തൊഴിലന്വേഷണവും സോഷ്യല്‍ മീഡിയയും

ഇന്റര്‍നെറ്റ് വ്യാപകമായതോടെ സോഷ്യല്‍ മീഡിയ ഉപയോക്താക്കളുടെ എണ്ണം നിരന്തരം വര്‍ദ്ധിച്ചുകൊണ്ടിരിക്കുകയാണ്. കോവിഡ് കാലഘട്ടത്തില്‍ ആളുകള്‍ എന്തിനുമേതിനും സോഷ്യല്‍ മീഡിയയെ ആശ്രയിക്കുകയും സാമൂഹിക ജീവിതത്തിലും വ്യക്തിജീവിതത്തിലും അവ അവിഭാജ്യ ഘടകമായി മാറുകയും ചെയ്തു. ഒരു റിക്രൂട്ട്‌മെന്റ് ടൂള്‍ എന്ന നിലയിലും ഇക്കാലത്ത് സോഷ്യല്‍ മീഡിയ വ്യാപകമായി ഉപയോഗിക്കപ്പെടുന്നുണ്ട്. ലോകത്തെ പ്രമുഖ കമ്പനികളെല്ലാം തന്നെ അവര്‍ക്കനുയോജ്യരായ ഉദ്യോഗാര്‍ത്ഥികളെ കണ്ടെത്തുവാനായി മറ്റു മാര്‍ഗങ്ങള്‍ക്കൊപ്പം സോഷ്യല്‍ മീഡിയയെ കൂടി ആശ്രയിക്കുന്നു. അതിനാല്‍ തൊഴിലന്വേഷകര്‍ക്ക് ശരിയായ സോഷ്യല്‍ മീഡിയ സാന്നിധ്യം അനിവാര്യമാണിന്ന്.

എന്തുകൊണ്ട് സോഷ്യല്‍ മീഡിയ?

ഇന്ത്യയിലെ യുവാക്കളില്‍ 85% പേരും സോഷ്യല്‍ മീഡിയയില്‍ സജീവമാണ്.

ഒരു ഉപയോക്താവ് പ്രതിദിനം ശരാശരി മൂന്ന് മണിക്കൂറോളം സോഷ്യല്‍ മീഡിയയില്‍ ചെല വഴിക്കുന്നതായും കണക്കാക്കപ്പെട്ടിരിക്കുന്നു. അതിനാല്‍ ഒരു തൊഴില്‍ദായകന് അപേക്ഷകനെക്കുറിച്ചറിയാന്‍ സോഷ്യല്‍ മീഡിയയോളം മികച്ച മാധ്യമമില്ല. തൊഴിലന്വേഷകരിലേക്ക് എത്തിച്ചേരാനുള്ള ഏറ്റവും വേഗമേറിയതും ഫലപ്രദവുമായ മാര്‍ഗമായി സോഷ്യല്‍ മീഡിയ മാറിയിരിക്കുന്നു. അതിനാല്‍ മികച്ച കരിയര്‍ ആഗ്രഹിക്കുന്നവരെ സംബന്ധിച്ചിടത്തോളം, വിവിധ സോഷ്യല്‍ മീഡിയ പ്രൊഫൈലുകള്‍ എങ്ങനെ സജ്ജീകരിക്കുന്നുവെന്നത് ഏറെ പ്രാധാന്യമുള്ള കാര്യമാണിന്ന്.

വ്യക്തിഗത ബ്രാന്‍ഡ്

ഒരു ജോലിക്ക് അപേക്ഷിക്കുമ്പോള്‍, തൊഴില്‍ദാതാക്കള്‍ നിങ്ങളുടെ സോഷ്യല്‍ പ്രൊഫൈലുകള്‍ കാണാനിടയുണ്ടെന്ന് ഓര്‍ക്കുക. അതിനാല്‍ നിങ്ങളുടെ 'വ്യക്തിഗത ബ്രാന്‍ഡ്' മികച്ച രീതിയില്‍ സോഷ്യല്‍ മീഡിയയില്‍ ഉണ്ടാവേണ്ടതുണ്ട്.

ഏറ്റവും ജനപ്രിയമായ പ്ലാറ്റ് ഫോമുകളില്‍ ഏകീകൃതമായ ഒരു ഓണ്‍ലൈന്‍ പ്രൊഫൈല്‍ സൃഷ്ടിക്കുകയാണ് ആദ്യം ചെയ്യേണ്ടത്. നിങ്ങളുടെ യോഗ്യതയുടേയും ആഗ്രഹിക്കുന്ന തൊഴിലിന്റേയും അടിസ്ഥാനത്തില്‍ വേണമിത്. ഓരോ അക്കൗണ്ടിനും സ്ഥിരതയുള്ള പേരും ഉചിതമായ ചിത്രവും ഉപയോഗിക്കുക. അത് പൊതുവായി ദൃശ്യമാക്കണം (public visibiltiy). കൂടാതെ, നിങ്ങള്‍ പ്രൊഫഷണലായി ഉപയോഗിക്കുന്ന മറ്റ് പ്ലാറ്റ്‌ഫോമുകളിലേക്ക് ലിങ്കും ചെയ്യുക.

