മെക്കിട്ടു കയറലിന്റെ മനഃശാസ്ത്രം

മെക്കിട്ടു കയറലിന്റെ മനഃശാസ്ത്രം

യുവജനപ്രശ്നങ്ങളിലൂടെയുള്ള ഒരു
യുവമനഃശാസ്ത്രജ്ഞന്‍റെ പരീക്ഷണയാത്രകള്‍….

വിപിന്‍ വി. റോള്‍ഡന്‍റ്
മനഃശാസ്ത്രജ്ഞന്‍, പ്രഭാഷകന്‍, പരിശീലകന്‍, ഗ്രന്ഥകാരന്‍
Chief Consultant Psychologist, Sunrise Hospital, Cochin University
& Roldants Behaviour Studio, Cochin

കുറച്ചു നാളുകള്‍ക്കു മുന്‍പ് കേരളത്തിലെ പ്രളയത്തിനും മുന്‍പ് നടന്ന ഒരു കാര്യത്തെക്കുറിച്ചാണ് ഇത്തവണ ഞാന്‍ പരാമര്‍ശിക്കുന്നത്. ഇന്‍റര്‍നാഷണല്‍ ബിസിനസ് ഫെഡറേഷന്‍ ഏര്‍പ്പെടുത്തിയ Asean Business Excellence Award ചടങ്ങില്‍ പങ്കെടുക്കാന്‍ വന്ന മൗറീഷ്യസ് കോണ്‍സുലേറ്റിലെ ഒരു ഉന്നത ഉദ്യോഗസ്ഥയോടു കേരളത്തെക്കുറിച്ച് കാര്യമായി ഞാന്‍ വര്‍ണിക്കുകയുണ്ടായി. അവര്‍ കേരളത്തില്‍ വന്നിട്ടില്ല. God's own country യെക്കുറിച്ചും ഇവിടുത്തെ സ്വസ്ഥമായ ജീവിതാവസ്ഥയെക്കുറിച്ചും വളരെയധികം ഞാന്‍ വിവരിച്ചപ്പോള്‍ അവര്‍ക്കു നാടിന്‍റെ ചില ചിത്രങ്ങള്‍ കാണണമെന്ന് അതിയായ ആഗ്രഹം. സമാധാന പൂര്‍ണ്ണമായ എന്‍റെ കേരളത്തെക്കുറിച്ചു കൂടുതല്‍ വിശദീകരിക്കാന്‍ ഗൂഗിള്‍ ഫോട്ടോസ് കാണിക്കവെ ഇടയ്ക്കു കയറി വന്ന ഒരു വാര്‍ത്തയില്‍ അവരുടെ കണ്ണുടക്കി, എന്‍റെയും. അത് ആദിവാസി യുവാവ് മധുവിന്‍റെ ദാരുണാന്ത്യത്തെക്കുറിച്ചായിരുന്നു. വാര്‍ത്ത വായിച്ചു ഞാന്‍ ഞെട്ടി, തൊട്ടടുത്ത നിമിഷം ചൂളിപ്പോയി. രാഷ്ട്രീയകൊലപാതകങ്ങള്‍ നടക്കാറുണ്ടെങ്കിലും ഞാന്‍ വാതോരാതെ വിവരിച്ച എന്‍റെ നാട്ടില്‍ ഇങ്ങനെയൊരു വാര്‍ത്ത അപ്രതീക്ഷിതമായിരുന്നു. ആ വാര്‍ത്ത കണ്ടു അവര്‍ എന്നെയൊന്നു നോക്കി, ഞാനും ഒന്ന് നോക്കി. ആ വാര്‍ത്ത എന്നില്‍ അസ്വസ്ഥത സൃഷ്ടിച്ചത് മനസിലാക്കിയിട്ടാകാം അവര്‍ കൂടുതലൊന്നും കേരളത്തെക്കുറിച്ചു ചോദിച്ചില്ല. ആവേശത്തോടെ എന്‍റെ നാടിന്‍റെ ചിത്രങ്ങള്‍ കാണാന്‍ വന്നവളെ കാറ്റു കൊണ്ടുപോയി.

