പദവി: സൈന്യത്തിലെ ലെഫ്റ്റനന്റ്, ജോലി: പ്രേഷിതപ്രവര്‍ത്തനം

പദവി: സൈന്യത്തിലെ ലെഫ്റ്റനന്റ്, ജോലി: പ്രേഷിതപ്രവര്‍ത്തനം
ഫാ. സാജോ പുതുശേരി
ഫാ. സാജോ പുതുശേരി

കാനഡായുടെ നാവികസൈന്യത്തില്‍ ലെഫ്റ്റനന്റ് ആയി സേവനം ചെയ്യുകയാണു കഴിഞ്ഞ നാലു വര്‍ഷമായി ഫാ. സാജോ പുതുശേരി. ഒരു കമാന്‍ഡിംഗ് ഓഫീസറുടെ കീഴിലുള്ള സൈനിക ഘടകത്തില്‍ കമാന്‍ഡിംഗ് ഓഫീസറോടു നേരിട്ടു സംസാരിക്കാന്‍ കഴിയുന്ന റാങ്കാണ് ലെഫ്റ്റനന്റ്. കേരളത്തില്‍ നിന്നു സഭാസേവനത്തിനായി കാനഡായിലെത്തിയ കത്തോലിക്കാ വൈദികനു കാനഡായുടെ സൈന്യത്തില്‍ എന്താണു കാര്യം എന്നു ചോദിച്ചാല്‍, അവിടെയും താന്‍ നടത്തുന്നത് പ്രേഷിതപ്രവര്‍ത്തനം തന്നെയാണെന്നു അദ്ദേഹം മറുപടി പറയുന്നു. 300 ഓളം നാവികരുളള യൂണിറ്റിന്റെ ചാപ്ലിന്‍ ആണു ഫാ. സാജോ. പാദ്രേ എന്നു നാവികര്‍ ആദരപൂര്‍വം വിളിക്കുന്ന ഈ പദവിയിലുള്ളവര്‍ക്കു സൈനികരുടെ ആത്മീയവും മാനസീകവുമായ സുസ്ഥിതി ഉറപ്പാക്കുകയാണു ദൗത്യം.

കാലടി സംസ്‌കൃത സര്‍വകലാശാലയില്‍ നിന്നു തത്വചിന്തയില്‍ മാസ്റ്റര്‍ ബിരുദം നേടിയ ഫാ. സാജോ എറണാകുളം-അങ്കമാലി അതിരൂപതയില്‍ വിവിധ ഇടവകകളില്‍ വികാരിയായും കാര്‍ഡിനല്‍ വര്‍ക്കി വിതയത്തിലിന്റെ സെക്രട്ടറിയായും സേവനം ചെയ്തിട്ടുണ്ട്. അതിനു ശേഷമാണ് കാനഡായിലേയ്ക്കു പോയത്.

കാനഡായിലെ കാല്‍ഗരിയില്‍ സീറോ മലബാര്‍ വിശ്വാസികളുടെ അജപാലനമാണ് ഏറ്റെടുത്ത ദൗത്യം. കാനഡായിലെ സീറോ മലബാര്‍ സഭാസംവിധാനങ്ങള്‍ വ്യവസ്ഥാപിതമായി വരുന്നതേ ഉണ്ടായിരുന്നുള്ളൂ. ആ പ്രവര്‍ത്തനങ്ങളിലെല്ലാം കാര്യമായ സംഭാവനകള്‍ ചെയ്യാന്‍ ഫാ. സാജോയ്ക്കു സാധിച്ചു. കാല്‍ഗരിയില്‍ ഒരു വലിയ പള്ളി സീറോ മലബാര്‍ സഭയ്ക്കായി നിര്‍മ്മിക്കാന്‍ കഴിഞ്ഞതാണ് വലിയൊരു നേട്ടം. കാല്‍ഗരിയിലെ അല്മായ വിശ്വാസികളുടെ സഹകരണത്തോ ടെ നിര്‍മ്മിച്ച ഇടവകദേവാലയം പാശ്ചാത്യരാജ്യങ്ങളില്‍ സീറോ മലബാര്‍ സഭയ്ക്കു സ്വന്തമായുള്ള ഏറ്റവും വലിയ ദേവാലയങ്ങളില്‍ ഒന്നാണ്.