സോഷ്യല്‍ മീഡിയ ഒരു സര്‍ഗ്ഗാത്മക മാധ്യമമാണെന്ന കാര്യം ഓര്‍മ്മയുണ്ടാവണം. നിങ്ങള്‍ പ്രകടിപ്പിക്കുന്ന ആശയങ്ങളുടെയും അഭിപ്രായങ്ങളുടെയും താല്‍പ്പര്യങ്ങളുടെയും അടിസ്ഥാനത്തിലാവും നിങ്ങളുടെ വ്യക്തിത്വം അളക്കപ്പെടുക. അതിനാല്‍ നിങ്ങളുടെ പ്രൊഫൈലുകളില്‍ നിങ്ങള്‍ വെളിപ്പെടുത്തുന്നതെല്ലാം നിങ്ങളെക്കുറിച്ച് കൂടുതല്‍ അറിയാന്‍ തൊഴിലുടമകളെ സഹായിക്കുകയും നിങ്ങളുടെ വ്യക്തിത്വത്തെക്കുറിച്ചുള്ള ഉള്‍ക്കാഴ്ച നല്‍കുകയും ചെയ്യും അത് നിങ്ങളുടെ തൊഴില്‍ അപേക്ഷകളില്‍ വലിയ സ്വാധീനം ചെലുത്തുകയും ചെയ്യും.

നേട്ടങ്ങള്‍ പ്രദര്‍ശിപ്പിക്കാം

നിങ്ങളുടെ സോഷ്യല്‍ മീഡിയ പ്രൊഫൈലുകള്‍ നിങ്ങളുടെ നേട്ടങ്ങളുടേയും തൊഴില്‍ പരിചയത്തിന്റേയും ഒരു പോര്‍ട്ട്‌ഫോളിയോ ആയി ഉപയോഗിക്കാന്‍ കഴിയും. നിങ്ങള്‍ അപ്രന്റീസായോ ഇന്റേണായോ തൊഴിലാളിയായോ പ്രവര്‍ത്തിച്ചതിന്റെ വിശദാംശങ്ങള്‍ കൃത്യമായി പ്രദര്‍ശിപ്പിക്കാന്‍ കഴിയും. നിങ്ങളുടെ ജോലി പ്രദര്‍ശിപ്പിക്കുന്ന മറ്റ് വെബ് സൈറ്റുകളിലേക്ക് ലിങ്ക് ചെയ്യാം. നിങ്ങളുടെ ഓണ്‍ലൈന്‍ പോര്‍ട്ട് ഫോളിയോ, പ്രൊഫഷണല്‍ വെബ്‌സൈറ്റ്, നിങ്ങള്‍ ജോലി ചെയ്തിട്ടുള്ള ക്ലയന്റ് വെബ്‌സൈറ്റുകള്‍, നിങ്ങളുടെ വൈദഗ്ധ്യവും അനുഭവവും പ്രകടിപ്പിക്കുന്ന മൂന്നാം കക്ഷി വെബ്‌സൈറ്റുകള്‍ (ഉദാഹരണത്തിന്, നിങ്ങള്‍ ലേഖനങ്ങള്‍ സമര്‍പ്പിച്ച വെബ്‌സൈറ്റുകള്‍) എന്നിവയും മറ്റും ഉള്‍പ്പെടുത്താവുന്നതാണ്. തൊഴിലുടമകളിലും റിക്രൂട്ടര്‍മാരിലും നിങ്ങളുടെ പ്രൊഫൈലില്‍ താല്‍പ്പര്യം ജനിപ്പിക്കാന്‍ ഇവ സഹായിക്കും.

പിന്തുടരല്‍

നിങ്ങള്‍ തൊഴിലാഗ്രഹിക്കുന്ന മേഖലയിലെ മികച്ച കമ്പനികള്‍ കണ്ടെത്തുന്നതിനുള്ള മികച്ച മാര്‍ഗ്ഗമാണ് സോഷ്യല്‍ മീഡിയ. അവയെ ഫോളോ ചെയ്യാം. അവര്‍ നിലവില്‍ റിക്രൂട്ട്‌മെന്റ് നടത്തുന്നില്ലായിരിക്കാം, എന്നാല്‍ ഭാവിയിലെ അപ്‌ഡേറ്റുകള്‍ക്ക് അവരെ പിന്തുടരുന്നത് സഹായകമാകും. ചില കമ്പനികള്‍ക്ക് തൊഴില്‍ പരസ്യങ്ങള്‍ പ്രസിദ്ധപ്പെടുത്തുന്നതിന് മുമ്പ് അവരെ സോഷ്യല്‍ മീഡിയയില്‍ പിന്തുടരുന്നവരുമായി അവ പങ്കിടുന്ന രീതിയുണ്ട്. അതിനാല്‍ പുതിയ തൊഴില്‍ അവസരങ്ങളെക്കുറിച്ച് അവ ലഭ്യമാകുമ്പോള്‍ തന്നെ അറിയാനുള്ള മികച്ച മാര്‍ഗമാണിത്.

