കൊത്ത്

രാഷ്ട്രീയകൊലപാതകങ്ങളുടെ കഥയല്ല രാഷ്ട്രീയകൊലപാതകങ്ങള്‍ക്കായി ഇറങ്ങിത്തിരിക്കുന്നവരുടെ കഥയാണ്
കൊത്ത്

അടുത്തയിടെ ഏറെ ശ്രദ്ധേയമായ കൊത്ത് എന്ന സിനിമയുടെ തിരക്കഥാകൃത്ത് ഹേമന്ത് കുമാറുമായി വിനായക് നിര്‍മ്മല്‍ നടത്തിയ അഭിമുഖം

Q

കൊത്ത് എന്ന സിനിമയിലൂടെ താങ്കള്‍ എന്താണ് പറയാന്‍ ഉദ്ദേശിച്ചത്?

A

ഒരു ആള്‍ക്കൂട്ടരാഷ്ട്രീയത്തിന്റെ മനഃശാസ്ത്രവൃത്തത്തില്‍ സിനിമയിലെ കേന്ദ്രകഥാപാത്രം അകപ്പെടുന്നിടത്ത്, ജീവിച്ചിരിക്കുന്നതിന്റെ കടംവീട്ടാന്‍ ഒരാളെയെങ്കിലും കൊല്ലേണ്ടതുണ്ട് അല്ലെങ്കില്‍ ചാകേണ്ടതുണ്ട് എന്ന തീരുമാനത്തില്‍ എത്തിപ്പെടുന്നുണ്ട്. അതു തന്നെയാണ് ഈ സിനിമ പറയാന്‍ ഉദ്ദേശിക്കുന്നതിന്റെ ആകത്തുക.. സിനിമ എന്താണോ പറയാന്‍ ഉദ്ദേശിച്ചത് അത് മുഴുവന്‍ ഈ വാചകത്തിലുണ്ട്.

Q

രണ്ടു രാഷ്ട്രീയപാര്‍ട്ടികളെ വ്യക്തമായി കൊത്ത് അടയാളപ്പെടുത്തുന്നുണ്ട്. രണ്ടിടത്തും നിശിത വിമര്‍ശനവുമുണ്ട്. അതു കൊണ്ടുതന്നെ ഈ സിനിമയെ പ്രസ്തുത രാഷ്ട്രീയപാര്‍ട്ടികള്‍ എങ്ങനെ സമീപിക്കും എന്ന ആശങ്കയുണ്ടോ?