സീറോ മലബാര്‍ സഭയുടെ അജപാലനകാര്യങ്ങള്‍ക്കൊപ്പം മൗണ്ട് റോയല്‍ യൂണിവേഴ്‌സിറ്റിയിലും സയിറ്റ് ക്യാംപസി ലും കലാലയ വിദ്യാര്‍ത്ഥികള്‍ക്കായി വേണ്ട ആദ്ധ്യാത്മിക സേവനങ്ങളും നിര്‍വഹിച്ചു പോന്നിരുന്നു. ക്യാംപസ് മിനിസ്ട്രിയുടെ ഭാഗമായി അനേകം യുവാക്കളെ സഹായിക്കാന്‍ കഴിഞ്ഞതായി ഫാ. സാജോ ഓര്‍ക്കുന്നു. കേരളത്തില്‍ നിന്നും ലോകത്തിന്റെ മറ്റു ഭാഗങ്ങളില്‍ നിന്നും പഠനത്തിനായി ധാരാളം ചെറുപ്പക്കാര്‍ കാനഡായിലേയ്ക്കു കുടിയേറുന്നുണ്ട്. ഇങ്ങനെ എത്തിപ്പെടുന്നവര്‍ ഒരു സാംസ്‌കാരികാഘാതം (കള്‍ച്ചറല്‍ ഷോക്ക്) നേരിടുക വളരെ സ്വാഭാവികമാണ്. പരിചയമില്ലാത്ത ജീവിതരീതികള്‍, സംസ്‌കാരം, വീട്ടുകാരുടെയും ബന്ധുക്കളുടെയും അഭാവം തുടങ്ങിയവയെല്ലാം അവരെ അസ്വസ്ഥരാക്കും. അപ്രതീക്ഷിതമായി കിട്ടുന്ന സ്വാതന്ത്ര്യവും കൂട്ടുകെട്ടുകളും അപകടങ്ങളിലേയ്ക്കു നയിക്കുകയും ചെയ്‌തേക്കാം. ഇത്തരം ഘട്ടങ്ങളില്‍ ക്യാംപസുകളിലെ വൈദികരുടെ സേവനം അനേകര്‍ ക്കു പ്രയോജനം ചെയ്തിട്ടുണ്ട്. കേരളത്തില്‍ നിന്നു കുടിയേറിയ അനേകം മലയാളി യുവജനങ്ങള്‍ക്കു മാര്‍ഗദര്‍ശനം നല്‍കാന്‍ കഴിഞ്ഞതിന്റെ ചാരിതാര്‍ ത്ഥ്യം തനിക്കുണ്ടെന്നു ഫാ. സാജോ വിശദീകരിച്ചു.

ഈയിടെയായി പ്ലസ് ടു കഴിഞ്ഞ കുട്ടികളുടെ ഒരു ഒഴുക്കു തന്നെ കാനഡായിലേയ്ക്കുണ്ടായി. അനേകം മലയാളി കുടുംബങ്ങളില്‍ നിന്ന് ധാരാളം കുട്ടികള്‍ ബിരുദതലത്തിലുള്ള പഠനത്തിനായി കാനഡായിലേയ്ക്കു കുടിയേറി. ഇത്തരം കുടിയേറ്റത്തെ നിരുത്സാഹപ്പെടുത്തേണ്ടതാണെന്ന അഭിപ്രായം തനിക്കു തീരെയില്ലെന്നു ഫാ. സാജോ വ്യക്തമാക്കി. കാനഡായില്‍ പുതിയ തലമുറയ്ക്കു ധാരാളം അവസരങ്ങളുണ്ട്. പഠിക്കാനും തുടര്‍ന്നു ജോലി ചെയ്യാ നും അവിടെ നല്ല രീതിയില്‍ ജീവിതം പടുത്തുയര്‍ ത്താനും സാധിക്കും. അതുകൊണ്ടു തന്നെ സാധിക്കു ന്ന കുട്ടികള്‍ കാനഡായിലേയ്ക്കു കുടിയേറാന്‍ ആഗ്രഹിക്കുന്നതിലും അതിനു ശ്രമിക്കുന്നതിലും തെറ്റില്ല.