സുബോധമില്ലാത്ത മെക്കിട്ടു കയറ്റങ്ങള്‍
നാട്ടില്‍ തിരിച്ചു വന്നപ്പോള്‍ ഒരു FM റേഡിയോ ജോക്കി ഒരു ലൈവ് ഇന്‍റര്‍വ്യൂ ചോദിച്ചു വിളിച്ചു. ചോദ്യം യുവാക്കളെ ലക്ഷ്യമിട്ടായിരുന്നു. ഇത്രയധികം പഠിപ്പുണ്ടായിട്ടും വിദ്യാഭ്യാസമുണ്ടായിട്ടും നമ്മുടെ യുവാക്കള്‍ രോഷാകുലരും അക്രമാസക്തരുമാകുന്നത് എന്തു കൊണ്ടാണ്? മറ്റുള്ളവന്‍റെ വേദനയില്‍ സെല്‍ഫി എടുത്ത് ആനന്ദിക്കുന്നത് എന്തുകൊണ്ടാണ്? ഈ സുബോധമില്ലാത്ത മെക്കിട്ടുകയറലിന്‍റെ കാരണമെന്താണ്? ഇതിങ്ങനെ പോയാല്‍ നമ്മളും മറ്റു പല സംസ്ഥാനങ്ങള്‍ പോലെ അധഃപതിക്കില്ലേ? എന്താണ് നമ്മുടെ യുവാക്കള്‍ ഫേസ്ബുക്കും ഇന്‍റെര്‍നെറ്റുമെല്ലാം പരസ്പരം പോര് വിളിക്കാനും അസഭ്യം പറയാനും ഉള്ള താവളമാക്കുന്നത്? മറ്റുള്ളവരെ ചീത്ത വിളിക്കുന്നവര്‍ തമ്മില്‍ ഐക്യദാര്‍ഢ്യവും ബന്ധവുമെല്ലാമുണ്ട്. ലക്ഷ്യം കൂട്ടായ്മയിലൂടെ മാക്സിമം ആളുകളുടെ മുതുകില്‍ കയറുക, മെക്കിട്ടു കയറുക. എന്താണിതിന്‍റെ മനഃശാസ്ത്രം?

