ജെമോളജി

ജെമോളജി

രത്‌നക്കല്ലുകള്‍ തിരിച്ചറിയുന്നതിനും വിലയിരുത്തുന്നതിനുമുള്ള ശാസ്ത്രവും കലയുമാണ് ജെമോളജി. ജിയോസയന്‍സസില്‍ ധാതുശാസ്ത്രത്തിന്റെ ഒരു ശാഖയായാണ് ഇതു കണക്കാക്കപ്പെടുന്നത്. പ്രകൃതിദത്ത രത്‌നങ്ങളെ തരംതിരിക്കുക, കേടുപാടുകള്‍ ഉണ്ടോയെന്ന് പരിശോധിക്കുക, രത്‌നങ്ങളുടെ പ്രൗഢി, ഈട്, മൂല്യം എന്നിവ നിശ്ചയിക്കുക എന്നിവയാണ് ജെമോളജിസ്റ്റുകളുടെ പ്രധാന ചുമതലകള്‍.

രത്‌നങ്ങള്‍

അപൂര്‍വത അഥവാ ലഭ്യതക്കുറവാണ് ഒരു രത്‌നത്തിന് മൂല്യം നല്‍കുന്ന പ്രധാന സവിശേഷത. ഒട്ടുമിക്ക രത്‌നങ്ങളും കാഠിന്യമുള്ള കല്ലുകളാണ്. എന്നാല്‍ ചില മൃദുവായ ധാതുക്കളും അവയുടെ തിളക്കം പോലെയുള്ള ഭൗതിക സവിശേഷതകള്‍ കാരണം ആഭരണങ്ങളില്‍ ഉപയോഗിക്കപ്പെടുന്നു. രത്‌നക്കല്ലുകളെ അടിസ്ഥാനപരമായി അവയുടെ ക്രിസ്റ്റല്‍ ഘടന, പ്രത്യേക ഗുരുത്വാകര്‍ഷണം, റിഫ്രാക്റ്റീവ് സൂചിക, പ്ലോക്രോയിസം പോലുള്ള മറ്റ് ഒപ്റ്റിക്കല്‍ ഗുണങ്ങള്‍ എന്നിവയെ അടിസ്ഥാനമാക്കി തരം തിരിച്ചിരിക്കുന്നു. മുറിച്ചതും മിനുക്കിയതുമായ രത്‌നങ്ങളുടെ മൂല്യനിര്‍ണ്ണയം നടത്തുമ്പോള്‍ ജെമോളജിസ്റ്റുകള്‍ ഈ ഘടകങ്ങള്‍ പഠിക്കുന്നു. ആന്തരിക ഘടനയെക്കുറിച്ചുള്ള ജെ മോളജിക്കല്‍ മൈക്രോസ്‌കോപ്പിക് പഠനം വഴി രത്‌നം കൃത്രിമമാണോ പ്രകൃതിദത്തമാണോ എന്ന് നിര്‍ണ്ണയിക്കുന്നു. അതുപോലെ, മുറിച്ച രത്‌നങ്ങളുടെ സ്‌പെക്‌ട്രോസ്‌കോപ്പിക് വിശകലനം ഒരു രത്‌നശാസ്ത്രജ്ഞനെ ആറ്റോമിക് ഘടന മനസ്സിലാക്കാനും അതിന്റെ ഉത്ഭവം തിരിച്ചറിയാനും സഹായിക്കുന്നു.

കരിയര്‍

പുരാതന കാലം മുതല്‍, രത്‌നങ്ങള്‍ 'അയല്‍ക്കാരന്റെ അസൂയയും ഉടമയുടെ അഭിമാനവു'മാണ്. ഇത്രയും ചെറിയ വലിപ്പത്തില്‍ ഇത്രയധികം മൂല്യമുള്ള പദാര്‍ത്ഥങ്ങള്‍ വളരെ കുറവാണ്. മാറിക്കൊണ്ടിരിക്കുന്ന ഫാഷനും അഭിരുചിയും അനുസരിച്ച്, ആധുനിക ലോകത്ത് ഏറ്റവും ആവശ്യക്കാരുള്ള ഫാഷന്‍ വസ്തുക്കളിലൊന്ന് രത്‌നമാണ്.

