏജന്റ് പരീക്ഷ പാസ്സായിരിക്കണം.
പേറ്റന്റ് ഏജന്റ് പരീക്ഷയ്ക്കുള്ള അടിസ്ഥാന യോഗ്യത ശാസ്ത്ര വിഷയങ്ങളിലൊന്നില്‍ നേടിയ ബിരുദമാണ്. 21 വയസ്സ് പൂര്‍ത്തിയായിരിക്കണം. ഉയര്‍ന്ന പ്രായപരിധിയില്ല. പരീക്ഷയ്ക്ക് മൂന്നു ഘട്ടങ്ങളുണ്ട്. ആദ്യഘട്ടം മള്‍ട്ടിപ്പിള്‍ ചോയ്‌സ് മാതൃകയിലുള്ള യോഗ്യതാ പരീക്ഷയാണ്. പേറ്റന്റ് നിയമവും നടപടി ക്രമങ്ങളും അടിസ്ഥാനമാക്കിയാവും ചോദ്യങ്ങള്‍. രണ്ടാം ഘട്ടം എഴുത്തു പരീക്ഷയാണ്. പ്രായോഗിക തലത്തില്‍ നിന്നായിരിക്കും ചോദ്യങ്ങള്‍ ചോദിക്കുക. അവസാന ഘട്ടം അഭിമുഖ പരീക്ഷയാണ്.
പേറ്റന്റ് ഏജന്റ് പരീക്ഷ പാസ്സാകുന്നവര്‍ക്ക് സ്വതന്ത്ര പ്രാക്ടീസിന് അവസരമുണ്ട്. നിയമ സ്ഥാപനങ്ങളിലെ ഗവേഷണ സ്ഥാപനങ്ങളിലോ തൊഴില്‍ ലഭിക്കുകയുമാവാം.

പേറ്റന്റ് അറ്റോര്‍ണി
പേറ്റന്റ് നിയമങ്ങളില്‍ പ്രാക്ടീസ് ചെയ്യുന്ന അഭിഭാഷകരാണു പേറ്റന്റ് അറ്റോര്‍ ണി എന്നറിയപ്പെടുന്നത്. പേറ്റന്റ് നിയമവുമായി ബന്ധപ്പെട്ട വ്യവഹാരങ്ങളില്‍ കോടതിക്കേസുകള്‍ നടത്തുകയെന്നതാണു മുഖ്യകര്‍മ്മം. ഏതു നിയമ ബിരുദധാരിക്കും പേറ്റന്റ് അറ്റോര്‍ണിയായി പ്രവര്‍ത്തിക്കുവാനാകും. പേറ്റന്റ് നിയമത്തില്‍ അവഗാഹമുണ്ടാവണമെന്നു മാത്രം. ഐ.ഐ.ടി. ഘൊരക്പൂര്‍ നടത്തുന്ന ത്രിവത്സര എല്‍.എല്‍.ബി. ബൗദ്ധിക സ്വത്തവകാശത്തില്‍ സ്‌പെഷ്യലൈസേഷനോടെയാണ്.

