ലിസണ്‍, ലിസ്ബണ്‍ വിളിക്കുന്നു!

സ്റ്റാഫ് ലേഖകന്‍
ലിസണ്‍, ലിസ്ബണ്‍ വിളിക്കുന്നു!
ആതിഥ്യരാജ്യത്തു നിന്നുള്ള വന്‍പങ്കാളിത്തം കൂടി പ്രതീക്ഷി ക്കുന്നതിനാല്‍ ഈ വര്‍ഷത്തെ യുവജന ദിനാഘോഷം വലിയ വിജയമായി മാറുമെന്ന പ്രതീക്ഷയിലാണ് സംഘാടകര്‍.

കത്തോലിക്കാസഭയുടെ ആഗോള യുവജന ദിനാ ഘോഷത്തിനുള്ള ഒരുക്കങ്ങള്‍ പോര്‍ട്ടുഗലിലെ ലിസ്ബണില്‍ അതിവേഗം പുരോഗമിക്കുകയാണ്. 2022 ആഗസ്റ്റിലാണ് ഈ ആഘോഷം ആദ്യം തീരുമാനിച്ചിരുന്നതെങ്കിലും കോവിഡ് മൂലം നീട്ടിവയ്ക്കുകയായിരുന്നു. റദ്ദാക്കി വച്ചിരുന്ന സംഘാടന പ്രവര്‍ത്തനങ്ങള്‍ ഇപ്പോള്‍ പൂര്‍ണ്ണതോതിലായി.

ഇതിനു മുമ്പത്തെ ആഗോള യുവജനദിനാഘോഷം 2019 ജനുവരിയില്‍ പനാമ സിറ്റിയിലായിരുന്നു. ഏഴു ലക്ഷത്തോളം യുവജനങ്ങളാണ് പനാമയില്‍ ആഘോഷങ്ങളില്‍ പങ്കെടുക്കാന്‍ ലോകമെമ്പാടും നിന്നെത്തിയത്. അവിടത്തെ സമാപന ചടങ്ങുകളില്‍ വച്ചു തന്നെ അടുത്ത സമ്മേളനം 2022 ആഗസ്റ്റില്‍ ലിസ്ബണിലായിരിക്കുമെന്നു മാര്‍പാപ്പ പ്രഖ്യാപിച്ചിരുന്നു.

പിന്നീട്, കഴിഞ്ഞ വര്‍ഷം ഏപ്രിലില്‍ ആണ് യുവജനദിനാഘോഷം ഒരു വര്‍ഷം വൈകിപ്പിക്കുന്ന കാര്യം ഫ്രാന്‍സിസ് മാര്‍പാപ്പ അറിയിച്ചത്. ലിസ്ബണിലെ പ്രാദേശിക സംഘാടക സമിതി ഈ തീരുമാനത്തെ സ്വാഗതം ചെയ്തു. ലോകമെമ്പാടും നിന്നുള്ള യുവജനസംഘങ്ങള്‍ക്ക് ലിസ്ബണിലേക്കുള്ള യാത്ര സുഗമവും സുരക്ഷിതവുമാക്കാന്‍ അതായിരിക്കും നല്ലത് എന്ന നിഗമനത്തോട് എല്ലാവരും യോജിച്ചു.

2019 ജൂണിലാണു മാര്‍പാപ്പ ലിസ്ബണിലെ യുവജനദിനാഘോഷത്തിന്റെ പ്രമേയം പ്രഖ്യാപിച്ചത്. ''മറിയം എഴുന്നേറ്റു, തിടുക്കത്തില്‍ പുറപ്പെട്ടു'' എന്നതായിരുന്നു പ്രമേയം. എലിസബെത്ത് ഗര്‍ഭവതിയാണെന്നറിഞ്ഞു ശുശ്രൂഷ നല്‍കാനായി പരി. മാതാവ് പോകുന്നതിനെ കുറിച്ചുള്ള സുവിശേഷഭാഗത്തില്‍ നിന്നെടുത്തിരിക്കുന്ന വാക്യം. യുവജനങ്ങള്‍ക്കുള്ളതും ഉണ്ടാകേണ്ടതുമായ തീക്ഷ്ണതയെയും സേവനസന്നദ്ധതയെയും പ്രകാശിപ്പിക്കുന്ന വാക്യമാണത്. ഇതു പ്രഖ്യാപിച്ചതിനെ തുടര്‍ന്നു കഴിഞ്ഞ മൂന്നു വര്‍ഷങ്ങളായി ഈ പ്രമേയത്തെ കുറിച്ചുള്ള വിവിധ ചര്‍ച്ചകള്‍ സഭയുടെ വിവിധ തലങ്ങളിലായി നടന്നു വരികയാണ്.

