ഐ എസ് ആര്‍ ഒ യിലെ തൊഴിലവസരങ്ങള്‍

എം. ഷൈറജ് IRS
ഐ എസ് ആര്‍ ഒ യിലെ തൊഴിലവസരങ്ങള്‍
ചന്ദ്രയാന്‍ 3 ന്റെ വിജയം ഭാരതത്തിന്റെയും ഐ എസ് ആര്‍ഒ യുടെയും യശസ്സ് ലോകത്തിനു മുന്നില്‍ പതിന്മടങ്ങ് വര്‍ധിപ്പിച്ചിരിക്കുന്നു. ബഹിരാകാശ ഗവേഷണ മേഖലയില്‍ ഇന്ത്യന്‍ സ്‌പെയ്‌സ് റിസര്‍ച്ച് ഓര്‍ഗനൈസേഷന്‍ എന്ന ഐ എസ് ആര്‍ ഒ ലോകത്തിന് നല്‍കിയ സംഭാവനകള്‍ വിലമതിക്കാനാവാത്തവയാണ്. ഐ എസ് ആര്‍ ഒ യുടെ ഇപ്പോഴത്തെ ചെയര്‍മാന്‍ എസ് സോമനാഥും മുന്‍കാല ചെയര്‍മാന്‍മാരില്‍ പലരും മലയാളികളാണ് എന്നത് നമുക്ക് പ്രത്യേക അഭിമാനം നല്‍കുന്ന കാര്യമാണ്. കേരളത്തിലെ സാധാരണ സര്‍ക്കാര്‍ സ്‌കൂളില്‍ പഠിച്ച്, ഇവിടെ നിന്നു തന്നെ ഉന്നത വിദ്യാഭ്യാസം നേടി സ്‌പേസ് മേഖലയില്‍ പ്രവര്‍ത്തിക്കാന്‍ കഴിഞ്ഞതാണ് തന്റെ ഏറ്റവും വലിയ നേട്ടം എന്ന സോമനാഥിന്റെ വാക്കുകള്‍ കേരളത്തിലെ വിദ്യാര്‍ത്ഥികള്‍ക്ക് ഏറെ പ്രചോദനം നല്‍കുന്നവയാണ്.

തൊഴില്‍ മേഖലകള്‍

ഐ എസ് ആര്‍ ഒ യിലെ തൊഴിലവസരങ്ങളെ സയന്റിഫിക് ആന്‍ഡ് ടെക്‌നിക്കല്‍ കാറ്റഗറി, അഡ്മിനിസ്‌ട്രേറ്റീവ് കാറ്റഗറി, മെഡിക്കല്‍, ജനറല്‍ എന്നീ വിഭാഗങ്ങളായി തരംതിരിക്കാവുന്നതാണ്.

സയന്റിഫിക് ആന്‍ഡ് ടെക്‌നിക്കല്‍ കാറ്റഗറി

ഈ വിഭാഗത്തില്‍ സയന്റിസ്റ്റ്/ എന്‍ജിനീയര്‍ പോസ്റ്റുകളും ടെക്‌നിക്കല്‍ അസിസ്റ്റന്റ് / സയന്റിഫിക് അസിസ്റ്റന്റ് പോസ്റ്റുകളും ടെക്‌നീഷ്യന്‍ / ഡ്രാഫ്റ്റ് മാന്‍ പോസ്റ്റുകളും ഉണ്ട്.

