
വാര്‍ധക്യത്തിന്റെ നിറവിലേറ്റെടുത്ത പാപ്പാപദവിയുടെ നിര്‍വഹണത്തില്‍ പക്ഷേ, യുവലോകത്തെ അദ്ദേഹം മറന്നില്ല. പാപ്പയായശേഷം അദ്ദേഹം ആദ്യം നടത്തിയ വിദേശയാത്ര സ്വന്തം മാതൃഭൂമിയിലേക്ക്, ആഗോള യുവജനദിനാഘോഷത്തില്‍ പങ്കെടുക്കാനായിരുന്നു.
78-ാം വയസ്സില്‍ സ്ഥാനമേറ്റശേഷം മൂന്ന് ആഗോള യുവജനദിനാഘോഷങ്ങളില്‍ പങ്കെടുത്ത് യുവജനങ്ങള്‍ക്കു പ്രചോദനവും പ്രത്യാശയും പകര്‍ന്ന പാപ്പയാണ് ബെനഡിക്ട് പതിനാറാമന്‍
മെറിന്‍ ജോസഫ്
2005-ല്‍ കത്തോലിക്കാസഭയുടെ 265-ാമത്തെ പാപ്പയായി കാര്‍ഡിനല്‍ ജോര്‍ജ് റാറ്റ്‌സിംഗര്‍ തിരഞ്ഞെടുക്കപ്പെടുമ്പോള്‍ 78 വയസ്സായിരുന്നു അദ്ദേഹത്തിന്. വിരമിച്ച്, വിശ്രമജീവിതത്തിലേക്കു കടന്ന്, ഇഷ്ടകാര്യങ്ങളായ വായനയും എഴുത്തും പ്രാര്‍ത്ഥനയുമായി ശിഷ്ടജീവിതം ചെലവഴിക്കാന്‍ തീരുമാനിച്ചിരുന്ന സമയം. പക്ഷേ വിശ്രമിക്കാനല്ല, ജീവിതത്തിലെ ഏറ്റവും കഠിനാദ്ധ്വാനം നിറഞ്ഞ കാലത്തിലേക്കു പ്രവേശിക്കാനായിരുന്നു അദ്ദേഹത്തിന്റെ നിയോഗം. വാര്‍ധക്യത്തിന്റെ നിറവിലേറ്റെടുത്ത പാപ്പാപദവിയുടെ നിര്‍വഹണത്തില്‍ പക്ഷേ, യുവലോകത്തെ അദ്ദേഹം മറന്നില്ല. പാപ്പയായശേഷം അദ്ദേഹം ആദ്യം നടത്തിയ വിദേശയാത്ര സ്വന്തം മാതൃഭൂമിയിലേക്ക്, ആഗോള യുവജനദിനാഘോഷത്തില്‍ പങ്കെടുക്കാനായിരുന്നു. 2005 ആഗസ്റ്റില്‍ ഇരുപതാമത്തെ ആഗോളയുവജനദിനാഘോഷമാണ് ജര്‍മ്മനിയിലെ കൊളോണില്‍ നടന്നത്.
പത്തു ലക്ഷത്തോളം യുവജനങ്ങളാണ് കൊളോണില്‍ എത്തിച്ചേര്‍ന്നത്. 200 ഓളം രാജ്യങ്ങളില്‍ നിന്നുള്ള പ്രതിനിധികള്‍ ആഗോളയുവജനദിനാഘോഷങ്ങളിലേക്ക് എത്താറുണ്ട്. കൊളോണിലും ഈ രാജ്യങ്ങളെല്ലാം പ്രതിനിധീകരിക്കപ്പെട്ടുവെങ്കിലും ഏറ്റവുമധികം പേരെത്തിയത് ഇറ്റലി, സ്‌പെയിന്‍, പോളണ്ട് എന്നീ രാജ്യങ്ങളില്‍ നിന്നാണ്. അവരില്‍ ഗണ്യമായ ഒരു വിഭാഗത്തിന്റെ ലക്ഷ്യം പുതിയ പാപ്പായെ നേരില്‍ കാണുക എന്നതായിരുന്നു.