ശക്തന്‍റെ മുമ്പില്‍ ഓക്കാനിച്ചു നില്‍ക്കാനും ദുര്‍ബലന്‍റെ അടുത്ത് കലിപ്പോടെ നില്‍ക്കാനും മടിയില്ലാത്ത 'അസാമാന്യ ധൈര്യശാലി.' ഒറ്റയ്ക്കു നില്‍ക്കുമ്പോള്‍ പഞ്ചപാവം. കൂട്ടത്തില്‍ അഞ്ചാറെണ്ണമുണ്ടെങ്കില്‍ എന്തു തോന്ന്യാസത്തിനും ദ്രോഹത്തിനും തയ്യാറുള്ള ഹിറ്റ്ലര്‍. ആരോടൊക്കെയോ ഉള്ള കലിപ്പുകള്‍ കൈയില്‍ കിട്ടുന്ന ഇരയുടെ മുകളില്‍ പ്രയോഗിച്ചു സ്വന്തം സ്ട്രെസ്സും സ്ട്രെയിനും മാറ്റുന്ന വിചിത്ര ജീവി. തന്നെ ആരും വിമര്‍ശിക്കാന്‍ പാടില്ല, എന്നാല്‍ തനിക്കെന്തു വേണമെങ്കിലും ആരോടും പറയാം, ആര്‍ക്കെതിരെയും ചെയ്യാം എന്ന് വിശ്വസിക്കുകയും അങ്ങനെ പ്രവര്‍ത്തിക്കുകയും ചെയ്യുന്ന അഹങ്കാരകിരീടം ധരിക്കുന്ന ദുശ്ശാസനന്‍. ഉള്ളിലൊളിഞ്ഞു കിടക്കുന്ന ഭീരുവിനെ മറച്ചുപിടിക്കാന്‍ അക്രമം മറയാക്കുന്ന സാഡിസ്റ്റ്. പറയാന്‍ ഇനിയുമേറെയുണ്ട് വിശേഷണങ്ങള്‍… കേരളത്തില്‍ നടക്കുന്ന മത രാഷ്ട്രീയ കൊലപാതകങ്ങളെല്ലാം ഭീരു വിളയാട്ടങ്ങളാണ്… കാരണം ഭീരു മാത്രമേ ചതിക്കൂ. ഒളിയമ്പെയ്യുന്നതും ചതി പ്രയോഗത്തില്‍ അടുത്ത ആളുകളെ വരെ പെടുത്തിക്കളയുന്നതും അവരുടെ ഹോബി ആണ്. വേദനിക്കുന്നവന്‍റെ വിലാപം അവനു സെല്‍ഫിക്കുള്ള വിനോദമാണ്. അകപ്പെട്ടവന്‍റെയും അകപ്പെടുത്തപ്പെട്ടവന്‍റെയും കണ്ണീരും വിലാപവും അവന്‍ റെക്കോര്‍ഡ് ചെയ്തു വീണ്ടും വീണ്ടും കണ്ടു രസിക്കും. സോഷ്യല്‍ മീഡിയായില്‍ ഇട്ടുകിട്ടുന്ന ലൈക് കണ്ടു പൊട്ടിച്ചിരിക്കും. കൈനിറയെ ഡിഗ്രിയും വാ നിറച്ചു ഇംഗ്ലീഷും ഉള്ള സൈക്കോപാത്തും സോഷ്യോപാത്തും കേരളത്തിന്‍റെ, ഭാരതത്തിന്‍റെ വിപത്തായി മാറുമ്പോള്‍ ഒരുപാടൊരുപാട് മിണ്ടാ പ്രാണികള്‍ക്ക് കാലനായി പട്ടിണിയോ, പ്രകൃതിക്ഷോഭമോ, വാഹനാപകടങ്ങളോ വരേണ്ടതില്ല. സംഘബോധത്തോടെ നമ്മുടെ ക്ഷോഭയൗവനം തന്നെ മനുഷ്യകശാപ്പ് ചെയ്തോളും.

പ്രശ്നം വൈകാരിക അപക്വത
Mob Psychology അഥവാ സംഘം ചേരുമ്പോള്‍ മനുഷ്യമനസിന് വരുന്ന ഭാവമാറ്റങ്ങളും വന്നുചേരുന്ന മുന്‍ പിന്‍ നോട്ടമില്ലാത്ത സ്വഭാവങ്ങളും ആണ് ഇത്തരം സംഭവങ്ങളിലെ യഥാര്‍ത്ഥ വില്ലന്‍. അറിഞ്ഞുകൊണ്ട് തെറ്റു ചെയ്തുവെന്ന് നമുക്ക് തോന്നുന്ന പല സാഹചര്യങ്ങളും പൂര്‍ണസുബോധമില്ലാതെ ചെയ്തു കൂട്ടുന്ന കാര്യങ്ങളാണ്. വൈകാരിക അപക്വത (Emotional Disregulation) ഒരു രീതിയിലല്ലെങ്കില്‍ മറ്റൊരു രീതിയില്‍ എല്ലാവരിലും ഉണ്ട്. അപ്പോള്‍ അത്തരക്കാര്‍ സംഘടിക്കുന്ന സാഹചര്യങ്ങളോ സന്ദര്‍ഭങ്ങളോ ഒത്തു വരുമ്പോള്‍ ഉള്ളിലുള്ള അപക്വത വേണ്ടാത്ത അലമ്പുകളുടെയും ദ്രോഹങ്ങളുടെയും വ്യത്യസ്ത ചിന്തകള്‍ ആളുകളുടെ മനസ്സില്‍ നിറയ്ക്കും. ആ സാഹചര്യം അവിടെ കൂടുന്ന എല്ലാവരെയും കുറ്റവാളിയാക്കും.

