ഞാനും നിങ്ങളില്‍ ഒരുവന്‍ മാത്രം

യുവജനങ്ങളെ ലക്ഷ്യമിട്ടു ഫ്രാന്‍സിസ് പാപ്പയുടെ ആത്മകഥ
ഞാനും നിങ്ങളില്‍ ഒരുവന്‍ മാത്രം
  • അമേയ എസ് ജോസഫ്

ഫ്രാന്‍സിസ് മാര്‍പാപ്പയുടെ ആത്മകഥ പ്രധാനമായും ലക്ഷ്യമിടുന്നത് യുവജനങ്ങളെയാണെന്നു വെളിപ്പെടുത്തുന്നു, പുസ്തകപ്രസാധകര്‍. ലളിതമായ ഭാഷയില്‍, നേരെ ചൊവ്വേ തന്റെ ജീവിതകഥ പറയുകയാണ് പുതിയ പുസ്തകത്തില്‍ ഫ്രാന്‍സിസ് മാര്‍പാപ്പ. ''ജീവിതം: എന്റെ കഥ ചരിത്രത്തിലൂടെ'' എന്നതാണ് മാര്‍പാപ്പയുടെ ആത്മകഥയുടെ പേര്.

''ഒരു മുതിര്‍ന്ന മനുഷ്യന് യുവാക്കളോട് പറയാനുള്ള കാര്യങ്ങളാണ് ഈ പുസ്തകത്തിലുള്ളത്. കഴിഞ്ഞ കാലത്തിന്റെ തെറ്റുകള്‍ ആവര്‍ത്തിക്കാതെ എങ്ങനെ ഈ ഗ്രഹത്തില്‍ മുന്നോട്ടു ജീവിക്കാം എന്നുള്ളതിനെക്കുറിച്ചുള്ള വിചിന്തനങ്ങള്‍,'' പ്രസാധകര്‍ പറയുന്നു.

ഇതുകൂടാതെ ''നല്ലൊരു ജീവിതം: പ്രത്യാശയോടും ആനന്ദത്തോടും ജീവിക്കുന്നതിനുള്ള 15 അവശ്യശീലങ്ങള്‍'' എന്ന മറ്റൊരു പുസ്തകവും കഴിഞ്ഞമാസം മാര്‍പാപ്പയുടേതായി പുറത്തുവന്നിരുന്നു. താനൊരു വലിയ ആധ്യാത്മികഗുരുവോ ബുദ്ധിജീവിയോ ഒന്നുമല്ലെന്നും നിങ്ങളില്‍ ഒരാളെപ്പോലെ ഒരു സാധാരണക്കാരന്‍ മാത്രമാണെന്നും ദ്യോതിപ്പിക്കുന്നവയാണ് ഈ രണ്ടു ഗ്രന്ഥങ്ങളും. അഞ്ചു കോടിയിലധികം ആളുകള്‍ പിന്തുടരുന്ന തന്റെ എക്‌സ് സമൂഹമാധ്യമപേജിലും മാര്‍പാപ്പ ഗഹനതത്വങ്ങള്‍ ഒന്നും പറയാറില്ല, സാധാരണകാര്യങ്ങള്‍ മാത്രം.

'ഫ്രാന്‍സിസ് മാര്‍പാപ്പ ദമ്പതികളോട് സംസാരിക്കുന്നു', 'ഈ ജീവിതത്തിലെ സന്തോഷം' തുടങ്ങിയവയൊക്കെയാണ് പാപ്പയുടെ ഇതിനുമുമ്പുള്ള പുസ്തകങ്ങള്‍. ബെനഡിക്ട് പതിനാറാമന്‍ മാര്‍പാപ്പയുടെ പുസ്തകങ്ങള്‍ 'ലിറ്റര്‍ജിയുടെ ചൈതന്യം,' 'സഭാ പിതാക്കന്മാര്‍: ക്ലെമന്റ് മുതല്‍ അഗസ്റ്റിന്‍ വരെ' തുടങ്ങിയവയായിരുന്നുവെങ്കില്‍ ജോണ്‍ പോള്‍ രണ്ടാമന്റേത് 'വിശ്വാസവും യുക്തിയും തമ്മിലുള്ള ബന്ധം,' 'മാനവസഹനത്തിന് ക്രൈസ്തവ അര്‍ത്ഥം' തുടങ്ങിയവയും.

