തൊഴിലവസരങ്ങള്‍ കേന്ദ്രസര്‍ക്കാരില്‍

തൊഴിലവസരങ്ങള്‍ കേന്ദ്രസര്‍ക്കാരില്‍

കേന്ദ്ര സര്‍ക്കാര്‍ വകുപ്പുകളില്‍ അടുത്ത ഒന്നര വര്‍ഷത്തിനുള്ളില്‍ പത്തു ലക്ഷം പേരെ പുതുതായി നിയമിക്കുവാനുള്ള ഗവണ്‍മെന്റ് പദ്ധതി ഉദ്യോഗാര്‍ത്ഥികള്‍ക്ക് ഒരു വലിയ അവസരമാണ്. സര്‍ക്കാര്‍ വകുപ്പുകളിലെ പോസ്റ്റിംഗുകളെ പദവിയുടെയും ഉത്തരവാദിത്വത്തിന്റെയും അളവനുസരിച്ച് ഗ്രൂപ്പ് എ, ബി,സി, ഡി എന്നീ നാലു വിഭാഗങ്ങളായി തരംതിരിച്ചിരിക്കുന്നു. ഉദാഹരണത്തിന് സിവില്‍ സര്‍വ്വീസ് പരീക്ഷയിലൂടെ ലഭിക്കുന്ന ഐഎഎസ്, ഐപിഎസ് തുടങ്ങിയ ജോലികള്‍ ഗ്രൂപ്പ് എയില്‍ പെടുന്നവയാണ്. രാജ്യത്തുടനീളമുള്ള സര്‍ക്കാര്‍ വകുപ്പുകളില്‍ നിലവില്‍ 979,327 ഒഴിവുകളുള്ളതായാണു കണക്കാക്കപ്പെടുന്നത്. ഇതില്‍ 23,454 എണ്ണം ഗ്രൂപ്പ് എയിലും 118,807 എണ്ണം ഗ്രൂപ്പ് ബിയിലും 836,936 എണ്ണം ഗ്രൂപ്പ് സിയിലുമാണുള്ളത്. അതിനാല്‍ സര്‍ക്കാര്‍ ജോലി ആഗ്രഹിക്കുന്നവര്‍ ലഭ്യമായ വിവിധ തൊഴിലവസരങ്ങളെക്കുറിച്ചും അവയുടെ റിക്രൂട്ട്‌മെന്റ് രീതികളെക്കുറിച്ചും മനസ്സിലാക്കുകയും അതനുസരിച്ച് മത്സര പരീക്ഷകള്‍ക്കായുള്ള തീവ്രപരിശീലനം അടിയന്തിരമായി നടത്തുകയും ചെയ്യേണ്ട സമയമാണിത്.

വകുപ്പുകള്‍

ഇന്ത്യന്‍ റെയില്‍വേയാണ് സര്‍ക്കാര്‍ മേഖലയിലെ ഏറ്റവും വലിയ തൊഴില്‍ ദാതാവ്. ആഭ്യന്തരം, പ്രതിരോധം (സിവില്‍), തപാല്‍ വകുപ്പ്, റവന്യൂ വകുപ്പ് എന്നിവയാണ് ജീവനക്കാരുടെ എണ്ണത്തില്‍ തൊട്ടുപിന്നിലുള്ളത്. പ്രതിരോധ സേനാംഗമാകാനുള്ള അവസരവും അധ്യാപനം, എഞ്ചിനീയറിംഗ്, മെഡിസിന്‍ വിഭാഗങ്ങളിലെ അവസരങ്ങളുമൊക്കെ ഇവയ്ക്കു പുറമേയുണ്ട്.