ജെമോളജി കരിയറില്‍ പ്രധാനമായും രത്‌നത്തിന്റെ തിരിച്ചറിയലും നിറവും, ലോഹ സങ്കല്‍പ്പങ്ങള്‍, സാങ്കേതികതകള്‍, മെറ്റലര്‍ജിക്കല്‍ പ്ര ക്രിയകള്‍, ഫാഷന്റെ ഘടകങ്ങള്‍, ഡിസൈന്‍ മെത്തഡോളജി, കമ്പ്യൂട്ടര്‍ സഹായത്തോടെയുള്ള ഡിസൈനിംഗ്, ആഭരണ രൂപകല്‍പ്പന, ആഭരണ നിര്‍മ്മാണം, പരമ്പരാഗതവും ആധുനികവുമായ പ്രക്രിയകള്‍ എന്നിവ ഉള്‍പ്പെടുന്നു. ജെം ഗ്രൈന്‍ഡര്‍, ജെം പോളിഷര്‍, ജെം അസോര്‍ട്ടര്‍, കൊത്തുപണി, ജ്വല്ലറി സെറ്റര്‍, ഗവേഷകന്‍, ശാസ്ത്രജ്ഞന്‍, പരിശീലകന്‍ എന്നീ നിലകളില്‍ ജോലി നേടാം.

രത്‌നങ്ങളുടെ ലോകത്ത് ഇന്ത്യയുടെ സ്ഥാനം അദ്വിതീയമാണ്. ആഗോളതലത്തില്‍ പ്രോസസ്സ് ചെയ്യപ്പെടുന്ന വജ്രങ്ങളില്‍ മൂല്യം അനുസരിച്ച് 60 ശതമാനവും, അളവനുസരിച്ച് 82 ശതമാനവും ഇന്ത്യയിലാണ് പ്രോസസ്സ് ചെയ്യപ്പെടുന്നത്. ലോകത്തിലെ ഏറ്റവും വലിയ സ്വര്‍ണ്ണ ഉപഭോക്താവ് ഇന്ത്യയാണെന്നതും വജ്രം മുറിക്കുന്നതിനും മിനുക്കുന്നതിനുമുള്ള മികച്ച അടിസ്ഥാന സൗകര്യങ്ങള്‍ ഇന്ത്യയിലുണ്ടെന്നതും കണക്കിലെടുക്കുമ്പോള്‍, ജെമോളജി ഒരു മികച്ച കരിയറായി കണക്കാക്കുവാനാകും.

വ്യക്തിഗുണങ്ങള്‍

ഒരു വിജയകരമായ ജെമോളജിസ്റ്റ് ആകുന്നതിന് രൂപകല്‍പ്പന പ്രാവീണ്യം, മികച്ച നിരീക്ഷണ ശക്തി, വിശദാംശങ്ങളിലുള്ള ശ്രദ്ധ, കൃത്യത, ശ്രദ്ധ കേന്ദ്രീകരിക്കാനുള്ള കഴിവ്, വസ്തുനിഷ്ഠമായ സമീപനം, ഉത്തരവാദിത്വബോധം എന്നിവ ആവശ്യമാണ്. ജോലി കൃത്യവും അതിലോലവുമായ സ്വഭാവമുള്ളതിനാല്‍ കൈകണ്ണുകളുടെ മികച്ച ഏകോപനവും ക്ഷമയും ഏകാഗ്രതയും ആവശ്യമാണ്. ഇംഗ്ലീഷ് ഭാഷാപ്രാവീണ്യവും വേണം. ഉപഭോക്താക്കളുമായുള്ള ആശയവിനിമയത്തില്‍ ഇത് ഒരു നേട്ടമാവും. മാത്രമല്ല, ജെമോളജിയിലെ മികച്ച പുസ്തകങ്ങള്‍ ഇംഗ്ലീഷിലാണുള്ളത്.

കോഴ്‌സുകള്‍

10+2 നു ശേഷവും ബിരുദം പൂര്‍ത്തിയാക്കിയതിനു ശേഷവും ജെമോളജി പഠനം ആരംഭിക്കുവാനാവും. ഹ്രസ്വകാല കോഴ്‌സുകളും ദീര്‍ഘകാല കോഴ്‌സുകളും ഈ മേഖലയിലുണ്ട്. പഠിക്കുന്ന കോഴ്‌സുകള്‍ക്ക് അമേരിക്കന്‍ ജെമോളജിക്കല്‍ സൊസൈറ്റിയുടെ (AGS) അംഗീകാരമുണ്ടോയെന്ന് പരിശോധിക്കുന്നത് നന്നായിരിക്കും. ഇത് തൊഴില്‍ ലഭ്യതയെ ഏറെ സഹായിക്കും.