അതായത്, ''ബെനഡിക്ട് പതിനാറാമന്‍ ഒരു ദൈവശാസ്ത്രജ്ഞന്‍ ആയിരുന്നു, ദൈവശാസ്ത്രജ്ഞനെ പോലെ എഴുതി. ജോണ്‍പോള്‍ രണ്ടാമനാകട്ടെ തത്ത്വചിന്തകനായിരുന്നു, തത്വചിന്തകനെപ്പോലെ എഴുതി. ഫ്രാന്‍സിസ് മാര്‍പാപ്പ ദൈവശാസ്ത്രജ്ഞനല്ല, തത്വചിന്തകനല്ല, അജപാലകനാണ്. അദ്ദേഹം അജപാലകനെ പോലെ എഴുതുന്നു.'' ഇതാണ് ഈ വ്യത്യാസത്തെക്കുറിച്ച് പോളിസ്റ്റ് പ്രസ് എന്ന കത്തോലിക്ക പ്രസിദ്ധീകരണ സ്ഥാപനത്തിന്റെ മേധാവിയായ ഫാ. മാര്‍ക് ഡേവിഡ് ജാനസിന്റെ വാക്കുകള്‍.

കഴിഞ്ഞ നൂറ്റാണ്ടിലെ സുപ്രധാന ചരിത്ര സംഭവങ്ങളുടെ പശ്ചാത്തലത്തിലാണ് ഫ്രാന്‍സിസ് മാര്‍പാപ്പയുടെ ജീവിതം ഇതള്‍ വിരിഞ്ഞത്. രണ്ടാം ലോകമഹായുദ്ധം, അര്‍ജന്റീ നയിലെ നികൃഷ്ടയുദ്ധം (Dirty war) എന്നിവ മുതല്‍ അമേരിക്കയിലെ ഭീകരാക്രമണവും ഏറ്റവും ഒടുവില്‍ കോവിഡ് പകര്‍ച്ചവ്യാധിയുമെല്ലാം അദ്ദേഹത്തിന്റെ ജീവിതത്തിലെ പശ്ചാത്തല സംഭവങ്ങളാണ്. ഇവയെല്ലാം തന്നെ എങ്ങനെ ബാധിച്ചു എന്നും എങ്ങനെ മറികടന്നു പോന്നുവെന്നും പുസ്തകത്തില്‍ അദ്ദേഹം വിവരിക്കുന്നുണ്ട്. കോവിഡ് കാലത്തു നിന്ന് തന്റെ മനസ്സില്‍ മായാതെ നില്‍ക്കുന്ന ഒരു ചിത്രം അദ്ദേഹം പങ്കുവച്ചു. ആളുകളും ആരവങ്ങളും ഇല്ലാത്ത വത്തിക്കാന്‍ അങ്കണത്തില്‍ പാപ്പ തനിയെ വന്നു നില്‍ക്കുന്ന ചിത്രമാണത്. ആ സമയത്ത് താന്‍ എന്താകും ചിന്തിച്ചിട്ടുണ്ടാവുക എന്ന് പലരും ചോദിച്ചിരുന്നു. ''ഏകാന്തത. അതാണ് താന്‍ ചുറ്റും കണ്ടതും സ്വയം അനുഭവിച്ചതും. ലോകമെങ്ങും അനേകം മനുഷ്യര്‍ അതേ അനുഭവത്തിലൂടെ കടന്നുപോകുകയാണെന്നും അപ്പോള്‍ ഓര്‍ത്തു,'' മാര്‍പാപ്പ എഴുതുന്നു.

