നന്മയുടെ ചിന്തകളില്‍ അഭിരമിക്കാന്‍ നമ്മുടെ കൗമാരത്തെ പരിശീലിപ്പിക്കാം

നന്മയുടെ ചിന്തകളില്‍ അഭിരമിക്കാന്‍ നമ്മുടെ കൗമാരത്തെ പരിശീലിപ്പിക്കാം

ഡോ. ഡെയ്സണ്‍ പാണേങ്ങാടന്‍
അസി. പ്രഫസര്‍,
സെന്‍റ് തോമസ് കോളേജ്, തൃശ്ശൂര്‍

കുട്ടികളുടെയും യുവാക്കളുടെയും ലഹരി ഉപയോഗത്തില്‍ ക്രമാതീതമായ വര്‍ദ്ധനവ് ഇക്കാലയളവില്‍ ഉണ്ടായിട്ടുള്ളത് ശുഭ സൂചകമല്ല. ഹാന്‍സും പാന്‍പരാഗുമുള്‍പ്പടെയുള്ള പുകയില ഉല്‍പ്പന്നങ്ങള്‍ നിരോധിച്ചിട്ടുള്ള നമ്മുടെ നാട്ടില്‍ ബസ്സ്റ്റാന്‍റുകള്‍ കേന്ദ്രീകരിച്ചും ചുരുക്കം ചില പെട്ടിക്കടകള്‍ കേന്ദ്രീകരിച്ചും വലിയ വിലയ്ക്ക്, അധികൃതരുടെ മൂക്കിനു താഴെ സുലഭമായി ലഭിക്കുന്നുവെന്നതും ഇന്നത്തെ കാഴ്ചയാണ്. വിദ്യാര്‍ത്ഥികള്‍ക്കിടയിലെ ലഹരിയുടെ വില്‍പ്പനയെ അതിന്‍റെ ഉറവിടത്തില്‍ തന്നെ തടയുക എന്നതിനൊപ്പം, കുട്ടികളേയും യുവാക്കളേയും വൈകാരികമായി അറിയാനും അവരെ നേര്‍വഴിയിലേയ്ക്ക് കൈപിടിച്ചു നടത്താനും അധ്യാപകരും രക്ഷിതാക്കളുമുള്‍പ്പെടുന്ന പൊതുസമൂഹത്തിനായില്ലെങ്കില്‍ വരും തലമുറയുടെ ക്രിയാത്മകതയും സര്‍ഗ്ഗശേഷിയും വിപരീതാനുപാതത്തിലാകുമെന്ന് തീര്‍ച്ച. എക്സൈസ് ഡിപ്പാര്‍ട്ടുമെന്‍റിന്‍റെയും മറ്റു സന്നദ്ധ സംഘടനകളുടേയും സേവനങ്ങള്‍ ലഭ്യമാണെങ്കിലും പ്രാഥമികമായി ഇവിടെ നമുക്കാവശ്യം അവരുടെ പക്ഷം ചേരുന്ന, അവരെ ഹൃദയത്തോട് ചേര്‍ത്തു നിര്‍ത്തുന്ന വൈകാരികമായ ഇടപെടലുകളാണ്.