ഇന്റര്‍നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ജെമോളജിക്കല്‍ സയന്‍സസ് (IGI)

ലോകമെമ്പാടുമായി 20 ലബോറട്ടറികളും 14 പരിശീലന കേന്ദ്രങ്ങളുമുള്ള സ്ഥാപനമാണ് ഇന്റര്‍നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ജെമോളജിക്കല്‍ സയന്‍സസ് (IGI). ഇന്ത്യയില്‍ അഹമ്മദാബാദ്, ചെന്നൈ, ഹൈദരാബാദ്, കൊല്‍ക്കത്ത, ഡല്‍ഹി, മുംബൈ, സൂററ്റ് എന്നിവിടങ്ങളില്‍ പഠനാവസരമുണ്ട്. 6 ആഴ്ച ദൈര്‍ഘ്യമുള്ള ഡയമണ്ട് ഗ്രാജ്വേറ്റ് കോഴ്‌സ്, 2 ആഴ്ച ദൈര്‍ഘ്യമുള്ള പോളിഷ്ഡ് ഡയമണ്ട് കോഴ്‌സ്, 3 ആഴ്ച ദൈര്‍ഘ്യമുള്ള കളര്‍ സ്റ്റോണ്‍ ഗ്രാജ്വേറ്റ് ഡിപ്ലോമ കോഴ്‌സ്, 6 ആഴ്ച ദൈര്‍ഘ്യമുള്ള കളര്‍ സ്റ്റോണ്‍ ഗ്രാജ്വേറ്റ് കോഴ്‌സ്, 6 ആഴ്ച ദൈര്‍ഘ്യമുള്ള ഗ്രാജുവേറ്റ് ജെമോളജിസ്റ്റ് കോഴ്‌സ്, 3 ആഴ്ച ദൈര്‍ഘ്യമുള്ള ഡയമണ്ട് ഗ്രാജ്വേറ്റ് ഡിപ്ലോമ കോഴ്‌സ്, 4 ആഴ്ച ദൈര്‍ഘ്യമുള്ള ജ്വല്ലറി ഡിസൈന്‍ ഗ്രാജ്വേറ്റ് കോഴ്‌സ്, 1 ആഴ്ച ദൈര്‍ഘ്യമുള്ള പോളിഷ്ഡ് ഡയമണ്ട് കോഴ്‌സ്, ഒരാഴ്ച ദൈര്‍ഘ്യമുള്ള ഡയമണ്ട് അസോര്‍ട്ട്‌മെന്റ് & മൗണ്ടഡ് ജ്വല്ലറി ഗ്രേഡിംഗ് പ്രോഗ്രാം, രണ്ട് ആഴ്ച ദൈര്‍ഘ്യമുള്ള റൂബി, എമറാള്‍ഡ് & സഫയര്‍ ഐഡന്റിഫിക്കേഷന്‍ ഡിപ്ലോമ കോഴ്‌സ്, രണ്ട് ആഴ്ച ദൈര്‍ഘ്യമുള്ള ജുവല്‍പാഡ് ഡിസൈന്‍ കോഴ്‌സ്, രണ്ട് ആഴ്ച ദൈര്‍ഘ്യമുള്ള ജ്വല്ലറി ബിസിനസ് എസന്‍ഷ്യല്‍ ഡിപ്ലോമ, എട്ട് ആഴ്ച ദൈര്‍ഘ്യമുള്ള ജ്വല്ലറി ഡിസൈന്‍ ഗ്രാജ്വേറ്റ് കോഴ്‌സ് തുടങ്ങിയ നിരവധി കോഴ്‌സുകള്‍ വിവിധ കേന്ദ്രങ്ങളില്‍ ഉണ്ട്.

ഡയമണ്ട് ഇന്‍സ്റ്റിറ്റ്യൂട്ട്

ലോകത്തിലെ ഏറ്റവും വലിയ ഡയമണ്ട് നിര്‍മ്മാണ കേന്ദ്രമായ സൂറത്തിലാണ് (ഗുജറാത്ത്) ഇന്ത്യന്‍ ഡയമണ്ട് ഇന്‍സ്റ്റിറ്റ്യൂട്ട് (IDI). ഇന്ത്യാ ഗവണ്‍മെന്റിന്റെ വാണിജ്യവ്യവസായ മന്ത്രാലയത്തിന്റെ ജെംസ് ആന്‍ഡ് ജ്വല്ലറി എക്‌സ്‌പോര്‍ട്ട് പ്രൊമോഷന്‍ കൗണ്‍സിലില്‍ സ്‌പോണ്‍സര്‍ ചെയ്യുന്ന IDI ജെമോളജി, ഡയമണ്ട്, ജൂവലറി എന്നീ വിഷയങ്ങളില്‍ ഡിപ്ലോമ കോഴ്‌സും സര്‍ട്ടിഫിക്കറ്റ് കോഴ്‌സും നടത്തുന്നുണ്ട്.