നെറ്റ്‌വര്‍ക്കിങ്ങ്

സമാന ചിന്താഗതിക്കാരായ ആളുകളുമായും നിങ്ങള്‍ ജോലി ചെയ്യാന്‍ താല്‍പ്പര്യപ്പെടുന്ന കമ്പനികളില്‍ ജോലി ചെയ്യുന്നവരുമായും ബന്ധം സ്ഥാപിക്കാം. നിങ്ങളുടെ പ്രാരംഭ ഇടപെടലുകള്‍ തൊഴില്‍ അവസരങ്ങളെക്കുറിച്ചായിരിക്കണമെന്നില്ല. പകരം, സാ ധാരണ സംഭാഷണം നടത്താനും പ്രൊഫഷണല്‍ തലത്തില്‍ പരസ്പരം അറിയാനും ശ്രദ്ധിക്കുക. ഈ കണക്ഷനുകള്‍ നിങ്ങളുടെ കരിയര്‍ നെറ്റ്‌വര്‍ക്ക് കെട്ടിപ്പടുക്കുന്നതിന്റെ ഒരു പ്രധാന ഭാഗമാണ്, പ്രസക്തമായ അവസരങ്ങള്‍ ലഭ്യമാകുമ്പോള്‍, അവര്‍ ആദ്യം ബന്ധപ്പെടാന്‍ അവര്‍ കരുതുന്ന വ്യക്തി നിങ്ങളാവാം.

LinkedIn

LinkedIn, പ്രാഥമികമായി ബിസിനസ്സ് നെറ്റ്‌വര്‍ക്കിംഗിനും ജോലി തിരയലിനും വേണ്ടി രൂപ കല്‍പ്പന ചെയ്തിരിക്കുന്ന ഒരു സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമാണ്. ഈ പ്ലാറ്റ്‌ഫോമില്‍ മികച്ച പ്രാഫൈല്‍ സൃഷ്ടിക്കുകയും തൊഴില്‍ തിരയല്‍ ടൂള്‍ ഉപയോഗിക്കുകയും ചെയ്യുന്നതിനു പുറമെ അടുത്ത അവസരം ലഭിക്കാന്‍ നിങ്ങളെ സഹായിക്കുന്ന മറ്റ് സവിശേഷതകള്‍ കൂടി ഉപയോഗപ്പെടുത്തണം. ഉദാഹരണത്തിന്, നിങ്ങളുടെ വ്യവസായവുമായി ബന്ധപ്പെട്ട വാര്‍ത്താ ലേഖനങ്ങളും നുറുങ്ങുകളും വിവരങ്ങളും പോസ്റ്റുചെയ്യുന്നതിലൂടെ ലിങ്ക്ഡ്ഇനില്‍ സജീവമായി തുടരാനും നിങ്ങളുടെ പ്രൊഫൈലിലേക്ക് കൂടുതല്‍ ശ്രദ്ധ ആകര്‍ഷിക്കുവാനും കഴിയും.

Facebook, Instagram

ഫെയ്‌സ്ബുക്ക്, ഇന്‍സ്റ്റാഗ്രാം തുടങ്ങിയ സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമുകള്‍ കൂടുതല്‍ വ്യക്തിപരമാണെങ്കിലും, പ്രൊഫഷണല്‍ ആവശ്യങ്ങള്‍ക്ക് മാത്രമായി ഉപയോഗിക്കുന്ന ഒരു പ്രൊഫൈല്‍ നിങ്ങള്‍ക്ക് സൃഷ്ടിക്കാന്‍ കഴിയും. നിങ്ങള്‍ക്ക് താത്പര്യമുള്ള വ്യവസായവുമായി ബന്ധപ്പെട്ട പൊതു അപ്‌ഡേറ്റുകള്‍ പോസ്റ്റു ചെയ്യുന്നതിന് ഈ അക്കൗണ്ട് ഉപയോഗിക്കാം. കൂടാതെ സമാന ചിന്താഗതിയുള്ള പോസ്റ്റുകള്‍ കണ്ടെത്താം. ഇത് തൊഴിലവസരങ്ങളെക്കുറിച്ചുള്ള വിവരങ്ങളിലേക്ക് നയിച്ചേക്കാം.