I. സാഹചര്യമറിയുക:
ഉപയോഗത്തിലേയ്ക്കു നയിക്കുന്ന ആദ്യത്തെ ഘടകം സാഹചര്യങ്ങള്‍ തന്നെയാണ്. ഉപയോഗിക്കുന്നവരുടേയും ഉപയോഗിച്ചവരുടേയും വീരവാദങ്ങളും ആകാംക്ഷയും കൂട്ടുകാരുടെ സമ്മര്‍ദ്ദവും പ്രശ്നങ്ങളില്‍ നിന്നുള്ള ഒളിച്ചോടലുമൊക്കെ നല്ല വളക്കൂറുള്ള സാഹചര്യങ്ങള്‍ തന്നെ. വീടുകളിലെ ആഘോഷങ്ങളോടനുബന്ധിച്ചുള്ള മദ്യ സല്‍ക്കാരങ്ങളും കുട്ടികള്‍ക്കിടയില്‍ അതിന്‍റെ ഉപയോഗത്തെ സംബന്ധിച്ചുള്ള ആകാംക്ഷ വര്‍ദ്ധിപ്പിക്കുന്നുണ്ട്. വാതിലിനു പുറകില്‍ കൗതുകത്തോടെ നോക്കിനില്‍ക്കുന്ന കുട്ടിയുടെ മനസ്സില്‍, അവന്‍ പോലുമറിയാതെ രൂപപ്പെടുന്ന ലഹരിയോടുള്ള ഒരുതരം താല്‍പ്പര്യം, അയാളുടെ മുന്നില്‍ കുടുംബാംഗങ്ങള്‍ തുറന്നിടുന്ന വലിയ വാതിലുകള്‍ തന്നെയാണെന്ന് നാമറിയുന്നില്ല. അനുകരണ ശീലവും പരീക്ഷാ പേടിയുമൊക്കെ സ്വാധീനിക്കുമെങ്കിലും കുടുംബബന്ധങ്ങളിലെ തകര്‍ച്ചയും ഒരു പരിധി വരെ ഇവയുടെ ഉപയോഗത്തിനു കാരണമായേക്കാവുന്ന ഘടകങ്ങളാണെന്ന് വിദഗ്ദ്ധര്‍ ചൂണ്ടിക്കാട്ടുന്നു. ലഹരി രുചിച്ചു തുടങ്ങുന്നവരില്‍ 20% പേര്‍ കാലാന്തരത്തില്‍ സ്ഥിരമായി ലഹരി ഉപയോഗിച്ചു തുടങ്ങുമെന്നാണ് തെളിയിക്കപ്പെട്ടിരിക്കുന്നത്. അതായത് കൗതുകത്താലോ നിര്‍ബന്ധത്തിന് വഴങ്ങിയോ ലഹരി രുചിച്ചു നോക്കുന്ന അഞ്ചുപേരിലൊരാള്‍ പില്‍ക്കാലത്ത് ലഹരിക്ക് അടിമപ്പെടും. അതുകൊണ്ട് തന്നെ ലഹരിയില്‍ നിന്നും അവയുടെ സാധ്യതകളില്‍നിന്നും കര്‍ശനമായ അകലം പാലിക്കുകയെന്ന തല്ലാതെ മറ്റു പോംവഴികള്‍, ഇതിനെതിരെ സ്വീകരിക്കാനാവില്ലെന്നതാണ് വാസ്തവം.

II. സൂചനകള്‍:
ശാരീരിക ക്ഷീണം, നിരാശാ ബോധം, കൃത്യനിഷ്ഠയില്ലാതെ പെരുമാറല്‍, കുടുംബാംഗങ്ങളെ അഭിമുഖീകരിക്കാതിരിക്കാതെ മുറിയില്‍ കതകടച്ചിരിക്കല്‍, വ്യത്യസ്ത ആവശ്യങ്ങളുടെ പേരില്‍ വീട്ടില്‍നിന്നും ബന്ധുക്കളില്‍നിന്നും സുഹൃത്തുക്കളില്‍ നിന്നും പണം കടം വാങ്ങല്‍, പണത്തിനു വേണ്ടി പുതിയ സാധ്യതകള്‍ കണ്ടെത്തല്‍, പതിവു സുഹൃത്തുക്കളില്‍നിന്നും മാറി പുതിയ സൗഹൃദങ്ങള്‍ തേടല്‍, മണം പുറത്തറിയാതിരിക്കാനുള്ള ചൂയിംഗത്തിന്‍റേയും മറ്റു അനുബന്ധ വസ്തുക്കളുടേയും അമിതമായ ഉപയോഗം, പഠനത്തിലും അനുബന്ധ കാര്യങ്ങളിലും ശ്രദ്ധയില്ലാതെ അലസരായി തുടരുക തുടങ്ങിയവയൊക്കെ പ്രത്യക്ഷത്തില്‍ കാണാവുന്ന ശാരീരിക സൂചനകളാണ്. ചെറിയ കാര്യങ്ങള്‍ക്കു പോലും ദേഷ്യപ്പെടുക, എന്തിനേയും എതിര്‍ക്കുന്ന മനോഭാവം, സംശയാസ്പദ രീതിയിലുള്ള പെരുമാറ്റം, വീട്ടുകാരോടും കുടുംബാംഗങ്ങളോടും അധ്യാപകരോടും മുന്‍ വൈരാഗ്യമുള്ളതുപോലെയുള്ള സംസാരം ഇവയൊക്കെ മാനസികമായി തന്നെ കാണാവുന്ന സൂചകങ്ങളാണ്. അവരുടെയിടയില്‍ പ്രായത്തിനൊത്ത കുട്ടിത്തവും കളിതമാശകളും ഇല്ലാതാകുന്നു. സ്വന്തം വിഷമങ്ങള്‍ അമ്മയോടു പോലും പറയാനുള്ള സ്വാതന്ത്ര്യമവര്‍ക്കു നഷ്ടപ്പെടുന്നു. ചിലര്‍ ആരോടും കൂട്ടുകൂടാത്തവരായി മാറുന്നു. പഠനം, പ്രായത്തിനൊത്ത കളികള്‍, സമപ്രായക്കാരും അയല്‍ക്കാരുമായുള്ള ചങ്ങാത്തം, അവരുമായുള്ള വിനോദം എന്നിവയിലൊന്നും താല്പ്പര്യമില്ലാത്തവരായി മാറുന്നു. ഇത് സ്വാഭാവികമായും അവരുടെ ഓര്‍മ്മ ശക്തി, ഗ്രാഹ്യശക്തി എന്നിവയെയും ബാധിക്കാനിടയുണ്ട്. ഇതോടൊപ്പം തന്നെ ലഹരി ഉപയോഗിക്കുന്നവരില്‍ ഒരു വലിയ പക്ഷം, പൊതുവില്‍ വിഷാദമനസ്ക്കരും മറ്റൊരു കൂട്ടര്‍ കുറ്റവാളികളും സാമൂഹ്യവിരുദ്ധരുമൊക്കെയായി മാറുന്നത് സമൂഹത്തിന് ഇന്നൊരു ശാപമായിത്തീര്‍ന്നിരിക്കുന്നതും നമുക്ക് നോക്കിക്കാണാം. കുറ്റകൃത്യങ്ങള്‍ക്കും സദാചാര ലംഘനങ്ങള്‍ക്കും പലപ്പോഴും ലഹരി ഉള്‍പ്രേരകമായി മാറികൊണ്ടിരിക്കുന്നുവെന്നതാണ് വാസ്തവം. ആത്മനിയന്ത്രണം നഷ്ടപ്പെട്ടു, സ്ഥലകാലബോധവും യഥാര്‍ഥ്യബോധവും ഇല്ലാതാകുമ്പോള്‍ കുറ്റവാസന പ്രകടിപ്പിക്കാനുള്ള സാധ്യത വര്‍ദ്ധിക്കുന്നു. അവര്‍ പോലുമറിയാതെ കുറ്റകൃത്യങ്ങളില്‍ ചെന്നുപെടുന്നു.

