പകര്‍ച്ചവ്യാധി അസ്തമിക്കുമ്പോള്‍ പ്രതിഭകള്‍ ഉദിക്കട്ടെ

പകര്‍ച്ചവ്യാധി അസ്തമിക്കുമ്പോള്‍ പ്രതിഭകള്‍ ഉദിക്കട്ടെ

വിനോദ് കെ ജോസ്
എഡിറ്റര്‍, കാരവന്‍ മാസിക

വിനോദ് കെ ജോസ്
വിനോദ് കെ ജോസ്

ധാരാളം ആളുകള്‍ വീട്ടിലിരുന്നു ജോലി ചെയ്യുമെന്നോ വിദ്യാഭ്യാസം ഏറെയും ഓണ്‍ലൈനിലാകുമെന്നോ ആരെങ്കിലും പറഞ്ഞാല്‍, രണ്ടു മൂന്നു വര്‍ഷം മുമ്പു വരെ വിശ്വസിക്കാന്‍ ബുദ്ധിമുട്ടായിരുന്നു. പക്ഷേ ഇന്ന് ഇതൊരു പുതിയ സമാന്യത (ന്യൂ നോര്‍മല്‍) ആയി മാറിയിരിക്കുന്നു.

എല്ലാവരും ഈ സാങ്കേതിക വിദ്യയുടെ ഉപയോഗത്തോടു വളരെ പെട്ടെന്നു തന്നെ അനുരൂപണപ്പെട്ടുകൊണ്ടിരിക്കുന്നു. ഈ അനുരൂപണപ്പെടല്‍ വളരെ സന്തോഷകരമായ ഒരനുഭവം ആയിരിക്കണമെന്നില്ല. പക്ഷേ, ഒരു അന്താരാഷ്ട്ര വാഴ്‌സിറ്റിയിലെ സാധാരണ പ്രഭാഷണത്തില്‍ പങ്കെടുക്കാറുള്ളത് 70-80 ആളുകളായിരുന്നുവെങ്കില്‍ ഇപ്പോഴത് ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള എണ്ണൂറും തൊള്ളായിരവും ആളുകളായി വര്‍ദ്ധിച്ചിട്ടുണ്ടെന്ന്, കഴിഞ്ഞ ദിവസം ഒരു യൂണിവേഴ്‌സിറ്റിയിലെ പ്രോഗ്രാമില്‍ പങ്കെടുക്കുമ്പോള്‍ അവിടത്തെ ഒരു പ്രസംഗകന്‍ പറഞ്ഞത് ഓര്‍ക്കുകയാണ്. ഇക്കാലത്ത്, ഓണ്‍ലൈനിലുള്ള വല്ല ക്ലാസുകളിലും പങ്കെടുക്കാനാകാതെ പോയിട്ടുണ്ടെങ്കില്‍, അതില്‍ വീണ്ടും സംബന്ധിക്കുന്നതിനുള്ള സാദ്ധ്യതയുമുണ്ട്.

പ്രായോഗികമായി നോക്കിയാല്‍ ഈ വര്‍ഷവും കഴിഞ്ഞ വര്‍ഷത്തെ പോലെ തന്നെ കടന്നുപോകാനുള്ള സാദ്ധ്യതയാണുള്ളത്. ഈ സാഹചര്യത്തിന്റെ പോസിറ്റീവായ കാര്യങ്ങള്‍ നമുക്കു നോക്കാം.

എന്തുകൊണ്ടാണ് വളര്‍ന്നു വരുന്ന ഈ പ്രായത്തില്‍ ഇത്രയും വലിയൊരു മാഹാമാരിയിലൂടെ ഞങ്ങള്‍ക്കു കടന്നു പോകേണ്ടി വരുന്നത് എന്നു പുതിയ തലമുറ ചിന്തിച്ചേക്കാം. ഒരു സമൂഹജീവിതമോ, സാംസ്‌കാരിക ജീവിതമോ ഇല്ലാത്ത സ്ഥിതി.

പക്ഷേ ഇതു ഈ തലമുറ മാത്രം കടന്നു പോകുന്ന ഒരു പ്രശ്‌നമല്ല. ചരിത്രത്തിലേയ്‌ക്കൊന്നു തിരിഞ്ഞു നോക്കിയാല്‍, എല്ലാ തലമുറകളും സമാനമായ പ്രശ്‌നങ്ങളിലൂടെ കടന്നു പോയിട്ടുണ്ടെന്നു കാണാം.