ഇതുപോലുള്ള മഹാജനക്കൂട്ടങ്ങളോട് പുതിയ പാപ്പ എങ്ങനെയാകും ഇടപെടുക എന്ന ചോദ്യം അന്തരീക്ഷത്തിലുണ്ടായിരുന്നു. കാരണം, മുന്‍ഗാമിയായ ജോണ്‍ പോള്‍ രണ്ടാമനെപ്പോലെ ആള്‍ക്കൂട്ടങ്ങളെ ആകര്‍ഷിക്കാനും കൈയിലെടുക്കാനും കഴിയുന്ന സവിശേഷമായ വ്യക്തിത്വശൈലിയല്ല ബെനഡിക്ട് പതിനാറാമന്റേത് എന്ന് എല്ലാവര്‍ക്കും അറിയാമായിരുന്നു. അല്‍പം അന്തര്‍മുഖത്വമുള്ള, ലജ്ജാശീലമുള്ള ഒരു ബൗദ്ധികവ്യക്തിത്വമാണല്ലോ റാറ്റ്‌സിംഗറിന്റേത്. അജപാലനരംഗത്ത് ഹ്രസ്വകാല പരിചയം മാത്രമാണ് അദ്ദേഹത്തിനുണ്ടായിരുന്നത്. ആയുസ്സിന്റെ സിംഹഭാഗവും സര്‍വകലാശാലകളിലും പിന്നെ വിശ്വാസകാര്യാലയത്തിലും ചെലവഴിച്ച ദൈവശാസ്ത്ര പണ്ഡിതന്‍ എഴുപത്തെട്ടാം വയസ്സിലാണ് മഹാഅജപാലകനാകുന്നത്. ജോണ്‍ പോള്‍ രണ്ടാമനാകട്ടെ അമ്പത്തെട്ടാം വയസ്സില്‍ തന്നെ പാപ്പാപദവിയിലെത്തി, അതിനകം തന്നെ പോളണ്ടിലെ ക്രാക്കോവില്‍ അജപാലനത്തില്‍ പ്രാഗത്ഭ്യം തെളിയിക്കുകയും ചെയ്തു.
പക്ഷേ, തന്റേതായ ശൈലിയില്‍ അജപാലനരംഗത്തു വിജയിക്കാനാകുമെന്നും യുവജനങ്ങളെ ആകര്‍ഷിക്കാന്‍ കഴിയുമെന്നും അദ്ദേഹം തെളിയിച്ച സന്ദര്‍ഭങ്ങളാണു പിന്നീടു കടന്നുവന്നത്. കൊളോണില്‍ യുവകത്തോലിക്കാസഭയ്ക്ക് പ്രചോദനവും ആവേശവും പകരുന്നതില്‍ അദ്ദേഹം വിജയിച്ചു.
അടുത്ത ആഗോളയുവജനദിനാഘോഷം 2008 ജൂലൈയില്‍ ആസ്‌ത്രേലിയായിലെ സിഡ്‌നിയിലായിരുന്നു. അനേകായിരം നാഴികകള്‍ താണ്ടി അവിടേക്കും ഒരു യുവതീര്‍ത്ഥാടകന്റെ മനസ്സുമായി ആ എണ്‍പതുകാരന്‍ എത്തിച്ചേര്‍ന്നു. പല പ്രകാരത്തിലും ബലഹീനമായ ഒരു ലോകത്തിനു മുമ്പിലാണു നാം ക്രൈസ്തവസാക്ഷ്യം കൊടുക്കാന്‍ വിളിക്കപ്പെട്ടിരിക്കുന്നതെന്നു പാപ്പ യുവജനങ്ങളെ ഓര്‍മ്മിപ്പിച്ചു. സംഘര്‍ഷങ്ങളും സഹനങ്ങളും നിറഞ്ഞ ലോകത്തിനു സമാധാനത്തിന്റെയും സൗഖ്യത്തിന്റെയും പ്രത്യാശ പകരുക എളുപ്പമല്ലെന്നും ദൈവത്തിലൂടെയും ദൈവത്തിന്റെ സഭയിലൂടെയും മാത്രമേ ഐക്യമെന്ന ലക്ഷ്യം നമുക്കു നേടാന്‍ കഴിയൂ എന്നും പാപ്പ സിഡ്‌നിയില്‍ വിശദീകരിച്ചു.
2011 ആഗസ്റ്റില്‍ സ്‌പെയിനിലെ മാഡ്രിഡില്‍ നടന്ന ആഗോള യുവജനദിനാഘോഷത്തിലേക്കും ബെനഡിക്ട് പാപ്പ കടന്നു ചെന്നു. 800 മെത്രാന്മാരും 8000 വൈദികരും പതിനഞ്ചു ലക്ഷത്തോളം യുവജനങ്ങളും മാഡ്രിഡില്‍ പാപ്പയോടൊപ്പം ആഘോഷങ്ങളില്‍ പങ്കുചേര്‍ന്നു. ബെനഡിക്ട് പാപ്പ പങ്കെടുത്ത അവസാനത്തെ ആഗോള യുവജനദിനാഘോഷമായിരുന്നു ഇത്.