III. മുന്‍കരുതലുകള്‍:
കുട്ടികളെ സ്നേഹിക്കുന്നതോടൊപ്പം സ്നേഹം അവരെ ബോധ്യപ്പെടുത്തുന്ന രീതിയില്‍ സ്നേഹിക്കാന്‍ മാതാപിതാക്കള്‍ ശ്രദ്ധിക്കുകയെന്നതാണ് ആദ്യ മുന്‍കരുതല്‍. അതിന് മക്കളുമായി സംസാരിക്കാന്‍ കുടുംബങ്ങളില്‍ സാഹചര്യമൊരുക്കേണ്ടതുണ്ട്. സമ്മര്‍ദ്ദം ചെലുത്തുന്ന രക്ഷിതാക്കളുടെ പ്രതിനിധികളാകാതെ, അവരെ പ്രോല്‍സാഹിപ്പിക്കുകയും വീഴ്ചകളില്‍ കൈ പിടിച്ചെഴുന്നേല്‍പ്പിക്കുകയും ചെയ്യുന്ന, നല്ല മാതൃകകള്‍ നല്‍കുന്ന മാതാപിതാക്കളാകുക. മക്കളെ സഹഗമിക്കുന്ന, അവരുടെ സുഹൃത്തുക്കളിലെ നെല്ലും പതിരും തിരിച്ചറിയുന്ന, അവരിലെ ആത്മവിശ്വാസം വളര്‍ത്തുന്ന, മക്കളോട് വൈകാരികമായി അടുപ്പം പുലര്‍ത്തുന്ന രക്ഷിതാക്കളാവുക. മക്കളാല്‍ നിയന്ത്രിക്കപ്പെടുന്ന മാതാപിതാക്കളാകാതെ, മാതാപിതാക്കളാല്‍ നിയന്ത്രിക്കപ്പെടുകയും നയിക്കപ്പെടുകയും ചെയ്യുന്ന മക്കളാക്കി ശിക്ഷണത്തില്‍ അവരെ വളര്‍ത്തുകയെന്നതൊക്കെയാണ് ഇതിനെടുക്കാവുന്ന ജാഗ്രതാ നടപടികള്‍