യുവജനദിനാഘോഷത്തിന്റെ ഇതിനകം ലോകപ്രസിദ്ധങ്ങളായി കഴിഞ്ഞിരിക്കുന്ന രണ്ടു പ്രതീകങ്ങളാണ് യുവജനദിന കുരിശും പരി. മാതാവിന്റെ അത്ഭുതചിത്രവും. ഇതു രണ്ടും ഓശാന ഞായറാഴ്ച നിലവിലുള്ള ആതിഥേയര്‍ പുതിയ ആതിഥേയര്‍ക്കു കൈമാറുകയും ആതിഥ്യരാജ്യത്തെ രൂപതകളിലൂടെ പ്രയാണം നടത്തുകയും ചെയ്യുന്ന പതിവുണ്ട്. കോവിഡ് മൂലം ഇതും വൈകിച്ചിരുന്നു. കഴിഞ്ഞ നവംബറില്‍ കുരിശിന്റെ പ്രയാണം പോര്‍ട്ടുഗലിലെ രൂപതകളിലൂടെ ആരംഭിച്ചു. 21 രൂപതകളാണ് പോര്‍ട്ടുഗലിലുള്ളത്.

തീര്‍ത്ഥാടക കുരിശ്

1983-ലെ ഓശാന ഞായറാഴ്ച വി. ജോണ്‍ പോള്‍ രണ്ടാമന്‍ മാര്‍പാപ്പ യുവജനങ്ങളെ ഏല്‍പിച്ചതാണ് 3.8 മീറ്റര്‍ ഉയരമുള്ള ഈ കുരിശ്. ആ വര്‍ഷം സഭ ജൂബിലി വര്‍ഷമായി ആചരിച്ചതുമായി ബന്ധപ്പെട്ടാണ് കുരിശു നിര്‍മ്മിച്ചത്. അന്നു മുതല്‍ വിവിധ ലോകരാജ്യങ്ങളിലൂടെയുള്ള കുരിശിന്റെ പ്രയാണം ആരംഭിച്ചു. അഞ്ചു വന്‍കരകളിലെ 90 രാജ്യങ്ങളിലൂടെ യുവജനങ്ങള്‍ ഇതിനകം ഈ കുരിശുമായി പ്രയാണം നടത്തിയിട്ടുണ്ട്. കാല്‍നടയായും വഞ്ചിയിലും മഞ്ഞിലൂടെ തെന്നി നീങ്ങുന്ന സ്ലെഡ്ജുകളിലും ക്രെയിനുകളിലും ട്രാക്ടറുകളിലുമെല്ലാം കുരിശു സംവഹിക്കപ്പെട്ടു. കാട്ടിലൂടെയും മരുഭൂമികളിലൂടെയും സമുദ്രങ്ങളിലൂടെയും യാത്ര ചെയ്തു. പള്ളികളിലും കോളേജുകളിലും മാത്രമല്ല, ആശുപത്രികളിലും വിപണികളിലും തടവറകളിലും എത്തിച്ചേര്‍ന്നു.

നിരീശ്വര സ്വേച്ഛാധിപത്യത്തിന്റെ ഇരുമ്പുമറ തകര്‍ന്നതിനു പിന്നാലെ പൂര്‍വയൂറോപ്യന്‍ രാജ്യങ്ങളിലൂടെ വിശ്വാസത്തിന്റെ കൊടിക്കൂറയായി ഈ കുരിശുമായി യുവജനങ്ങള്‍ യാത്ര ചെയ്തു. തീവ്രവാദം ഇരട്ടഗോപുരങ്ങള്‍ തകര്‍ത്ത ശേഷം ന്യൂയോര്‍ക്കിലെ ഗ്രൗണ്ട് സീറോയില്‍ സമാശ്വാസവുമായി ഈ കുരിശെത്തി. ആഭ്യന്തരയുദ്ധം ആയിരങ്ങളെ കൊലപ്പെടുത്തിയ റുവാണ്ടയില്‍ സമാധാനം പ്രഘോഷിച്ചുകൊണ്ട് ഈ കുരിശ് സാന്നിദ്ധ്യമറിയിച്ചു.