എട്ടു വര്‍ഷത്തെ പാപ്പാശുശ്രൂഷയ്ക്കിടെയുണ്ടായ മൂന്ന് ആഗോള യുവജനദിനാഘോഷങ്ങളിലും നേരിട്ടു പങ്കെടുക്കുകയും യുവജനപ്രേഷിതത്വത്തിനു വലിയ പ്രാധാന്യം നല്‍കുകയും ചെയ്ത സഭാധ്യക്ഷനായിരുന്നു ബെനഡിക്ട് പതിനാറാമന്‍.
ജോണ്‍ പോള്‍ രണ്ടാമനെ കത്തോലിക്കാസഭയിലെ റോക്സ്റ്റാര്‍ എന്നാണു മതേതരലോകം വിശേഷിപ്പിച്ചിരുന്നത്. അത്രമാത്രം ജനപ്രിയനും പ്രസിദ്ധനും. കമ്യൂണിസ്റ്റ് സ്വേച്ഛാധിപത്യത്തിന്റെ ഇരുമ്പുമറ ലോകത്തില്‍ നിന്നു പൊളിച്ചു നീക്കുന്നതില്‍ പങ്കുവഹിച്ചയാളായി ചരിത്രത്തില്‍ സ്ഥാനംപിടിച്ച വ്യക്തിത്വം. അവിടേക്കാണ് യാഥാസ്ഥിതികനെന്നു വിശേഷിപ്പിക്കപ്പെട്ട വയോധികനായ റാറ്റ്‌സിംഗര്‍ കടന്നുവന്നത്. പക്ഷേ, യുവജനങ്ങള്‍ ഉള്‍പ്പെടെ ആരേയും നിരാശപ്പെടുത്താത്ത ഒരു നേതൃത്വം ചരിത്രത്തിന്റെ ഒരു സന്ധിയില്‍ അദ്ദേഹം സഭയ്ക്കു സമ്മാനിച്ചു.
വായിച്ചും എഴുതിയും ബൗദ്ധികമായ ഒരു ജീവിതം നയിക്കാനാണ് താന്‍ ആഗ്രഹിച്ചിരുന്നതെന്നും എന്നാല്‍ വണ്ടി വലിക്കുന്ന കാളയാകാനാണു വിധിക്കപ്പെട്ടതെന്നും വിശ്വാസകാര്യാലയത്തിന്റെ അധ്യക്ഷപദവിയില്‍ പ്രവര്‍ത്തിക്കുമ്പോള്‍ ഒരഭിമുഖത്തില്‍ കാര്‍ഡിനല്‍ റാറ്റ്‌സിംഗര്‍ തമാശയായി പറഞ്ഞിരുന്നു. വിശ്വാസകാര്യാലയത്തിന്റെ അധ്യക്ഷനെന്ന നിലയിലുള്ള അമിതമായ ജോലിഭാരത്തെയും ദൈവശാസ്ത്ര പ്രൊഫസറായി ചെലവഴിച്ച ഇഷ്ടവര്‍ഷങ്ങളെയും താരതമ്യപ്പെടുത്തുകയായിരുന്നു അദ്ദേഹം. ആ മനുഷ്യന്റെ ചുമലിലേക്ക് ആഗോളസഭയുടെയാകെ ഭാരം വാര്‍ധക്യത്തില്‍ വച്ചു കൊടുത്തപ്പോള്‍ എതിരു പറയാതെ ഏറ്റു വാങ്ങുകയും ജാഗ്രതയോടെ വഹിക്കുകയും ഉചിതമെന്നു താന്‍ കരുതിയ സമയത്ത് സുരക്ഷിതമായി അതു മറ്റൊരു ചുമലിലേക്കു കൈമാറി, ശാന്തമായ വിശ്രമത്തിലേക്കു പിന്‍വാങ്ങുകയും ചെയ്തു. കഠിനമായ അധ്വാനത്തിന്റെയും ഒപ്പം യഥാസമയത്തുള്ള വിശ്രമത്തിന്റെയും പ്രസക്തി യുവലോകത്തെയുള്‍പ്പെടെ പഠിപ്പിച്ചുകൊണ്ടാണ് കാലയവനിക കടന്ന് അദ്ദേഹം നിത്യതയിലേക്കു പോകുന്നത്.