റയില്‍വേ റിക്രൂട്ട്‌മെന്റ്

ടെക്‌നിക്കല്‍, നോണ്‍ടെക്‌നിക്കല്‍, അഡ്മിനിസ്‌ട്രേഷന്‍ എന്നീ വിഭാഗങ്ങളിലാണു റെയില്‍വേയിലെ ഉദ്യോഗങ്ങള്‍. റെയില്‍വേ റിക്രൂട്ട്‌മെന്റ് ബോര്‍ഡുകളാണ് പ്രധാനമായും നിയമനങ്ങള്‍ നടത്തുന്നത്. ഗ്രൂപ്പ് എ നിലവാരത്തിലെ ജോലികള്‍ക്ക് യൂണിയന്‍ പബ്ലിക് സര്‍വ്വീസ് കമ്മീഷന്‍ (യു.പി.എസ്.സി) വഴിയാണു തെരഞ്ഞെടുപ്പ്. സിവില്‍ സര്‍വ്വീസസ് പരീക്ഷ, കമ്പൈന്‍ഡ് എഞ്ചിനീയറിംഗ് സര്‍വ്വീസസ് പരീക്ഷ, കമ്പൈന്‍ഡ് മെഡിക്കല്‍ സര്‍വ്വീസസ് പരീക്ഷ എന്നിവയിലൂടെയാണ് ഇത്തരത്തില്‍ യു.പി.എസ്.സി ഗ്രൂപ്പ് എ (ക്ലാസ്സ് വണ്‍) ഉദ്യോഗങ്ങളിലേക്കു തിരഞ്ഞെടുപ്പു നടത്തുന്നത്.

റെയില്‍വേ റിക്രൂട്ട്‌മെന്റ് ബോര്‍ഡുകള്‍ നടത്തുന്ന ഗ്രൂപ്പ് സി റിക്രൂട്ട്‌മെന്റ് ടെക്‌നിക്കല്‍ സ്റ്റാഫിനും നോണ്‍ടെക്‌നിക്കല്‍ സ്റ്റാഫിനും പ്രത്യേകമായുണ്ട്. ലോക്കോ പൈലറ്റ്, മോട്ടോര്‍ മെന്‍, ഗാര്‍ഡുകള്‍, സിഗ്‌നല്‍ ആന്‍ഡ് മെക്കാനിക്കല്‍ ഇന്‍സ്‌പെക്ടര്‍ എന്നീ തസ്തികകള്‍ ടെക്‌നിക്കല്‍ വിഭാഗത്തിലും ക്ലാര്‍ക്കുമാര്‍, അസിസ്റ്റന്റ് സ്റ്റേഷന്‍ മാസ്റ്റര്‍, ടിക്കറ്റ് കളക്ടര്‍, ട്രെയിന്‍ ക്ലാര്‍ക്ക്, കൊമേഴ്‌സ്യല്‍ അപ്രന്റീസ്, ട്രാഫിക് അപ്രന്റീസ്, സ്റ്റെനോഗ്രാഫര്‍, ജൂനിയര്‍ കാഷ്യര്‍ തുടങ്ങിയ തസ്തികകള്‍ നോണ്‍ടെക്‌നിക്കല്‍ വിഭാഗത്തിലും പെടും. ഇതുകൂടാതെ നിയമ ബിരുദധാരികള്‍, കാറ്ററിംഗ് ഡിപ്ലോമ നേടിയവര്‍, വിവിധ എഞ്ചിനീയറിംഗ് ശാഖകളില്‍ ഡിപ്ലോമ ബിരുദം നേടിയവര്‍, സ്റ്റാറ്റിസ്റ്റിക്‌സ്, കണക്ക്, ഇക്കണോമിക്‌സ് തുടങ്ങിയ പി.ജി. ബിരുദമുള്ളവര്‍ എന്നിവക്കൊക്കെ അനുയോജ്യമായ തസ്തികകള്‍ റയില്‍വേയിലുണ്ട്.

പോര്‍ട്ടര്‍, ഗേറ്റ്മാന്‍, ഹെല്‍പ്പര്‍, ട്രാക്ക് മാന്‍, സഫായിവാലാ തുടങ്ങിയ ഗ്രൂപ്പ്ഡി പോസ്റ്റുകളും റയില്‍വേയിലുണ്ട്. പത്താം ക്ലാസ്സാണ് മിക്ക തസ്തികകളിലേക്കുമുള്ള യോഗ്യത.

നിലവില്‍ 21 റയില്‍വേ റിക്രൂട്ട്‌മെന്റ് ബോര്‍ഡുകളാണുള്ളത്. ഇവയിലൊന്ന് തിരുവനന്തപുരത്താണ്.