ഇപ്പോള്‍ സീറോ മലബാര്‍ സഭയുടെ അജപാലനസംവിധാനങ്ങള്‍ അവിടെ സജ്ജമാകുന്നതും മലയാളി വൈദികര്‍ സേവനത്തിനു തയ്യാറായി എത്തുന്നതും ഈ കുട്ടികള്‍ക്കു വളരെ നല്ലതാണ്. സാദ്ധ്യമായ സേവനങ്ങളെല്ലാം വിദ്യാര്‍ ത്ഥികളായെത്തുന്ന മലയാളി യുവാക്കള്‍ക്കു ലഭ്യമാക്കുന്നുണ്ടെന്നു ഫാ. സാജോ വ്യക്തമാക്കി. സൈന്യത്തിലെ ചാപ്ലിന്‍ എന്ന ജോലിയിലായിരുന്നുകൊണ്ടും സാധിക്കുന്ന വിധത്തിലെല്ലാം ഇതു ചെയ്യുന്നുണ്ട്.

ഈയിടെയായി പ്ലസ് ടു കഴിഞ്ഞ കുട്ടികളുടെ ഒരു ഒഴുക്കു തന്നെ കാനഡായിലേയ്ക്കുണ്ടായി. അനേകം മലയാളി കുടുംബങ്ങളില്‍ നിന്ന് ധാരാളം കുട്ടികള്‍ ബിരുദതലത്തിലു ള്ള പഠനത്തിനായി കാനഡായിലേയ്ക്കു കുടിയേറി. ഇത്തരം കുടിയേറ്റത്തെ നിരുത്സാഹ പ്പെടുത്തേണ്ടതാണെന്ന അഭിപ്രായം തനിക്കു തീരെയില്ലെന്നു ഫാ. സാജോ വ്യക്തമാക്കി. കാനഡായില്‍ പുതിയ തലമുറയ്ക്കു ധാരാളം അവസരങ്ങളുണ്ട്. പഠിക്കാനും തുടര്‍ന്നു ജോലി ചെയ്യാനും അവിടെ നല്ല രീതിയില്‍ ജീവിതം പടുത്തുയര്‍ത്താനും സാധിക്കും.

സൈന്യത്തിലെ ജോലി വാസ്തവത്തില്‍ പ്രേഷിതപ്രവര്‍ത്തനത്തിനുള്ള വലിയ അവസരം തന്നെയാണു തരുന്നതെന്നു ഫാ. സാജോ പറഞ്ഞു. എല്ലാ മതസ്ഥരും ഫാ. സാജോയുടെ യൂണിറ്റില്‍ നാവികരായുണ്ട്. വിവിധ സഭാംഗങ്ങളായ ക്രൈസ്തവരും മുസ്ലീങ്ങളും യഹൂദരുമെല്ലാം. ചാപ്ലിന്‍ ഒരാള്‍ മാത്രം. അതുകൊണ്ടു തന്നെ കര്‍ശനമായ മാനദണ്ഡങ്ങള്‍ പാലിച്ചുകൊണ്ടായിരുന്നു ഈ പദവിയിലേക്കുള്ള തിരഞ്ഞെടുപ്പ്.

ബിരുദാനന്തരബിരുദം വേണമെന്നത് നിര്‍ബന്ധമായിരുന്നു. പൊതുസമൂഹത്തിലെ പ്രവര്‍ത്തനപരിചയം ആവശ്യമാണ്. കാനഡായില്‍ ചെന്ന കാലം മുതല്‍ രണ്ടു കലാലയങ്ങളില്‍ വിദ്യാര്‍ത്ഥികളുടെ ചാപ്ലിന്‍ ആയി പ്രവര്‍ത്തിച്ചത് സൈനികമേധാവികള്‍ പ്രത്യേകം പരിഗണിച്ചു. കൂടാതെ കായികക്ഷമതയും സൈനികര്‍ക്കെന്ന പോലെ ആവശ്യമായിരുന്നു. ഇത്തരം യോഗ്യതാ പരീക്ഷകള്‍ക്കെല്ലാം ശേഷം നാവികസേനയില്‍ ലെഫ്റ്റനന്റ്ആയി നിയമനം കിട്ടുകയും കഠിനമായ പരിശീലനഘട്ടത്തിലൂടെ കടന്നു പോകുകയും ചെയ്തു.