1600 കളില്‍ സര്‍ ഐസക് ന്യൂട്ടണ്‍ കോളേജില്‍ പഠിക്കുമ്പോഴാണ് പ്ലേഗിന്റെ വലിയൊരു താണ്ഡവം യൂറോപ്പിലുണ്ടായത്. ആ സമയത്തു ക്യാമ്പസുകള്‍ അടച്ചിട്ടു. അന്നത്തെ ലോക്ഡൗണില്‍ ഇന്നത്തേതു പോലെ ഇന്റര്‍നെറ്റ് ഒന്നുമില്ലെന്നോര്‍ക്കണം. അങ്ങനെ വീട്ടില്‍ ഒറ്റയ്ക്ക്, ഒരൂ മൂലയ്ക്ക് മേശയും കസേരയുമിട്ട്, സ്വന്തമായി വായനയും പഠനവും നടത്തിയ ന്യൂട്ടണ്‍, ഒരു ഇടവേളയ്ക്കിടെയാണ് ആപ്പിള്‍മരത്തില്‍ നിന്ന് ആപ്പിളെന്തുകൊണ്ട് താഴേയ്ക്കു വീഴുന്നു എന്നു ചിന്തിക്കാന്‍ തുടങ്ങിയത്. ഒറ്റയ്ക്കിരുന്ന ആ അവസ്ഥയില്‍ നിന്നാണ് അദ്ദേഹം ഭൂഗുരുത്വാകര്‍ഷണബലത്തെക്കുറിച്ചുള്ള കണ്ടെത്തലുകളിലെത്തിയത്.

1918, 19, 20 വര്‍ഷങ്ങളില്‍ സ്പാനിഷ് ഫ്‌ളൂ പടര്‍ന്നു പിടിച്ചിരുന്നു. മൃതദേഹങ്ങള്‍ നദിയില്‍ വലിച്ചെറിഞ്ഞ് വെള്ളപ്പൊക്കമുണ്ടാകുന്ന സാഹചര്യം ഉത്തരേന്ത്യയില്‍ അക്കാലത്തുണ്ടായി. കുറച്ചു കൂടി വര്‍ഷം പിന്നോട്ടു പോകുക. 1600 കളില്‍ ഒരു കോളേജ് വിദ്യാര്‍ത്ഥിയായിരുന്നു സര്‍ ഐസക് ന്യൂട്ടണ്‍. ന്യൂട്ടണ്‍ കോളേജില്‍ പഠിക്കുമ്പോഴാണ് പ്ലേഗിന്റെ വലിയൊരു താണ്ഡവം യൂറോപ്പിലുണ്ടായത്. ആ സമയത്തു ക്യാമ്പസുകള്‍ അടച്ചിട്ടു. അന്നത്തെ ലോക്ഡൗണില്‍ ഇന്നത്തേതുപോലെ ഇന്റര്‍നെറ്റ് ഒന്നുമില്ലെന്നോര്‍ക്കണം. അങ്ങനെ വീട്ടില്‍ ഒറ്റയ്ക്ക്, ഒരൂ മൂലയ്ക്ക് മേശയും കസേരയുമിട്ട്, സ്വന്തമായി വായനയും പഠനവും നടത്തിയ ന്യൂട്ടണ്‍ ഒരു ഇടവേളയ്ക്കിടെയാണ് ആപ്പിള്‍ മരത്തില്‍ നിന്ന് ആപ്പിളെന്തുകൊണ്ട് താഴേയ്ക്കു വീഴുന്നു എന്നു ചിന്തിക്കാന്‍ തുടങ്ങിയത്. ഒറ്റയ്ക്കിരുന്ന ആ അവസ്ഥയില്‍ നിന്നാണ് അദ്ദേഹം ഭൂഗുരുത്വാകര്‍ഷണ ബലത്തെക്കുറിച്ചുള്ള കണ്ടെത്തലുകളിലെത്തിയത്. ഒന്നര വര്‍ഷത്തെ ആ ലോക്ഡൗണ്‍ കാലമാണ് ന്യൂട്ടന്റെ കണ്ടെത്തലുകള്‍ക്കിടയാക്കിയതെന്ന് അദ്ദേഹം തന്നെ പറഞ്ഞിട്ടുണ്ട്.