A

പൂര്‍ണ്ണമായ അര്‍ത്ഥത്തില്‍ ആളുകളിലേക്ക് എത്തണമെന്ന് ആഗ്രഹിക്കുന്ന ഒരു ആശയം, കാര്യം ആശങ്കപ്പെട്ടുകൊണ്ട് നമുക്ക് പറയാനോ വേണ്ടെന്നു വയ്ക്കാനോ ആവില്ല. മനുഷ്യന്‍ മനുഷ്യനെ കൊല്ലുന്നത് ശരിയാണെന്ന് പരിഷ്‌കൃത സമൂഹത്തില്‍ ഒരു പാര്‍ലമെന്ററിപാര്‍ട്ടിയും സമ്മതിക്കുമെന്ന് ഞാന്‍ വിശ്വസിക്കുന്നില്ല. മാ വോയിസ്റ്റുകളെ നാം തള്ളിപ്പറയുന്നത് അവരുടെ ഐഡിയോളജിയില്‍ കടന്നുവരുന്ന ഉന്മൂലനസിദ്ധാന്തത്തെ അടിസ്ഥാനപ്പെടുത്തിയാണ്. ആയുധത്തിലൂടെയോ മനുഷ്യരുടെ ഉന്മൂലനത്തിലൂടെയോ അല്ല വിപ്ലവം കടന്നുവരേണ്ടത്. ഇങ്ങനെയൊരു വിശ്വാസമുള്ളതു കൊണ്ടാണ് നമ്മളെല്ലാം മാവോയിസ്റ്റുകളെ തള്ളിപ്പറയുന്നത്. പൂര്‍ണ്ണമായ രാഷ്ട്രീയസ്വാധീനം ഇല്ലാത്ത കേരളത്തില്‍ മാവോയിസ്റ്റുകള്‍ കൊല്ലപ്പെട്ടെന്ന് കേട്ടാല്‍ അയ്യോ കഷ്ടം എന്ന് ആരും പറയുമെന്നു തോന്നുന്നില്ല. ഭരണകൂടം കൊലപ്പെടുത്തുമ്പോള്‍ പ്രതിപക്ഷം പോലും ന്യായീകരിക്കുന്ന കാഴ്ചയാണ് നാം കാണുന്നത്. ഇതെല്ലാം മാവോയിസ്റ്റു ഐഡിയോളജിയില്‍ കടന്നുവരുന്ന ഉന്മൂലനസിദ്ധാന്തത്തോട് നാം വിയോജിക്കുന്നുവെന്നതിന്റെ തെളിവാണ്. എന്നാല്‍ ഇവിടെ ശ്രദ്ധിക്കേണ്ട മറ്റൊരു കാര്യം കൂടിയുണ്ട്. മാവോയിസ്റ്റുകളോ നക്‌സലറ്റുകളോ കൊലപ്പെടുത്തിയതിനെക്കാള്‍ കൂടുതല്‍ പേരെ ഇവിടുത്തെ സമാധാനത്തിന്റെ വക്താക്കളെന്ന് അവകാശപ്പെടുന്ന പാര്‍ലമെന്ററി രാഷ്ട്രീയപാര്‍ട്ടികള്‍ കൊലപ്പെടുത്തിയിട്ടുണ്ട്. നക്‌സലറ്റുകള്‍ കൊലപ്പെടുത്തിയിരിക്കുന്നത് അടിസ്ഥാന ജനവിഭാഗത്തിന്റെ സൈ്വര്യജീവിതത്തെ തടസ്സപ്പെടുത്തിയിരുന്ന ജന്മിമാരെയും ബ്യൂറോക്രാറ്റുകളെയുമായിരുന്നു, മേലെത്തട്ടിലുളളവരെയായിരുന്നു അവര്‍ ടാര്‍ഗറ്റ് ചെയ്തിരുന്നത്. പക്ഷേ നമ്മുടെ പാര്‍ലമെന്ററി രാഷ്ട്രീയ പാര്‍ട്ടികള്‍ കൊലപ്പെടുത്തുന്നത് സമൂഹത്തിന്റെ ഏറ്റവും അടിത്തട്ടിലുള്ള വരെയാണ്. തൊഴിലാളികള്‍... വിദ്യാര്‍ത്ഥികള്‍.. ഇങ്ങനെ നീളുന്ന സമൂഹത്തിലെ ഏറ്റവും ദുര്‍ബല വിഭാഗങ്ങളെയാണ് രാഷ്ട്രീയ പാര്‍ട്ടികള്‍ കൊലപ്പെടുത്തുന്നത്. അതുകൊണ്ടുതന്നെ ഇവിടുത്തെ രാഷ്ട്രീയപാര്‍ട്ടികള്‍ എന്തു കരുതും എന്നു വിചാരിച്ച് ഈ വിഷയം പറയാതിരിക്കാന്‍ കഴിയില്ല. കേരളത്തിലെ ജനങ്ങളുടെ രാഷ്ട്രീയ പ്രബുദ്ധത കൊത്ത് മുന്നോട്ടുവയ്ക്കുന്ന ആശയത്തെ തള്ളിക്കളയില്ല എന്ന് പൂര്‍ണ്ണവിശ്വാസത്തോടെയാണ് ഈ വിഷയം അവതരിപ്പിച്ചിരിക്കുന്നത്.