അതെല്ലാം വ്യത്യസ്തമായ ഒരു പ്രേഷിതപ്രവര്‍ത്തനത്തിനു തനിക്കു സാഹചര്യമൊരുക്കിയെന്നു ഫാ. സാജോ പറഞ്ഞു. വീട്ടില്‍ നിന്നു വേര്‍പെട്ട് സൈന്യത്തിനായി സേവനം ചെയ്യുന്ന ചെറുപ്പക്കാര്‍ക്കു പലതരം മാനസീകസംഘര്‍ഷങ്ങള്‍ ഉണ്ടാകും. ഒരു ആശ്വാസത്തിനായി ആദ്യം അവര്‍ ഓടിയെത്തുന്നവരിലൊരാളായിരിക്കും എപ്പോഴും പാദ്രേ എന്ന ചാപ്ലിന്‍. അവരെ കേള്‍ക്കുക, ആവശ്യമായ ഉപദേശനിര്‍ദേശങ്ങള്‍ നല്‍കുക എന്നിവയാണ് പ്രാഥമികമായും ചാപ്ലിന്റെ ജോലി. കടുത്ത വിഷാദത്തെ തുടര്‍ന്നു ആത്മഹത്യയെ കുറിച്ചു ചിന്തിക്കുകയായിരുന്നയാളെ അതില്‍ നിന്നു പിന്തിരിപ്പിക്കാന്‍ സാധിച്ചതുപോലുള്ള അനുഭവങ്ങള്‍ ഇതുവരെയുള്ള സൈനികസേവനം സമ്മാനിച്ചിട്ടുണ്ട്. വിവിധ മതസ്ഥരായ ആളുകളുടെ കൂടെ ഒരു കത്തോലിക്കാ വൈദികനായി നിന്നുകൊണ്ട് ആത്മീയമായ സേവനം ചെയ്യാന്‍ കഴിയുന്നതും ചാരിതാര്‍ത്ഥ്യജനകമാണ്.

വിവിധ രാജ്യങ്ങളിലെ സൈനിക ചാപ്ലിന്മാര്‍ക്കു വേണ്ടി വത്തിക്കാന്‍ പ്രത്യേക ഓര്‍ഡിനറിയേറ്റ് സ്ഥാപിച്ചിട്ടുണ്ട്. ഓര്‍ഡിനറിയേറ്റിനു അദ്ധ്യക്ഷനായി മെത്രാനുമുണ്ട്. ചാപ്ലിന്മാര്‍ ഈ ഓര്‍ഡിനറിയേറ്റിനു കീഴിലാണ് വരിക. അവര്‍ക്കായി പ്രത്യേക പരിശീലന പരിപാടികളും മറ്റും വത്തിക്കാന്‍ നടത്താറുമുണ്ട്. ഓര്‍ഡിനറിയേറ്റിന്റെ പരിശീലന പരിപാടികളില്‍ സംബന്ധിക്കുകയൊക്കെ ചെയ്യുന്നുണ്ടെങ്കിലും ഫാ. സാജോ ഔദ്യോഗികമായി ഓര്‍ഡിനറിയേറ്റിന്റെ വൈദികനല്ല, എറണാകുളം-അങ്കമാലി അതിരൂപതാ വൈദികനായി തന്നെയാണു തുടരുന്നത്. ഇപ്പോള്‍ സേവനം ചെയ്യുന്ന കനേഡിയന്‍ നാവികവിഭാഗം റിസര്‍വ് സേന ആയതിനാല്‍ അതു സാദ്ധ്യമാണ്.

സഭ ദൈവവിളികളുടെ കുറവ് നേരിടുന്ന ഒരു രാജ്യത്ത് വ്യത്യസ്തമായ ഒരു മേഖലയില്‍ അജപാലനവും ആത്മീയസേവനവും നിര്‍വഹിക്കാന്‍ കഴിയുന്നതില്‍ സംതൃപ്തിയും സന്തോഷവും അനുഭവിക്കുകയാണ് മൂക്കന്നൂര്‍ സ്വദേശിയായ ഫാ. സാജോ പുതുശേരി.

– സ്റ്റാഫ് റിപ്പോര്‍ട്ടര്‍

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org