എന്റെ കുട്ടിയുടെ ഭാവി എന്താകും?

എന്റെ കുട്ടിയുടെ ഭാവി എന്താകും?
പരീക്ഷാഫലങ്ങള്‍ വന്നുകൊണ്ടിരിക്കുന്ന കാലമാണിത്, കുട്ടികളുടെ മുന്നോട്ടുള്ള പഠനം ഏതു ദിശയിലാവണമെന്നതില്‍ തീരുമാനമെടുക്കേണ്ട സമയം. വലിയതോതിലുള്ള സമ്മര്‍ദമാണ് മാതാപിതാക്കള്‍ ഇക്കാര്യത്തില്‍ അനുഭവിക്കുന്നത്. മക്കളുടെ പഠന തൊഴില്‍ മേഖലയുടെ കാര്യത്തില്‍ തീരുമാനമെടുക്കേണ്ടി വരുമ്പോള്‍ പിന്തുടരേണ്ടതായ ചില തത്വങ്ങള്‍ ഉണ്ട്.

അഭിരുചി

കുട്ടിയുടെ അഭിരുചിക്കും കഴിവിനും ചേരാത്ത പഠന മേഖലയും തൊഴില്‍ മേഖലയും തെരഞ്ഞെടുക്കരുതെന്നതാണ് ഒന്നാമത്തെ തത്വം. നമുക്ക് ചുറ്റും കാണുന്ന വിജയകഥകളിലെ വ്യക്തികളെ അന്ധമായി പിന്തുടരുവാനുള്ള പ്രവണതയാണ് മാ താപിതാക്കള്‍ക്ക് പലപ്പോഴും ഉള്ളത്. ഇത് വലിയ അപകടങ്ങളിലേക്ക് നയിച്ചേക്കാം.

കഴിഞ്ഞ അധ്യയന വര്‍ഷത്തില്‍ ഇഷ്ടത്തോടെയും ആത്മവിശ്വാസത്തോടെയും പഠിച്ച വിഷയങ്ങള്‍ ഏതൊക്കെയെന്ന് അറിയുകയും കൂടുതല്‍ മാര്‍ക്ക് നേടാന്‍ കഴിഞ്ഞ വിഷയങ്ങള്‍ ഏതാണെന്നും പരിഗണിച്ച് ഒരാളുടെ അഭിരുചി ഒട്ടൊക്കെ നിശ്ചയിക്കുവാനാവും. ഓരോ കരിയറിനും അനുയോജ്യമായ വ്യക്തി ഗുണങ്ങള്‍ ഏതെല്ലാമാണെന്ന് അറിയുകയും മക്കളുടെ വ്യക്തിത്വം ഏതിനെല്ലാം യോജിക്കുമെന്ന് മനസ്സിലാക്കുകയും ചെയ്യുക എന്നതാണ് അടുത്ത ഘട്ടം. നമ്മുടെ സാമ്പത്തിക സാഹചര്യങ്ങള്‍ ഒരു കോഴ്‌സ് പഠിക്കുവാന്‍ ഉതകുന്നതാണോ എന്നതും ചിന്തി ക്കേണ്ടതാണ് ഉദാഹരണമായി, മകനെയോ മകളെയോ പൈലറ്റ് ആക്കുവാനായി വീടും പുരയിടവും വിറ്റ് കോമേഴ്‌സ്യല്‍ പൈലറ്റ് ലൈസന്‍സിന് ചേരുന്നതിന് പകരം വ്യോമസേനയിലൂടെ ലക്ഷ്യം നേടുവാന്‍ ആകും.