ആരുണ്ടെന്നോടു ചോദിക്കാന്‍
ചെറുപ്പം മുതലേ 'അടിക്കു അടി തിരിച്ചടി' കണ്ടു വളര്‍ന്ന മക്കളും, തെറ്റുകള്‍ക്ക് ശാസനവും ശിക്ഷണവും കിട്ടാതെ വളര്‍ന്നവരും, തെറ്റ് ചെയ്തിട്ടും അത് ഒരു പ്രശ്നമേ അല്ലാതെ മറ്റുള്ളവര്‍ കൈകാര്യം ചെയ്തപ്പോള്‍ കിട്ടിയ കുറ്റബോധമില്ലായ്മയോ, അഹങ്കാര വ്യക്തിത്വമോ, 'എനിക്കിഷ്ടമുള്ളതു ഞാന്‍ ചെയ്യും, ആരുണ്ടെന്നോട് ചോദിക്കാന്‍' മനോഭാവമൊ ഉള്ളവരും എല്ലാം മെക്കിട്ടു കയറ്റം സ്പെഷ്യലിസ്റ്റുകളാണ്. ഇവര്‍ ഇവര്‍ക്കും ഏവര്‍ക്കും നാട്ടുകാര്‍ക്കും വീട്ടുകാര്‍ക്കും പ്രശ്നക്കാരായ വ്യക്തിത്വ വൈകല്യമുള്ളവരായി വളര്‍ന്നു വരുമ്പോള്‍ അത്തരക്കാരുടെ സമൂഹത്തില്‍ അസ്വസ്ഥത പടരും.

പഠിക്കേണ്ടതും പഠിപ്പിക്കേണ്ടതും മാന്യത
എന്‍റെ മാത്രം തറവാട്ട് സ്വത്തല്ല ഭൂമി… എനിക്കിഷ്ടമില്ലാത്ത ഒരുപാട് കാര്യങ്ങള്‍ ചുറ്റും കണ്ടേക്കാം. അതേപോലെ എന്നില്‍ മറ്റുള്ളവര്‍ക്ക് ഉള്‍ക്കൊള്ളാന്‍ കഴിയാത്ത എത്രയോ കാര്യങ്ങള്‍ ഉണ്ടാകും. അതുകൊണ്ടുതന്നെ കാര്യങ്ങള്‍ മനസ്സിലാക്കി മാത്രം പ്രതികരിക്കാന്‍ പഠിക്കണം നമ്മള്‍. ഇംഗ്ലീഷും ഹിന്ദിയും തമിഴും കന്നഡയും ഒക്കെ കൂളായി പറയാന്‍ അറിയുന്നവര്‍ക്കും മാന്യമായി യോജിക്കാനും മാന്യമായി വിയോജിക്കാനുമുള്ള ഭാഷ അറിയില്ല. മറ്റൊരാളെ മെക്കിട്ടു കയറാനുള്ള ആവേശവും അസഭ്യവര്‍ഷം നടത്താനുള്ള പ്രവണതയും നമ്മിലുണ്ടോ എന്ന് നാം തന്നെ മനസ്സിലാക്കണം. അറിഞ്ഞോ അറിയാതെയോ നമ്മള്‍ നമുക്ക് ചുറ്റുമു ള്ളവരെയോ നമ്മുടെ വീട്ടിലുള്ളവരെയോ അനുകരിക്കുന്നതാകും പലതും. നമ്മുടെ സ്വഭാവത്തില്‍ നമുക്കു തന്നെ ഇഷ്ടമില്ലാത്ത കാര്യങ്ങളും കാണും. മനഃശാസ്ത്ര വിദഗ്ദ്ധരുടെ സഹായത്തോടെ ആഴത്തിലുള്ള വേരുകള്‍ കണ്ടെത്താനാകും, തിരുത്താനാകും. ആത്മനിയന്ത്രണമില്ലാത്ത ഭീരുവാകണോ വ്യക്തിത്വ ശോഭയുള്ള ധീരനാകണോ എന്ന് നമ്മള്‍ എടുക്കുന്ന തീരുമാനം നമ്മുടെ ജീവിതത്തെ കീഴ്മേല്‍ മറിക്കും. അപരന്‍ ഞാന്‍ തന്നെയാണ് എന്ന് തിരിച്ചറിയാന്‍ പറ്റുന്നവര്‍ വസിക്കുന്ന ദൈവത്തിന്‍റെ സ്വന്തം നാടുതന്നെ ആകട്ടെ നമ്മുടെ കൊച്ചു കേരളം.