ശാസ്ത്രലോകത്തു മാത്രമല്ല സാഹിത്യലോകത്തും പകര്‍ച്ചവ്യാധികളുടെ കാലം ഗുണം ചെയ്തതായി കാണാന്‍ സാധിക്കും. വില്യം ഷേക്‌സ്പിയറിന്റെ പ്രസിദ്ധമായ ചില കൃതികള്‍ രചിക്കപ്പെട്ടത് മറ്റൊരു പകര്‍ച്ചവ്യാധിയുടെ കാലത്താണ്.

ഇതില്‍ നിന്നു നമുക്കു മനസ്സിലാക്കാനുള്ള ഒരു കാര്യമിതാണ്. ഓണ്‍ലൈനായിട്ടാണ് ഇപ്പോള്‍ ക്ലാസുകള്‍ നടക്കുന്നത്. നാലോ അഞ്ചോ മണിക്കൂറായിരിക്കും ക്ലാസുകള്‍. അതു കഴിഞ്ഞിട്ട് ഒരുപാടു സമയമുണ്ട്. നിങ്ങളുടെ ഓരോരുത്തരുടെയും വ്യക്തിപരമായ നൈപുണ്യങ്ങള്‍ വളര്‍ത്തിയെടുക്കാനും വ്യക്തിപരമായി വളരുന്നതിനുമായി ഇപ്രകാരം അധികമായി ലഭിക്കുന്ന സമയം പ്രയോജനപ്പെടുത്താവുന്നതാണ്.

വയനാട്ടില്‍ ഒരു സാധാരണ മലയാളം മീഡിയം സ്‌കൂളില്‍ പഠിച്ച്, മണിപ്പാല്‍ യൂണിവേഴ്‌സിറ്റിയില്‍ വന്ന് ജേര്‍ണലിസത്തില്‍ ബിരുദാനന്തരബിരുദം നേടി ഇന്ത്യന്‍ എക്‌സ്പ്രസ് പത്രത്തില്‍ റിപ്പോര്‍ട്ടറായിട്ടാണ് 22 വര്‍ഷം മുമ്പു ഞാന്‍ ഡല്‍ഹിക്കു പോയത്. അതിനു ശേഷം വിവിധ വിദേശ പ്രസിദ്ധീകരണങ്ങളില്‍ പ്രവര്‍ത്തിച്ചു. അമേരിക്കയിലെ കൊളംബിയ യൂണിവേഴ്‌സിറ്റിയില്‍ ജേണലിസം പഠിക്കാന്‍ അവസരം ലഭിച്ചു. 2009 ല്‍ കാരവന്‍ എന്ന മാസിക ആരംഭിക്കുകയായിരുന്നു. ഈ വഴിത്തിരിവുകള്‍ക്ക് കോളേജ് പഠനകാലം തീര്‍ച്ചയായും സഹായിച്ചിട്ടുണ്ട്. വിദ്യാഭ്യാസസ്ഥാപനങ്ങള്‍ നമുക്ക് പുറംലോകത്തേക്കുള്ള തുറവി തരും. പ്രൊഫസര്‍മാരെ പരിചയപ്പെടാം, നല്ല സുഹൃത്തുക്കളെ കിട്ടും. പക്ഷേ അമ്പതു ശതമാനമാണ് കോളേജുകള്‍ക്കു നല്‍കാന്‍ കഴിയുന്ന പിന്തുണ എന്നതു മറക്കരുത്. അമ്പതു ശതമാനം സ്വന്തം സമയം നന്നായി ഉപയോഗപ്പെടുത്തി നാം തനിയെ നേടേണ്ടതാണ്.

ഇന്ത്യയില്‍ നിന്നു നോബല്‍ സമ്മാനജേതാക്കളെ ഉണ്ടാക്കാന്‍ നമുക്കു സാധിച്ചിട്ടില്ല. ലോകസാഹിത്യത്തില്‍ ഇന്ത്യയുടെ സംഭാവനകള്‍ ശ്രദ്ധിക്കപ്പെട്ടിട്ടില്ല. ലോകസാഹിത്യഭൂപടത്തിലേയ്ക്ക് പരിഭാഷയിലൂടെ സ്പാനിഷ് സാഹിത്യം കടന്നുവന്നതുപോലെ, ഭാരതസാഹിത്യം വന്നില്ല. അതിനും പകര്‍ച്ചവ്യാധിക്കാലം ഒരു പരിഹാരമുണ്ടാക്കട്ടെ.