പഠനശാഖകള്‍

സയന്‍സ്, കോമേഴ്‌സ്, ഹ്യൂമാനിറ്റീസ് എന്നീ മൂന്ന് പ്രധാന പഠനശാഖകളാണ് ഉള്ളതെന്ന് എല്ലാവര്‍ക്കും അറിയാം. മുന്‍ ക്ലാസ്സുകളില്‍ പഠിക്കാന്‍ ബുദ്ധിമുട്ടുണ്ടായിരുന്ന വിഷയങ്ങള്‍ അടുത്ത കോഴ്‌സിന് തിരഞ്ഞെടുക്കുവാനായി വിദ്യാര്‍ത്ഥികളെ നിര്‍ബന്ധിക്കരുത്.

പ്ലസ് ടു തലത്തില്‍ നിരവധി പഠന കോമ്പിനേഷനുകള്‍ ലഭ്യമാണ്. വിദ്യാര്‍ത്ഥിയുടെ താല്‍പര്യമനുസരിച്ചുള്ള കോമ്പിനേഷന്‍ തെരഞ്ഞെടുക്കുവാന്‍ അനുവദിക്കണം. സയന്‍സ് സ്ട്രീം എടുക്കുന്നയാള്‍ക്ക് ഹ്യൂമാനിറ്റീസിലും കോമേഴ്‌സിനും സയന്‍സിലും ഉപരിപഠനം നടത്തുവാന്‍ ആവും. ഹ്യൂമാനിറ്റീസോ കോമേഴ്‌സോ പഠിക്കുന്നയാള്‍ക്ക് ഹ്യൂമാനിറ്റീസിലോ കോമേഴ്‌സിലോ തുടര്‍ പഠനം നടത്താം. തൊഴില്‍ മേഖലകളില്‍ ബഹുഭൂരിപക്ഷവും ഏത് സ്ട്രീം പ്ലസ് ടു പഠിക്കുന്നയാള്‍ക്കും എത്തി ച്ചേരാവുന്നതാണ് യാഥാര്‍ത്ഥ്യം എന്നതാണ്.

മെഡിസിനോ എഞ്ചിനീയറിങ്ങോ അവയുടെ അനുബന്ധ ശാഖകളോ പഠിക്കണമെന്ന് ആഗ്രഹിക്കുന്ന കുട്ടികളും അതുപോലെ കഠിനാധ്വാനം ചെയ്യാന്‍ തയ്യാറുള്ളവരും മാത്രമേ സയന്‍സ് ഗ്രൂപ്പ് എടുക്കാവൂ. സയന്‍സ് വിഷയങ്ങളില്‍ ബിരുദനന്തര പഠനം ലക്ഷ്യമിടുന്നവരും ഈ ഗ്രൂപ്പ് എടുക്കണം. സയന്‍സ് വിഷയങ്ങളില്‍ നല്ല മാര്‍ക്കും ഉണ്ടായിരിക്കണം.

അക്കങ്ങളെയും കണക്കിനെയും സ്‌നേഹിക്കുന്ന കുട്ടികളെ കൊമേഴ്‌സ് ഗ്രൂപ്പ് തെരഞ്ഞെടുക്കാന്‍ പ്രോത്സാഹിപ്പിക്കാം. ബി.കോം, എംബിഎ, ബിബിഎ, ചാര്‍ട്ടേര്‍ഡ് അക്കൗണ്ടന്‍സി, കോസ്റ്റ് അക്കൗണ്ടന്‍സി, കമ്പനി സെക്രട്ടറി തുടങ്ങിയവയൊക്കെ ഇവര്‍ക്കായി പ്ലാന്‍ ചെയ്യാം. CA, ICWA, കമ്പനി സെക്രട്ടറി തുടങ്ങിയവ മറ്റു ഗ്രൂപ്പ് പഠിക്കുന്നവര്‍ക്കും പറ്റുന്ന ഉന്നത കരിയറുകളാണ്.

ആര്‍ട്‌സ് വിഷയങ്ങള്‍ മുന്നോട്ടു പഠിക്കുവാന്‍ ആഗ്രഹിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് ഹ്യൂമാനിറ്റീസ് ഗ്രൂപ്പ് എടുക്കാം. ചുരുക്കം ചില കരിയറുകള്‍ ഒഴിച്ചാല്‍ വിശാലമായ തൊഴിലവസരങ്ങള്‍ ഈ ഗ്രൂപ്പിനും ഉണ്ട്.