Twitter

തൊഴിലന്വേഷണത്തിന് ഉപയോഗിക്കാവുന്ന മറ്റൊരു നല്ല ഉപകരണമാണ് ട്വിറ്റര്‍. ഏതാണ്ട് എല്ലാ കമ്പനികള്‍ക്കും സ്ഥാപനങ്ങള്‍ക്കും ട്വിറ്റര്‍ സാന്നിധ്യമുണ്ട്. നിങ്ങള്‍ക്ക് താല്‍പ്പര്യമുള്ളവരെ നിങ്ങള്‍ പിന്തുടരുന്നുവെങ്കില്‍, എക്‌സ്‌ക്ലൂസീവ് വാര്‍ത്തകളും അപ്‌ഡേറ്റുകളും സാധ്യതയുള്ള തൊഴില്‍ അവസരങ്ങളെക്കുറിച്ചുള്ള വിവരങ്ങളും ലഭിക്കാനുള്ള അവസരമുണ്ടാകും. നിങ്ങള്‍ക്ക് താല്‍പ്പര്യമുള്ള ട്വീറ്റുകളിലേക്ക് കണക്റ്റുചെയ്തിരിക്കാവുന്ന ശരിയായ ഹാഷ്ടാഗുകള്‍ തിരഞ്ഞ് പ്രസക്തമായ വിവരങ്ങളും ജോലി പോസ്റ്റുകളും നിങ്ങള്‍ക്ക് തിരയാനാകും.

മറ്റു പ്ലാറ്റ്‌ഫോമുകള്‍

Xing, Jobcase, Opportuntiy തുടങ്ങിയ പ്ലാറ്റ്‌ഫോമുകളും ശ്രദ്ധിക്കാവുന്നതാണ്. കൂടാതെ, വിവിധ email പ്ലാറ്റ്‌ഫോമുകളുടെയും zoom, Google meet തുടങ്ങിയ മീറ്റിംഗ് ആപ്പുകളുടേയും Google docs, ms word, excel തുടങ്ങിയവയുടേയും ഫീച്ചറുകള്‍ ആഴത്തില്‍ മനസ്സിലാക്കുന്നതും slack തുടങ്ങിയ കമ്യൂണിറ്റി ആപ്പുകള്‍ അറിഞ്ഞിരിക്കുന്നതും നിങ്ങളുടെ തൊഴില്‍സാധ്യത വര്‍ദ്ധിപ്പിക്കും.

നിങ്ങളെ സ്വയം ഗൂഗിള്‍ ചെയ്യുക

നിങ്ങളെ ഒരു അഭിമുഖത്തിന് ക്ഷണിക്കുന്നതിനു മുമ്പ് തൊഴിലുടമകള്‍ നിങ്ങളുടെ സോഷ്യല്‍ മീഡിയ പ്രൊഫൈലുകള്‍ നോക്കും. അതിനാല്‍, നിങ്ങളുടെ പേര് സ്വയം ഗൂഗിള്‍ ചെയ്യുക എന്നതാണ് ആദ്യപടി. അപ്പോള്‍ എന്താണ് വരുന്നതെന്ന് കാണുക. അനുചിതമായ എന്തെങ്കിലും പോസ്റ്റുകളോ ഫോട്ടോകളോ നിങ്ങള്‍ കണ്ടെത്തുകയാണെങ്കില്‍, അവ നീക്കം ചെയ്യുക. അല്ലെങ്കില്‍ നിങ്ങളുടെ സ്വകാര്യതാ ക്രമീകരണങ്ങള്‍ മാറ്റുക.

തൊഴിലിനായി കരുതല്‍

സോഷ്യല്‍ മീഡിയയ്ക്ക് കടല്‍ പോലെ പരപ്പുള്ളതിനാല്‍ അവിടെ സാന്നിധ്യമറിയിച്ച് പ്രൊഫഷണല്‍ കരിയര്‍ ശൃംഖല കെട്ടിപ്പടുക്കുകയെന്നത് ആയാസമുള്ള കാര്യമാണ്. ഓരോ സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമിലും തൊഴിലവസരങ്ങള്‍ കണ്ടെത്തുന്നതിന് അതിന്റേതായ വഴികളുണ്ട്. അതിനാല്‍ ഓരോ പ്ലാറ്റ്‌ഫോമിനെയും കുറിച്ച് വ്യക്തമായി മനസ്സിലാക്കുവാനും വ്യത്യസ്തമായി സമീപിക്കുവാനും വിവിധ തന്ത്രങ്ങള്‍ സംയോജിപ്പിക്കുവാനും ഉദ്യോഗാര്‍ത്ഥികള്‍ക്കു കഴിയണം.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org