യു.പി.എസ്.സി.

സിവില്‍ സര്‍വ്വീസ് പരീക്ഷാ നടത്തിപ്പ് യൂണിയന്‍ പബ്ലിക് സര്‍വ്വീസ് കമ്മീഷന്റെ (യു.പി.എസ്.സി.) ചുമതലയാണ്. ഇതിലൂടെ ഐഎഎസ്, ഐപിഎസ്, ഐആര്‍എസ്, ഐഎഫ്എസ് തുടങ്ങിയ ക്ലാസ് വണ്‍ തസ്തികകളിലെത്തിപ്പെടാന്‍ കഴിയും. സിവില്‍ സര്‍വ്വീസ് പരീക്ഷയ്ക്കു വേണ്ട അടിസ്ഥാന യോഗ്യത ബിരുദമാണെന്നറിയാമല്ലോ? ശരാശരിക്കു മേല്‍ കഴിവുള്ള ഏതൊരു വിദ്യാര്‍ത്ഥിക്കും സിവില്‍ സര്‍വ്വീസ് പരീക്ഷയില്‍ വിജയിക്കുവാനാകുമെന്നതാണു വസ്തുത. നീണ്ട കാലത്തെ കൃത്യവും തീവ്രവുമായ പ്രയത്‌നം വേണമെന്നു മാത്രം.

സിവില്‍ സര്‍വ്വീസ് പരീക്ഷ കൂടാതെ മറ്റു നിരവധി ഗ്രൂപ്പ് എ തസ്തികകളിലേക്കും യു.പി.എസ്.സി. റിക്രൂട്ട്‌മെന്റ് നടത്തുന്നുണ്ട്. യു.പി.എസ്.സി. വെബ് സൈറ്റില്‍ വിശദാംശങ്ങളുണ്ടാവും.

സ്റ്റാഫ് സെലക്ഷന്‍ കമ്മീഷന്‍ (എസ്.എസ്.സി.)

വിവിധ സര്‍ക്കാര്‍ വകുപ്പുകളിലേക്കുള്ള ഗ്രൂപ്പ് ബി, സി തസ്തികകളിലേക്കാണു സ്റ്റാഫ് സെലക്ഷന്‍ കമ്മീഷന്‍ റിക്രൂട്ട്‌മെന്റ് നടത്തുന്നത്. കസ്റ്റംസ്, സെന്‍ട്രല്‍ എക്‌സൈസ്, ഇന്‍കം ടാക്‌സ്, സി.ബി.ഐ ഇന്‍സ്‌പെക്ടര്‍മാര്‍, എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിലെ അസിസ്റ്റന്റ് എന്‍ഫോഴ്‌സ്‌മെന്റ് ഓഫീസര്‍മാര്‍, സെന്‍ട്രല്‍ പോലീസ് ഓര്‍ഗനൈസേഷനുകളിലെ സബ് ഇന്‍സ്‌പെക്ടര്‍മാര്‍, ഡിവിഷണല്‍ അക്കൗണ്ടന്റുമാര്‍, ഓഡിറ്റര്‍മാര്‍, അപ്പര്‍ ഡിവിഷന്‍ ക്ലാര്‍ക്കുമാര്‍. CPWD യില്‍ ജൂനിയര്‍ എഞ്ചിനീയര്‍ (സിവില്‍ & ഇലക്ട്രിക്കല്‍), സ്റ്റാറ്റിസ്റ്റിക്കല്‍ ഇന്‍വെസ്റ്റിഗേറ്റര്‍മാര്‍, ടാക്‌സ് അസിസ്റ്റന്റ് തുടങ്ങിയവയൊക്കെ ഇതില്‍പ്പെടും.