ഇലക്‌ട്രോണിക്‌സ്, മെക്കാനിക്കല്‍, കമ്പ്യൂട്ടര്‍ സയന്‍സ്, ഇലക്ട്രിക്കല്‍, ഫിസിക്‌സ്, കെമിസ്ട്രി, ഗണിതം എന്നീ വിഷയങ്ങളില്‍ ബിരുദബിരുദാനന്തര ബിരുദഡോക്ടറല്‍ ബിരുദങ്ങള്‍ ഉള്ളവര്‍ക്ക് സയന്റിസ്റ്റ് / എന്‍ജിനീയര്‍ പോസ്റ്റുകളിലേക്ക് അപേക്ഷിക്കുവാന്‍ കഴിയും. GATE സ്‌കോറിന്റെയും ഇന്റര്‍വ്യൂവിന്റെയും അടിസ്ഥാനത്തിലാണ് തെരഞ്ഞെടുപ്പ്. Sci / Engrs. SC ഗ്രേഡിലേക്കാണ് ആദ്യ നിയമനം ലഭിക്കുക. തുടര്‍ന്ന് Sci / Engrs. SD, Sci / Engrs. SE, Sci / Engrs. SF, Sci / Engrs. SG, Sci / Engrs. G, OS, DS ഇനി സ്ഥലങ്ങളിലേക്ക് പ്രമോഷന്‍ ലഭിക്കുവാനും ഇന്ത്യന്‍ സ്‌പേസ് റിസര്‍ച്ച് രംഗത്തെ മുന്‍നിര ശാസ്ത്രജ്ഞന്മാരില്‍ ഒരാളായി മാറുവാനും കഴിയും. ബിരുദം അടിസ്ഥാന യോഗ്യത ആയിട്ടുള്ള റിക്രൂട്ട്‌മെന്റുകള്‍ക്കും ബിരുദവും MBA യെയും യോഗ്യത ആയിട്ടുള്ള റിക്രൂട്ട്‌മെന്റുകള്‍ക്കും 65% അഥവാ 6.84/10 CGPA ആണ് മാര്‍ക്കിന്റെ മിനിമം യോഗ്യത. ബിരുദാനന്തര ബിരുദം അടിസ്ഥാന യോഗ്യതയുള്ള റിക്രൂട്ട്‌മെന്റുകള്‍ക്ക് 60% അഥവാ 6.5/10 CGPA ആണ് മാര്‍ക്കിന്റെ മിനിമം യോഗ്യത. ആദ്യ വിഭാഗത്തിന് 28 ഉം രണ്ടും മൂന്നും വിഭാഗങ്ങള്‍ക്ക് 30 ഉണ് വയസ്സാണ് പ്രായപരിധി. വിവിധ വിഭാഗങ്ങള്‍ക്ക് പ്രായപരിധിയില്‍ ഇളവ് ലഭിക്കും. ഐ എസ്ആര്‍ ഒ റിക്രൂട്ട്‌മെന്റുകള്‍ നടത്തുന്നത് സെന്‍ട്രലൈസ്ഡ് റിക്രൂട്ട്‌മെന്റ് ബോര്‍ഡ് (I C R B) മുഖേനയാണ്.

ഗവേഷണ ബിരുദം (PhD) അടിസ്ഥാനമാക്കിയുള്ള റിക്രൂട്ട്‌മെന്റിലൂടെ Sci / Engrs. SD ഹോസ്റ്റല്‍ നിയമനം ലഭിക്കുവാന്‍ കഴിയും. ഉയര്‍ന്ന പ്രായപരിധി 35 വയസ്സാണ്.

എഞ്ചിനീയറിങ് ഡിപ്ലോമ ഫസ്റ്റ് ക്ലാസില്‍ പാസായവര്‍ക്ക് ടെക്‌നിക്കല്‍ അസിസ്റ്റന്റ് പരീക്ഷയുടെയും സ്‌കില്‍ ടെസ്റ്റിന്റെയും അടിസ്ഥാനത്തില്‍ തൊഴില്‍ ലഭിക്കുവാന്‍ അര്‍ഹതയുണ്ട്. ഫസ്റ്റ് ക്ലാസോടെ ബി. എസ്. സി. പാസായവര്‍ക്ക് സൈന്റിസ്റ്റ് അസിസ്റ്റന്റ് തൊഴില്‍ ലഭിക്കാന്‍ അവസരമുണ്ട്. എസ് എസ് എല്‍ സിയും ഐ ടി ഐ യും പാസായവര്‍ക്ക് ടെക്‌നീഷ്യന്‍ B ഗ്രേഡിലേക്ക് അപേക്ഷിക്കുവാന്‍ കഴിയും. സൗണ്ട് റെക്കോര്‍ഡിങ് വീഡിയോഗ്രാഫി ഫിലിം ആക്ടീവ് പ്രൊഡക്ഷന്‍ എന്നിവയില്‍ ഡിപ്ലോമ നേടിയവര്‍ക്ക് B യും ടെക്‌നിക്കല്‍ അസിസ്റ്റന്റ് പോസ്റ്റുകളിലേക്ക് പ്രത്യേക റിക്രൂട്ട്‌മെന്റ് നടത്താറുണ്ട്. മേല്‍പ്പറഞ്ഞ തസ്തികകളിലേക്ക് ഉയര്‍ന്ന പ്രായപരിധി 35 വയസ്സാണ്.