തൊഴിലധിഷ്ഠിത വിദ്യാഭ്യാസം

ഐ ടി ഐ, പോളിടെക്‌നിക്, പോളിടെക്‌നിക് പഠനത്തിനു ശേഷമുള്ള ലാറ്ററല്‍ എന്‍ട്രി വഴിയുള്ള എന്‍ജിനീയറിങ്ങ് പഠനം എന്നിവയെയൊക്കെക്കുറിച്ച് കുട്ടികളെ ബോധ്യപ്പെടുത്തുവാന്‍ മാതാപിതാക്കള്‍ക്ക് കഴിയണം. വൊക്കേഷണല്‍ ഹയര്‍സെക്കന്‍ഡറിയും തൊഴിലധിഷ്ഠിത വിദ്യാഭ്യാസത്തിന്റെ ഭാഗമായി ചിന്തിക്കാവുന്നതാണ്. എന്‍ജിനീയറിങ്, ടെക്‌നോളജി, പാരാ മെഡിസിന്‍ ഡിപ്ലോമ കോഴ്‌സു കള്‍ക്ക് വൊക്കേഷന്‍ ഹയര്‍ സെക്കന്‍ഡറി പാസ്സായ കുട്ടികള്‍ക്ക് സീറ്റ് സംവരണം ഉണ്ട്.

ആയുര്‍വേദം, ഫാര്‍മസി, ലാബ് ടക്‌നീഷ്യന്‍, ടൂറിസം, ഹോട്ടല്‍ മാനേജ്‌മെന്റ് മേഖലകളിലെ ഡിപ്ലോമ സര്‍ട്ടിഫിക്കറ്റ് കോഴ്‌സുകള്‍ എന്നിവ ശ്രദ്ധേയമായവയാണ്. നെട്ടൂര്‍ ടെക്‌നിക്കല്‍ ഇന്‍സ്റ്റിറ്റ്യൂട്ട്, കാര്‍ഷിക സര്‍വകലാശാല, വെറ്റിനറി സര്‍വകലാശാല, ഫുഡ് ഗ്രാഫ്റ്റ് ഇന്‍സ്റ്റിറ്റ്യൂട്ട്, ഷോര്‍ണൂരിലെ പ്രിന്റിങ് ഇന്‍സ്റ്റിറ്റ്യൂട്ട് എന്നിവയുടെ ഡിപ്ലോമ സര്‍ട്ടിഫിക്കറ്റ് പ്രോഗ്രാമുകളും മികവുറ്റവയാണ്. സംസ്ഥാന സഹകരണ വകുപ്പ് നടത്തുന്ന ജൂനിയര്‍ സഹകരണ ഡിപ്ലോമ പഠിക്കുന്നത് സഹകരണ സ്ഥാപനങ്ങളില്‍ തൊഴില്‍ തേടുന്നതിന് സഹായിക്കും. ആരോഗ്യപരിപാലന രംഗത്ത് താല്പര്യമുള്ള കുട്ടികള്‍ക്ക് ജൂനിയര്‍ പബ്ലിക് ഹെല്‍ത്ത് നേഴ്‌സ് സാനിറ്ററി ഇന്‍സ്‌പെക്‌ടേര്‍സ് ഡിപ്ലോമ എന്നിവ പഠിക്കുന്നതിനെ കുറിച്ച് പറഞ്ഞു കൊടുക്കാം.

ലെതര്‍ ടെക്‌നോളജി, പ്ലാസ്റ്റിക് ടെക്‌നോളജി, സെറാമിക് ടെക്‌നോളജി, പാക്കേജിങ് ടെക്‌നോളജി മുതലായ ഒട്ടനവധി കോഴ്‌സുകള്‍ വേറെയുമുണ്ട്.