കംബൈന്‍ഡ് ഗ്രാജ്വേറ്റ് ലെവല്‍ പരീക്ഷയും കംബൈന്‍ഡ് ഹയര്‍ സെക്കന്‍ഡറി ലെവല്‍ പരീക്ഷയുമാണ് പ്രധാന എസ്.എസ്.സി. പരീക്ഷകള്‍. സമീപ വര്‍ഷങ്ങളില്‍ ഈ പരീക്ഷകളിലൂടെ നിയമനം നേടുന്നവരില്‍ മലയാളികള്‍ തീരെ കുറവാണെന്നത് നമ്മുടെ നാട്ടിലെ യുവാക്കള്‍ക്കിടയില്‍ ഈ മികച്ച അവസരത്തെക്കുറിച്ചുള്ള അറിവില്ലായ്മയാണു സൂചിപ്പിക്കുന്നത്.

പ്രതിരോധ സേന

7,476 ഓഫീസര്‍ തസ്തികകളും 97,177 ജെസിഒ/ഒആര്‍ തസ്തികകളും പ്രതിരോധ സേനകളില്‍ ഒഴിവുണ്ടെന്നു കണക്കാക്കിയിരിക്കുന്നു. എന്‍.ഡി.എ. പ്രവേശന പരീക്ഷ, കമ്പയിന്‍ഡ് ഡിഫന്‍സ് സര്‍വ്വീസ് എക്‌സാം, ടെക്‌നിക്കല്‍ കേഡര്‍ എന്‍ട്രി എക്‌സാം, സായുധസേനാ മെഡിക്കല്‍ കോളജുകളുടെ പ്രവേശന പരീക്ഷ തുടങ്ങിയ പ്രധാന പരീക്ഷകള്‍ കൂടാതെ നിരവധി മറ്റു എന്‍ട്രി സ്‌കീമുകളും സേനാവിഭാഗങ്ങളിലുണ്ട്. പുതുതായി പ്രഖ്യാപിച്ച അഗ്‌നിപഥ് പദ്ധതിയുമുണ്ട്.

മറ്റവസരങ്ങള്‍

മൃഗസംരക്ഷണം, കൃഷി, ഫോറസ്ട്രി സ്റ്റാറ്റിസ്റ്റിക്‌സ്, പബ്ലിക് അഡ്മിനിസ്‌ട്രേഷന്‍, ഇക്കണോമിക്‌സ് തുടങ്ങിയ മേഖലകളില്‍ ഉന്നത ബിരുദം നേടുന്നവര്‍ക്ക് കേന്ദ്ര സര്‍വകലാശാലകളില്‍ ജോലി ലഭിക്കാം. ഫുഡ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യ (എഫ്‌സിഐ), നാഷണല്‍ ബാങ്ക് ഓഫ് അഗ്രികള്‍ച്ചര്‍ ആന്‍ഡ് റൂറല്‍ ഡെവലപ്‌മെന്റ് (നബാര്‍ഡ്), ഇഫ്‌കോ, സ്റ്റേറ്റ് ഫാംസ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യ തുടങ്ങിയ സ്ഥാപനങ്ങളില്‍ ജോലി നേടാന്‍ അഗ്രികള്‍ച്ചര്‍ സ്റ്റഡീസ് സഹായിക്കും. അതുപോലെ വെറ്ററിനറി മെഡിസിനും അതിന്റെ ശാഖകള്‍ക്കും ഉയര്‍ന്ന സാധ്യതകളുണ്ട്. കേന്ദ്ര വിദ്യാലയങ്ങള്‍, നവോദയ വിദ്യാലയങ്ങള്‍, സര്‍വോദയ വിദ്യാലയങ്ങള്‍ തുടങ്ങിയ സ്ഥാപനങ്ങളില്‍ ജോലി നേടുന്നതിന് ബി.എഡ് ബിരുദവും ടീച്ചര്‍ എലിജിബിലിറ്റി ടെസ്റ്റും സഹായകരവും. നിയമ ബിരുദധാരികള്‍ക്ക് മെട്രോ റെയില്‍ കോര്‍പ്പറേഷന്‍, സെബി, ഐഒസിഎല്‍, പൊതുമേഖലാ ബാങ്കുകള്‍ തുടങ്ങിയ സ്ഥാപനങ്ങളിലുടനീളം നിരവധി അവസരങ്ങളുണ്ട്. എഞ്ചിനീയറിംഗ് ബിരുദധാരികള്‍ക്ക് എഞ്ചിനീയറിംഗ് സര്‍വ്വീസ് പരീക്ഷയിലൂടെയും ഗേറ്റ് പരീക്ഷയിലൂടെയും ഗവണ്‍മെന്റ് വകുപ്പുകളിലും പൊതുമേഖലാ സ്ഥാപനങ്ങളിലും തൊഴില്‍ നേടുവാനാകും. കൂടാതെ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ബാങ്കിംഗ് പേഴ്‌സണല്‍ സെലക്ഷന്‍ (ഐബിപിഎസ്) ദേശസാല്‍കൃത, പ്രാദേശിക ഗ്രാമീണ ബാങ്കുകളിലേക്ക് റിക്രൂട്ട്‌മെന്റ് നടത്തുന്നു.