മെക്കിട്ടു കയറലിനു മൂക്ക് കയറിടാം
1. വേണം സഹോദര ബോധം
'എന്‍റെ സഹോദരന്‍റെ/ സഹോദരിയുടെ കാവല്‍ക്കാരന്‍ തന്നെയാണ് ഞാന്‍' എന്ന സുബോധം എന്നിലുണ്ടെങ്കില്‍ എനിക്ക് ആരെയും ദ്രോഹിക്കാനാവില്ല. വേണം ഈ 'സഹോ' ഫീല്‍ നമുക്കും.

2. കൂട്ടുകാര്‍ പാരയാകാം, ജാഗ്രത നല്ലത്
നമ്മുടെ അടുത്ത ചങ്ങാതി നമ്മളോട് ok ആയിരിക്കാം. പക്ഷേ അയാളുടെ കയ്യിലിരുപ്പുകള്‍ നിങ്ങളെ കുഴപ്പത്തില്‍ ചാടിച്ചേക്കാം. എന്തിനും ചാടിപ്പുറപ്പെടും മുന്‍പ് ചിന്തിച്ചാല്‍ നല്ലത്.

3. കലിപ്പു തീര്‍ക്കല്‍ ലൈഫ് തീര്‍ക്കാം
കലിപ്പു തീര്‍ക്കാന്‍ പോയ ചിലര്‍ തിരിച്ചുവന്നിട്ടില്ല. കത്തിയിലും കൊടു വാളിലും തീര്‍ന്നു പലരും. ആലോചിക്കാതെ ഇറങ്ങിപ്പുറപ്പെടുന്ന സ്വഭാവം ഒന്നു മാറ്റിപ്പിടിച്ചാല്‍ ഏറെക്കാലം ജീവിക്കാം.

4. ശാന്തമാകാന്‍ പഠിക്കാം
ദേഷ്യപ്പെടാനും മറ്റൊരാളുടെ തലയില്‍ 'കുതിരകയറാനും' ഒരു പരിശീലനത്തിന്‍റെ ആവശ്യവും ആര്‍ക്കുമില്ല. പഠിക്കേണ്ടത് ശാന്തമാകാനാണ്. മെഡിറ്റേഷനും യോഗയും സംഗീതവും വായനയുമെല്ലാം അതിനു സഹായിക്കും.

5. ചോരക്കു നിറം ചുവപ്പ്
എല്ലാ ചോരക്കും ഒരു കളറാണ്. പച്ചച്ചോരയും നീലച്ചോരയുമില്ല. മുറിവിന്‍റെ വേദനയും മനസിന്‍റെ വേദനയും അങ്ങനെ തന്നെ. അത് തിരിച്ചറിയാന്‍ ഒരുപാട് പഠിക്കേണ്ടതൊന്നുമില്ല. നമ്മെത്തന്നേയും അപരനേയും സ്നേഹിച്ചാല്‍ മാത്രം മതി. കോഴ്സ് കൂടാതെ കിട്ടുന്ന ഡിഗ്രി ആണ് സ്നേഹം. പുഞ്ചിരി ആണതിന്‍റെ സര്‍ട്ടിഫിക്കറ്റ്.

വാല്‍ക്കഷ്ണം
പ്രളയദിന പ്രവര്‍ത്തനങ്ങളിലൂടെ യുവത്വം തങ്ങളുടെ യഥാര്‍ത്ഥ കരുത്തും നന്മയും കാണിച്ചു. പ്രളയമില്ലാത്തപ്പോഴും അതേ പക്വത പുലര്‍ത്താനായാല്‍ മലയാളി യൗവനങ്ങളെക്കുറിച്ചു അഭിമാനിക്കാനേ നാടിനു നേരമുണ്ടാകൂ.
Mob: 9744075722
vipinroldant@gmail.com

Related Stories

No stories found.
Sathyadeepam Weekly
www.sathyadeepam.org