പേറ്റന്റ് ഓഫീസര്‍
മേല്‍പറഞ്ഞ തൊഴിലുകളെല്ലാം കണ്ടുപിടിത്തം നടത്തുന്നയാള്‍ക്കുവേണ്ടി പ്രവര്‍ത്തിക്കുന്ന മേഖലകളിലാണ്. കൂടാതെ സര്‍ക്കാര്‍ മേഖലയില്‍ പേറ്റന്റ് ഓഫീസര്‍മാരായി തൊഴിലവസരമുണ്ട്.
കേന്ദ്ര സര്‍ക്കാരിന്റ ഓഫീസ് ഓഫ് ദി കണ്‍ട്രോളര്‍ ജനറല്‍ ഓഫ് പേറ്റന്റ്‌സ്, ഡിസൈന്‍സ് ആന്റ് ട്രെയ്ഡ് മാര്‍ക്‌സ് നടത്തുന്ന പേറ്റന്റ് ഓഫീസര്‍ റിക്രൂട്ട്‌മെന്റാണ് ഏറ്റവും മികച്ച അവസരം. പേറ്റന്റ് എക്‌സാമിനര്‍ എന്ന ക്ലാസ് വണ്‍ പോസ്റ്റിലേയ്ക്കാണു സെലക്ഷന്‍ നടത്തുന്നത്. സിവില്‍ സര്‍വീസ് പരീക്ഷ വിജയിക്കുന്നവര്‍ക്കു ലഭിക്കുന്നതിനു തത്തുല്യമായ തസ്തികയാണിത്. ഉയര്‍ന്ന ശമ്പളവും സേവന വ്യവസ്ഥകളുമാണുള്ളത്.
വിവിധ ശാസ്ത്ര ശാഖകളിലേക്കും എഞ്ചിനീയറിംഗ് ശാഖകളിലേക്കും പ്രത്യേകം പ്രത്യേകം ഒഴിവുകളുടെ അടിസ്ഥാനത്തില്‍ തിരഞ്ഞെടുപ്പു നടത്തും. എഞ്ചിനീയറിംഗില്‍ ബിരുദവും ശാസ്ത്ര വിഷയങ്ങളില്‍ ബിരുദാനന്തര ബിരുദവുമാണ് അടിസ്ഥാന യോഗ്യത. പ്രായം 21-നും 35 നും മദ്ധ്യേ.
രണ്ടു മണിക്കൂര്‍ ദൈര്‍ഘ്യമുള്ള പ്രിലിമിനറി പരീക്ഷയില്‍ യോഗ്യത നേടുന്നവര്‍ക്കായിരിക്കും മെയിന്‍ എക്‌സാം എഴുതാന്‍ അവസരം കിട്ടുക. മെയിന്‍ പരീക്ഷയില്‍ 3 മണിക്കൂര്‍ ദൈര്‍ഘ്യമുള്ള പ്രധാന പേപ്പറും ഒരു മണിക്കൂര്‍ ദൈ്യര്‍ഘ്യമുള്ള ഇംഗ്ലീഷ് യോഗ്യതാ പരീക്ഷയുമുണ്ടാവും. പ്രിലിമിനറി പരീക്ഷ പൊതുവിഷയങ്ങളിലുള്ള മള്‍ട്ടിപ്പിള്‍ ചോയ്‌സ് ടെസ്റ്റായിരിക്കും. മെയിന്‍ പരീക്ഷാ പേപ്പര്‍ ഒന്ന് റിക്രൂട്ട്‌മെന്റ് നടത്തുന്ന വിഷയത്തിലെ എഴുത്തുപരീക്ഷയാണ്.

പഠന കേന്ദ്രങ്ങള്‍
ഹ്രസ്വകാല കോഴ്‌സുകള്‍ക്ക് ഏറ്റവും മികച്ചത് നാഗ്പൂരിലെ രാജീവ് ഗാന്ധി നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്റലക്ച്വല്‍ പ്രോപ്പര്‍ട്ടി മാനേജ്‌മെന്റാണ്. ബൗദ്ധിക സ്വത്തവകാശത്തില്‍ സ്‌പെഷ്യലൈസേഷനോടെ നിയമപഠനം നടത്തണമെങ്കില്‍ ഐ.ഐ.ടി. ഘൊരക്പൂരിന്റ എല്‍.എല്‍.ബി. പരിഗണിക്കാം. ഇന്ദിരാഗാന്ധി ഓപ്പണ്‍ യൂണിവേഴ്‌സിറ്റിയില്‍ ഐ.പി.ആര്‍. നിയമത്തില്‍ കോഴ്‌സുണ്ട്. മറ്റു നിരവധി യൂണി വേഴ്‌സിറ്റികളും സ്വകാര്യ സ്ഥാപനങ്ങളും പേറ്റന്റ് നിയമത്തില്‍ ഹ്രസ്വകാല കോഴ്‌സുകള്‍ നടത്തുന്നുണ്ട്.

വെബ്‌സൈറ്റുകള്‍
www.patentoffice.nic.in/niipmlindex.htm
www.ignou.ac.in
www.ipindia.nic.in
www.iitkgp.ac.in

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org