ആയുധത്തിലൂടെയോ മനുഷ്യരുടെ ഉന്മൂലനത്തിലൂടെയോ അല്ല വിപ്ലവം കടന്നുവരേണ്ടത്. ഇങ്ങനെയൊരു വിശ്വാസമുള്ള തുകൊണ്ടാണ് നമ്മളെല്ലാം മാവോ യിസ്റ്റുകളെ തള്ളിപ്പറയുന്നത്. പൂര്‍ണ്ണമായ രാഷ്ട്രീയ സ്വാധീനം ഇല്ലാത്ത കേരളത്തില്‍ മാവോയി സ്റ്റുകള്‍ കൊല്ലപ്പെട്ടെന്ന് കേട്ടാല്‍ അയ്യോ കഷ്ടം എന്ന് ആരും പറ യുമെന്നു തോന്നുന്നില്ല. ഭരണ കൂടം കൊലപ്പെടുത്തുമ്പോള്‍ പ്ര തിപക്ഷംപോലും ന്യായീകരിക്കു ന്ന കാഴ്ചയാണ് നാം കാണുന്നത്.
Q

കണ്ണൂര്‍ രാഷ്ട്രീയം ഇതിനകം പല സിനിമകളിലും വന്നിട്ടുണ്ട്. ഇതില്‍ നിന്ന് കൊത്ത് സിനിമയെ വ്യത്യസ്തപ്പെടുത്താന്‍ ബോധപൂര്‍വ്വം എന്തെങ്കിലും ശ്രമങ്ങള്‍ നടത്തിയിരുന്നോ?

A

അക്രമരാഷ്ട്രീയത്തെ അവലം ബിച്ച് മലയാളത്തില്‍ പല സിനിമകളും പുറത്തിറങ്ങിയിട്ടുണ്ട്. പുറത്തിറങ്ങുന്നുമുണ്ട്. ആ വിഷയത്തിന് വളരെയധികം പ്രാധാന്യമുള്ളതു കൊണ്ടാണ് ഈ വിഷയം ആവര്‍ത്തിക്കപ്പെട്ടുകൊണ്ടിരിക്കുന്നത്. എന്നാല്‍ അത്തരം സിനിമകളില്‍ പറയാത്ത ഒരു സ്വതന്ത്ര അസ്തിത്വം കൊത്തിനുണ്ട് എന്നാണ് വിശ്വസിക്കുന്നത്. പല ലെയറുകളിലൂടെയും രാഷ്ട്രീയപരമായി തന്നെ കൊത്ത് സഞ്ചരിക്കുന്നുണ്ട്. അത് സിനിമ കാണുമ്പോള്‍ വ്യക്തമാകും. അക്രമരാഷ്ട്രീയത്തെക്കുറിച്ചുള്ള സിനിമ എന്ന് പറയുന്ന സാമാന്യവത്ക്കരിക്കപ്പെട്ട പട്ടികയില്‍ കൊത്തും പെടുന്നുവെന്നേയുള്ളൂ. വളരെ ഉപരിപ്ലവമായി അത്തരം കാര്യങ്ങള്‍ ചര്‍ച്ച ചെയ്യുന്നു എന്നതിനപ്പുറം അക്രമരാഷ്ട്രീയം മനുഷ്യബന്ധങ്ങളില്‍ ഏല്പിക്കുന്ന ആഘാതങ്ങളിലേക്കു തന്നെയാണ് കൊത്ത് ഇറങ്ങിച്ചെല്ലുന്നത്. ഇത്തരത്തിലുള്ള ഒരു പ്രൊപ്പഗാന്റയ്ക്കപ്പുറം സൗഹൃദം, ഭാര്യഭര്‍ത്തൃബന്ധം, മാതൃത്വം ഇങ്ങനെയുള്ള ഇമോഷനല്‍ ഏരിയായിലൂടെയാണ് കൊത്ത് പ്രധാനമായും കടന്നുപോകുന്നത്. പിന്നെ കൊത്തിന്റെ പ്രധാന വ്യത്യാസം എന്ന് പറയുന്നത് രാഷ്ട്രീയ കൊലപാതകത്തിന് ഇരകളാക്കപ്പെടുന്നവരുടെ കഥയല്ല രാഷ്ട്രീയ കൊലപാതകങ്ങള്‍ക്ക് ഇറങ്ങിത്തിരിക്കുന്നവരുടെ കഥയാണ് എന്നതാണ്. രാഷ്ട്രീയകൊലപാതകത്തിന് ഇറങ്ങിത്തിരിക്കുന്നവരും ഒരു തരത്തില്‍ ഇരകളാക്കപ്പെടുകയാണ് എന്നാണ് കൊത്ത് പറയുന്നത്. കൊല്ലുന്നവനും കൊല്ലാന്‍ ഇറങ്ങിത്തിരിക്കുന്നവനും അക്രമരാഷ്ട്രീയത്തിന്റെ ഇരകളാണ്. ഇതിനൊക്കെ ഉപരി ഭയം എന്ന വികാരത്തെയാണ് സിനിമയില്‍ ചിത്രീകരിക്കുന്നത്. അതാവട്ടെ സിനിമയുടെ തുടക്കം മുതല്‍ തന്നെയുണ്ട്താനും. കൊലപാതകം നടത്താന്‍ കമ്മിറ്റ് ചെയ്ത് ഇറങ്ങിത്തിരിക്കുന്ന ഒരാളെ ജീവിതത്തില്‍ ഉടനീളം ഭയം എന്ന വികാരം വേട്ടയാടിക്കൊണ്ടേയിരിക്കും. ഭീതിയിലൂടെയാണ് സിനിമ കടന്നുപോകുന്നത്. ഭയം എന്ന വികാരത്തെയാണ് ചിത്രം ഹൈലൈറ്റ് ചെയ്യുന്നത്.