അധ്യാപനം

കുട്ടികള്‍ക്ക് അധ്യാപനത്തിനുള്ള പാടവം ഉണ്ടോയെന്നത് മാതാപിതാക്കള്‍ കണ്ടെത്തേണ്ട കാര്യമാണ്. പ്രൈമറി സ്‌കൂള്‍ തുടങ്ങി യൂണിവേഴ്‌സിറ്റി തരം വരെ അധ്യാപികത്തിന് വലിയ അവസരങ്ങള്‍ ആണുള്ളത്. പ്രീ പ്രൈമറി ടീച്ചര്‍ ട്രൈനിങ്ങ്, TTC, BEd, PhD തുടങ്ങിയവയേക്കുറിച്ച് കുട്ടികളെ ബോധവാന്മാരാക്കാം.

ആതുര സേവനം

പ്രവര്‍ത്തന മികവുള്ള നേഴ്‌സുമാര്‍ക്ക് ലോകത്താകമാനം തൊഴില്‍ സാധ്യതകള്‍ ഉണ്ടെന്ന് എല്ലാവര്‍ക്കും അറിയാം. പാരാമെഡിക്കല്‍ കോഴ്‌സുകളില്‍ ബി ഫാം, ബി എ സ്സി എം, ബി പി ടി, ഒപ്‌റ്റോമെട്രി എന്നിവ തൊഴില്‍ സാധ്യതയുള്ള മറ്റു കോഴ്‌സുകള്‍ ആണ്. റേഡിയോളജിക്കല്‍ ടെക്‌നോളജി, ഡെന്റല്‍ മെക്കാനിക്ക്, ഡെന്റല്‍ ഹൈജീനിസ്റ്റ്, എന്‍ഡോസ്‌കോപ്പി, റെസ്പിറേറ്ററി ടെക്‌നോളജി, ബ്ലഡ് ബാങ്ക് ടെക്‌നോളജി തുടങ്ങിയ നിരവധി പാരാമെഡിക്കല്‍ ഡിപ്ലോമ പ്രൊഗ്രാമുകള്‍ വേറെയുമുണ്ട്. കുട്ടികള്‍ക്ക് ഇവയെക്കുറിച്ചുള്ള അവബോധം ഉണ്ടാക്കാം.

പി എസ് സി/ ബാങ്കുകള്‍/ സിവില്‍ സര്‍വീസ്

സിവില്‍ സര്‍വീസസ് പരീക്ഷ, മറ്റ് യു പി എസ് സി പരീക്ഷകള്‍ സ്റ്റാഫ് സെലക്ഷന്‍ കമ്മീഷന്‍ പരീക്ഷകള്‍, സംസ്ഥാന പി എസ് സി റിക്രൂട്ട്‌മെന്റ് റെയില്‍വേ റിക്രൂട്ട്‌മെന്റ് ബോര്‍ഡ്, ബാങ്കുകള്‍, എല്‍ഐസി തുടങ്ങിയ റിക്രൂട്ട്‌മെന്റുകളെ കുറിച്ച് കുട്ടികള്‍ക്ക് പറഞ്ഞു കൊടുക്കണം. തീവ്ര പരിശീലനം നടത്താന്‍ തയ്യാറുള്ള ഏതൊരാള്‍ക്കും നോണ്‍ ഗസറ്റഡ് തസ്തിക മുതല്‍ സിവില്‍ സര്‍വീസ് വരെയുള്ള ഏത് ഉദ്യോഗവും നേടുവാന്‍ ആകും എന്നതാണ് യാഥാര്‍ത്ഥ്യം.