നമുക്കുള്ളില്‍ തന്നെയുള്ള വെറുപ്പും വിദ്വേഷവും ഇല്ലാതാക്കുകയാ ണ് സഹനം കുറയ്ക്കുന്നതിനുള്ള ഏറ്റവും പ്രധാനപ്പെട്ട കാര്യമെന്ന ജീവിതപാഠം മാര്‍പാപ്പ പുസ്തകത്തില്‍ മുന്നോട്ടുവയ്ക്കുന്നുണ്ട്. വൈദികവിദ്യാര്‍ത്ഥിയായിരിക്കെ തന്റെ ഹൃദയത്തില്‍ പ്രണയം വിടര്‍ത്തിയ പെണ്‍കുട്ടിയെക്കുറിച്ചും ഇറ്റലിയില്‍ നിന്ന് കുടിയേറാനുള്ള ശ്രമത്തിനിടെ കപ്പല്‍ച്ഛേദത്തില്‍ നിന്നു രക്ഷപ്പെട്ട കുടുംബത്തെക്കുറിച്ചും റോമില്‍ നില്‍ക്കുന്നത് ഇഷ്ടമില്ലാത്തതിനാല്‍ കഴിഞ്ഞ പാപ്പ തിരഞ്ഞെടുപ്പു കഴിയുന്നയുടന്‍ അര്‍ജന്റീനയിലേക്ക് മടക്ക ടിക്കറ്റ് ബുക്ക് ചെയ്തതിനെക്കുറിച്ചും എല്ലാം മാര്‍പാപ്പ ആത്മകഥയില്‍ പറയുന്നുണ്ട്. പാപ്പ ഒരു സാധാരണ മനുഷ്യനായിരിക്കുന്നതുപോലെ, കത്തോലിക്ക സഭ നിങ്ങള്‍ ഈ കാണുന്ന ഈ വേഷഭൂഷാദികള്‍ ഒന്നുമല്ല എന്ന സൂചനയും പാപ്പ നല്‍കുന്നു.

''നല്ലൊരു ജീവിതം'' എന്ന പുസ്തകമാകട്ടെ കൂടുതലും ഒരു പ്രചോദന ഗ്രന്ഥത്തിന്റെ സ്വഭാവത്തിലുള്ളതാണ്. കത്തോലിക്കര്‍ക്കും അല്ലാത്തവര്‍ക്കും ഒരുപോലെ സ്വീകരിക്കാവുന്നതും സ്വയം മെച്ചപ്പെടുത്താന്‍ സഹായിക്കുന്നതുമായ പ്രായോഗികമായ മാര്‍ഗങ്ങളാണ് ഈ ഗ്രന്ഥത്തില്‍ അദ്ദേഹം വിവരിക്കുന്നത്. ഫോണ്‍ അടച്ചുവയ്ക്കുക, സംസാരിക്കുന്നവരുടെ കണ്ണുകളിലേക്ക് നോക്കുക എന്നിങ്ങനെ ലളിതമായ ചില പ്രായോഗികപാഠങ്ങള്‍.

ചുരുക്കത്തില്‍ വിശ്വാസപ്രബോധനങ്ങളുടെയും ദൈവശാസ്ത്ര പാഠങ്ങളുടെയും തത്വചിന്താസരണികളുടെയും ആലഭാരങ്ങള്‍ ഇല്ലാതെ ജീവിതത്തെ ലളിതമായി സമീപിക്കുക, പ്രായോഗികമായി ചിന്തിക്കുക, വിദ്വേഷം കളയുക, സന്തോഷത്തോടെ ജീവിക്കുക എന്നതാണ് ഫ്രാന്‍സിസ് പാപ്പയുടെ പ്രധാനമായ പ്രബോധനം. യുവലോകത്തിനു പാപ്പയുടെ ഈ ലളിതസുന്ദര സമീപനം ഇഷ്ടപ്പെടാതിരിക്കില്ല.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org