Q

ഇനി പറയൂ, എന്താണ് താങ്കളുടെ രാഷ്ട്രീയം?

A

മനുഷ്യന്‍ മനുഷ്യനെ കൊല്ലുന്ന രാഷ്ട്രീയം എന്റെ രാഷ്ട്രീയമല്ല എന്റെ രാഷ്ട്രീയപ്രവര്‍ത്തനം ആരംഭിച്ചത് ഇടതുപക്ഷത്തോടു ചേര്‍ന്നായിരുന്നു. യൗവനകാലത്ത് ഞാന്‍ സജീവപാര്‍ട്ടി അംഗമായിരുന്നു. പക്ഷേ ഇപ്പോള്‍ ഇടതുപക്ഷ കാഴ്ചപ്പാടുള്ള ഒരു വ്യക്തിയാണെന്നേ പറയാന്‍ കഴിയൂ.

Q

കിരീടം പോലെയുളള സി നിമകളുടെ സംവിധായകന്‍ സിബി മലയില്‍. ദേ വാസുരവും നന്ദനവും കയ്യൊപ്പും പോലെയുള്ള സിനിമകളുടെ തിരക്കഥാകൃത്ത് രഞ്ജിത്ത്. (രഞ്ജിത്തിന്റെ ഗോള്‍ഡോ കോയിന്‍ പ്രൊഡക്ഷന്‍ ഹൗസാണ് കൊത്തിന്റെ നിര്‍മ്മാണം) ഈ കൂട്ടു കെട്ടിലേക്കുള്ള കടന്നുവരവ് ഉണ്ടാക്കിയ വെല്ലുവിളികളും ആകുലതകളും എന്തൊക്കെയായിരുന്നു?