കരാര്‍ ജീവനക്കാര്‍

കേന്ദ്ര സര്‍ക്കാര്‍ മന്ത്രാലയങ്ങളും വകുപ്പുകളും വലിയൊരു വിഭാഗം ജീവനക്കാരെ കരാര്‍ അടിസ്ഥാനത്തില്‍ നിയമിക്കുന്നുണ്ട്. ഇവര്‍ അടിസ്ഥാനപരമായി ഗ്രൂപ്പ് ഡി സ്റ്റാഫായി പ്രവര്‍ത്തിക്കുന്നു, അതിനാല്‍ ഗ്രൂപ്പ് ഡി വിഭാഗത്തില്‍ നിലവില്‍ സ്ഥിര നിയമനം ഇല്ലെന്നു തന്നെ പറയാം. കരാര്‍ നിയമനം ലഭിക്കുന്നവരെ ഒരു തരത്തിലും പിന്നീട് സ്ഥിരമാക്കുകയില്ല. അതിനാല്‍ കരാര്‍ നിയമനം കേന്ദ്ര സര്‍ക്കാരില്‍ സ്ഥിര ജോലിക്കായുള്ള വഴിയായി കണക്കാക്കുകയേ അരുത്.

ചെയ്യേണ്ടത്

കേന്ദ്ര സര്‍ക്കാരില്‍ ലഭ്യമായ തൊഴിലവസരങ്ങളെക്കുറിച്ചും വലിയ തോതില്‍ ഉടന്‍ നടക്കാന്‍ സാധതയുള്ള റിക്രൂട്ട്‌മെന്റിനെക്കുറിച്ചും അവബോധം നല്‍കുന്നതിനായാണ് മേല്‍ പറഞ്ഞ കാര്യങ്ങള്‍ വിശദമാക്കിയത്. കേന്ദ്ര ഗവണ്‍മെന്റ് ഉദ്യോഗങ്ങള്‍ ഇതിനു പുറമേ ധാരാളമായുണ്ട്.

സ്വന്തം വിദ്യാഭ്യാസ യോഗ്യതയും തൊഴില്‍ പരിചയവുമനുസരിച്ച് ലഭിക്കാവുന്ന തൊഴിലുകളുടെയും അവ ലഭ്യമായ വകുപ്പുകളുടെയും സ്ഥാപനങ്ങളുടേയും ഒരു ലിസ്റ്റ് ഉദ്യോഗാര്‍ത്ഥികള്‍ക്കു തയ്യാറാക്കാം. ഈ വകുപ്പുകളുടെയും സ്ഥാപനങ്ങളുടേയും വെബ് സൈറ്റുകളും യു. പി.എസ്.സി., എസ്.എസ്.സി., റെയില്‍വേ റിക്രൂട്ട്‌മെന്റ് ബോര്‍ഡ്, ബാങ്കിംഗ് റിക്രൂട്ട്‌മെന്റ് ബോര്‍ഡ് തുടങ്ങിയവയുടെ വെബ് സൈറ്റുകളും ഒഴിവുകളെക്കുറിച്ച് അറിയുന്നതിനായി പതിവായി സന്ദര്‍ശിക്കണം. വിവിധ തസ്തികകളിലേക്കുള്ള റിക്രൂട്ട്‌മെന്റ് രീതി മനസ്സിലായി തീവ്ര പരിശീലനം നടത്തുകയും വേണം.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org