16 ആഴ്ച ദൈര്‍ഘ്യമുള്ള ജെമോളജി ഡിപ്ലോമ കോഴ്‌സിന് പ്ലസ് ടു ആണ് യോഗ്യത. രത്‌നക്കല്ലുകള്‍ തിരിച്ചറിയുന്നതിന്റെ എല്ലാ വശങ്ങളും കോഴ്‌സില്‍ ഉള്‍ക്കൊള്ളുന്നതിനാല്‍ രത്‌ന ലോകത്ത് ജോലി തേടുന്നവര്‍ക്ക് ഇത് വിശാലമായ സാധ്യതകള്‍ പ്രദാനം ചെയ്യുന്നു. 8 ആഴ്ച ദൈര്‍ഘ്യമുള്ള സര്‍ട്ടിഫിക്കറ്റ് കോഴ്‌സിന് പത്താം ക്ലാസ്സാണ് യോഗ്യത. ഇതും നല്ല തൊഴില്‍ സാധ്യതയുള്ള കോഴ്‌സാണ്.

മറ്റു സ്ഥാപനങ്ങള്‍

നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഫാഷന്‍ ടെക്‌നോളജി(NIFT)യുടെ വിവിധ കോഴ്‌സുകളില്‍ ജെമോളജി ഉള്‍പ്പെട്ടിട്ടുണ്ട്. കൂടാതെ മുംബെയിലെ ജെകെ ഡയ മണ്ട്‌സ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ജെംസ് ആന്‍ഡ് ജ്വല്ലറി, ദില്ലിയിലെ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ജെമോളജി, ഡയമണ്ട് ട്രെയിനിംഗ് ഇന്‍സ്റ്റിറ്റ്യൂട്ട് ജയ്പൂര്‍, ദില്ലിയിലെ ജെമോളജിക്കല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സൗത്ത് ഈസ്റ്റ്, ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ജെംസ് ആന്‍ഡ് ജ്വല്ലറി മുംബൈ, സിംഗ്ഗഡ് സ്‌കൂള്‍ ഓഫ് ജെമ്മോളജി ആന്‍ഡ് ജ്വല്ലറി ഡിസൈനിംഗ് പൂനെ, ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ജ്വല്ലറി മുംബൈ. സെന്റ് സേവ്യേഴ്‌സ് കോളേജ് മുംബൈ, നിംസ് അക്കാദമി ഓഫ് ജ്വല്ലറി ന്യൂഡല്‍ഹി, ഇന്റര്‍നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ജെമോളജിക്കല്‍ സയന്‍സസ് ന്യൂഡല്‍ഹി, സോളിറ്റയര്‍ ഡയമണ്ട് ഇന്‍സ്റ്റിറ്റ്യൂട്ട് ബാംഗ്ലൂര്‍, ഡിഎന്‍എഡിഎസ് ബാംഗ്ലൂര്‍, സ്വര്‍ണ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ജ്വല്ലറി ഡി സൈനിംഗ് ബാംഗ്ലൂര്‍, പിഡി ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ജെം സ്റ്റോണ്‍ മാനുഫാക്ചറിംഗ് ആന്‍ഡ് മാനേജ്‌മെന്റ് ജയ്പൂര്‍, ശ്രീജി രാജേന്ദ്ര ഡയമണ്ട് ക്ലാസസ് മുംബൈ തുടങ്ങിയ നിരവധി സ്വകാര്യ പഠന സ്ഥാപനങ്ങളുമുണ്ട്.

തൊഴില്‍ സാധ്യത

ഈ മേഖലയിലെ മിക്ക ജ്വല്ലറി എക്‌സ്‌പോര്‍ട്ട് ഹൗസുകളും മറ്റ് കേന്ദ്രങ്ങളും സ്ഥിതി ചെയ്യുന്നത് ജയ്പൂര്‍, ഡല്‍ഹി, മുംബൈ, സൂറത്ത്, അഹമ്മദാബാദ് എന്നീ നഗരങ്ങളിലാണ്. അതിനാല്‍ തൊഴില്‍ സാധ്യതകളും ഇവിടെങ്ങളിലാണ്.

വെബ് സൈറ്റുകള്‍

https://www.igi.org

https://diamondinstitute.net

Related Stories

No stories found.
Sathyadeepam Weekly
www.sathyadeepam.org