A

സിബിസാറും രഞ്ജിത്‌സാറും പോലെയുള്ളവരുടെ കൂടെയുള്ള സിനിമ എന്നത് താരതമ്യേന തുടക്കക്കാരനെന്ന നിലയില്‍ എന്നെപ്പോലെയുള്ള ഒരാള്‍ക്ക് എക്‌സൈറ്റ്‌മെന്റ് ഉണ്ടാക്കുന്ന കാര്യമാണ്. സത്യത്തില്‍ ദശരഥം സിനിമയുടെ രണ്ടാം ഭാഗത്തിനു വേണ്ടിയാണ് ഞാനും സിബിസാറും തമ്മില്‍ ആദ്യം ഒന്നിക്കുന്നത്. പക്ഷേ ആ ചിത്രത്തിന് സാങ്കേതികമായ ചില തടസ്സങ്ങള്‍ നേരിട്ടപ്പോഴാണ് കൊത്തിന്റെ എഴുത്തിലേക്ക് തിരിയുന്നത്. കൊത്തിലെ ഒരുപ്രധാന കഥാപാത്രത്തെ അവതരിപ്പിക്കാന്‍ വേണ്ടിയാണ് രഞ്ജിത് സാറിനെ ആദ്യം സമീപിച്ചത്. പക്ഷേ സ്‌ക്രിപ്റ്റ് വായിച്ചുകേട്ടപ്പോള്‍ അദ്ദേഹം ഈ സിനിമ നിര്‍മ്മിക്കാമെന്ന് തീരുമാനിക്കുകയായിരുന്നു. മലയാള സിനിമയും പ്രേക്ഷകരും അത്ര മേല്‍ അറിയുന്ന ഈ രണ്ടു വ്യക്തികളോടൊപ്പമുള്ള കൂടിച്ചേരല്‍ എന്നെ സംബന്ധിച്ചിടത്തോളം സിനിമയുടെ ഒരു സര്‍വകലാശാലയില്‍ ഫീസില്ലാതെ ജോയ്ന്‍ ചെയ്യാന്‍ കഴിഞ്ഞ ഒരു വിദ്യാര്‍ത്ഥിയുടെ അനുഭവമാണ് എനിക്കു സമ്മാനിച്ചത്.

Q

കുരുത്തി നാടകമാണല്ലോ കൊത്തായി മാറിയത്. നാടകത്തില്‍ നിന്ന് സിനിമയിലേക്ക് വരുത്തിയ മാറ്റങ്ങള്‍?

A

കുരുത്തിയെന്ന നാടകത്തിന്റെ അടിത്തറയിലാണ് കൊത്ത് എന്ന സിനിമ കെട്ടിപ്പൊക്കിയിരിക്കുന്നത്. എങ്കിലും സിനിമയുടേതായ ഒരുപാട് മാറ്റങ്ങളും കൂട്ടിച്ചേര്‍ക്കലുകളും കൊത്തില്‍ സംഭവിച്ചിട്ടുണ്ട്.

Q

നല്ല സിനിമയെന്ന് പരക്കെ പേരു കേള്‍പ്പിച്ചിട്ടും തീയറ്ററില്‍ കൊത്തിന് അര്‍ഹിക്കുന്ന ആളനക്കം കിട്ടുന്നില്ലല്ലോ. ഇതിനെക്കുറിച്ച് എന്താണ് പറയാനുളളത്?