പതിനായിരകണക്കിനാളുകള്‍ വിവിധ കോഴ്‌സുകള്‍ പഠിച്ച് ഇന്നു തൊഴില്‍ വിപണിയിലേക്കിറങ്ങുന്നുണ്ട്. അവിടെ വളരെ സാധാരണമായ ഒരു ബയോഡേറ്റ കൊണ്ടു കാര്യമുണ്ടായെന്നു വരില്ല. ഉദാഹരണത്തിന്, പ്രസാധനരംഗത്തേക്ക് ഒരാളെ തിരഞ്ഞെടുക്കുമ്പോള്‍ പഠിക്കുന്ന കാലത്തു തന്നെ അയാള്‍ ഒരു കോളേജ് മാഗസിന്‍ ഇറക്കിയിട്ടുണ്ടോ എന്നു നോക്കുന്നതു സ്വാഭാവികമാണ്. പ്രായോഗികമായി അവര്‍ എന്തൊക്കെ ചെയ്യാന്‍ ശ്രമിച്ചിട്ടുണ്ട് എന്നതു കൂടുതലായി നോക്കും.

കഴിഞ്ഞ ദിവസം വയനാട്ടില്‍ ഒരു സ്റ്റുഡിയോയില്‍ ഒരു സാധാരണ മുസ്ലീം പെണ്‍കുട്ടി വന്നു കുറെ പ്രിന്റൗട്ടുകള്‍ എടുത്തു പോകുന്നതു കണ്ടു. ചെറിയ കുട്ടികളുടെയും മറ്റും ഫോട്ടോകള്‍ ആയിരുന്നു. അതെന്താണെന്നു ഞാന്‍ ചോദിച്ചു. ആ കുട്ടി ഒരു സംരംഭകയാണ്. വീടുകളില്‍ പോയി കുട്ടികളുടെയും മറ്റും ഫോട്ടോയെടുത്ത്, ഡിസൈന്‍ ചെയ്ത്, പ്രിന്റ് ചെയ്തു വില്‍ക്കുന്ന ഒരു തൊഴില്‍ ചെയ്യുന്നു. ഇപ്രകാരം നമ്മള്‍ ആയിരിക്കുന്ന ഇടത്തില്‍ ചെറിയ ചെറിയ സംരംഭങ്ങള്‍ നമുക്കു തന്നെ ആലോചിക്കാവുന്നതാണ്.

കൊതുകു ബാറ്റ് നോക്കുക. ചൈനയില്‍ നിന്നു വന്ന പുതിയ ഒരാശയമായിരുന്നു. അതു പെട്ടെന്നു തന്നെ വിപണി കീഴടക്കി. ഇതുപോലെ പുതിയ ആശയങ്ങളാണു വിജയം കൊണ്ടു വരുന്നത്. ആശയങ്ങളുണ്ടെങ്കില്‍ പരസ്പരം സംസാരിച്ച്, ഒരു ഉത്പന്നം വികസിപ്പിച്ചെടുത്ത്, അതുത്പാദിപ്പിക്കുന്ന ഒരു സ്ഥാപനം കെട്ടിപ്പടുക്കാനായാല്‍ അതൊരു വലിയ കാര്യമായിരിക്കും.

കാര്‍ഷികമേഖലയില്‍ വിശേഷിച്ചും ഇതിനു വലിയ സാദ്ധ്യതകളുണ്ട്. ഇന്ത്യയില്‍ 65 ശതമാനം ആള്‍ക്കാരും കൃഷിയെ ആശ്രയിച്ചു കഴിയുന്നവരാണ്. ഇവിടെ കാടു വെട്ടുന്ന യന്ത്രം പ്രചരിച്ചിട്ട് ഏതാനും വര്‍ഷങ്ങളേ ആയിട്ടുള്ളു. ചെറിയൊരു മോട്ടോറും ബ്ലേഡും ആണ് ഇതിന്റെ ഭാഗങ്ങള്‍. കാര്‍ഷികാവശ്യങ്ങള്‍ക്കുള്ള വ്യത്യസ്തങ്ങളായ ധാരാളം യന്ത്രങ്ങള്‍ ഇവിടെ പുതുതായി വന്നു. ഇനിയും ധാരാളം സാദ്ധ്യതകള്‍ ഈ രംഗത്തുണ്ട്.