പരി. മാതാവിന്റെ ചിത്രം

2003 മുതല്‍ കുരിശിനൊപ്പം ആഗോള യുവജനദിനാഘോഷത്തിന്റെ പ്രതീകമായി ഈ തീര്‍ത്ഥാടനത്തിലുള്‍പ്പെടുത്തപ്പെട്ടിട്ടുള്ളതാണ് പരി. മാതാവിന്റെ ചിത്രം. റോമന്‍ ജനതയുടെ രക്ഷാമാതാവ് എന്ന് അര്‍ത്ഥം കല്‍പിക്കാവുന്ന (ഔര്‍ ലേഡി ഓഫ് സാലസ് പോപുലി റോമാനി) എന്ന ഈ മാതാവിന്റെ ചിത്രം യുവജനങ്ങള്‍ക്കു സമ്മാനിച്ചതും ജോണ്‍ പോള്‍ രണ്ടാമന്‍ തന്നെ. ഉണ്ണീശോയെ കൈകളിലെടുത്തു നില്‍ക്കുന്ന പരി. മാതാവിന്റെ ഈ ചിത്രത്തിന് 1.2 മീറ്റര്‍ ഉയരവും 80 സെ.മീ വീതിയുമാണുള്ളത്.

പകര്‍ച്ചവ്യാധികളും ദുരിതങ്ങളും ഒഴിവാക്കുന്നതിന് മാതാവിന്റെ ഈ ചിത്രം തെരുവീഥികളിലുടെ പ്രദക്ഷിണമായി കൊണ്ടുനടക്കുന്ന ആചാരം ഇറ്റലിയിലുണ്ടായിരുന്നു. അതിന്റെ പശ്ചാത്തലത്തിലാണ് ജോണ്‍ പോള്‍ രണ്ടാമന്‍ പാപ്പ ഇതു യുവജനദിനാഘോഷത്തിന്റെയും ഭാഗമാക്കിയത്.

1985 മുതല്‍

1985-ലാണ് ജോണ്‍ പോള്‍ രണ്ടാമന്‍ മാര്‍പാപ്പ ആഗോള യുവജനദിനാഘോഷങ്ങള്‍ക്കു തുടക്കം കുറിച്ചത്. 3 വര്‍ഷം കൂടുമ്പോഴാണ് ഈ ആഗോളസംഗമങ്ങള്‍ സംഘടിപ്പിക്കുകയെന്നും അന്നു തീരുമാനിച്ചു.

ലോകത്തില്‍ ഏറ്റവുമധികം വിശ്വാസികളെത്തുന്ന കത്തോലിക്കാ തീര്‍ത്ഥകേന്ദ്രങ്ങളിലൊന്നായ ഫാത്തിമായില്‍ നിന്ന് 75 മൈലുകള്‍ മാത്രമകലെയാണ് ഈ വര്‍ഷം യുവജനദിനാഘോഷം നടക്കുന്ന പോര്‍ട്ടുഗലിന്റെ തലസ്ഥാനമായ ലിസ്ബണ്‍. 5.5 ലക്ഷം ജനങ്ങളില്‍ ഭൂരിപക്ഷവും കത്തോലിക്കര്‍. ഇതര യൂറോപ്യന്‍ രാജ്യങ്ങളുമായി താരതമ്യപ്പെടുത്തുമ്പോള്‍ ഞായറാഴ്ചകുര്‍ബാനയിലെ പങ്കാളിത്തം ഇവിടെ സജീവമാണ്.

ആതിഥ്യരാജ്യത്തു നിന്നുള്ള വന്‍പങ്കാളിത്തം കൂടി പ്രതീക്ഷിക്കുന്നതിനാല്‍ ഈ വര്‍ഷത്തെ യുവജന ദിനാഘോഷം വലിയ വിജയമായി മാറുമെന്ന പ്രതീക്ഷയിലാണ് സംഘാടകര്‍.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org