A

തീയറ്ററില്‍ ആളുകുറയുന്നു എന്നത് പൊതുവായി ചര്‍ച്ച ചെയ്യേണ്ട ഒരു വിഷയമാണ്. തീയറ്ററില്‍ എക്‌സ്പീരിയന്‍സ് ചെയ്യേണ്ടത് എന്ന രീതിയില്‍ ആഘോഷിക്കപ്പെടുന്ന ചിത്രങ്ങള്‍ മാത്രം തീയറ്ററില്‍ പോയി കാണുകയും അല്ലാത്ത സിനിമകള്‍ ഒടിടി പോലെയുള്ള പ്ലാറ്റ്‌ഫോമുകളില്‍ കാണുക എന്ന ഒരു തീരുമാനത്തിലേക്ക് ഒരു വിഭാഗം പ്രേക്ഷകര്‍ മാറിക്കഴിഞ്ഞിട്ടുണ്ട്. കൊത്തിനെ സംബന്ധിച്ചു പറയുകയാണെങ്കില്‍ വേണ്ടത്ര പ്രൊമോഷന്‍ കൊടുക്കാന്‍ കഴിയുന്നതിനു മുമ്പു തന്നെ, അതായത് സെപ്തംബര്‍ 23 നാണ് റീലിസ് നിശ്ചയിച്ചിരുന്നത്. പക്ഷേ മുന്‍നിശ്ചയിച്ചിരുന്നതില്‍ നിന്ന് മാറ്റി ഒരാഴ്ച മുമ്പ് പതിനാറാം തീയതി ചിത്രം റീലിസ് ചെയ്യുകയായിരുന്നു. എന്നിട്ടും കൊത്തിന് ആളുകള്‍ കയറി. അത് കണ്ട പ്രേക്ഷകരുടെ അഭിപ്രായങ്ങള്‍ കേട്ടിട്ടാണ്. അതു വളരെ പോസിറ്റീവായിട്ടാണ് ഞാന്‍ കാണുന്നത്. തുടക്കത്തില്‍ പൊളിറ്റിക്കല്‍ ത്രില്ലര്‍ എന്നോ രക്തച്ചൊരിച്ചില്‍ ഉള്ള സിനിമയെന്നോ ഒരു പ്രതീതി ചിത്രത്തെക്കുറിച്ചുണ്ടായിരുന്നു. പക്ഷേ രണ്ടാഴ്ച പിന്നിടുമ്പോള്‍ കുടുംബങ്ങള്‍തന്നെ തീയറ്ററുകളിലേക്ക് എത്തി. അതുകൊണ്ടുതന്നെ കൊത്തിനെ സം ബന്ധിച്ചിടത്തോളം തീയറ്റര്‍ പ്രതികരണം നിരാശപ്പെടുത്തുന്നതേയില്ല.

Q

ലോഹിതദാസിന്റെ പിന്‍ഗാമി എന്ന മട്ടിലു ള്ള വിശേഷണങ്ങളോട് എങ്ങനെയാണ് പ്രതികരിക്കുന്നത്?

A

ലോഹിതദാസിന്റെ പകരക്കാരന്‍ എന്ന് ഏതെങ്കിലും ഒരു എഴുത്തുകാരനെ ചൂണ്ടിപറഞ്ഞാല്‍ ലോഹിതദാസിനെ അത്രയധികം ഇഷ്ടപ്പെടുന്ന എനിക്കുപോലും അത് അംഗീകരിക്കാനാവില്ല ഇഷ്ടമാകില്ല. കാരണം മലയാളികളുടെ മനസ്സില്‍ അത്രയധികം സ്വാധീന ശക്തിയുള്ള ഒരു എഴുത്തുകാരനാണ് ലോഹിതദാസ്. സമാനതകളില്ലാത്ത എഴുത്തുകാരിലൊരാളാണ് അദ്ദേഹം. ഇനി അഥവാ ആരെങ്കിലും എന്നെക്കുറിച്ച് അങ്ങനെ പറയുന്നുണ്ടെങ്കില്‍ ലോഹിസാറിനും എനിക്കുമുള്ള നാടക ബായ്ക്ക്ഗ്രൗണ്ട് കൊണ്ടും സിബിസാറിന്റെ സി നിമയിലൂടെ കടന്നുവന്നവര്‍ എന്ന സാദൃശ്യം കൊണ്ടും മാത്രമായിരിക്കും.

Q

അടുത്ത സിനിമാ പ്രോജക്ടുകള്‍

A

കൊത്തില്‍ നിന്നും വ്യത്യസ്തമായ ജോണറിലുള്ള രണ്ടു സിനിമകളാണ് ഇനി വരാന്‍ പോകുന്നത്. രണ്ടിന്റെയും സംവിധായകന്‍ ഒരാളാണ്. സിബി മലയില്‍.

Q

കുടുംബം?

A

അച്ഛന്‍ പോലീസുകാരനായിരുന്നു. മരിച്ചുപോയി. കൊത്തിന്റെ റീലിസിന് രണ്ടാഴ്ച മുമ്പായിരുന്നു അമ്മയുടെ മരണം. ഭാര്യ സുജ. മൂന്ന് മക്കള്‍.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org