പ്ലാവിലെ ചക്ക ഇടുന്നത് ഇപ്പോഴും ഒരു പ്രശ്‌നമാണ്. ഉയരത്തിലുള്ള ചക്ക ഇടാന്‍ പറ്റുന്ന തോട്ടികള്‍ നമുക്കില്ല. ആഫ്രിക്കയില്‍ അങ്ങനെയൊരുപകരണം ഉള്ളതു ശ്രദ്ധയില്‍ പെടുകയുണ്ടായി. എല്ലാ രംഗങ്ങളിലും ഇന്നവേഷനു വലിയ സാദ്ധ്യതകള്‍ നമുക്കുണ്ട് എന്നാണ് ഇതിനര്‍ത്ഥം.

പഴയ കാലത്ത് ഒരു ലൈബ്രറിയില്‍ നിന്നു പുസ്തകമെടുക്കുന്നതു തന്നെ ഒരു ചടങ്ങായിരുന്നു. ഇന്ന് ഇന്റര്‍നെറ്റിലൂടെ ലോകത്തിലെ ഏറ്റവും മികച്ച പരിശീലകരുടെ ക്ലാസുകള്‍ നിങ്ങള്‍ക്കു ലഭ്യമാകുന്നു. ഇന്റര്‍നെറ്റിന്റെ സാദ്ധ്യതകള്‍ വളരെ വലുതാണ്. ലോകത്തിലെ ഏറ്റവും മികച്ച പരിശീലനങ്ങളെല്ലാം ഇന്ന് നെറ്റില്‍ ലഭ്യമാണ്. വെറുതെ കേട്ടു പോകുക എന്നതു കൂടാതെ ആവശ്യമുള്ളതെല്ലാം എഴുതിയെടുത്തു മുന്നോട്ടു പോകുകയാണെങ്കില്‍, നിങ്ങളുടെ നൈപുണ്യം വര്‍ദ്ധിപ്പിക്കാന്‍ സാധിക്കും. ഒന്നു രണ്ടു വര്‍ഷത്തിനു ശേഷം പകര്‍ച്ചവ്യാധിയെ നാം അതിജീവിച്ചു കഴിയുമ്പോള്‍ ഈ വൈദഗ്ദ്ധ്യങ്ങളെയെല്ലാം നാം മാറ്റുരച്ചു നോക്കുന്ന ഒരു ഘട്ടം വരും. സഹപാഠികളുമായിട്ടു മാത്രമല്ല, കേരളത്തിലെയും ഇന്ത്യയിലെയും ലോകത്തിലെയാകെയും ആളുകളുമായി മാറ്റുരച്ചു നോക്കേണ്ടി വരും.

ഒന്നര വര്‍ഷത്തെ പകര്‍ച്ചവ്യാധിക്കാലത്തു ചെയ്തതു പോലെയുള്ള ജോലി അതിനുശേഷം ചെയ്യാന്‍ സാധിച്ചിട്ടില്ലെന്നാണ് ന്യൂട്ടണ്‍ പറഞ്ഞത്. എല്ലാവരും കൂടുതല്‍ പക്വതയും കഴിവുമുള്ളവരായി ഈ പകര്‍ച്ചവ്യാധിക്കു ശേഷം കടന്നു വരും എന്ന് പ്രത്യാശിക്കുന്നു. ഇന്ത്യയില്‍ നിന്നു നോബല്‍ സമ്മാനജേതാക്കളെ ഉണ്ടാക്കാന്‍ നമുക്കു സാധിച്ചിട്ടില്ല. ലോകസാഹിത്യത്തില്‍ ഇന്ത്യയുടെ സംഭാവനകള്‍ ശ്രദ്ധിക്കപ്പെട്ടിട്ടില്ല. ലോകസാഹിത്യഭൂപടത്തിലേയ്ക്ക് പരിഭാഷയിലൂടെ സ്പാനിഷ് സാഹിത്യം കടന്നു വന്നതുപോലെ, ഭാരതസാഹിത്യം വന്നില്ല. അതിനും പകര്‍ച്ചവ്യാധിക്കാലം ഒരു പരിഹാരമുണ്ടാക്കട്ടെ.

പകര്‍ച്ചവ്യാധിക്കാലത്തു വളര്‍ച്ച നേടിയ പ്രതിഭകളുടെ ഒരു മഹാപ്രളയം തന്നെ നമ്മുടെ കലാലയങ്ങളില്‍ നിന്ന് ഉണ്ടാകട്ടെ എന്ന് ആശംസിക്കുന്നു.

(കൊരട്ടി നൈപുണ്യ കോളേജിലെ അദ്ധ്യയനവര്‍ഷം ഉദ്ഘാടനം ചെയ്തു നടത്തിയ പ്രഭാഷണത്തില്‍ നിന്ന്.)

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org