IV. വിശ്വാസം നല്ലത്; പക്ഷേ അമിതവിശ്വാസം ആപത്ത്:
ലഹരി ഉപയോഗവുമായി ബന്ധപ്പെട്ട് മാതാപിതാക്കളോട് സംസാരിക്കുമ്പോള്‍ ബഹുഭൂരിപക്ഷവും പറയുക; എന്‍റെ മകന്‍ /മകള്‍ അതു ചെയ്യില്ലെന്നാണ്. ഇതോടൊപ്പം അവരുടെ കയ്യിലൊന്നും അതിനുള്ള പണമില്ലെന്നുകൂടി അവര്‍ കൂട്ടിചേര്‍ക്കും. മക്കളെ സുഹൃത്തുക്കളായി കാണുന്ന മാതാപിതാക്കളുടെയെണ്ണം കൂടി വരുന്ന ഈ കാലഘട്ടത്തില്‍ പറ്റിക്കപ്പെടാനുള്ള സാധ്യതയും കൂടുതലാണ്. അതു കരുതി സംശയദൃഷ്ടിയോടെ അവരെ നോക്കി കാണണമെന്നല്ല; മറിച്ച് അവരെ ചേര്‍ത്തു നിര്‍ത്തുന്നതില്‍ കൂടുതല്‍ ശ്രദ്ധ വേണമെന്നോര്‍മ്മിപ്പിക്കുന്നുവെന്നു മാത്രം. ഓര്‍ക്കുക; ഞാനിന്നൊരു സിപ്പെടുത്തു, കൂട്ടുകാരില്‍ നിന്ന് ഞാനൊരു പഫെടുത്തു, ഞാനൊരു ഡ്രിപ്പെടുത്തു എന്നൊക്കെ അച്ഛനമ്മമാരോട് തുറന്നു പറയാന്‍ മാത്രം മലയാളിയുടെ മനസ്സ് വളര്‍ന്നിട്ടില്ലെന്ന് മാതാപിതാക്കള്‍ മനസ്സിലാക്കിയാല്‍ നന്ന്.

V. കുടുംബങ്ങളിലെ ആശയവിനിമയത്തിന്‍റെ അപര്യാപ്തത
കുടുംബങ്ങളിലെ ആശയവിനിമയത്തിന്‍റെ അപര്യാപ്തത ഇന്ന് നമ്മുടെ സമൂഹമഭിമുഖീകരിക്കുന്ന വലിയൊരു പ്രശ്നമായി മാറി കഴിഞ്ഞിരിക്കുന്നു. സ്മാര്‍ട്ട് ഫോണുകളുടെ അഭൂതപൂര്‍വമായ വരവോടെ കൂടിയിരുന്നു സംസാരിക്കാനോ ഒരുമിച്ചിരുന്നു ഭക്ഷണം കഴിക്കാനോ നമുക്ക് സമയമില്ലാതെയായി. കുട്ടികള്‍, അവരുടെ പ്രശ്നങ്ങള്‍ മാതാപിതാക്കളോടു പറഞ്ഞിരുന്ന സ്വാഭാവിക വേദിയായിരുന്ന വൈകുന്നേരങ്ങളിലെ ഭക്ഷണസമയം മാധ്യമങ്ങള്‍ അപഹരിച്ചു. കുട്ടികള്‍ക്കൊപ്പം മുതിര്‍ന്നവരും സാമൂഹ്യമാധ്യമങ്ങളുടെ പിടിയിലമര്‍ന്നതോടെ മുറിയുടെ ചുവരുകള്‍ അവരവരുടെ അതിര്‍ത്തികളായി. പ്രശ്നങ്ങള്‍ പറയാനും സാധ്യമായ പരിഹാരങ്ങള്‍ നിര്‍ദ്ദേശിക്കാനുമുള്ള സാഹചര്യം കുടുംബങ്ങളിലില്ലാതായതോടു കൂടി അവരെല്ലാം ഒറ്റപ്പെട്ട തുരുത്തുകളും ആ തുരുത്തുകളില്‍ രാജാക്കന്മാരുമായി. തിരുത്താനോ തിരുത്തപ്പെടാനോ ഇഷ്ടപ്പെടാത്ത ഒരു സ്വഭാവവിശേഷത്തിലേക്കു ഇതവരെ നയിച്ചുവെന്നു പറയുന്നതാണ് കൂടുതല്‍ ശരി. നന്മയുടെ ഉറവിടങ്ങള്‍ കുടുംബമാണെന്ന ബോധ്യം അവര്‍ക്കു കൊടുക്കാനുള്ള ബാധ്യത മാതാപിതാക്കളില്‍ അവശേഷിക്കുന്നുണ്ടെന്നു ചുരുക്കം.