അഡ്മിനിസ്‌ട്രേറ്റീവ് കാറ്റഗറി

അസിസ്റ്റന്റ്, അപ്പര്‍ ഡിവിഷന്‍ ക്ലര്‍ക്ക്, ജൂനിയര്‍ പേഴ്‌സണല്‍ അസിസ്റ്റന്റ്, സ്റ്റെനോഗ്രാഫര്‍, അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസര്‍, അക്കൗണ്ട് ഓഫീസര്‍, പര്‍ച്ചേസ് ആന്‍ഡ് സ്റ്റോര്‍സ് ഓഫീസര്‍, ജൂനിയര്‍ ഹിന്ദി ട്രാന്‍സ്ലേറ്റര്‍ തുടങ്ങിയ തസ്തികകളിലേക്കാണ് ഐ എസ് ആര്‍ ഒ ഈ കാറ്റഗറിയില്‍ റിക്രൂട്ട്‌മെന്റ് നടത്തുന്നത്. ബിരുദധാരികള്‍ക്കും ബിരുദാനന്തര ബിരുദധാരികള്‍ക്കും M B A, A C A / I C W A ബിരുദധാരികള്‍ക്കും ഈ കാറ്റഗറിയില്‍ തൊഴില്‍ ലഭിക്കാന്‍ അര്‍ഹതയുണ്ട്.

മെഡിക്കല്‍

M B B S ബിരുദവും രണ്ടു വര്‍ഷത്തെ പ്രവര്‍ത്തി പരിചയമുള്ളവര്‍ക്ക് മെഡിക്കല്‍ ഓഫീസര്‍ S C തസ്തികയിലേക്കും മെഡിസിനില്‍ ബിരുദാനന്തര ബിരുദം ഉള്ളവര്‍ക്ക് മെഡിക്കല്‍ ഓഫീസര്‍ S D തസ്തികയിലേക്കും നിയമനം നേടാന്‍ അര്‍ഹതയുണ്ട്. നഴ്‌സിംഗ് ബിരുദമോ ഡിപ്ലോമയോ ഉള്ളവര്‍ക്കും റേഡിയോഗ്രാഫര്‍ ഫാര്‍മസിസ്റ്റ് ലാബ് ടെക്‌നീഷ്യന്‍ എന്നീ തസ്തികകളിലേക്കും ഐ എസ് ആര്‍ ഒ റിക്രൂട്ട്‌മെന്റ് നടത്തുന്നുണ്ട്.

മറ്റ് റിക്രൂട്ട്‌മെന്റുകള്‍

സോഷ്യല്‍ വര്‍ക്ക്, സോഷ്യോളജി, ഡെവലപ്‌മെന്റ് കമ്മ്യൂണിക്കേഷന്‍, മാസ് കമ്മ്യൂണിക്കേഷന്‍ തുടങ്ങിയവയില്‍ ഒന്നില്‍ ബിരുദാനന്തര ബിരുദം നേടിയവര്‍ക്ക് സോഷ്യല്‍ റിസര്‍ച്ച് അസിസ്റ്റന്റ് തസ്തികയിലേക്ക് അപേക്ഷിക്കാന്‍ കഴിയും. ലൈബ്രറി സയന്‍സില്‍ ബിരുദാനന്തര ബിരുദം ഉള്ളവര്‍ക്ക് മീഡിയ ലൈബ്രറി അസിസ്റ്റന്റ് പോസ്റ്റിലേക്ക് അപേക്ഷിക്കാം. കാറ്ററിംഗ് സൂപ്പര്‍വൈസര്‍, കാറ്ററിംഗ് അറ്റന്‍ഡന്‍ഡ്, കുക്ക്, ഫയര്‍മാന്‍, ഡ്രൈവര്‍ കം ഓപ്പറേറ്റര്‍, ലൈറ്റ് വെഹിക്കിള്‍ ഡ്രൈവര്‍, ഹെവി വെഹിക്കിള്‍ ഡ്രൈവര്‍, സ്റ്റാഫ് കാര്‍ ഡ്രൈവര്‍ തുടങ്ങിയ തസ്തികളിലേക്കും ഐ എസ് ആര്‍ ഒ റിക്രൂട്ട്‌മെന്റുകള്‍ നടത്തുന്നുണ്ട്.

വെബ്‌സൈറ്റ്

www.siro.gov.in/Careers.html എന്ന വെബ്‌സൈറ്റില്‍ ഐ എസ് ആര്‍ ഒ റിക്രൂട്ട്‌മെന്റുകളെ കുറിച്ചുള്ള മുഴുവന്‍ വിവരങ്ങളും ലഭ്യമാണ്.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org