സായുധ സേന

സായുധ സേനയിലെ വിവിധ അവസരങ്ങളെക്കുറിച്ച് മാതാപിതാക്കള്‍ കൃത്യമായ അറിവ് ആര്‍ജിക്കണം. പ്ലസ്ടുവിന് ശേഷം നാഷണല്‍ ഡിഫന്‍സ് അക്കാഡമി പരീക്ഷ എഴുതാമെന്നതും എന്‍ജിനീയറിങ് പഠനത്തിനു ശേഷവും മറ്റു ബിരുദ പഠനങ്ങള്‍ക്ക് ശേഷവും സേനയില്‍ നിരവധി അവസരങ്ങള്‍ ഉണ്ട് എന്നതും സൈനിക കോളേജുകളില്‍ സൗജന്യമായി എംബി ബി എസും നേഴ്‌സിങ് പഠിക്കാം എന്നതുമൊക്കെ കുട്ടികള്‍ക്ക് പറഞ്ഞു കൊടുക്കാം.

മറ്റുള്ള അവസരങ്ങള്‍

ഏതു സ്ട്രീം പഠിച്ച കുട്ടികള്‍ക്കും ചേരാവുന്ന കോഴ്‌സുകളും തൊഴിലവസരങ്ങളും ധാരാളമായി വേറെയും ഉണ്ട്. എല്‍എല്‍ ബി, ലൈബ്രറി സയന്‍സ്, മര്‍ച്ചന്റ് നേവി, ഹോട്ടല്‍ മാനേജ്‌മെന്റ്, കലാപടനം, സ്‌പോര്‍ട്‌സ്, സിനിമ, കമ്പ്യൂട്ടര്‍ തുട ങ്ങിയ മേഖലകളായി പരന്നുകിടക്കുന്ന ആയിരക്കണക്കിന് കരിയറുകളാണ് ഉള്ളത്. റീട്ടെയില്‍, അഗ്രി ബിസിനസ്, കമ്മ്യൂണിക്കേഷന്‍, ബാങ്കിംഗ്, ഇന്‍ഷുറന്‍സ്, സാമൂഹ്യ സേവനം, അക്കൗണ്ടിംഗ്, മാനേജ്‌മെന്റ്, നിര്‍മ്മാണം തുടങ്ങിയ നിരവധി മേഖലകള്‍ വേറെയുമുണ്ട്. ഇവയെക്കുറിച്ചൊക്കെ സാമാന്യമായ അറിവ് മാതാപിതാക്കള്‍ക്ക് ഉണ്ടാവുന്നത് ഏറെ പ്രയോജനകരമായിരിക്കും.

ശ്രദ്ധിക്കേണ്ടത്

എന്തു പഠിക്കണം എന്നതിനേക്കാള്‍ പഠിക്കുന്ന രംഗത്ത് മുന്‍പന്തിയില്‍ എത്തുക എന്നതാണ് ഒരാളുടെ ഭാവി നിശ്ചയിക്കുന്നതില്‍ നിര്‍ണായകമാകുന്നത്. അതിനാല്‍ ശരിയായ കോഴ്‌സ് തെരഞ്ഞെടുക്കുക എന്നത് കുട്ടിയുടെ ഭാവിയെ നിര്‍ണയിക്കുന്നതിലെ ഏറ്റവും പ്രാധാന്യമുള്ള ഘടകമാണ്. അതുപോലെ പഠിക്കുന്ന വിഷയത്തോടൊപ്പം തന്നെ പഠനത്തിനായി തിരഞ്ഞെടുക്കുന്ന സ്ഥാപനത്തിനും ഇക്കാലത്ത് ഏറെ പ്രാധാന്യമുണ്ട്. ഇക്കാര്യങ്ങളിലൊക്കെ കുട്ടികള്‍ക്ക് ശരിയായ മാര്‍ക്ക് നിര്‍ദേശം നല്‍കാന്‍ കഴിയുന്ന നിലവാരത്തിലേക്ക് എത്തിച്ചേരുക എന്നതാണ് മാതാപിതാക്കള്‍ നേരിടുന്ന വെല്ലുവിളി.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org