VI. നല്ല മാതൃകകളുടെ അഭാവം
ഒരു വീട്ടിലെ ജനനമുള്‍പ്പെടെയുള്ള മുഴുവന്‍ ആഘോഷങ്ങളും മരണമുള്‍പ്പടെയുള്ള ദുഃഖമൂഹൂര്‍ത്തങ്ങളും മദ്യസല്‍ക്കാരത്തിന്‍റെ സ്വാഭാവികയിടങ്ങളായി മാറി. പണ്ടൊക്കെ കല്യാണ വീടിന്‍റെ കയ്യാലയിലോ, തൊഴുത്തിനടുത്തോ അധികം പ്രചാരമില്ലാതെ അത്യാവശ്യക്കാര്‍ക്ക് അതിരഹസ്യമായി വിളമ്പിയിരുന്ന മദ്യം, സ്ത്രീകളും കുട്ടികളു മുള്‍പ്പടെയുള്ള പൊതുസദസ്സുകളില്‍ ബാച്ചിലേഴ്സ് പാര്‍ട്ടിയുടെ ഭാഗമായി വിളമ്പി തുടങ്ങിയപ്പോള്‍ അത് ആരുമറിയാതെ നമ്മുടെ ജീവിതഗന്ധിയായി മാറുകയാണെന്ന സത്യം നാം അറിയാതെ പോകരുത്.

VII. ബോധ്യപ്പെട്ടാല്‍ അവരെ ചേര്‍ത്തുനിര്‍ത്താം
മക്കളോ വിദ്യാര്‍ത്ഥികളോ ഏതെങ്കിലും തരത്തിലുള്ള ലഹരിക്കടിമപ്പെട്ടിട്ടുണ്ടെന്നു ബോധ്യപ്പെട്ടാല്‍ അവരെ ഒറ്റപ്പെടുത്തുകയോ തെറ്റുകാരായി മുദ്രകുത്തുകയോ ചെയ്യാതെ, അതിന്‍റെ അടിമത്വത്തില്‍ നിന്നവരെ അകറ്റുന്നതിനുള്ള കൗണ്‍സിലിംഗുള്‍പ്പെടെയുള്ള സംവിധാനങ്ങളും മറ്റു ചികിത്സകളും ലഭ്യമാക്കുകയും അവരെ ഹൃദയത്തോട് ചേര്‍ത്ത് നിര്‍ത്താനും നമുക്കു സാധിക്കണം. ഇവിടെ മാനസികമായി വളരേണ്ടത് വിദ്യാര്‍ത്ഥികളേക്കാളുപരി മാതാപിതാക്കളാണ്.

ഏതുതരം ലഹരിയും കുട്ടികളേയും യുവാക്കളേയും സ്വാധീനിക്കുകയും അവരുടെ സിരകളെ ത്രസിപ്പിക്കുകയും ചെയ്യുന്ന വലിയൊരു ജിജ്ഞാസയോ ആകാംക്ഷയോ ആണ്. ഈ ജിജ്ഞാസയെ ഫലപ്രദമായും ക്രിയാത്മകമായും ഉപയോഗിക്കാന്‍ പരിശീലിപ്പിച്ചില്ലെങ്കില്‍, വന്‍ വിപത്തിലേയ്ക്കവരെത്തിപ്പെടുമെന്നത് ഇന്നിന്‍റെ യാഥാര്‍ത്ഥ്യവുമാണ്. കാരണം ഇന്നത്തെ ലഹരിയുടെ അടിമകളില്‍ ബഹുഭൂരിപക്ഷവും ഒരു പഫിന്‍റെ, സിപ്പിന്‍റെ, ഡ്രിപ്പിന്‍റെയൊക്കെ ആകാംക്ഷയുടെ ജീവിക്കുന്ന ഇരകളാണ്, രക്തസാക്ഷികളാണ്. കൗമാരത്തിലെ ലഹരിയുടെ ഏതൊരു ആസക്തിയെയും കൃത്യമായ ഇടപെടലുകളിലൂടെ മാറ്റിയെടുക്കാവുന്നതേയുള്ളൂ. അതിനുള്ള പക്വതയോടെയുള്ള ഇടപെടല്‍ ഉണ്ടാക്കിയെടുക്കുകയെന്നതാണ്, ഇന്നത്തെ രക്ഷാകര്‍തൃത്വം നേരിടുന്ന വെല്ലുവിളി. ഈ വെല്ലുവിളിയെ ക്രിയാത്മകമായി ഏറ്റെടുത്തു, പ്രയോഗികമാക്കിയാല്‍ നമ്മുടെ സമൂഹത്തിലും നന്മയുടെ പരിമളം വിടരുമെന്നു തീര്‍ച്ച.

Related Stories

No stories found.
Sathyadeepam Weekly
www.sathyadeepam.org